Top
24
Saturday, June 2017
About UsE-Paper

കിട്ടാക്കടം ഓര്‍ഡിനന്‍സിന്റെ പിന്നാമ്പുറം

Friday May 19, 2017
ടി നരേന്ദ്രന്‍

ഇന്ത്യയിലെ ബാങ്കുകളില്‍ നിലനില്‍ക്കുന്ന കിട്ടാക്കടമെന്ന മഹാമേരുവിനെ തളയ്ക്കാന്‍ ഒരു പ്രത്യേക ഓര്‍ഡിനന്‍സിലൂടെ കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കിയിരിക്കുകയാണ്. ഇതുവഴി ഓരോ ബാങ്കിന്റെയും എല്ലാ കിട്ടാക്കട വായ്പകളിന്മേലും എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള സമ്പൂര്‍ണാവകാശമാണ് കേന്ദ്രബാങ്കിന് ലഭ്യമായത്. അതിനായി ഒരു ഓവര്‍സൈറ്റ് കമ്മിറ്റിയുണ്ടാക്കി ഓരോ വായ്പത്തുക പിരിച്ചെടുക്കാനും എഴുതിത്തള്ളാനും റിസര്‍വ് ബാങ്കിന് അധികാരം കൈവന്നു. ബാങ്കുകളുടെ ബാങ്കര്‍ എന്ന വിധത്തില്‍ നേരത്തെ ഒരു പൊതു മേല്‍നോട്ടപദവിയാണ് റിസര്‍വ് ബാങ്കിനുണ്ടായിരുന്നതെങ്കില്‍, ഇപ്പോഴത്തെ ഓര്‍ഡിനന്‍സിലൂടെ കിട്ടാക്കട വായ്പയിന്മേലുള്ള ആജ്ഞാശക്തിയാകാന്‍ കഴിഞ്ഞു എന്നതാണ് സവിശേഷത.

ഇത് ബാങ്കിങ് സംവിധാനത്തിലെ പുതിയൊരു അനുഭവവും നടപടിക്രമവുമാണ്. ഇതോടെ, നേരത്തെ വായ്പ എഴുതിത്തള്ളുമ്പോള്‍ ബാങ്കുകള്‍ക്കുമേലുണ്ടായിരുന്ന, സിബിഐ, സെന്‍ട്രല്‍ വിജിലന്‍സ് കമീഷണര്‍, പാര്‍ലമെന്ററി സമിതി എന്നിവയുടെ നിരീക്ഷണവും ഇല്ലാതായി. ഇത്തരം 'ശല്യ'ങ്ങള്‍ ഒഴിവാക്കപ്പെട്ടതോടെ ചുവപ്പുനാടയുടെ തടസ്സമില്ലാതെ കാര്യങ്ങളെല്ലാം വേഗതയോടെ നടപ്പാക്കാമെന്നാണ് മുതലാളിമാരുടെയും സര്‍ക്കാരിന്റെയും അവകാശവാദം. 2016 നവംബര്‍ എട്ടിന്റെ നോട്ടുനിരോധനത്തിലൂടെ കള്ളപ്പണം, കള്ളനോട്ട്, ഭീകരവാദം, അഴിമതി എന്നിവയെല്ലാം രാജ്യത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്ന് വിശ്വസിച്ച ശുദ്ധാത്മാക്കളെപ്പോലെ, ഈ ഓര്‍ഡിനന്‍സിലും ശുഭപ്രതീക്ഷയര്‍പ്പിക്കുന്നവര്‍ വേണ്ടുവോളമുണ്ട്. നോട്ടുനിരോധനം സൃഷ്ടിച്ച സാമൂഹ്യദുരിതങ്ങളുടെ നിജസ്ഥിതി ആറുമാസം പിന്നിടുമ്പോള്‍പ്പോലും റിസര്‍വ് ബാങ്കിന് വസ്തുനിഷ്ഠമായി പ്രതിപാദിക്കാനാകുന്നില്ല. മാത്രമല്ല, 2016 ഡിസംബര്‍ 31നകം ബാങ്ക് കൈപ്പറ്റിയിട്ടുള്ള 500, 1000 കറന്‍സികളുടെ സ്ഥിതിവിവര കണക്ക് വെളിപ്പെടുത്താന്‍പോലും സാധിക്കുന്നില്ല എന്നതാണ് ദയനീയാവസ്ഥ. ഇത് കേവലം കാര്യക്ഷമതക്കുറവിന്റെമാത്രം പ്രശ്നമല്ല. മറിച്ച്, റിസര്‍വ് ബാങ്കെന്ന സ്വയംഭരണസ്ഥാപനത്തെ ഉപയോഗപ്പെടുത്തി, കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ രാഷ്ട്രീയ ഇംഗിതങ്ങള്‍ സാധിച്ചെടുക്കുന്നതിന്റെയും, ഈ മഹനീയസ്ഥാപനത്തിന്റെ വിശ്വസനീയത കളഞ്ഞുകുളിക്കുന്നതിന്റെയും ദീര്‍ഘകാല ഭവിഷ്യത്തുക്കളാണ് സഗൌരവം ചര്‍ച്ച ചെയ്യേണ്ടത്. 

റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണറും ഫിക്കി  യോഗത്തിലും വിദേശത്തും പോയി നടത്തിയ പ്രസ്താവനകള്‍ ഈയവസരത്തില്‍ ചേര്‍ത്തുവായിക്കേണ്ടതുണ്ട്. മൂലധന അവശ്യകതയും കിട്ടാക്കടപ്രശ്നങ്ങളും പ്രതിപാദിച്ചശേഷമുള്ള ഒറ്റമൂലി പ്രതിവിധിയായി അവര്‍ നിര്‍ദേശിച്ചിട്ടുള്ളത്, ബാങ്കുലയനങ്ങളും പൊതുമേഖലാ ബാങ്കുകളുടെ പുനര്‍ സ്വകാര്യവല്‍ക്കരണവുമാണ്. 2010ലും 2013ലും റിസര്‍വ് ബാങ്ക് നടത്തിയ നിരീക്ഷണവും പഠനരേഖകളുമൊക്കെ വിശദീകരിക്കുന്നത് പൊതുമേഖലാ ബാങ്കുകളുടെ വര്‍ധിതമായ മഹത്വത്തെക്കുറിച്ചാണ്. 2008ലെ ആഗോള സാമ്പത്തികക്കുഴപ്പത്തെ അതിജീവിച്ചതുമാത്രമല്ല, സമകാലീന മുതലാളിത്തലോകത്ത് ഉത്ഭവിക്കുന്ന സാമ്പത്തികപ്രതിസന്ധികളെ തരണംചെയ്യാനും ജനകീയ ബാങ്കിങ് അനിവാര്യമാണെന്നാണ് കേന്ദ്രബാങ്കിന്റെ പ്രഖ്യാപിത നയം. സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ (എശിമിരശമഹ കിരഹൌശീിെ) പദ്ധതിയില്‍ സാധാരണക്കാര്‍ക്ക് പ്രാപ്യവും സഹായിയുമായി വര്‍ത്തിക്കുന്നത് പൊതുമേഖലാ- സഹകരണ- ഗ്രാമീണ ബാങ്കിങ് ത്രയങ്ങളാണെന്നതും ഇതിനകം തെളിഞ്ഞിട്ടുള്ളതാണ്. നവലിബറല്‍ നയങ്ങള്‍ക്ക് അനുസൃതമായി റിസര്‍വ് ബാങ്കിനെ വളയ്ക്കാനും സ്വയംഭരണസ്വഭാവം ഇല്ലാതാക്കാനും ഭരണാധികാരികള്‍ ശ്രമിക്കുന്നുണ്ട്. ചില ചാഞ്ചാട്ടം ഉണ്ടാകാറുണ്ടെങ്കിലും, മൌലികകാര്യങ്ങളില്‍ വിട്ടുവീഴ്ച നടത്താന്‍ ഈ സ്ഥാപനം തയ്യാറായിരുന്നില്ല. എന്നാല്‍, റിലയന്‍സ്- കോര്‍പറേറ്റ് ബാന്ധവമുള്ള ഉര്‍ജിത് പട്ടേല്‍ ഗവര്‍ണറായതുമുതല്‍ റിസര്‍വ് ബാങ്കിന്റെ മൂല്യങ്ങളും തത്വങ്ങളും ശോഷിക്കുന്നതായി ആ സ്ഥാപനത്തെ നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യപ്പെടും.

നോട്ടുനിരോധനത്തിന്റെ വേളയില്‍ ഈ ബാങ്കിന്റെ പവിത്രതയും നൈതികതയും നിലംപരിശായ അനുഭവങ്ങള്‍ വേണ്ടുവോളമുണ്ട്. ഒട്ടനവധി ആക്ഷേപങ്ങളും പരിഹാസ്യ ട്രോളുകളും ഏല്‍ക്കേണ്ടി വന്നപ്പോഴൊക്കെ, ഒന്നും പ്രതികരിക്കാനാകാതെ, ഈ മഹദ് സ്ഥാപനം വിറങ്ങലിച്ചുനില്‍ക്കുകയാണുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഇംഗിതം നടപ്പാക്കുന്നതിനു കരുവായി നിന്നുകൊടുത്തതിനുള്ള കനത്ത വിലയാണത്. ഇപ്പോഴാകട്ടെ, കേന്ദ്രസര്‍ക്കാരിന്റെ അജന്‍ഡയായ ബാങ്കുലയനങ്ങളുടെയും ബാങ്ക്  സ്വകാര്യവല്‍ക്കരണത്തിന്റെയും മെഗാഫോണായി റിസര്‍വ് ബാങ്ക് ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണറും തരംതാഴുകയാണിവിടെ. ഇങ്ങനെ മൂല്യശോഷണത്തിന് വിധേയമായ റിസര്‍വ് ബാങ്കിനാണ് കേന്ദ്രസര്‍ക്കാര്‍ കിട്ടാക്കടത്തെ സംബന്ധിച്ച സമ്പൂര്‍ണ അധികാരം നല്‍കിയിട്ടുള്ളതെന്നത് സുപ്രധാനമാണ്. മൂല്യാധിഷ്ഠിത റിസര്‍വ് ബാങ്കിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിരുന്ന കേന്ദ്രസര്‍ക്കാര്‍, വിധേയപ്പെട്ടുകഴിഞ്ഞ റിസര്‍വ് ബാങ്കിനെ ശാക്തീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ ലക്ഷ്യം ദുരുദ്ദേശ്യപരമാണ്.

ബാങ്ക് വായ്പ കിട്ടാക്കടമെന്നത് സ്വയംഭൂവായി അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന ഒന്നല്ല. ബാങ്കുകളുടെ വായ്പാനയവും തുക പിരിച്ചെടുക്കുന്നതിലുള്ള അധികാരികളുടെ മനോഭാവവും കിട്ടാക്കട വര്‍ധനയെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ്. ബാങ്ക് ശാഖകളിലൂടെയുള്ള ചെറുകിട- ഇടത്തരം വായ്പാ വിതരണം നിര്‍ത്തലാക്കിയതാണ്, നവലിബറല്‍കാലത്ത് സംഭവിച്ച പ്രധാന നയവ്യതിയാനം. വായ്പകളെല്ലാം വന്‍ തുകകളുടേതായി കേന്ദ്രീകരിച്ചതും, അവര്‍ മനഃപൂര്‍വവും അല്ലാതെയും തിരിച്ചടയ്ക്കാത്തതുമാണ് ഇന്നത്തെ സുപ്രധാന ബാങ്കിങ് പ്രതിസന്ധി. ബാങ്കുകളുടെ കിട്ടാക്കടത്തില്‍ 38 ബിസിനസ് ഗ്രൂപ്പുകളുടേതായി 6.95 ലക്ഷം കോടി രൂപ വരുമെന്നാണ് കണക്ക് പറയുന്നത്. വ്യത്യസ്തബാങ്കുകള്‍ സംയുക്തമായി നല്‍കിയ കണ്‍സോര്‍ഷ്യം വായ്പകളാണ് മൊത്തം കിട്ടാക്കടത്തിന്റെ 70 ശതമാനവും. ഈ വന്‍കിടക്കാരുടെ വായ്പകള്‍ തിരിച്ചുപിടിക്കുന്നതില്‍ വിലങ്ങുതടിയായി നില്‍ക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് പക്ഷപാതിത്വ സമീപനംമാത്രമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള  കണ്‍സോര്‍ഷ്യം, വിജയ്മല്യക്കു നല്‍കിയ 9000 കോടി രൂപയുടെ കുടിശ്ശിക പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോള്‍, അദ്ദേഹത്തിന് പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് ലണ്ടനിലേക്ക് പോകാന്‍ കഴിഞ്ഞത്, കേന്ദ്രസര്‍ക്കാരിന്റെ പരിരക്ഷകൊണ്ടുമാത്രമാണ്. അഥവാ, ഇന്നത്തെ ബാങ്ക് പ്രതിസന്ധിയുടെ നാരായവേര് കേന്ദ്രസര്‍ക്കാരിന്റെ സമ്പന്നപക്ഷപാതിത്വമുള്ള നവലിബറല്‍നയമാണ്. കുടിശ്ശികയാകുന്ന വന്‍കിട വായ്പകളെല്ലാം ബാങ്കുകളുടെ ലാഭത്തില്‍നിന്ന് എഴുതിത്തള്ളണമെന്നാണ് കോര്‍പറേറ്റ്- ഭരണകൂട അച്ചുതണ്ടിന്റെ സമീപനം. ഇത്തരം ഒരു നയം നടപ്പാക്കിയപ്പോഴാണ് സമീപകാലത്ത് ബാങ്കുകളെല്ലാം കടുത്ത നഷ്ടത്തിലേക്ക് നീങ്ങാനിടയായത്. 2016 മാര്‍ച്ച് 31ന്റെ ബാലന്‍സ് ഷീറ്റ് പ്രകാരം ഇന്ത്യയിലെ ബാങ്കുകളെല്ലാം വന്‍ പ്രവര്‍ത്തനലാഭമാണ് കൈവരിച്ചിട്ടുള്ളത്. എന്നാല്‍, പ്രസ്തുത ലാഭത്തില്‍നിന്ന് ഗണ്യമായ തുകകള്‍ കിട്ടാക്കടത്തിനായി മാറ്റിയപ്പോഴാണ് ഒരു ഡസനോളം ബാങ്കുകള്‍ക്ക് നഷ്ടം സംഭവിക്കാന്‍ ഇടയായത്. കനത്ത സര്‍വീസ് ചാര്‍ജ് ഈടാക്കി ജനങ്ങളെ പിഴിഞ്ഞുണ്ടാക്കുന്ന ലാഭമുപയോഗിച്ച്, വന്‍കിട കുത്തകകളുടെ കിട്ടാക്കടം എഴുതിത്തള്ളുന്ന സമീപനമാണ്, കേന്ദ്രസര്‍ക്കാര്‍ ഒത്താശയോടെ ബാങ്കുകളില്‍ ഇപ്പോള്‍ നടന്നുവരുന്നത്.

പുതിയ ഓര്‍ഡിനന്‍സ് പ്രകാരം കിട്ടാക്കടങ്ങളില്‍ അന്തിമ നിര്‍ദേശം നല്‍കാനും അത് നടപ്പാക്കാനുമുള്ള ഏക അധികാരകേന്ദ്രം റിസര്‍വ് ബാങ്കാണ്. അതിനാല്‍, ഒരു ഓവര്‍ സൈറ്റ് കമ്മിറ്റി ഉണ്ടാക്കി ബാലന്‍സ് ഷീറ്റിലെ കിട്ടാക്കടങ്ങള്‍ കണ്ടെത്തി അവ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയാല്‍, അത് നിരുപാധികം അനുസരിക്കുകമാത്രമേ ബാങ്കുകള്‍ക്ക് നിര്‍വാഹമുള്ളൂ. കിട്ടാക്കടങ്ങള്‍ വന്‍തോതില്‍ എഴുതിത്തള്ളിയാല്‍ ബാങ്കുകള്‍ വീണ്ടും കടുത്ത നഷ്ടത്തിലമരും. പ്രവര്‍ത്തനലാഭം മാത്രമല്ല, മൂലധനം ശോഷിക്കുകയും, ബാങ്കുകളുടെ പ്രവര്‍ത്തനംതന്നെ നിലയ്ക്കാനും അത് കാരണമാകും. സഹായത്തിനായി ചെന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കൈമലര്‍ത്തുന്നതോടെ, കമ്പോളത്തില്‍നിന്ന് സ്വകാര്യ മൂലധനം കണ്ടെത്തുക എന്ന സ്വാഭാവിക തീരുമാനം സ്വീകരിക്കേണ്ടിവരും. ഇത്തരം ഗതികേടുകളുടെ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച്, പൊതുമേഖലാബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുക എന്ന കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമാണ് ഫലത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. തത്സമയം ജീവനക്കാരുടെ ഭാഗത്തുനിന്ന് ഒരു എതിര്‍പ്പും പ്രതിരോധവും ഉയര്‍ന്നുവരാതിരിക്കാനുള്ള ഉപായമെന്ന നിലയ്ക്കാണ് അവരെക്കൊണ്ട് ത്രികക്ഷി ധാരണപത്രം നിര്‍ബന്ധപൂര്‍വം ഒപ്പിടുവിക്കുന്നത്.

2014-15, 2015-16 എന്നീ രണ്ട് വര്‍ഷത്തിലും കേന്ദ്രസര്‍ക്കാര്‍ സഹായമായി പൊതുമേഖലാ ബാങ്കുകള്‍ക്ക് 25,000 കോടി രൂപവീതം അനുവദിക്കുകയുണ്ടായി. അന്നൊന്നും ജീവനക്കാരും മാനേജ്മെന്റുകളും സര്‍ക്കാരും ചേര്‍ന്നുള്ള ത്രികക്ഷി ധാരണപത്രവും ഒപ്പിട്ടിരുന്നില്ല. എന്നാല്‍, ഈ വര്‍ഷത്തെ കേവലം 8586 കോടി രൂപയുടെ കേന്ദ്രസര്‍ക്കാര്‍ സഹായം ലഭിക്കണമെങ്കില്‍ ധാരണപത്രം അത്യന്താപേക്ഷിതമാണെന്ന നിബന്ധന സദുദ്ദേശ്യപരമല്ല. ബാങ്കുകളില്‍ ഉടനെ സംഭവിക്കാന്‍പോകുന്ന ലയന- സ്വകാര്യവല്‍ക്കരണ നടപടിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള മുന്‍കൂര്‍ ജാമ്യമെന്ന നിലയ്ക്കാണ് അവരെക്കൂടി പങ്കാളിയാക്കിയുള്ള ധാരണപത്രം ഒപ്പിടുവിക്കുന്നത്. 1991ലെ നരസിംഹം കമ്മിറ്റി കൂടുതല്‍ വിഭാവനംചെയ്തിട്ടുള്ള പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണ നടപടികളുടെ പൂര്‍ത്തീകരണമാണ് കേന്ദ്രസര്‍ക്കാരിന്റെ അജന്‍ഡ. അതിനുള്ള അവസാന ആണിയെന്ന നിലയ്ക്കാണ് കിട്ടാക്കട ഓര്‍ഡിനന്‍സ് പുറത്തിറക്കിയിട്ടുള്ളത്