17 October Wednesday

നവലിബറല്‍ കാലത്തെ സംവരണചിന്തകള്‍

പ്രതീഷ് റാണി പ്രകാശ്Updated: Wednesday Nov 22, 2017

സാമൂഹികമാധ്യമ വ്യവഹാരങ്ങളില്‍ പുതുമയുള്ള ഒരു വിഷയമല്ല സംവരണസംവരണവിരുദ്ധ സംവാദങ്ങള്‍. ബ്ലോഗുകളും യൂണിക്കോഡ് ഫോണ്‍ടുകളും പ്രചാരത്തിലായ കാലം മുതല്‍ ഇന്റര്‍നെറ്റ് മലയാളത്തില്‍ സംവരണസംവാദങ്ങള്‍ നടക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡില്‍ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന എല്‍ഡിഎഫ് മന്ത്രിസഭയുടെ തീരുമാനമാണ് ഏറ്റവും അവസാനമായി ഈ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിവിട്ടിരിക്കുന്നത്.

പരമ്പരാഗതമായി ഇത്തരം സംവരണ ചര്‍ച്ചകളിലുയരുന്നത് പ്രധാനമായും രണ്ട് തരത്തിലുള്ള വാദങ്ങളാണ്. ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള ജാതിസംവരണം പാടെ ഉപേക്ഷിച്ചുകൊണ്ട് സാമ്പത്തികസംവരണം കൊണ്ടുവരിക എന്നതാണ് ഒരു വാദം. സംവരണം പൂര്‍ണമായും ജാതിയുടെ അടിസ്ഥാനത്തില്‍ നിലനിര്‍ത്തുക എന്നതാണ് രണ്ടാമത്തെ വാദം. ഇതിനൊക്കെ പുറമേയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന മൂന്നാമത്തെ വാദം. ജാതിസംവരണത്തെ ഒരു തരത്തിലും ബാധിക്കാതെ സംവരണമാനദണ്ഡങ്ങളില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയും പരിഗണിക്കണമെന്നാണ് ഇത്. ജാതിക്കൊപ്പം സാമ്പത്തികമായ പിന്നാക്കാവസ്ഥയും സംവരണത്തിനായി പരിഗണിക്കണമെന്ന നിലപാടാണ് ഈ വാദത്തിലൂടെ ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ട് വയ്ക്കുന്നത്. സംവരണം എന്തിനാണെന്ന അടിസ്ഥാനചോദ്യത്തില്‍ നിന്ന് തുടങ്ങിയാല്‍ മാത്രമേ ഈ മൂന്ന് നിലപാടുകളെ സംബന്ധിച്ചും വ്യക്തത ഉണ്ടാവുകയുള്ളൂ.

എന്തിനാണ് ചില വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നത്? ചില വിഭാഗങ്ങള്‍ക്കുള്ള പ്രിവിലെജുകളുടെ (privileges) അഭാവം സൃഷ്ടിക്കുന്ന പോരായ്മകള്‍ നികത്തുവാനുള്ള ഒരു മാര്‍ഗമാണ് സംവരണം എന്നാണ് ഏറ്റവും ലളിതമായി ഇതിനെ വിശദീകരിക്കുവാന്‍ കഴിയുക. പ്രിവിലെജുകളുടെ അഭാവത്തില്‍ ഒരു വിഭാഗവും സാമൂഹികപ്രവൃത്തികളില്‍ (വിദ്യാഭ്യാസം, തൊഴില്‍, സാമൂഹികജീവിതം മുതലായവയില്‍) പിന്നാക്കം പോകാതെയിരിക്കുക എന്നത് ഉറപ്പുവരുത്തുകയാണ് സംവരണം ചെയ്യുന്നത്.

എന്തൊക്കെയാണ് പ്രിവിലെജുകള്‍? സംവരണവ്യവഹാരങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന പ്രിവിലെജുകള്‍ എന്ന സംജ്ഞ മനസ്സിലാക്കുവാന്‍ താരതമ്യേന ബുദ്ധിമുട്ടുള്ളതാണ്. അദൃശ്യമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് പ്രിവിലെജുകള്‍. തൊഴില്‍വിദ്യാഭ്യാസാവസരങ്ങള്‍, സാമൂഹ്യസമ്മതി എന്നിവ മുതല്‍ പിയര്‍ഗ്രൂപ്പുകളിലെ മേധാവിത്വം വരെയുള്ള കാര്യങ്ങളില്‍ ഒരു വ്യക്തിക്ക് മേല്‍ക്കൈ നല്‍കുന്ന ഘടകങ്ങളെയാണ് പ്രിവിലെജുകള്‍ (അല്ലെങ്കില്‍ ആനുകൂല്യങ്ങള്‍) എന്ന് വിളിക്കുന്നത്. സവര്‍ണജാതിയടയാളങ്ങള്‍, പുരുഷത്വം, ഉയര്‍ന്ന വിദ്യാഭ്യാസനിലവാരം, വില കൂടിയ നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നത്, ഇംഗ്ലീഷ് പരിജ്ഞാനം, മെച്ചപ്പെട്ട വിജ്ഞാനലഭ്യത, വെളുത്ത തൊലിനിറം, സാമൂഹികമൂലധനം (വലിയ ഉദ്യോഗസ്ഥരായ ബന്ധുക്കള്‍/സുഹൃത്തുക്കള്‍, ഉന്നതങ്ങളിലുള്ള ബന്ധങ്ങള്‍), ഉയര്‍ന്ന സാമ്പത്തികാസ്തി, പ്രശസ്തി (പ്രശസ്തരുമായ ബന്ധങ്ങള്‍), ആരാധനാലയമാധ്യമഅധികാരബന്ധങ്ങള്‍ തുടങ്ങി ഒട്ടേറെക്കാര്യങ്ങള്‍ ഇത്തരം ആനുകൂല്യങ്ങളില്‍ പെടുന്നുണ്ട്.

എന്തൊക്കെ പഠിക്കണം, എവിടെയൊക്കെ പഠിക്കണം, ഇന്നയിന്ന പ്രവേശനപരീക്ഷകള്‍ ജയിക്കുവാന്‍ ഏതൊക്കെ സ്ഥലത്ത് പരിശീലിക്കണം മുതലായ വിവരങ്ങള്‍, പഠിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ സാധ്യതകളെ പറ്റിയുള്ള വിവരങ്ങള്‍, തൊഴിലവസരങ്ങളെ പറ്റിയുള്ള വിവരങ്ങള്‍, എളുപ്പത്തില്‍ തൊഴില്‍ കിട്ടുവാന്‍ സഹായിക്കുന്ന വിവരങ്ങള്‍/പരിചയങ്ങള്‍, പുതുതായി ഒരു നഗരത്തിലോ സര്‍വകലാശാലയിലോ പോകുമ്പോള്‍ അവിടെയുള്ള പരിചയങ്ങള്‍, ഇവയൊക്കെ ഒരു വ്യക്തിയുടെ തൊഴില്‍വിദ്യാഭ്യാസ സാധ്യതകളെ മെച്ചപ്പെട്ട രീതിയില്‍ രൂപപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഈ അനുകൂലഘടകങ്ങള്‍ നിമിത്തം പിയര്‍ഗ്രൂപ്പുകളില്‍ ഇത്തരക്കാര്‍ക്ക് കൂടുതല്‍ ദൃശ്യതയും അവരുടെ അഭിപ്രായങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയും ലഭിക്കുന്നു. അങ്ങനെ, ജനിക്കുമ്പോള്‍ മുതല്‍ സ്വന്തം പരിശ്രമങ്ങളെക്കൂടാതെ ഇത്തരം അനുകൂലഘടകങ്ങള്‍ ചില പ്രത്യേകവിഭാഗങ്ങള്‍ക്ക് കൂടുതലായും മറ്റ് ചില വിഭാഗങ്ങള്‍ക്ക് കുറവായും ലഭിക്കുന്നു.

തന്റെ ആത്മാര്‍ത്ഥതക്കുറവ് കൊണ്ടല്ലാതെ സംഭവിക്കുന്ന ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് സംവരണത്തിന്റെ ഉദ്ദേശം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, തന്റേതല്ലാത്ത കുഴപ്പം മൂലം പിന്നാക്കാവസ്ഥ നേരിടുന്നവര്‍ക്ക് മുന്‍നിര ഓട്ടക്കാര്‍ക്കൊപ്പം ഓടിയെത്തുവാന്‍ നല്‍കുന്ന പിന്തുണയാണ് സംവരണം. സംവരണത്തിലൂടെയും മറ്റ് തരത്തിലും സാമൂഹികമായ പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങള്‍ സമൂഹത്തിന്റെ മുന്‍പന്തിയിലേക്കെത്തുന്ന പ്രക്രിയയെ സോഷ്യല്‍ മൊബിലിറ്റി(social mobility - സാമൂഹിക ചലനക്ഷമത) എന്നാണ് വിളിക്കുന്നത്.

എന്തൊക്കെയാണ് പ്രിവിലെജുകളെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍? ഇന്ത്യന്‍ സമൂഹത്തില്‍ ജാതിയാണ് പ്രിവിലെജുകളെ നിശ്ചയിക്കുന്ന ഒരു പ്രധാനഘടകം. സവര്‍ണജാതി വിഭാഗങ്ങളില്‍ ജനിക്കുന്നവര്‍ക്കും ഇതരജാതികളില്‍ ജനിക്കുന്നവര്‍ക്കും ലഭ്യമാകുന്ന പ്രിവിലെജുകള്‍ വ്യത്യസ്തമാണ്. ചരിത്രപരമായി സവര്‍ണജാതി വിഭാഗങ്ങളില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടിരുന്ന അധികാരത്തിന്റെയും അതിന്റെ തുടര്‍ച്ചകളുടെയും ഭാഗമായിട്ടാണ് ഇങ്ങനെ സംഭവിച്ചത്.

എന്നാലതേസമയം ജാതി മാത്രമല്ല ഒരാള്‍ക്ക് ലഭ്യമായിട്ടുള്ള പ്രിവിലെജുകളെ (അതിന്റെ അഭാവത്തെയും) നിര്‍ണയിക്കുന്നത് എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു വ്യക്തിയുടെ ലിംഗപരവും പ്രാദേശികഭാഷാപരവുമായ സവിശേഷതകള്‍, അയാളുടെ സാമ്പത്തികസ്ഥിതി എന്നിവയെല്ലാം അയാളുടെ പ്രിവിലെജുകളുടെ ലഭ്യതയില്‍ നിര്‍ണായകപങ്ക് വഹിക്കുന്നുണ്ട്. അതായത്, പുരുഷന്മാര്‍ക്ക് ലഭ്യമായിട്ടുള്ള പ്രിവിലെജുകള്‍ എല്ലാം മറ്റ് രീതിയില്‍ സമരായ സ്ത്രീകള്‍ക്ക് ലഭ്യമാകണമെന്നില്ല. കേരളത്തില്‍ നിന്നുള്ള നമ്പൂതിരിക്കും മഹാരാഷ്ട്രയില്‍ നിന്നുള്ള ചിത്പവന്‍ ബ്രാഹ്മണനും ലഭ്യമായിട്ടുള്ള പ്രിവിലെജുകളിലും വ്യത്യാസം കാണും. മലയാളിയായ പട്ടികജാതി വിഭാഗക്കാരനും കേരളത്തില്‍ തൊഴിലെടുക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള പട്ടികജാതി വിഭാഗക്കാരനായ ഇതരസംസ്ഥാനത്തൊഴിലാളിക്കും ലഭ്യമായ പ്രിവിലെജുകളും വ്യത്യസ്തമാണ്. പ്രിവിലെജുകളുടെ അഭാവം മൂലം സംജാതമാകുന്ന സാമൂഹിക പിന്നാക്കാവസ്ഥയ്ക്ക് ജാതിയുള്‍പ്പടെ ഒന്നിലധികം ഘടകങ്ങള്‍ ബാധകമാണ് എന്ന് മനസ്സിലാക്കാം.

ഇവിടെ ഒരു കാര്യം കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. സംവരണവിരുദ്ധരുടെ വാദം അംഗീകരിച്ചുകൊണ്ട് സമ്പൂര്‍ണമായ സാമ്പത്തികസംവരണം നടപ്പിലാക്കിയാലെന്താണ് പ്രശ്‌നം? സംവരണ മാനദണ്ഡങ്ങളില്‍ ജാതി ഒരു അടിസ്ഥാനമേ ആകാതെയിരിക്കുന്നത് തീര്‍ത്തും അപകടകരമാണ്. സാമ്പത്തികസ്ഥിതിയെ അടിസ്ഥാനമാക്കി മാത്രം വിഭജിച്ച ഈ സംവരണസംവരണേതര വിഭാഗങ്ങളില്‍ ജാതിപരമായ പ്രിവിലെജുകള്‍ ഉള്ളവരുമായി ആ പ്രിവിലെജുകള്‍ ഒട്ടുമില്ലാത്തവര്‍ നേരിട്ട് മല്‍സരിക്കേണ്ടതായി വരും. ഈ മല്‍സരം ഒരിക്കലും നീതിയുക്തമാകില്ല. അതിന്റെ ഫലമായി, ജാതീയമായ പിന്നാക്കാവസ്ഥ നേരിടുന്നവരുടെ സാമൂഹിക ചലനക്ഷമത പിന്നോട്ടടിക്കപ്പെടും. മുന്നാക്കപിന്നാക്ക ജാതികള്‍ തമ്മിലുള്ള ദൂരവും, പ്രിവിലെജുകളുടെ ഏറ്റക്കുറച്ചിലുകളും മുമ്പത്തേക്കാള്‍ രൂക്ഷമാകും.

ഇതോടൊപ്പം സാമ്പത്തികമായ പിന്നാക്കാവസ്ഥയെ പൂര്‍ണമായും നിരാകരിച്ചുകൊണ്ട് ജാതിയടിസ്ഥാനത്തില്‍ മാത്രം സംവരണം നല്‍കുന്നതില്‍ പിഴവുകളുണ്ടോ എന്നും വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ചരിത്രപരമായി അനീതികള്‍ നേരിട്ടുവന്ന ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാന്‍ ജാതിയടിസ്ഥാനത്തിലുള്ള സംവരണനയങ്ങള്‍ക്ക് നിര്‍ണായകപങ്ക് വഹിക്കുവാന്‍ കഴിഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതംഗീകരിക്കുമ്പോള്‍ തന്നെയും, സമ്പൂര്‍ണ സാമ്പത്തികസംവരണം നടപ്പിലാക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സമാനമായി ഇവിടെയും പ്രശ്‌നങ്ങളുണ്ടാകാം എന്ന സാധ്യത തള്ളിക്കളയുവാന്‍ കഴിയില്ല. സംവരണവിഭാഗത്തിനുള്ളിലെ മല്‍സരത്തില്‍ പിന്നാക്കജാതിവിഭാഗങ്ങളില്‍ പെടുന്ന സാമ്പത്തികമായ മുന്നാക്കാവസ്ഥയുള്ളവര്‍ക്ക് ഒരു മുന്‍തൂക്കം ഉണ്ടാകും. അതായത് സാമ്പത്തികമായ മുന്നാക്കാവസ്ഥ മൂലമുണ്ടാകുന്ന പ്രിവിലെജുകള്‍ ആ വിഭാഗത്തിലെ തന്നെ പാവപ്പെട്ടവരെ പിന്‍തള്ളുവാന്‍ ഉപകരിക്കപ്പെടുന്ന ഒരു അവസ്ഥയുണ്ടാകും. തദ്ഫലമായി ഈ വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ പിന്നോട്ടടിക്കപ്പെടുകയും സംവരണത്തിന്റെ ഫലങ്ങള്‍ എന്നും പ്രിവിലെജുള്ള, സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ മാത്രം അനുഭവിക്കുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യും. തദ്ഫലമായി, ജാതിക്കുള്ളില്‍ സാമ്പത്തികാടിസ്ഥാനത്തില്‍ പലതലത്തിലുള്ള തട്ടുകള്‍ സൃഷ്ടിക്കപ്പെടുവാനായിരിക്കും ഇത് ഇടയാക്കുക. അങ്ങനെ, സംവരണത്തിന്റെ ഗുണഫലങ്ങള്‍ ഒരു വിഭാഗത്തിന് എല്ലാക്കാലവും അപ്രാപ്യമാകും. ഇത് ആ ജാതിയിലെ പാവപ്പെട്ടവരുടെ സാമൂഹിക ചലനക്ഷമത സ്തംഭിപ്പിക്കുവാന്‍ ഇടയാക്കും. സംവരണാനുകൂല്യങ്ങളില്‍ നിന്നും സാമ്പത്തിക മുന്നാക്കാവസ്ഥയുള്ള വെണ്ണപ്പാളിയെ (creamy layer) ഒഴിവാക്കുന്നത് ഈ സാമൂഹിക ചലനക്ഷമത സാധ്യമാക്കുവാനാണ്. നിലവില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ(Other Backward Castes)സംവരണത്തില്‍ മാത്രമേ ക്രീമി ലെയര്‍ നടപ്പിലാക്കിയിട്ടുള്ളൂ.

നവലിബറല്‍ നയങ്ങള്‍ അനുഷ്ഠാനപരതയോടെ നടപ്പാക്കപ്പെടുന്ന ഒരു കാലഘട്ടത്തില്‍ സാമ്പത്തികമായ ഉച്ചനീചത്വങ്ങള്‍ അനുദിനം വര്‍ദ്ധിക്കുകയാണെന്നത് സുവിദിതമാണ്. വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞനായ തോമസ് പിക്കെറ്റി 2017ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ നിന്നും വ്യക്തമാകുന്നത് നമ്മുടെ രാജ്യത്തെ നിലവിലെ സാമ്പത്തികാസമത്വം 1922ലെ ബ്രിട്ടീഷ് ഇന്ത്യയുടേതിന് തുല്യമാണെന്നാണ്. ഇന്ത്യയില്‍ നടപ്പിലാക്കപ്പെടുന്ന വികലമായ സാമ്പത്തികനയങ്ങള്‍ ആണ് ഇതിന് കാരണം. ഈ നയങ്ങളാകട്ടെ, ദളിതരെന്നോ ബ്രാഹ്മണരെന്നോ വ്യത്യാസമില്ലാതെ, എല്ലാ ജാതിവിഭാഗങ്ങളെയും ബാധിക്കുന്നുമുണ്ട്. ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും ധനികരെ കൂടുതല്‍ ധനികരാക്കുകയും ചെയ്യുന്ന ഈ അശാസ്ത്രീയ സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തില്‍ വേണം സംവരണം ഉള്‍പ്പടെയുള്ള, അധഃസ്ഥിത വിഭാഗങ്ങളുടെ സാമൂഹിക ചലനക്ഷമത സാധ്യമാക്കുന്ന നയങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തേണ്ടത്. മാറിയ സാഹചര്യങ്ങളില്‍ സംവരണമാനദണ്ഡമായി ജാതിക്കൊപ്പം സാമ്പത്തികാവസ്ഥയെയും കാണേണ്ടതുണ്ട്. നിലവിലുള്ള സംവരണവിഭാഗങ്ങളെ ബാധിക്കാത്ത തരത്തില്‍, സംവരണാനുകൂല്യങ്ങളൊന്നും ലഭിക്കാത്ത വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് കൂടി സംവരണം ലഭ്യമാക്കണമെന്ന നിലപാട് ഈ സാമൂഹികയാഥാര്‍ത്ഥ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

ദാരിദ്ര്യവും സാമ്പത്തികാസമത്വവും ഇല്ലാതെയാക്കുന്നതിനുള്ള ശാശ്വതവും ഏകവുമായ പരിഹാരമാര്‍ഗം സോഷ്യലിസമാണ്, സംവരണമല്ല എന്ന് വാദിക്കുന്നവരുണ്ട്. ചിട്ടയായ ആസൂത്രണപരിപാടികളിലൂടെ വര്‍ഷങ്ങളുടെ പ്രയത്‌നമാവശ്യമായ ഒന്നാണ് സോഷ്യലിസം. അതിന്റെ അഭാവം തന്നെയാണ് നിലവിലെ രൂക്ഷമായ സാമ്പത്തികാസമത്വത്തിന്റെ കാരണമെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍, സ്വിച്ചിട്ടാല്‍ സോഷ്യലിസം വരും എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ തികഞ്ഞ മൂഢതയാണ്. നിലവിലെ സാഹചര്യത്തില്‍, സോഷ്യലിസ്റ്റ് നയപരിപാടികള്‍ ഉടനടി നടപ്പിലാക്കുക എന്നത് പ്രായോഗികവുമല്ല. സാമ്പത്തികമായ പിന്നാക്കാവസ്ഥ മൂലമുള്ള പ്രിവിലെജുകളുടെ അഭാവം നികത്തുന്നതിനായി, നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പ്രായോഗികമായ സംവരണം ഉള്‍പ്പടെയുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.

സംവരണത്തില്‍ സാമ്പത്തികമായ പരിഗണനകള്‍ പാടില്ലായെന്ന് വാശി പിടിക്കുന്ന കൂട്ടര്‍ ഉന്നയിക്കുന്ന മറ്റൊരു വാദം സാമ്പത്തികമായ പിന്നാക്കാവസ്ഥ സ്‌കോളര്‍ഷിപ്പുകളും സാമ്പത്തികമായ ധനസഹായവും നല്‍കിയാല്‍ മാറുമെന്നാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പും ധനസഹായവുമെല്ലാം ആശ്വാസകരമായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാലതേ സമയം സാമ്പത്തിക പിന്നാക്കാവസ്ഥ സൃഷ്ടിക്കുന്ന പ്രിവിലെജുകളുടെ അഭാവം നികത്തുവാന്‍ സാമ്പത്തികസഹായങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പിനും സാധിക്കുകയില്ല. ഈ പ്രശ്‌നത്തിന് ശാശ്വതമോ സുസ്ഥിരമോ ആയ ഒരു പരിഹാരമാര്‍ഗവുമല്ല ഇവ.

സംവരണത്തിന്റെ ഉദ്ദേശം കേവലം ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പിക്കുക എന്നത് മാത്രമാണെന്ന വാദത്തിന്റെ ന്യായീകരണങ്ങള്‍ മാത്രമാണ് മേല്‍പറഞ്ഞവ. എന്നാല്‍, പിന്നാക്ക ജാതിവിഭാഗങ്ങളുടെ പ്രാതിനിധ്യത്തിന്റെ കുത്തക ആ വിഭാഗങ്ങളിലെ വരേണ്യധനികവിഭാഗത്തിന് തീറെഴുതിക്കൊടുന്നത് എന്തുതരം സാമൂഹികനീതിയാണ് എന്ന് മാത്രം ഈ പ്രാതിനിധ്യവാദക്കാര്‍ വ്യക്തമാക്കുന്നില്ല.

സവര്‍ണജാതി വിഭാഗങ്ങള്‍ക്കിടയിലെ ദാരിദ്ര്യവും കഷ്ടപ്പാടും ചിലര്‍ കാവ്യനീതി എന്നതു പോലെ ആഘോഷിക്കുന്നുവെങ്കിലും സമൂഹത്തിലെ അസമത്വങ്ങളെ ഇല്ലാതെയാക്കുവാന്‍ യത്‌നിക്കുന്ന ഒരു രാഷ്ട്രീയകക്ഷിക്കും കയ്യും കെട്ടിനിന്ന് ആസ്വദിക്കുവാന്‍ സാധിക്കുന്ന ഒരവസ്ഥയല്ല ഒരു വിഭാഗത്തിലെയും ദാരിദ്ര്യവും, അത് സൃഷ്ടിക്കുന്ന പിന്നാക്കാവസ്ഥയും. ചില സ്വത്വവാദസംഘങ്ങളുടെ അത്തരം അപക്വമായ ആസ്വാദനവും ആഹ്ലാദപ്രകടനങ്ങളും അപകടകരമായതും തിരുത്തുവാന്‍ ബുദ്ധിമുട്ടുള്ളതുമായ കീഴ്വഴക്കങ്ങള്‍ക്ക് ഇടയാക്കും.

സംവരണം അധികാരക്കൈമാറ്റത്തിനുള്ള ഉപാധിയാണെന്നും അതൊരു ആത്യന്തികവിമോചന പ്രക്രിയയാണെന്ന വാദവും ചിലരുയര്‍ത്തുന്നുണ്ട്. ഇതൊരു തെറ്റിധാരണയാണ്. സമൂലമായ സാമൂഹികമാറ്റത്തിനുതകുന്ന ഭൗതികസാഹചര്യമൊരുക്കുവാന്‍ സംവരണം കൊണ്ടുമാത്രം സാധിക്കുകയില്ല. ഭൂപരിഷ്‌കരണം, അധികാരവികേന്ദ്രീകരണം, സാര്‍വത്രിക വിദ്യാഭ്യാസം, ആരോഗ്യം/പോഷകാഹാരം ഉറപ്പാക്കല്‍ തുടങ്ങിയ നടപ്പിലാക്കിയാല്‍ മാത്രമേ ജാതിയുടെ തായ്വേരുകള്‍ മുറിക്കുവാനും, കാലാന്തരത്തില്‍ അതിനെ ഉന്മൂലനം ചെയ്യുവാനും കഴിയുകയുള്ളൂ. എന്നാലിതിന് ഇന്ന് വിഘാതം സൃഷ്ടിക്കുന്നത് നവലിബറല്‍ നയങ്ങളാണ്. സാമൂഹികവിനിയോഗത്തിനായി ചെലവിടുന്ന തുക കാര്യമായി വെട്ടിക്കുറച്ചപ്പോള്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള SCP/TSP ഫണ്ടുകള്‍ ഉള്‍പ്പടെ പൂര്‍ണമായും ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയിലെത്തി. എന്നാല്‍, കേരളത്തിലാകട്ടെ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിനാകെ മാതൃക സൃഷ്ടിച്ചുകൊണ്ട് ഇവ ജനസംഖ്യാനുപാതികമായി (10%) ബജറ്റില്‍ വകയിരുത്തി. ഇത്തരം നടപടികളിലൂടെ, മുതലാളിത്തത്തിന് ഒരു ബദല്‍ സൃഷ്ടിച്ചുകൊണ്ടു മാത്രമേ ജാതിയടക്കമുള്ള അസമത്വങ്ങള്‍ ഇല്ലാതെയാക്കുവാന്‍ സാധിക്കുകയുള്ളൂ.

സമൂഹം ചലിക്കേണ്ടത് മുന്നോട്ടാണ്. ജാതി അടിസ്ഥാനത്തിലുള്ള സംവരണം തുടരുമ്പോള്‍ത്തന്നെ സാമൂഹികമാറ്റങ്ങളെ വിലയിരുത്തി പിന്നാക്കം പോകുന്ന വിഭാഗങ്ങളെ സഹായിച്ചുകൊണ്ട് മുന്നോട്ട് പോവുകുക എന്നതാണ് യാഥാര്‍ത്ഥ്യബോധത്തിലധിഷ്ഠിതമായ രീതി. സംവരണത്തിന്റെ സാധ്യതകള്‍ വിപുലപ്പെടുത്തിക്കൊണ്ടും ജാതിശൃംഖലയുടെ അടിവേരറുക്കുന്ന മറ്റ് നയപരിപാടികള്‍ നടപ്പിലാക്കിക്കൊണ്ടു വേണം മുന്നോട്ട് പോകേണ്ടത്. മൂര്‍ത്തമായ സാമൂഹികസാഹചര്യങ്ങളെ മൂര്‍ത്തമായി വിലയിരുത്തിക്കൊണ്ട്, സംവരണത്തെ സംബന്ധിച്ച് നിലവിലെ മനസ്സിലാക്കലുകളിലും വാദങ്ങളിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തിക്കൊണ്ടുമാത്രമേ ഇത് സാധ്യമാവുകയുള്ളൂ.


 

പ്രധാന വാർത്തകൾ
Top