Top
23
Friday, February 2018
About UsE-Paper

രാജ്യത്ത് അസമത്വം അതിവേഗം വളരുമ്പോൾ

Saturday Jan 20, 2018
അഡ്വ. ജി സുഗുണൻ



ഇന്ത്യയിൽ കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി സാമ്പത്തിക അസമത്വം ഒരു നിയന്ത്രണവുമില്ലാതെ വർധിക്കുകയാണെന്ന റിപ്പോർട്ട്‍ പുറത്തുവന്നു. 1980നുശേഷം ഇന്ത്യയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സാമ്പത്തിക അസമത്വമെന്നാണ് വേൾഡ്‍ ഇക്വാളിറ്റി ലാബിന്റെ റിപ്പോർട്ട്‍ വ്യക്തമാക്കുന്നത്‍. 2014ൽ ദേശീയവരുമാനത്തിന്റെ 56 ശതമാനവും ജനസംഖ്യയുടെ പത്തുശതമാനം പേരാണ് കൈയാളുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ സമ്പദ്‍രംഗത്തും വ്യാപാരമേഖലയിലും പുറമെനിന്നുള്ള നിക്ഷേപങ്ങൾക്കായി ഉദാരവൽക്കരണം നടപ്പാക്കിയതോടെയാണ് ഇത്രയും വലിയ അസമത്വം ഉണ്ടായതെന്നാണ് പഠനത്തിൽ പറയുന്നത്‍. വരുമാനത്തിന്റെ പിരമിഡിൽ മുകൾത്തട്ടിലുള്ളവർക്ക്‍ ആനുപാതികമല്ലാതെ സാമ്പത്തികഗുണം ലഭിക്കുന്നു എന്ന വാദം ശരിവയ്‍ക്കുകയാണ് ഈ പഠനം. 2014ലെ കണക്കനുസരിച്ച്‍ രാജ്യത്തെ മൊത്തവരുമാനത്തിന്റെ 22 ശതമാനവും കൈയാളുന്നത്‍ ജനസംഖ്യയുടെ ഒരു ശതമാനം ആളുകളാണ്. 1980 മുതൽ മേൽത്തട്ടിലെ ആ ഒരു ശതമാനത്തിന് ലഭിച്ച സാമ്പത്തികവളർച്ച താഴെത്തട്ടിലുള്ള മറ്റ് 50 ശതമാനം ജനത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ ആകെ തുകയാണ്. മേൽത്തട്ടിലെ പത്തുശതമാനത്തിന്റെ അകത്തും കടുത്ത അസമത്വമുണ്ട്‍. ഏറ്റവും മേൽത്തട്ടിലുള്ളവരുടെ വരുമാനം 1980 മുതൽ അതിവേഗത്തിൽ കൂടുകയാണ്.

1982‐83ൽ മേൽത്തട്ടിലെ ആ ഒരു ശതമാനത്തിന്റെ വരുമാനത്തിൽ ആറുശതമാനം ഉയർച്ചയാണ് കാണിക്കുന്നത്‍. 2000 ആയപ്പോൾ അത്‍ 15 ശതമാനം വളർന്നു. 2014ൽ അത്‍ 23 ശതമാനം വളർച്ചയുണ്ടായെന്നും പഠനം വ്യക്തമാക്കുന്നു. 2014ൽ ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ 50 ശതമാനം, അതായത്‍ 39 കോടി മുതിർന്നവരുടെ വരുമാനം 78 ലക്ഷം വരുന്ന മേൽത്തട്ടിന്റെ വരുമാനത്തിന്റെ മൂന്നിൽ രണ്ടുമാത്രമാണ്.

റിപ്പോർട്ടുപ്രകാരം ഏറ്റവും മേൽത്തട്ടിലുള്ള 0.1 ശതമാനത്തിന്റെയും 0.01 ശതമാനം ആളുകളുടെയും വരുമാനം വൻതോതിൽ വർധിക്കുകയാണ്. അവരുടെ വരുമാനത്തിൽ യഥാക്രമം അഞ്ചുമടങ്ങും പത്തുമടങ്ങും വർധനയാണ് ഉണ്ടായത്‍. കണക്കുകൾ വ്യക്തമാക്കുന്നത്‍ അനുസരിച്ച്‍ ഇന്ത്യയിൽ ഒരു മാറ്റവുമില്ലതെ രൂക്ഷമായ സാമ്പത്തിക അസമത്വം നിലനിൽക്കുന്നു എന്ന് പഠനം വ്യക്തമാക്കുന്നു. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ഉദാരവൽക്കരിക്കുന്നതിനുമുമ്പ്‍ 1960ലും 1970ലും അടിത്തട്ടിലെ 50 ശതമാനത്തിന്റെ വളർച്ചയിൽ അന്ന് നല്ല പുരോഗതിയുണ്ടായിരുന്നതായും ഈ പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള ആദ്യ 30 വർഷങ്ങളിൽ സാമ്പത്തിക അസമത്വം കുറഞ്ഞുവന്നിരുന്നു.

വരുമാന അസമത്വം വ്യാപകമായി കുറയുകയും താഴെത്തട്ടിലുള്ള 50 ശതമാനംപേരുടെ വരുമാനവളർച്ച ദേശീയ ശരാശരിയേക്കാൾ വേഗത്തിൽ വളരുകയും ചെയ്‍തു. എന്നാൽ, 1980 മുതൽ ആഗോളതലത്തിൽതന്നെ മാറ്റം സംഭവിച്ചു. പുതുതായി ഉണ്ടായ ആഗോളവരുമാനത്തിന്റെ 27 ശതമാനവും ഒരു ശതമാനം സമ്പന്നരിലേക്കാണ് പിന്നീട്‍ എത്തിച്ചേർന്നത്‍. താഴെത്തട്ടിലുള്ള 50 ശതമാനത്തിന് 13 ശതമാനം വളർച്ചമാത്രമേ നേടാൻ സാധിച്ചിട്ടുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു.

വിവിധ രാജ്യങ്ങളിലും ആഗോളതലത്തിലും സ്വകാര്യമൂലധനം ഏതാനും വ്യക്തികളിൽമാത്രമായി കേന്ദ്രീകരിച്ച്‍ വികസിതരാജ്യങ്ങളിൽ ശക്തമായ വളർച്ചയുണ്ടായെങ്കിലും 1980 മുതൽ തുടരുന്ന സാമ്പത്തികവീക്ഷണവും നയപരിഷ്‍കരണങ്ങളും തുടർന്നാൽ അസമത്വം ക്രമേണ ഉയരുമെന്നും റിപ്പോർട്ട്‍ വ്യക്തമാക്കുന്നു. അസമത്വം നിയന്ത്രിക്കുന്നതിന് ഈ രാജ്യങ്ങളിലെ സർക്കാരുകൾക്ക്‍ ശക്തമായ നടപടി ആവശ്യമായി വരുമെന്നും റിപ്പോർട്ട്‍ നിരീക്ഷിക്കുന്നു.

ചില വികസിതരാജ്യങ്ങളിലും സമ്പന്നരാജ്യങ്ങളിലുമെല്ലാം സാമ്പത്തിക അസമത്വം വർധിച്ചുവരുന്ന കാര്യവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്‍. വടക്കൻ അമേരിക്കയിലും ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഈ സാമ്പത്തിക അസമത്വത്തിന്റെ തോത്‍ ഉയർന്നതാണ്. ഓരോ രാഷ്ട്രത്തിന്റെയും ദേശീയ സാമ്പത്തികനയങ്ങൾതന്നെയാണ് സാമ്പത്തിക അസമത്വം വർധിപ്പിക്കുന്നതിന് ഇടയാക്കിയതെന്ന് റിപ്പോർട്ട്‍ അടിവരയിടുന്നു. 1980നുശേഷം ഇന്ത്യയിൽ സാമ്പത്തിക അസമത്വം വർധിക്കുകയും ചൈനയിൽ ഗണ്യമായി കുറയുകയുമാണ് ചെയ്‍തതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഓരോ രാജ്യവും തുടരുന്ന സാമ്പത്തികനയങ്ങളുടെ അനിവാര്യഫലംതന്നെയാണ് സാമ്പത്തിക അസമത്വങ്ങളുടെ അടിസ്ഥാനമെന്നും വേൾഡ്‍ ഇക്വാളിറ്റി ലാബ്‍ റിപ്പോർട്ടിൽ അതിന്റെ ജനറൽ കോ‐ ഓർഡിനേറ്റർ ലുക്കോസ്‍ ചാൻസൽ പറഞ്ഞു