26 September Wednesday

തെലങ്കാനയിൽ ബഹുജൻ ഇടതുപക്ഷ മുന്നണി

വെബ് ഡെസ്‌ക്‌Updated: Friday Jan 19, 2018


തെലങ്കാനയിൽ ബദൽരാഷ്ട്രീയത്തിന്റെ കൊടി ഉയർത്തി ബഹുജൻ ഇടതുപക്ഷ മുന്നണി (ബിഎൽഎഫ്‍). വിവിധ സാമൂഹിക, ദളിത്‍, ന്യൂനപക്ഷ, പുരോഗമന ശക്തികളെ പ്രതിനിധാനംചെയ്യുന്ന ഈ രാഷ്ട്രീയകൂട്ടായ്‍മയിൽ മുപ്പതോളം സംഘടനകളാണ് ഭാഗഭാക്കാകുന്നത്‍. സിപിഐ എം, സിപിഐ (എംഎൽ), ആർഎസ്‍പി, ഫോർവേഡ്‍ ബ്ലോക്ക്‍, എംസിപിഐ (യു), രാജ്യാധികാര പാർടി തുടങ്ങിയ സംഘടനകൾ ഈ മുന്നണിയുടെ ഭാഗമാകും. 2019ൽ തെലങ്കാനയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 119 സീറ്റിലും മത്സരിക്കാനാണ് ബിഎൽഎഫ്‍ ലക്ഷ്യമാക്കുന്നത്‍.  ഭരണത്തിലിരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്‍) സർക്കാരിനെതിരെയുള്ള ജനവികാരം തങ്ങൾക്ക്‍ അനുകൂലമാക്കാനാണ് പുതിയ മുന്നണിയുടെ ശ്രമം. ടിആർഎസിനും പ്രതിപക്ഷമായ കോൺഗ്രസിനും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കുമെതിരെ ബദൽരാഷ്ട്രീയത്തിന്റെ കൊടി ഉയർത്തിയാണ് ബഹുജൻ ഇടതുപക്ഷ മുന്നണി രൂപംകൊള്ളുന്നത്‍.

പുതിയ മുന്നണിയുടെ ഉദ്‍ഘാടനം 25ന് ഹൈദരാബാദിൽ നടക്കുന്ന റാലിയോടെ ഉണ്ടാകും. മുന്നണിയുടെ കൺവീനർ, കോ കൺവീനർ തുടങ്ങിയ ഭാരവാഹികളെയും റാലിയിൽ പ്രഖ്യാപിക്കും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബരിപ ബഹുജൻ മഹാസംഘ്‍ നേതാവ്‍ പ്രകാശ്‍ അംബേദ്‍കർ, എംസിപിഐ (യു) നേതാവ്‍ എം ഡി ഗൗസ്‍ എന്നിവർ റാലിയിൽ പങ്കെടുക്കും. 

ന്യൂനപക്ഷ ജനവിഭാഗങ്ങളും ദളിതരും മറ്റും പുതിയ മുന്നണിയെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്‍. തെലങ്കാനയുടെ രാഷ്ട്രീയഭൂമികയിൽ ഒരു മാറ്റത്തിന് വഴിവയ്‍ക്കാൻ പോകുന്നതാണ് ഈ ബഹുജൻ ഇടതുപക്ഷ മുന്നണിയെന്ന് പ്രൊഫ. കാഞ്ച ഇലയ്യ അഭിപ്രായപ്പെട്ടു. ഇടതുപക്ഷശക്തികളെയും ദളിത്‍ പ്രസ്ഥാനങ്ങളെയും കൂട്ടിയോജിപ്പിക്കാനുള്ള സിപിഐ എമ്മിന്റെ ശ്രമം സ്വാഗതാർഹമാണെന്ന് പറഞ്ഞ കാഞ്ച ഇലയ്യ, അംബേദ്‍കറുടെയും ജ്യോതിബാ ഫൂലെയുടെയും കാൾ മാർക്‍സിന്റെയും ആശയങ്ങൾ തമ്മിലുള്ള യോജിപ്പ്‍ സംസ്ഥാനത്ത്‍ മാറ്റം കൊണ്ടുവരുമെന്നും അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത്‍ ഭരണം നടത്തുന്ന ടിആർഎസിനും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനും മറ്റു ബൂർഷ്വാ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കുമുള്ള ബദലായി ബഹുജൻ ഇടതുപക്ഷ മുന്നണി വളരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി തെമ്മിനേനി വീരഭദ്രം പ്രത്യാശ പ്രകടിപ്പിച്ചു. സാമൂഹ്യനീതിയും സംസ്ഥാനത്തിന്റെ വികസനവുമായിരിക്കും മുന്നണിയുടെ മുഖ്യ അജൻഡ. സംസ്ഥാനത്ത്‍ ഇതുവരെ ഭരണം നടത്തിയ എല്ലാ സർക്കാരുകളും കോർപറേറ്റുകൾക്കുവേണ്ടിയാണ് ഭരണം നടത്തിയതെന്ന പൊതുവികാരമാണ് ബഹുജൻ ഇടതുപക്ഷ മുന്നണിയുടേത്‍. പാവങ്ങളെ തീർത്തും കണക്കിലെടുക്കാത്ത അവരെ കൊടും ചൂഷണത്തിന് വിധേയമാക്കിയ ഭരണം. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടിയുള്ള, അവരുടെ ആവലാതികളും പ്രശ്‍നങ്ങളും പരിഹരിക്കാൻ മനസ്സുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയിലാണ് ബഹുജൻ ഇടതുപക്ഷ മുന്നണി രൂപംകൊള്ളുന്നത്‍. 

മുന്നണി രൂപീകരണത്തിനുമുന്നോടിയായി സിപിഐ എമ്മിന്റെ നേതൃത്വത്തിൽ അഞ്ചുമാസം നീണ്ടുനിന്ന മഹാജന പദയാത്ര നടത്തിയിരുന്നു. തെലങ്കാന സംസ്ഥാനത്തെ എല്ലാ ജില്ലയിലൂടെയും നഗരങ്ങളിലൂടെയും സഞ്ചരിച്ച ഈ യാത്രയിൽ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനവിഭാഗങ്ങളുടെയും പ്രശ്‍നങ്ങൾ നേരിട്ട്‍ മനസ്സിലാക്കാൻ സിപിഐ എമ്മിന് കഴിഞ്ഞു. തെമ്മിനേനി വീരഭദ്രമാണ് ഈ യാത്ര നയിച്ചത്‍. അതിന്റെ അടിസ്ഥാനത്തിലാണ് നവ ലിബറൽ നയങ്ങൾക്കും വർഗീയതയ്‍ക്കും എതിരെ സാമൂഹ്യനീതിയും വികസനവും ഉയർത്തിപ്പിടിച്ച്‍ പുതിയ കൂട്ടായ്‍മ രൂപപ്പെട്ടത്‍.

പ്രധാന വാർത്തകൾ
Top