21 May Monday

എല്ലാവര്‍ക്കും വീടൊരുങ്ങുന്നു

കെ ടി ജലീല്‍Updated: Monday Mar 20, 2017

കേരളത്തിന്റെ സമഗ്രവികസനത്തിനുവേണ്ടി അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്ന കര്‍മ്മപദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണ് ലൈഫ് LIFE എന്ന സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതി. ജനസൌഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍, സമഗ്രവിദ്യാഭ്യാസ നവീകരണപദ്ധതി, കൃഷി വികസനത്തിനും ജലവിഭവസംരക്ഷണത്തിനും ഊന്നല്‍നല്‍കുന്ന ഹരിതകേരളം എന്നിവയോടൊപ്പം ഈ പദ്ധതിയും പ്രഖ്യാപിച്ചത് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സമഗ്ര സമീപനം വ്യക്തമാക്കുന്നു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധങ്ങളായ പദ്ധതികളുടെ പൂര്‍ണ പ്രയോജനം ലഭിക്കാതെ പോയവരോ പലവിധ കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടു പോയവരോ ആയ സാധാരണക്കാരുടെയും മുന്‍ഗണനാവിഭാഗങ്ങളുടെയും ജീവിതസാഹചര്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഈ പദ്ധതിയുടെ പ്രഖ്യാപനത്തിലൂടെ മുന്നോട്ടുവയ്ക്കപ്പെട്ടത്. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന ഇ എം എസ് ഭവനപദ്ധതി നിര്‍ത്തിയേടത്തുനിന്നുതന്നെയാണ് ലൈഫ് പദ്ധതി ആരംഭിക്കുന്നത്. ഭരണമാറ്റത്തിലൂടെ ഗളഛേദം ചെയ്യപ്പെട്ട ജനകീയ വികസനസമീപനം നവകേരള മിഷനിലൂടെ തിരിച്ചെത്തിയിരിക്കുന്നു. ലക്ഷക്കണക്കിനു വരുന്ന ദരിദ്ര ഭവനരഹിത കുടുംബങ്ങള്‍ക്ക് സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കാതെ ആരോഗ്യകരവും മാന്യവുമായ സാമൂഹികജീവിതം ഉറപ്പു വരുത്താനാകില്ല. സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഭാഗമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും ജനങ്ങള്‍ പൂര്‍ണ അളവില്‍ പ്രാപ്തരാകുന്നത് വാസയോഗ്യമായ വീടെന്ന അടിസ്ഥാനാവശ്യം പൂര്‍ത്തീകരിക്കാന്‍ കഴിയുമ്പോള്‍മാത്രമാണ്. വ്യക്തമായ സമയക്രമം നിശ്ചയിച്ചും വിപുലമായ പിന്തുണാസംവിധാനങ്ങള്‍ ഉറപ്പുവരുത്തിയുമാണ് കേരളത്തിലെ ജനകീയസര്‍ക്കാര്‍ ഇതിന് നേതൃത്വം നല്‍കുന്നത്. പാര്‍പ്പിട സുരക്ഷയുടെ ഭാരമത്രയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമലില്‍ ഇറക്കിവച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സമീപനമല്ല ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുള്ളത്.

ഭൂമിയുള്ള ഭവനരഹിതര്‍, ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍, പുറമ്പോക്കിലോ തീരദേശമേഖലയിലോ തോട്ടംമേഖലയിലോ താല്‍ക്കാലിക താമസമുള്ളവരും ഭൂമിക്ക് കൈവശാവകാശരേഖയോ പട്ടയമോ ഇല്ലാത്തവരുമായ ദരിദ്രര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍ എന്നീ വിഭാഗങ്ങള്‍ക്ക് വാസയോഗ്യവും നിയമപരമായി പൂര്‍ണ അവകാശമുള്ളതുമായ പാര്‍പ്പിടം ഉറപ്പുവരുത്തുകയാണ് ലൈഫ് പദ്ധതിയുടെ കാതല്‍. ഭൂമിയുള്ള ഭവനരഹിതര്‍ക്കും പൂര്‍ത്തീകരണത്തിനുമുമ്പ് നിര്‍മാണപ്രവൃത്തി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ നിര്‍ധനര്‍ക്കും നിശ്ചിതനിരക്കില്‍ ആവശ്യമായ ധനസഹായമെത്തിക്കുകയും ജനകീയ ഇടപെടലിലൂടെയും ഐടി അധിഷ്ഠിത മോണിറ്ററിങ്ങിലൂടെയും വീടുകളുടെ സമയബന്ധിത പൂര്‍ത്തീകരണം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നിര്‍മാണസാമഗ്രികളുടെ ലഭ്യത ബ്ളോക്കുതലത്തില്‍ ഉറപ്പുവരുത്തുന്നു.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ സാധന ഘടകത്തില്‍ ഉള്‍പ്പെടുത്തി ഇഷ്ടിക മുതലായവ നിര്‍മിച്ച് സൌജന്യമായി ലഭ്യമാക്കാന്‍ കഴിയും. ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്കും പട്ടയമോ കൈവശാവകാശമോ ഇല്ലാത്ത ഭൂമിയിലെ താല്‍ക്കാലിക താമസക്കാര്‍ക്കും ഗുണനിലവാരമുള്ള പാര്‍പ്പിടസമുച്ചയങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അര്‍ഹരായ ആവശ്യക്കാരുടെ എണ്ണവും സ്ഥലലഭ്യതയും അടിസ്ഥാനമാക്കിയായിരിക്കും പാര്‍പ്പിടസമുച്ചയങ്ങള്‍ നിര്‍മിക്കുക. തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് പാര്‍പ്പിടം ലഭ്യമാക്കുന്നതിനൊപ്പം സമൂഹത്തിന്റെ മുഖ്യധാരയുമായി അവരെ ബന്ധിപ്പിക്കുകയും വേണം. അതിനുള്ള കണ്ണികളായിക്കൂടിയാണ് ഈ സമുച്ചയങ്ങളെ സര്‍ക്കാര്‍  കാണുന്നത്. ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ജീവിതസൌകര്യങ്ങള്‍ അനുഭവവേദ്യമാക്കുകയെന്ന സമഗ്ര സമീപനമാണ് സര്‍ക്കാരിനുള്ളത്.  താമസക്കാര്‍ക്ക് അങ്കണവാടി, സ്കൂള്‍വിദ്യാഭ്യാസം, അധിക കോച്ചിങ് ഐടി പരിശീലനം, കൌമാരക്കാര്‍ക്കുള്ള കൌണ്‍സലിങ്, വൈദഗ്ധ്യ പരിശീലനം, സ്വയംതൊഴില്‍ പരിശീലനം, ആരോഗ്യപരിരക്ഷ, വയോജന പരിചരണം മുതലായ സൌകര്യങ്ങള്‍ ഉറപ്പുവരുത്തും. ഉല്‍പ്പാദന/  സേവനമേഖലകളില്‍ സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്നതിലൂടെ ഇവരെ സ്ഥിരവരുമാനമുള്ളവരാക്കി മാറ്റുകയെന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.

ഗുണഭോക്താക്കളുടെ സംഘാടനം, പദ്ധതിനടത്തിപ്പ്, കെട്ടിടസമുച്ചയങ്ങളുടെ പരിപാലനം എന്നിവയില്‍ ഗുണഭോക്താക്കളുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തും. ഗുണഭോക്താക്കളുടെ സംരംഭകത്വശേഷി വികസിപ്പിച്ച് അവരെ സ്ഥിരവരുമാനമുള്ളവരാക്കി മാറ്റുന്നതിന് ആവശ്യമായ പരിപാടികളും ഈ കര്‍മപദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച് നടപ്പാക്കുന്നതാണ്. തദ്ദേശ സ്വയംഭരണവകുപ്പിന്റെ കീഴില്‍ ധനകാര്യം, ഭവനനിര്‍മാണം, സാമൂഹ്യനീതി, വൈദ്യുതി, ജലവിഭവം, തൊഴില്‍, പട്ടികജാതി- വികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകളുടെയും സംസ്ഥാന ആസൂത്രണബോര്‍ഡിന്റെയും സമ്പൂര്‍ണ ഏകോപനം ഉറപ്പുവരുത്തുന്നതാണ് ഈ പദ്ധതി. മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശസ്വയംഭരണമന്ത്രി സഹ അധ്യക്ഷനും ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാര്‍, ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ എന്നിവര്‍ ഉപാധ്യക്ഷന്മാരും പ്രതിപക്ഷനേതാവ് പ്രത്യേക ക്ഷണിതാവുമായ സംസ്ഥാന പാര്‍പ്പിടമിഷനാണ് പാര്‍പ്പിടസുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ സംസ്ഥാനതലത്തില്‍ ഏകോപിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയിലുള്ള ജില്ലാ മിഷനുകള്‍ ഈ പ്രവര്‍ത്തനങ്ങളെ ജില്ലാതലത്തില്‍ ഏകോപിപ്പിക്കും.

ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിനും ജനകീയ നിയന്ത്രണം ഉറപ്പുവരുത്തുന്നതിനുമുള്ള വ്യക്തമായ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുകയും എല്ലാവര്‍ക്കും ഇടം നല്‍കുകയും ചെയ്യുന്ന കുടുംബശ്രീ സംവിധാനത്തിനാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള പ്രാഥമികപരിശോധനയുടെ ചുമതല. ഇതിനുള്ള ആദ്യഘട്ട സര്‍വേ കഴിഞ്ഞു. അര്‍ഹതയുള്ള ഒരു കുടുംബംപോലും ഒഴിവാക്കപ്പെടാതെയും അനര്‍ഹരെ ഉള്‍പ്പെടുത്താതെയും മികച്ച ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുക എന്നത് തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. പ്രധാനമന്ത്രി ആവാസ് യോജനയടക്കമുള്ള വിവിധ പദ്ധതികള്‍ക്കും വകുപ്പുതല പദ്ധതികള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഭവനനിര്‍മാണ പ്രോജക്ടുകള്‍ക്കുംവേണ്ടി തയ്യാറാക്കിയ എല്ലാ ലിസ്റ്റും ഉള്‍പ്പെട്ട സമഗ്ര ലിസ്റ്റ് ഇതിനുവേണ്ടി തയ്യാറാക്കേണ്ടതാണ്.

ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, അഗതികള്‍, ഭിന്നലിംഗക്കാര്‍, ഗുരുതര രോഗമുള്ളവര്‍, വിധവകള്‍, അവിവാഹിതരായ അമ്മമാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് ആദ്യ പരിഗണന ലഭിക്കുന്നവിധത്തില്‍ കൃത്യമായ മുന്‍ഗണനാക്രമത്തില്‍ പട്ടികപ്പെടുത്തിയ ലിസ്റ്റുകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകാരത്തിന് അയക്കേണ്ടത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള പിന്നോക്കമേഖലകളില്‍ വിശ്വാസ്യതയുള്ള ഏജന്‍സികള്‍ മുഖേന നിര്‍മാണപ്രവര്‍ത്തനം നടത്തുന്നതാണ്. നിലവില്‍ വ്യത്യസ്ത വകുപ്പുകള്‍ക്കു കീഴിലുള്ള ഭവനപദ്ധതികളെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതി ഒരു കുടക്കീഴില്‍ ഏകോപിപ്പിക്കും. ഭൂരഹിത ഭവനരഹിത മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയും ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍ക്കും ഭര്‍ത്താവുപേക്ഷിച്ച സ്ത്രീകള്‍ക്കുംവേണ്ടിയുള്ള ഇമ്പിച്ചിബാവ ഭവനപദ്ധതിയും ഇതിന്റെ ഭാഗമാകും. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭവനനിര്‍മാണത്തിനുവേണ്ടി നീക്കിവച്ച തുകയും പ്രധാനമന്ത്രി ആവാസ് യോജനയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന തുകയും കൃത്യമായ ഏകോപനത്തോടെ ഉപയോഗപ്പെടുത്തുന്നതിനും സര്‍ക്കാരിതര സ്രോതസ്സുകളില്‍നിന്ന് പരമാവധി വിഭവസമാഹരണം നടത്തി പ്രത്യേക പരിഗണനയര്‍ഹിക്കുന്നവര്‍ക്ക് അധിക സഹായം ലഭ്യമാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സഹായകമാകുന്ന വിധത്തിലായിരിക്കും സര്‍ക്കാരിന്റെ ഇടപെടലുകള്‍. വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്തിയ പരിഗണന നല്‍കേണ്ടതാണ്. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലുമുള്ള മിഷനുകള്‍, കമ്പനികള്‍, സര്‍ക്കാരിതര സംഘടനകള്‍, സാമൂഹികസംഘടനകള്‍, മതസ്ഥാപനങ്ങള്‍ എന്നിവയെ ഇത്തരത്തില്‍ സഹകരിപ്പിക്കുന്നതിനുള്ള ജനകീയ മുന്‍കൈ പ്രാദേശികതലത്തില്‍ ഉണ്ടാകേണ്ടതാണ്.

വിവിധ പദ്ധതികളുടെ ഭാഗമായി പ്രവൃത്തിയാരംഭിച്ച വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ജനകീയ കര്‍മപദ്ധതികളിലൂടെയാണ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത്. സര്‍ക്കാര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം കര്‍മപദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞു.
ലോകശ്രദ്ധയാകര്‍ഷിച്ച കേരള മോഡല്‍ വികസനത്തിന്റെ പുതിയ ഉപാഖ്യാനമായി മാറിയ നവകേരള സൃഷ്ടിക്കായുള്ള ഈ ബൃഹദ്പദ്ധതി ജനങ്ങള്‍ നെഞ്ചേറ്റിയിരിക്കുന്നു. പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫും അതിന്റെ സഹോദരപദ്ധതികളും വിജയകരമാക്കാന്‍ എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു

പ്രധാന വാർത്തകൾ
Top