28 May Monday

സ്വകാര്യവല്‍ക്കരണം അതിവേഗപാതയില്‍

കെ ടി കുഞ്ഞിക്കണ്ണന്‍Updated: Monday Jun 19, 2017

ഇന്ത്യന്‍ റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ മോഡിസര്‍ക്കാര്‍ ശീഘ്രഗതിയിലാക്കി. റാവുമുതല്‍ മോഡിവരെയുള്ളവര്‍ നിയോഗിച്ച കമീഷനുകളുടെ ശുപാര്‍ശകളും പരിഷ്കാരങ്ങളും പതുക്കെ പതുക്കെ റെയില്‍വേയുടെ വ്യത്യസ്ത മേഖലകളെ സ്വകാര്യവല്‍ക്കരിക്കുന്നതിലേക്ക് നയിച്ചു. 1991ലെ രാകേഷ് മോഹന്‍ കമ്മിറ്റിമുതല്‍ സാം പെട്രോട കമ്മിറ്റി, ബിബേക് ദേബ്റോയ് കമ്മിറ്റി തുടങ്ങിയവയുടെ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയുടെ കോര്‍പ്പറേറ്റുവല്‍ക്കരണം ലക്ഷ്യമിട്ടുള്ളതായിരുന്നു.

ഒരു സേവനദാതാവ് എന്ന നിലയില്‍നിന്ന് റെയില്‍വേയെ കഴുത്തറുപ്പന്‍ വാണിജ്യസംരംഭമാക്കി മാറ്റാനാണ് ലോകബാങ്കും നവലിബറല്‍ ഭരണകര്‍ത്താക്കളും ശ്രമിക്കുന്നത്. റെയില്‍വേ തൊഴിലാളികളുടെയും ട്രേഡ് യൂണിയന്‍ സംഘടനകളുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ശക്തമായ ചെറുത്തുനില്‍പ്പുമൂലം ആഗോളവല്‍ക്കരണം ലക്ഷ്യംവയ്ക്കുന്ന സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിലേക്ക് ഇന്ത്യന്‍ റെയില്‍വേയെ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, കോര്‍പറേറ്റ് മൂലധനവും ഹിന്ദുത്വവര്‍ഗീയതയും ചേര്‍ന്ന് അധികാരത്തിലെത്തിച്ച മോഡിസര്‍ക്കാര്‍ റെയില്‍വേ ഉള്‍പ്പെടെയുള്ള എല്ലാ പൊതുമേഖല സംവിധാനങ്ങളെയും സ്വകാര്യ മൂലധനശക്തികള്‍ക്ക് തീറെഴുതാനുള്ള നടപടികളിലാണ്.

സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയംപര്യാപ്തത എന്നെല്ലാമുള്ള ശബ്ദമുദ്രകളിലൂടെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിന് റെയില്‍വേയെ വിധേയമാക്കുകയാണ്. ബിജെപി സര്‍ക്കാരിന്റെ മുന്‍വര്‍ഷങ്ങളിലെ റെയില്‍ ബജറ്റുകളിലും 2016-17ലെ പൊതുബജറ്റ് നിര്‍ദേശങ്ങളിലും ഒരു പൊതുമേഖല ഗതാഗതസംവിധാനം എന്ന നിലയിലുള്ള ഇന്ത്യന്‍ റെയില്‍വേയുടെ അന്ത്യം ലക്ഷ്യംവച്ചുള്ള പരിഷ്കാരങ്ങളിലാണ് ഊന്നിയത്.

വന്‍കിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍, പുതിയ പാതകളുടെ സ്ഥാപനം, കാറ്ററിങ്, വിദേശ റെയില്‍ സാങ്കേതികസഹകരണം, ഭൂമി ഏറ്റെടുക്കല്‍, റെയില്‍വേ പദ്ധതികളുടെ മേല്‍നോട്ടം, തുറമുഖങ്ങളെയും ഖനികളെയും ബന്ധിപ്പിക്കുന്ന റെയില്‍പ്പാതകള്‍ തുടങ്ങിയ അന്തര്‍ഘടനാ മേഖലകളിലെ പിപിപി സംരംഭങ്ങള്‍വഴി കോര്‍പറേറ്റുകളുടെ ആധിപത്യം ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

ബിബേക് ദേബ്റോയ് റിപ്പോര്‍ട്ട് റെയില്‍വേയെ വിവിധ കോര്‍പറേഷനുകളാക്കി സ്വകാര്യവല്‍ക്കരിക്കാനാണല്ലോ ശുപാര്‍ശ ചെയ്തിരിക്കുന്നത്. അണിയറയില്‍ അതിനുള്ള നീക്കമാണ് ത്വരിതഗതിയില്‍ നടക്കുന്നത്. 98.2 ശതമാനം രണ്ടാംക്ളാസ് യാത്രക്കാരുടെ ആശ്രയമായ റെയില്‍വേ സ്റ്റേഷനുകളെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്താനെന്ന വ്യാജേന സ്വകാര്യസ്ഥാപനങ്ങളെ സ്റ്റേഷനുകളുടെ നടത്തിപ്പ് ഏല്‍പ്പിച്ചുകൊടുക്കാനുള്ള നീക്കം ആരംഭിച്ചു. ബിബേക് ദേബ്റോയ് ശുപാര്‍ശയനുസരിച്ച് പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്താനും പാവപ്പെട്ടവരുടെ യാത്രാസൌകര്യം ഇല്ലാതാക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ തദ്ദേശസര്‍ക്കാരുകള്‍ ഏറ്റെടുക്കുകയോ നഷ്ടം നല്‍കുകയോ ചെയ്യണമെന്ന നിര്‍ദേശങ്ങളാണ് ബിബേക് ദേബ്റോയ് മുന്നോട്ടുവച്ചത്.

ഇതിന്റെ ഭാഗമായാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ രാജ്യത്തെ എ കാറ്റഗറിയിലുള്ള നൂറുകണക്കിന് സ്റ്റേഷനുകള്‍ നവീകരണത്തിന്റെ പേരില്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഒരുങ്ങുന്നത്. സ്റ്റേഷനുകളുടെ അനുബന്ധമായുള്ള ഭൂമി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പാട്ടത്തിന് നല്‍കാനുള്ള ടെന്‍ഡര്‍ വിജ്ഞാപനം പുറത്തുവന്നു. ദക്ഷിണ റെയില്‍വേക്കുകീഴിലുള്ള കോഴിക്കോട്, ചെന്നൈ സ്റ്റേഷനുകളടക്കം 23 സ്റ്റേഷനുകളുമായി ബന്ധപ്പെട്ട ഭൂമി പാട്ടത്തിന് നല്‍കുന്നതിനുള്ള ടെന്‍ഡറാണ് പ്രസിദ്ധീകരിച്ചത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട 4.39 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. ചതുരശ്ര മീറ്ററിന് ഒരു രൂപയാണുപോലും പാട്ടത്തുക!

ഇതിന്റെ രണ്ടാംഘട്ടത്തില്‍ എ കാറ്റഗറിയിലുള്ള 408 സ്റ്റേഷനുകളുടെ ഭൂമികൂടി കോര്‍പറേറ്റുകള്‍ക്ക് നല്‍കും. ഇതില്‍ 50 എണ്ണം ദക്ഷിണ റെയില്‍വേക്കുകീഴിലാണ്. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ക്കുകീഴിലുള്ള 25 സ്റ്റേഷനുകള്‍ ഇതില്‍ പ്പെടും. മംഗലാപുരം ജങ്ഷന്‍, മംഗലാപുരം സെന്റര്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, കണ്ണൂര്‍, തലശേരി, വടകര, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് തുടങ്ങിയ സ്റ്റേഷനുകളുടെ ഭൂമി അടുത്തഘട്ടത്തില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് പാട്ടത്തിന് നല്‍കും. റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണവും വികസനവും എന്ന പേരിലാണ് സ്വകാര്യവല്‍ക്കരണ നടപടി. റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താനെന്ന വ്യാജേന റെയില്‍വേയുടെ കൈവശമുള്ള കണ്ണായ ഭൂമിയും കോര്‍പറേറ്റുകള്‍ക്ക് കൈമാറുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

വിജ്ഞാപനമനുസരിച്ച് സ്റ്റേഷനുകള്‍ക്കുചുറ്റുമുള്ള ഒഴിഞ്ഞുകിടക്കുന്ന ഭൂമിയും ഭൂമിക്കുമീതെയുള്ള എയര്‍സ്പേസും പാട്ടത്തിനെടുക്കുന്ന സ്വകാര്യകമ്പനിക്ക് യഥേഷ്ടം ഉപയോഗിക്കാം. രാജ്യത്തെ പ്രമുഖ റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യഘട്ടത്തില്‍തന്നെ സ്വകാര്യവല്‍ക്കരണം നടപ്പാക്കും. അലഹബാദ്, മുംബൈ സെന്‍ട്രല്‍, ബാദ്ര ടെര്‍മിനല്‍സ്, ബംഗളൂരു, ഭോപാല്‍, യശ്വന്ത്പുര്‍, ഫരീദാബാദ്, സെക്കന്തരാബാദ്, പുണെ ജങ്ഷന്‍, താണെ ജങ്ഷന്‍, ഉദയ്പുര്‍, റാഞ്ചി, വിജയവാഡ, ലോകമാന്യതിലക്, കാമാഖ്യ, കാണ്‍പുര്‍, ഹൌറ, ഇന്‍ഡോര്‍, ജമ്മുതാവി, ബോറിവലി, വിശാഖപട്ടണം തുടങ്ങിയ സ്റ്റേഷനുകളെല്ലാം ഇതില്‍പ്പെടുന്നു.

റെയില്‍വേ സ്റ്റേഷനുകളില്‍ എന്തെല്ലാം സൌകര്യങ്ങളാണ് വേണ്ടതെന്ന് ടെന്‍ഡറിനൊപ്പം പ്രസിദ്ധീകരിച്ച ചാര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. സ്റ്റേഷനുകളുടെ നവീകരണവും ത്വരിതവളര്‍ച്ചയും ലക്ഷ്യമാക്കി ഹെലിപാഡ്, ബിസിനസ് സെന്റര്‍, ഫുഡ്കോര്‍ട്ടുകള്‍, പോളിക്ളിനിക്കുകള്‍, സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍, വിശാലപാര്‍ക്കിങ് സൌകര്യം തുടങ്ങി പതിനഞ്ചിന വികസനപ്രവര്‍ത്തനങ്ങളാണ് റെയില്‍വേ അതിന്റെ ചാര്‍ട്ടില്‍ പറയുന്നത്. റെയില്‍വേ സ്റ്റേഷനുകളെ വാണിജ്യവല്‍ക്കരിക്കാനും സ്വകാര്യവല്‍ക്കരിക്കാനും കോര്‍പറേറ്റുവല്‍ക്കരിക്കാനുമുള്ള നീക്കമാണിത്.

കേരളത്തിന്റെ റെയില്‍വേ ചരിത്രത്തിന് തുടക്കംകുറിച്ച് 1861ലാണ് ബേപ്പൂര്‍-തിരൂര്‍ പാതയില്‍ ആദ്യതീവണ്ടി ഓടുന്നത്. തുടര്‍ന്നത് കോഴിക്കോട് പാതയായി വികസിക്കുകയും ഇന്ത്യയിലെ ഒന്നാംനമ്പര്‍ സ്റ്റേഷനുകളിലൊന്നായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വളരുകയും ചെയ്തു. ഇന്ന് പ്രതിദിനം പതിനായിരത്തോളം യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. മലബാറിന്റെ വ്യാവസായിക വാണിജ്യവളര്‍ച്ചയിലും സാമൂഹ്യപുരോഗതിയിലും നിര്‍ണായകപങ്കാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനുള്ളത്.

2015-16ലെ റെയില്‍ ബജറ്റിന്റെ ചുവടുപിടിച്ചാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെയും സ്വകാര്യവല്‍ക്കരണനടപടി പ്രഖ്യാപിച്ചത്. റെയില്‍വേയുടെ ഭൂമിയും ആസ്തിയും സ്വകാര്യ മൂലധനശക്തികള്‍ക്ക് കൈമാറുന്ന പാട്ടക്കരാറുകളെയും നവീകരണ നടപടികളെയും വികസനമായി കാണാനാകില്ല. കോഴിക്കോട് എംപി എം കെ രാഘവന്‍ തന്റെ വികസനനേട്ടമായി ഈ സ്വകാര്യവല്‍ക്കരണനടപടിയെ കെട്ടിയെഴുന്നള്ളിക്കുന്നത് അജ്ഞതകൊണ്ടല്ല. മറിച്ച് സ്റ്റേഷന്റെ സൌകര്യം വര്‍ധിപ്പിക്കാനുള്ള വികസനമാണിതെന്ന് തെറ്റിദ്ധരിപ്പിച്ച് റെയില്‍വേയുടെ ഭൂമിയും സമ്പത്തും സ്വകാര്യകുത്തകകള്‍ക്ക് തട്ടിയെടുക്കാന്‍ അവസരം സൃഷ്ടിക്കുകയാണ് അദ്ദേഹം.

റെയില്‍വേ ഉള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖല സംവിധാനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടിക്കൊണ്ടാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ റെയില്‍ ബജറ്റുതന്നെ നിര്‍ത്തലാക്കിയത്. ഇത് ബിബേക് ദേബ്റോയ് കമ്മിറ്റി ശുപാര്‍ശയായിരുന്നു. 92 വര്‍ഷമായി അവതരിപ്പിച്ചുപോരുന്ന റെയില്‍ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാക്കിമാറ്റിയത് ജനോപകാരപ്രദമായ ഈ സേവനമേഖലയുടെ പ്രാധാന്യത്തെ നിരാകരിക്കുന്ന സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്.
റെയില്‍വേ സുരക്ഷാമേഖലയില്‍ ഉള്‍പ്പെടെ രണ്ടുലക്ഷത്തോളം ഒഴിവ് നികത്താതെ കിടക്കുകയാണ്. യാത്രാനിരക്കുകള്‍ നിരന്തരം വര്‍ധിപ്പിക്കുകയുമാണ്. മാത്രമല്ല, നിശ്ചിത യാത്രാനിരക്ക് എന്നതുമാറ്റി ഫ്ളക്സി നിരക്കുകള്‍ ഏര്‍പ്പെടുത്തി. 2017-18 പൊതുബജറ്റില്‍ പാതകളുടെ ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും സുരക്ഷിതത്വത്തിനും ആവശ്യമായ വിഹിതംപോലും നീക്കിവച്ചിട്ടില്ല. 1,31,000 കോടി രൂപ റെയില്‍വേക്കായി വകയിരുത്തിയതില്‍, 55,000 കോടി രൂപമാത്രമാണ് സര്‍ക്കാര്‍വിഹിതം. 3500 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പറയുന്നുണ്ടെങ്കിലും ഇതിനായി തുക വകയിരുത്തിയിട്ടില്ല. റെയില്‍വേസുരക്ഷയ്ക്ക് ഒരുലക്ഷം കോടി വിനിയോഗിക്കുമെന്ന് ബജറ്റില്‍ പറയുന്നു. എന്നാല്‍, സുരക്ഷാരംഗത്തുള്‍പ്പെടെ രണ്ടുലക്ഷത്തോളം ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിനെക്കുറിച്ച് ബജറ്റില്‍ ഒന്നും പറയുന്നില്ല.

ഇതെല്ലാം കാണിക്കുന്നത് പൊതു- സ്വകാര്യ പങ്കാളിത്തമാണ് (പിപിപി) റെയില്‍വേയുടെ വികസനത്തിനായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയമെന്നാണ്. കടുത്ത സ്വകാര്യവല്‍ക്കരണമാണ് ലക്ഷ്യമെന്ന് ബജറ്റ് രേഖകള്‍തന്നെ വ്യക്തമാക്കുന്നു. 1990കള്‍ക്കുശേഷം റെയില്‍വേയുടെ കാറ്ററിങ്ങും മെയിന്റനന്‍സും തുടങ്ങി ഓരോ മേഖലയും ക്രമാനുഗതമായി സ്വകാര്യവല്‍ക്കരിക്കുകയാണ് ഉണ്ടായത്. 2015-16 ബജറ്റ് നിര്‍ദേശങ്ങള്‍ റെയില്‍പ്പാതകളുടെയും തീവണ്ടിയോട്ടത്തിന്റെയും മേഖലകളെ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിടുന്നതാണ്. റെയില്‍വേയുടെ ഭൂമിയും പശ്ചാത്തല സൌകര്യങ്ങളും ലാഭക്കൊതിയന്മാരായ കോര്‍പറേറ്റുകള്‍ക്ക് കൈമാറുകവഴി, ജനോപകാരപ്രദമായ ഒരു സേവനമേഖലയുടെ മരണമായിരിക്കും സംഭവിക്കുക

പ്രധാന വാർത്തകൾ
Top