Top
26
Monday, June 2017
About UsE-Paper

തുര്‍ക്കി ഹിതപരിശോധനയും എര്‍ദോഗന്റെ ഭാവിയും

Thursday Apr 20, 2017
വി ബി പരമേശ്വരന്‍

തുര്‍ക്കിയില്‍ 'പ്രസിഡന്‍ഷ്യല്‍ ഏകാധിപത്യത്തിനായി' ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ പ്രസിഡന്റ് റസിപ് തയ്യിപ് എര്‍ദോഗന് നേരിയ വിജയം. ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായ കെമല്‍പാഷ അത്താതുര്‍ക്ക് 1946ല്‍ നടപ്പാക്കിയ പാര്‍ലമെന്ററി ജനാധിപത്യത്തിന് അന്ത്യമിടുന്നതിനാണ് എര്‍ദോഗന്‍ ഹിതപരിശോധന നടത്തിയത്. പ്രസിഡന്റിന്റെ നടപടികളെ പലപ്പോഴും ചോദ്യംചെയ്യുന്ന പാര്‍ലമെന്ററി സമ്പ്രദായത്തിന് അന്ത്യംകുറിച്ച് എക്സിക്യൂട്ടീവിനെയും പാര്‍ലമെന്റിനെയും ജുഡീഷ്യറിയെയും ചൊല്‍പ്പടിയില്‍ നിര്‍ത്തി ഏകാധിപത്യഭരണം സ്ഥാപിക്കുകയായിരുന്നു എര്‍ദോഗന്റെ ലക്ഷ്യം. രാജ്യത്ത് ഉരുക്കുപോലുള്ള ഐക്യം സൃഷ്ടിച്ച് ഭീകരവാദത്തെ ഫലപ്രദമായി നേരിട്ട് സാമ്പത്തികക്കുതിപ്പ് നടത്താനാണ് രാജ്യം പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്ക് പോകുന്നതെന്നായിരുന്നു എര്‍ദോഗന്റെ വാദം. സംഘപരിവാര്‍ ഇന്ത്യയില്‍ ഉയര്‍ത്തുന്നതും ഇതേ വാദമാണെന്ന് ഓര്‍ക്കുക. 

കഴിഞ്ഞ ജൂലൈയില്‍ ഫെയ്തുള്ള ഗുലാന്‍ എന്ന സൂഫിവിഭാഗം നേതാവിന്റെ നേതൃത്വത്തില്‍ നടന്ന അട്ടിമറി മറയാക്കിയാണ് ജനാധിപത്യഹത്യക്ക് കളമൊരുക്കുന്ന വന്‍ അട്ടിമറിക്ക് എര്‍ദോഗന്‍ തയ്യാറായത്. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ സ്ഥിരതാമസമാക്കിയ ഫെയ്തുള്ള ഗുലാന്‍ സൈനികരുടെയും കെമാലിസ്റ്റുകളുടെയും പിന്തുണയോടെ നടത്തിയതായി ആരോപിക്കപ്പെടുന്ന അട്ടിമറിക്കുശേഷം എര്‍ദോഗന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ നിലനില്‍ക്കെയാണ് ഹിതപരിശോധന നടന്നത്.

ഹിതപരിശോധനയ്ക്കുമുമ്പുതന്നെ ജനാധിപത്യഹത്യ എര്‍ദോഗന്‍ നടത്തി. പ്രതിപക്ഷ നേതാവും പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് (എച്ച്ഡിപി) നേതാവുമായ ദെമിത്രാസ് അടക്കമുള്ള 12 എംപിമാരെ ജയിലിലടച്ചു. ഒന്നര ലക്ഷത്തോളം പേരെ അറസ്റ്റ് ചെയ്തു. കുര്‍ദ് മേഖലയിലെ 70 മേയര്‍മാരും ജയിലിലാണ്. 21,000 സ്കൂളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. 73,000 അക്കാദമിക് പ്രവര്‍ത്തകരെയും ഒന്നരലക്ഷത്തോളം ഉദ്യോഗസ്ഥരെയും ഗുലേനിസ്റ്റുകളാണെന്ന് ആരോപിച്ച് പിരിച്ചുവിട്ടു. സര്‍ക്കാരിനെ വിമര്‍ശിച്ച ഇരുനൂറോളം മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചു. നൂറ്റമ്പതോളം മാധ്യമ ഓഫീസ് ബലംപ്രയോഗിച്ച് അടപ്പിച്ചു. ഈ ജനാധിപത്യകശാപ്പ് സൃഷ്ടിച്ച ഭീതിക്കിടയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 

മാത്രമല്ല, അനുകൂല വോട്ടിനായി ഭരണകക്ഷിയായ ജസ്റ്റിസ് ഡെവലപ്മെന്റ് പാര്‍ടി (എകെപി)യുടെ നേതാക്കളെ തുര്‍ക്കിവംശജര്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ അനുവദിക്കാത്ത ജര്‍മനിയുടെയും നെതര്‍ലന്‍ഡ്സിന്റെയും നടപടിക്കെതിരെ ദേശീയവികാരമുണര്‍ത്തി തുര്‍ക്കിയുടെ ചാമ്പ്യനാകാനും എര്‍ദോഗന്‍ ശ്രമിച്ചു. നാസികളെയും നവ നാസികളെയുംപോലെയാണ് ഈ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പെരുമാറുന്നതെന്ന് ആരോപിച്ച് രാജ്യത്ത് ഇസ്ളാമികവികാരവും സങ്കുചിത ദേശീയവികാരവും ആളിക്കത്തിക്കാനും എര്‍ദോഗന്‍ മടിച്ചില്ല. പ്രതിപക്ഷ പാര്‍ടികള്‍ക്ക് പ്രചാരണം നടത്താന്‍പോലും അനുവാദം നല്‍കിയില്ല. എതിര്‍വോട്ടിന് ആഹ്വാനംചെയ്തുകൊണ്ടുള്ള ബോര്‍ഡുകളും ബാനറുകളും അഴിച്ചുമാറ്റപ്പെട്ടു. അനുകൂല വോട്ട് നേടാനാവശ്യമായ എല്ലാ അധികാര ദുര്‍വിനിയോഗങ്ങളും എര്‍ദോഗന്റെ ഭാഗത്തുനിന്നുണ്ടയി.

എന്നിട്ടും ഹിതപരിശോധനയില്‍ പ്രചരിപ്പിച്ചതുപോലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്നതില്‍ എര്‍ദോഗന്‍ പരാജയപ്പെട്ടു. പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിന് അനുകൂലമായി 51.4 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് തുര്‍ക്കി (ടികെപി) ഉള്‍പ്പെടെയുള്ള എതിര്‍പക്ഷത്തിന് 48.6 ശതമാനം വോട്ട് നേടാനായി. ഭരണപക്ഷത്തിന് 2.5 കോടി വോട്ട് ലഭിച്ചപ്പോള്‍ പ്രതിപക്ഷത്തിന് 2.4 കോടി വോട്ട് ലഭിച്ചു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ ഏകാധിപത്യത്തിലേക്ക് പോകുന്നതിനുള്ള അംഗീകാരം ജനങ്ങള്‍ നല്‍കിയെന്ന് പറയാനാകില്ല. മാത്രമല്ല, 25 ലക്ഷം കള്ളവോട്ട് നടന്നതായും ഇപ്പോള്‍ പുറത്തായിരിക്കുന്നു. ഔദ്യോഗിക സീല്‍വച്ച വോട്ടിങ് കവറിലില്ലാത്ത ഈ വോട്ടുകളും എണ്ണിയെന്നാണ് പ്രധാന പ്രതിപക്ഷ പാര്‍ടിയായ റിപ്പബ്ളിക്കന്‍ പീപ്പിള്‍സ് പാര്‍ടി (സിഎച്ച്പി)യുടെയും എച്ച്ഡിപിയുടെയും കമ്യൂണിസ്റ്റ്പാര്‍ടിയുടെയും ആരോപണം. കുര്‍ദ് മേഖലയില്‍നിന്നുള്ളതാണ് ഈ കള്ളവോട്ടുകള്‍. എര്‍ദോഗന് എതിരായിരിക്കും ഇവിടത്തെ വോട്ടുകള്‍ എന്നുറപ്പുള്ളതിനാലാണ് ഈ കള്ളത്തരം കാട്ടിയെതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇക്കാര്യം യൂറോപ്യന്‍ നിരീക്ഷകര്‍ സ്ഥിരീകരിക്കുകയുംചെയ്തു. കെമാലിസ്റ്റുകളുടെ പാര്‍ടിയായ സിഎച്ച്പി ഈ കള്ളവോട്ടിനെ ഔദ്യോഗികമായി ചോദ്യംചെയ്യുന്നപക്ഷം അത് എര്‍ദോഗന് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. കാരണം, തുര്‍ക്കിയിലെ ഭരണവിഭാഗങ്ങളില്‍ പ്രത്യേകിച്ചും സൈന്യത്തില്‍ ഏറെ സ്വാധീനമുള്ള രാഷ്ട്രീയപ്രസ്ഥാനമാണ് ഇത്. കെമാല്‍ അത്താതുര്‍ക്കിന്റെ മതനിരപേക്ഷ നയം ഉപേക്ഷിച്ച് ഇസ്ളാമികവല്‍ക്കരണത്തിലേക്ക് എര്‍ദോഗന്‍ തുര്‍ക്കിയെ നയിക്കുന്നതില്‍ സൈന്യത്തിനുമാത്രമല്ല ബ്യൂറോക്രസിക്കും ബിസിനസ് വിഭാഗത്തിനും അമര്‍ഷമുണ്ട്.

എല്ലാ അധികാരവും കൈയിലൊതുക്കാനായി നടത്തിയ ഹിതപരിശോധന എര്‍ദോഗനെ കൂടുതല്‍ ദുര്‍ബലനാക്കി. ഫാസിസ്റ്റ് കക്ഷിയായ നാഷണലിസ്റ്റ് മൂവ്മെന്റ് പാര്‍ടിയുമായുള്ള (എംഎച്ച്പി) സഖ്യം എര്‍ദോഗന് ഗുണംചെയ്തില്ലെന്നുമാത്രമല്ല ദോഷകരമാവുകയും ചെയ്തു. എര്‍ദോഗന് ആശയാടിത്തറ നല്‍കുന്നതില്‍ പ്രധാന പങ്കുള്ള ഈ പ്രസ്ഥാനത്തിന്റെ വിഭജനം ഏതാണ്ട് ഉറപ്പായി. ഭൂരിപക്ഷത്തിന്റെ നേതാവായ ദേവ്ലേത് ബഹ്സേലി അനുകൂല വോട്ടിന് വാദിച്ചപ്പോള്‍ ന്യൂനപക്ഷവിഭാഗത്തിന്റെ നേതാവായ മെറല്‍ അക്സേനര്‍ പ്രതികൂല വോട്ടിനായാണ് വാദിച്ചത്. ഹിതപരിശോധനയില്‍ പ്രതീക്ഷിച്ച മുന്നേറ്റം നേടാനാകാത്ത സാഹചര്യത്തില്‍ ഈ ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വം അക്സേനര്‍ക്ക് കൈമാറേണ്ടിവരും. അതല്ലെങ്കില്‍ പ്രസ്ഥാനം പിളരും. സഖ്യകക്ഷിയുടെ തകര്‍ച്ച എര്‍ദോഗനെ തളര്‍ത്തും. 

അതോടൊപ്പം എര്‍ദോഗന്റെ അമിതാധികാര പ്രവണതയ്ക്കെതിരെ എകെപിയില്‍തന്നെയും മുറുമുറുപ്പ് ആരംഭിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനുമായുള്ള എര്‍ദോഗന്റെ വിയോജിപ്പ് ഇതിന് ആക്കം കൂട്ടുകയുംചെയ്യുന്നു. തുര്‍ക്കിയിലെ മധ്യവര്‍ഗത്തിലെ കുട്ടികള്‍ പ്രധാനമായും ഉന്നത വിദ്യാഭ്യാസം നേടുന്നതും ജോലിചെയ്യുന്നതും യൂറോപ്പിലാണ്. തുര്‍ക്കിയിലെ വ്യവസായങ്ങള്‍ക്കും സമാന സംരംഭങ്ങള്‍ക്കും ഫണ്ട് വരുന്നതും യൂറോപ്പില്‍നിന്നാണ്. തുര്‍ക്കിയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ 80 ശതമാനവും യൂറോപ്പില്‍നിന്നാണ്. അതുകൊണ്ടുതന്നെ യൂറോപ്യന്‍ രാഷ്ട്രങ്ങളുമായി ബന്ധം വഷളാകുന്നതിന് ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ല. നഗരങ്ങളില്‍ എര്‍ദോഗന് ലഭിച്ച തോല്‍വി ഈ വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. എന്നാല്‍, ഹിതപരിശോധനയ്ക്കുശേഷം നടത്തിയ പ്രസംഗത്തിലും വധശിക്ഷ തിരിച്ചുകൊണ്ടുവരുമെന്ന് എര്‍ദോഗന്‍ പ്രസംഗിക്കുകയുണ്ടായി. ഈ ഒറ്റ കാരണംമതി യൂറോപ്യന്‍ യൂണിയനില്‍ തുര്‍ക്കിക്ക് അംഗത്വം ലഭിക്കാതിരിക്കാന്‍.(അപേക്ഷിച്ച് കാത്തിരിക്കുകയാണ് തുര്‍ക്കി.) 

യൂറോപ്പിനെ മധ്യപൌരസ്ത്യദേശവുമായി ബന്ധിപ്പിക്കുന്ന പാലമായിട്ടും ലോകരാഷ്ട്രങ്ങളുടെ പിന്തുണ എര്‍ദോഗന് ഇക്കുറി ലഭിച്ചില്ലെന്നതും ശ്രദ്ധേയാണ്. നാറ്റോയിലെ അംഗരാഷ്ട്രമായിട്ടും ഒരൊറ്റ യൂറോപ്യന്‍ നേതാവും അദ്ദേഹത്തെ ഹിതപരിശോധനയിലുള്ള വിജയത്തില്‍ അഭിനന്ദിക്കാന്‍ തയ്യാറായില്ല. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വൈകിയാണെങ്കിലും അഭിനന്ദിച്ചതാണ് എര്‍ദോഗന് ആശ്വാസം നല്‍കുന്നത്. ഇസ്ളാമികവല്‍ക്കരണത്തിനായി നിലകാള്ളുന്നെങ്കിലും മുസ്ളിംരാഷ്ട്രങ്ങളുടെ പിന്തുണയും എര്‍ദോഗന് ഇല്ല. ഖത്തറും ബഹ്റൈനും അസര്‍ബൈജാനും മാത്രമാണ് പിന്തുണയുമായി എത്തിയത്. റഷ്യപോലും പ്രതികരിച്ചിട്ടില്ല. 

'എര്‍ദോഗന്‍ കള്ളനാണ്' എന്ന മുദ്രാവാക്യമുയര്‍ത്തി തുര്‍ക്കിയിലെങ്ങും പ്രകടനം നടന്നുവരികയാണിപ്പോള്‍. എര്‍ദോഗനെതിരെ ഒരു ജനാധിപത്യ ബദലിന് സാധ്യതയുണ്ടെന്ന് ഈ പ്രകടനങ്ങള്‍ വിളിച്ചോതുന്നു. രാജ്യത്തെ എല്ലാ പുരോഗമന ജനാധിപത്യ വിപ്ളവശക്തികളും ഇതിനു പിന്നില്‍ അണിനിരന്നാല്‍ എര്‍ദോഗന്‍യുഗത്തിന് അന്ത്യമിടാനാകുമെന്ന പ്രതീക്ഷയിലാണ് തുര്‍ക്കിയിലെ കമ്യൂണിസ്റ്റ് പാര്‍ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം