Top
20
Wednesday, September 2017
About UsE-Paper

ജിഎസ്ടി : ബോധവല്‍ക്കരണം ശക്തമാകണം

Tuesday Jul 18, 2017
അഡ്വ. കെ പി അബ്ദുല്‍ അസീസ്


ജൂലൈ ഒന്നുമുതല്‍ ചരക്കുസേവനനികുതി (ജിഎസ്ടി) നിലവില്‍വന്നു. ഇതോടെ എല്ലാ പരോക്ഷനികുതികളും കൂടിച്ചേര്‍ന്ന് ഒറ്റ നികുതിയായി മാറി. ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രധാന പരോക്ഷ നികുതികള്‍ സെന്‍ട്രല്‍ എക്സൈസ് (ഉല്‍പ്പാദനത്തിന്മേലുള്ള നികുതി), സര്‍വീസ് ടാക്സ് (സേവന നികുതി) തുടങ്ങിയവയാണ്. അതുപോലെ, സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന നികുതിവരുമാനം വാറ്റ് നികുതി (മൂല്യവര്‍ധിത നികുതി)യും വില്‍പ്പന നികുതിയും ആഡംബര നികുതിയുമാണ്. പ്രസ്തുത നികുതികള്‍ക്ക് പകരമാണ് സംസ്ഥാന സര്‍ക്കാരുകള്‍ എസ്ജിഎസ്ടി ചുമത്തുന്നത്. ഈ നികുതികള്‍ക്കു പകരമായി വിതരണംനടക്കുമ്പോള്‍, ആ വിതരണത്തിന് നികുതി നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 28 ശതമാനം, 18 ശതമാനം, 12 ശതമാനം, അഞ്ചു ശതമാനം, മൂന്നു ശതമാനം എന്നിവയാണ് ഈ നിരക്കുകള്‍.

ഈ നിരക്കുകളില്‍ പകുതി സിജിഎസ്ടിയായി കേന്ദ്ര സര്‍ക്കാരും പകുതി എസ്ജിഎസ്ടിയായി സംസ്ഥാന സര്‍ക്കാരുകളും ചുമത്തുകയാണ്. ചുരുക്കത്തില്‍ ജിഎസ്ടി വന്നതോടുകൂടി സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി, സര്‍വീസ് ടാക്സ്, മൂല്യവര്‍ധിത നികുതി, വില്‍പ്പന നികുതി തുടങ്ങിയവ ഇല്ലാതായി.

ഒരു ഉല്‍പ്പന്നം ഉപയോക്താവിന്റെ കൈയിലെത്തുമ്പോള്‍ സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി, സര്‍വീസ് ടാക്സ്, മൂല്യവര്‍ധിത നികുതി എന്നിവ കൂടി ഉള്‍പ്പെട്ട വിലയാണ് അയാള്‍ മുമ്പ് കൊടുക്കേണ്ടിവന്നത്. അതാണ് ഇപ്പോള്‍ ഇല്ലാതായി ജിഎസ്ടി മാത്രം ചുമത്തുന്ന നിലയിലായത്.
 
നികുതി കുറയും
ഇങ്ങനെ ചുമത്തപ്പെടുമ്പോള്‍ മുമ്പ് വിലയുടെ ഭാഗമായി ഉള്‍പ്പെട്ടിട്ടുള്ള നികുതിയുടെ ഭാഗവും ഇപ്പോള്‍ ചുമത്തുന്ന നികുതിയുടെ ഭാഗവും കൂടി താരതമ്യപ്പെടുത്തിയാല്‍ മിക്കവാറും എല്ലാ സാധനങ്ങള്‍ക്കും ജിഎസ്ടിയുടെ ഭാഗമായുള്ള നികുതിനിരക്ക് കുറയുന്നതാണ്. ഉദാ: ഒരു സാധനം കേരളത്തില്‍ ഉപയോക്താവിന്റെ കൈയിലെത്തുമ്പോള്‍ അതിനു ചുമത്തുന്ന കേന്ദ്ര തീരുവ (സെന്‍ട്രല്‍ എക്സൈസ്), സിഎസ്ടി (സെന്‍ട്രല്‍ സെയില്‍സ് ടാക്സ്), മൂല്യവര്‍ധിത നികുതി (വാറ്റ്) എന്നിവ കൂട്ടിയാല്‍ ജിഎസ്ടിയിലുള്ള നിരക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാരിനുമുള്ള നികുതി നിരക്കിനേക്കാള്‍ മിക്കവാറും പ്രധാനപ്പെട്ട എല്ലാ സാധനങ്ങള്‍ക്കും കുറവാണെന്ന് കാണാം.

സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി, സര്‍വീസ് ടാക്സ്, മറ്റു സംസ്ഥാനങ്ങളില്‍ ചുമത്തപ്പെട്ട നികുതി, കേന്ദ്ര വില്‍പ്പന നികുതി എന്നിവയ്ക്ക് ഇന്‍പുട്ടിന് അര്‍ഹതയുണ്ട്. മേല്‍പ്പറഞ്ഞ എല്ലാ കാരണങ്ങള്‍കൊണ്ടും ചരക്കുകളുടെയും സേവനങ്ങളുടെയും വിലയില്‍ നികുതിയുടെ ഭാഗം കുറവ് വരും. എന്നുവച്ചാല്‍ അവസാന ഉപയോക്താവിന് നികുതിയുടെ ഭാഗം കുറഞ്ഞുകിട്ടേണ്ടതാണ്. കുറവ് വന്ന നികുതിയുടെ ഗുണം ഉപയോക്താവിന് കൊടുക്കണമെന്നാണ് ജിഎസ്ടി നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്.
എന്നാല്‍, പല വ്യാപാരികളും വ്യവസായികളും വിലയില്‍വന്ന നികുതിഭാരത്തിന്റെ കുറവ് ഉപയോക്താവിന് കൊടുത്തിട്ടില്ല. അങ്ങനെ കുറവ് വരുത്താന്‍ ജിഎസ്ടിയില്‍ പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും അത് നടപ്പാക്കിത്തുടങ്ങിയിട്ടില്ല. അത് ഉടന്‍ നടപ്പാക്കേണ്ടതാണ്.

നിരക്കിലെ അവ്യക്തത
പല വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കും പുതിയ നികുതി സമ്പ്രദായത്തിന്റെ വശങ്ങളെപ്പറ്റി വ്യക്തമായ ധാരണയില്ല. മതിയായ ബോധവല്‍ക്കരണത്തിന്റെ കുറവുണ്ട്. അതുകൊണ്ട് ജിഎസ്ടിയെപ്പറ്റിയും നികുതിനിരക്കുകളെപ്പറ്റിയും പിആര്‍ഡി മുഖേനയും ദൃശ്യ-അച്ചടി മാധ്യമങ്ങളിലൂടെയും കൂടുതല്‍ പ്രചാരണം നടക്കണം.
മേല്‍ സൂചിപ്പിച്ച പ്രകാരം നികുതിനിരക്കുകളുടെ ബാഹുല്യം, അതായത് 5, 12, 18, 28 എന്നിങ്ങനെയുള്ള നിരക്കുകള്‍ നിലനില്‍ക്കുന്നതുകൊണ്ട് വ്യാപാരികള്‍ അവരുടെ ഉല്‍പ്പന്നം തങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമായ നിരക്കിലേക്കും എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവര്‍ക്കനുകൂലമായ നിരക്കുകളിലേക്കും കൊണ്ടുവരാന്‍ സ്വാഭാവികമായി ശ്രമിക്കും. അതുകാരണം നിരക്കുകളെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഉടലെടുക്കും. ഇത് നിയമക്കുരുക്കിലേക്കും നിയമയുദ്ധത്തിലേക്കും നയിക്കും. അതുകൊണ്ട് ഓരോ സാധനത്തിന്റെയും കൃത്യമായ നിരക്കുകള്‍ മുന്‍കൂട്ടിത്തന്നെ വ്യാപാരികളെ അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. അതുപോലെ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതിനിരക്കുകള്‍ക്കുവേണ്ടിയുള്ള വിവരണങ്ങളും അതിന്റെ കാരണങ്ങളും വളരെ നേരിയതാണ്. അതുകാരണം ഒരു ഉല്‍പ്പന്നം 18ല്‍ വരുമോ 28ല്‍ വരുമോ 12ല്‍ വരുമോ എന്ന സംശയം എപ്പോഴും ഉണ്ടാകും. ഇത് നികുതിനിര്‍ണയത്തില്‍ പല അവ്യക്തതകള്‍ക്കും കാരണമാകുന്നു.

നികുതി ചോര്‍ച്ചയ്ക്ക് സാധ്യത
ചെക് പോസ്റ്റുകള്‍ക്കുപകരം വഴിയില്‍വച്ചുള്ള പരിശോധനയാണ് നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. ഇ- ഡിക്ളറേഷനും ഇതിനുവേണ്ടി ഉദ്ദേശിച്ചിട്ടുള്ളതാണ്. എന്നാല്‍, ഇ- ഡിക്ളറേഷന്റെ കംപ്യൂട്ടറൈസേഷന്‍ പ്രോഗ്രാം ഒക്ടോബര്‍ മുതലേ നിലവില്‍ വരൂ. അതുവരെ വഴിയില്‍വച്ചുള്ള പരിശോധന കര്‍ക്കശമാക്കിയിട്ടില്ലെങ്കില്‍ നികുതിചോര്‍ച്ചയ്ക്ക് കാരണമാകും.

നിയമത്തില്‍ നികുതിനിരക്കിന്റെ വ്യത്യാസം ചരക്കിന്റെയോ സേവനത്തിന്റെയോ വിതരണത്തിന്റെ വിലയില്‍ അധിഷ്ഠിതമാണ്. ഉദാ: 500 രൂപ വരെയുള്ള ചെരുപ്പുകള്‍ക്ക് ഒരു നികുതി നിരക്കും (അഞ്ച് ശതമാനം)|അതിനു മുകളിലുള്ളവയ്ക്ക് 18 ശതമാനവുമാണ്. സ്വാഭാവികമായും ചെരുപ്പുകളുടെ വില 500 രൂപയില്‍ താഴെ പരിമിതപ്പെടുത്താന്‍ വ്യാപാരികള്‍ ഔത്സുക്യം കാണിക്കും. കൂടാതെ അതിനുവേണ്ടി 500 രൂപ വരെ ബില്‍ കാണിക്കുകയും ബാക്കിയുള്ളത് പണമായി വാങ്ങുകയും ചെയ്യും.

കൂടാതെ പ്രത്യേക തൂക്കമുള്ള കണ്ടെയ്നറുകളില്‍ വില്‍ക്കുന്ന ട്രേഡ് മാര്‍ക്കോടുകൂടിയ അരി, ഗോതമ്പ്, ആട്ട, മൈദ, സൂചി എന്നിവയ്ക്ക് നികുതിയുണ്ട്. എന്നാല്‍, അത് പ്രത്യേക യൂണിറ്റിലല്ല വില്‍ക്കുന്നതെന്നു കാണിച്ച് നികുതി വെട്ടിപ്പിനുള്ള സാധ്യതയേറെയാണ്. ഇത് നിയമക്കുരുക്കിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.

സേവന മേഖലയില്‍, ഏതെങ്കിലും ഒരുഭാഗത്ത് എയര്‍ കണ്ടീഷണര്‍ (എസി) ഇല്ലാത്തതും ബാര്‍ ലൈസന്‍സ് ഇല്ലാത്തതുമായ ഹോട്ടലുകള്‍ക്ക് 12 ശതമാനമാണ് നികുതി. ഏതെങ്കിലും ഒരു ഭാഗത്ത് എസി എന്നുപറയുന്നത് തര്‍ക്കങ്ങള്‍ക്ക് കാരണമാകും.

എന്നാല്‍, ബാര്‍ ലൈസന്‍സുള്ള എസി ഹോട്ടലുകള്‍ക്ക് 18 ശതമാനമാണ് നികുതി. അതുപോലെ ഹോട്ടലുകളില്‍ താമസത്തിന് വാടകയുടെ അടിസ്ഥാനത്തിലാണ് നികുതി നിശ്ചയിച്ചത്. അതായത്, 1000 രൂപയ്ക്കു മുകളിലും 2500നു താഴെയും ഉള്ളവയ്ക്ക് ഒരു നിരക്കും 2500ന് മുകളിലുള്ളതിന് മറ്റൊരു നിരക്കുമാണ് നിശ്ചയിച്ചത്. ഇതും തര്‍ക്കങ്ങള്‍ക്കും നികുതിചോര്‍ച്ചയ്ക്കും കാരണമാകാം. ചുരുക്കത്തില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായ പല എന്‍ട്രികളും അതിന്റെ വിവരണങ്ങള്‍കൊണ്ട് വിവാദമായിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം.

(തയ്യാറാക്കിയത്: പി വിജയന്‍)