Top
27
Saturday, May 2017
About UsE-Paper

ഒബിഒആര്‍ പദ്ധതിയും ഇന്ത്യയുടെ നിലപാടും

Wednesday May 17, 2017
പ്രകാശ് കാരാട്ട്

ബീജിങ്ങില്‍ മെയ് 14, 15 തീയതികളിലായി ചേര്‍ന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒരു മേഖല ഒരു പാത- ഒബിഒആര്‍)ഉച്ചകോടിയില്‍ പങ്കെടുക്കാതെ ഇന്ത്യ സ്വയം ഒറ്റപ്പെട്ടു. നിസ്സഹകരണത്തിന് ന്യായീകരണമായി ചൈനയുടെ നേതൃത്വത്തിലുള്ള ഒബിഒആര്‍ സംരംഭത്തിന്റെ ലക്ഷ്യത്തെത്തന്നെ മോഡിസര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണ്. ലോക ജനസംഖ്യയുടെ 60 ശതമാനത്തെയും മൊത്തം ആഗോള ആഭ്യന്തരോല്‍പ്പാദനത്തിന്റെ 30 ശതമാനത്തെയും പ്രതിനിധാനംചെയ്യുന്ന രാജ്യങ്ങളെയും മേഖലകളെയും ബന്ധിപ്പിക്കുന്നതാണ് ചൈനയുടെ ഒബിഒആര്‍.

 ഈ സംരംഭത്തിന് ചൈന 2013ലാണ് തുടക്കമിട്ടത്. പഴയ പട്ടുപാതയ്ക്ക് വര്‍ത്തമാനകാലരൂപം നല്‍കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. ചൈനയില്‍നിന്ന് മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്കും കടല്‍മാര്‍ഗം ചൈനയില്‍നിന്ന് യൂറോപ്പിലേക്കുമാണ് ഈ സില്‍ക്ക് പാത. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവ തമ്മിലുള്ള ഗതാഗതബന്ധവും പുതിയ വ്യാപാര സാമ്പത്തികബന്ധവും സ്ഥാപിക്കുകയായിരുന്നു ചൈനയുടെ സ്വപ്നപദ്ധതിയുടെ ലക്ഷ്യം.

ഒബിഒആറിന്റെ ഭാഗമായ ബെല്‍റ്റ് ആന്‍ഡ് റൌണ്ട് സംരംഭമാ (ബിആര്‍ഐ)ണ് ഗില്‍ഗിത്തില്‍ക്കൂടി കടന്നുപോകുന്ന ചൈന- പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി. (സിപിഇസി) 1947 മുതല്‍ പാകിസ്ഥാന്റെ കൈവശമുള്ള പ്രദേശമാണിത്. ഇത് കശ്മീരിന്റെ ഭാഗമാണെന്നാണ് ഇന്ത്യയുടെ അവകാശവാദം.  അതിനാല്‍ പരമാധികാരം ലംഘിക്കപ്പെടുമെന്ന് പറഞ്ഞാണ് സിപിഇസിയെ ഇന്ത്യ എതിര്‍ക്കുന്നത്. ബീജിങ് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കുന്നതിലേക്ക് ഇന്ത്യയെ നയിച്ച കാരണവും ഇതാണ്.

പരമാധികാരം സംബന്ധിച്ച ഇന്ത്യയുടെ നിലപാടിനെ ചോദ്യംചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ ചൈന, ഈ വിഷയം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷിചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്ന മുന്‍നയത്തില്‍ മാറ്റമില്ലെന്നും അറിയിച്ചു. സിപിഇസിയെ സാമ്പത്തിക സഹകരണ പദ്ധതിമാത്രമായി കണ്ടാല്‍ മതിയെന്നും ചൈന അറിയിച്ചു. എന്നാല്‍, ചൈനയുടെ ഈ നയം അംഗീകരിക്കാന്‍ മോഡിസര്‍ക്കാര്‍ വിസമ്മതിച്ചു. അതിര്‍ത്തിത്തര്‍ക്കമുണ്ടെങ്കിലും ചൈനയുമായി സാമ്പത്തിക വ്യാപാര ബന്ധങ്ങള്‍ വികസിപ്പിക്കുമെന്ന വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ നയമാണ് ഇതുവഴി തിരുത്തപ്പെടുന്നത്. തര്‍ക്കപ്രദേശമായ ഗില്‍ഗിത്തിലൂടെ 1960ലാണ് ചൈന കാറക്കോറം ഹൈവേ നിര്‍മിച്ചത്. ഇതിനുപുറമെ ചൈനയുമായി ഇന്ത്യക്ക് നേരിട്ടുള്ള അതിര്‍ത്തിത്തര്‍ക്കംതന്നെയുണ്ടുതാനും. അതിര്‍ത്തിപ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരവെതന്നെ മറ്റ് മേഖലകളില്‍ ഇന്ത്യ- ചൈന ബന്ധം വികസിപ്പിക്കുന്നതിന് ഇത് തടസ്സമാകില്ലെന്നതായിരുന്നു ഇരുരാജ്യങ്ങളും സ്വീകരിച്ച നയം. 

ബിആര്‍ഐയിലുള്ള പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ദക്ഷിണേഷ്യന്‍ അയല്‍രാജ്യങ്ങളില്‍നിന്ന് ഇന്ത്യ തീര്‍ത്തും ഒറ്റപ്പെട്ടു. പാകിസ്ഥാനുപുറമെ, ബംഗ്ളാദേശ്, നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപ് എന്നിവയെല്ലാം ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭത്തില്‍ ഭാഗഭാക്കായി. ഭൂട്ടാന്‍മാത്രമാണ് അതില്‍നിന്ന് വിട്ടുനിന്നത്. അവര്‍ക്കാകട്ടെ ചൈനയുമായി നയതന്ത്രബന്ധമില്ലതാനും. 

ബീജിങ് ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് നേപ്പാള്‍ ഒബിഒആറില്‍ ചേരുന്നതിന്നുള്ള ചട്ടക്കൂടുകരാറില്‍ ചൈനയുമായി ഒപ്പിട്ടത്. മോഡിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കുശേഷമാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ബീജിങ്ങിലേക്ക്് പുറപ്പെട്ടത്.
ബീജിങ് ഉച്ചകോടിയില്‍ 29 രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുകയുണ്ടായി. റഷ്യന്‍ പ്രസിഡന്റ് പുടിന്‍, തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍, ഇന്തോനേഷ്യന്‍ പ്രസിഡന്റ് വിഡോഡോ, കസാക്കിസ്ഥാന്‍ പ്രസിഡന്റ് നസര്‍ബയേവ്, ചിലി പ്രസിഡന്റ് മിഷേല്‍ ബാഷ്ലേ, ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗെന്റോലിനി, യുകെ- ജര്‍മനി- ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള മുതിര്‍ന്ന മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു. യുഎന്‍ സെക്രട്ടറി ജനറല്‍, ഐഎംഎഫ്- ലോകബാങ്ക് തലവന്മാര്‍ എന്നിവരും പങ്കെടുത്തു. ചൈനയുമായി സമുദ്രാതിര്‍ത്തി സംബന്ധിച്ച് തര്‍ക്കമുള്ള ജപ്പാന്‍, വിയത്നാം എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികളും ബീജിങ്ങിലെത്തി. വിയത്നാമിനെ പ്രതിനിധാനംചെയ്തത് പ്രസിഡന്റ് ട്രാന്‍ ദായ് ക്വാങ്ങായിരുന്നു. 

മോഡിസര്‍ക്കാരിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അമേരിക്ക, പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക അസിസ്റ്റന്റും ദേശീയ സുരക്ഷാ കൌണ്‍സില്‍ അംഗവുമായ മാറ്റ് പോംടിംഗറെയും വൈറ്റ്ഹൌസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസറെയും ബീജിങ്ങിലേക്ക് അയച്ചു. 'പ്രധാന വ്യാപാരസംരംഭ'മായതുകൊണ്ടുതന്നെ ചൈനയുമായി ചേര്‍ന്ന് ഒബിഒആറില്‍ പ്രവര്‍ത്തിക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

തന്ത്രപരമായി ചൈനയെ തളയ്ക്കുക എന്ന അമേരിക്കന്‍ നയത്തിന്റെ ഭാഗമായി നില്‍ക്കുന്നതുകൊണ്ടാണ് ബിആര്‍ഐയോട് മോഡിസര്‍ക്കാര്‍ നിഷേധാത്മകനിലപാട് സ്വീകരിക്കുന്നതെന്ന് വേണം മനസ്സിലാക്കാന്‍. ഒബാമ പ്രസിഡന്റായിരിക്കെ രൂപകല്‍പ്പന ചെയ്ത ഏഷ്യന്‍ അച്ചുതണ്ടിന്റെ ഭാഗമാകാമെന്ന് മോഡി സര്‍ക്കാര്‍ സമ്മതിച്ചതാണ്. അടുത്തിടെ മെയ് അഞ്ചിന് അമേരിക്കന്‍ പസഫിക് ഫ്ളീറ്റ് കമാന്‍ഡര്‍ അഡ്മിറല്‍ സ്കോട്ട് സ്വിഫ്റ്റ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍പ്പോലും ചൈനയുടെ ബിആര്‍ഐ പദ്ധതിയുടെ ലക്ഷ്യത്തെ ചോദ്യം ചെയ്തിരുന്നു. മേഖലയിലെ രാജ്യങ്ങളില്‍ ചൈനയുടെ ഈ നീക്കം ആകാംക്ഷയുളവാക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.  കഴിഞ്ഞമാസം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം യാഥാര്‍ഥ്യമായ വ്യാപാരക്കരാര്‍ മോഡിസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ട്രംപ് ഭരണത്തിന്റെ ഈ മലക്കംമറിച്ചില്‍ മോഡിസര്‍ക്കാരിന്റെ അമേരിക്കന്‍ വിദേശനയത്തിന്റെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നത്. അമേരിക്കയുടെ ഭൌമരാഷ്ട്രീയ നയതന്ത്രത്തിന്റെ ഭാഗമാകുകവഴി മോഡി സര്‍ക്കാര്‍ ഗുരുതരമായ വിദേശനയ പാളിച്ചകളിലേക്കാണ് നയിക്കപ്പെടുന്നത്. വീണ്ടുവിചാരമില്ലായ്മയുടെ മറ്റൊരു ഉദാഹരണമാണ് ഇറാനുമേല്‍ ഉപരോധം പുനഃസ്ഥാപിക്കാനുള്ള ട്രംപ് ഭരണത്തിന്റെ ചുവടുപറ്റി ഇറാനുമായി സാമ്പത്തികബന്ധം വിച്ഛേദിക്കാനുള്ള മോഡിസര്‍ക്കാരിന്റെ നീക്കം. 
 
ബിആര്‍ഐയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ പശ്ചാത്തലവികസന- ഗതാഗതബന്ധ പദ്ധതികള്‍ ചൈനയ്ക്ക് ഏറെ ഗുണകരമായിരിക്കും. ചൈനയ്ക്ക് ആവശ്യത്തിലേറെ വ്യാവസായികശേഷിയും വിദേശവിനിമയ ശേഖരവുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദകരാഷ്ട്രവും കയറ്റുമതിക്കാരനും ചൈനയാണ്. സ്വാഭാവികമായും ഏഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങളുമായുള്ള ഗതാഗതബന്ധം ചൈനയ്ക്ക് ഗുണകരമാകുമെന്നതിന് ഒരു സംശയവുമില്ല. അതോടൊപ്പം ബിആര്‍ഐ സംരംഭത്തില്‍ പങ്കാളികളാകുന്ന രാഷ്ട്രങ്ങള്‍ക്കും പുതിയ നിക്ഷേപവും പുതിയ പശ്ചാത്തലവികസനവും ഗതാഗതമാര്‍ഗങ്ങളും തൊഴിലവസരവും ലഭ്യമാകും. ഒരു പ്ളാറ്റ്ഫോം എന്ന നിലയിലാണ് ബിആര്‍ഐ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഓരോ രാജ്യങ്ങളുടെ ആവശ്യത്തിനനുസരിച്ച് അതില്‍ ചേരാം. അതനുസരിച്ച് അവര്‍ക്ക് നേട്ടമുണ്ടാകും.  

2008ലുണ്ടായ സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് ലോകം ഇനിയും പൂര്‍ണമായും മുക്തമാകാത്ത സാഹചര്യത്തില്‍ ബിആര്‍ഐ സംരംഭത്തെ കൂടുതല്‍ നിക്ഷേപത്തിനും പശ്ചാത്തലവികസനത്തിനും ഗതാഗതബന്ധത്തിനുമുള്ള  മാര്‍ഗമായാണ് എല്ലാ രാഷ്ട്രങ്ങളും വീക്ഷിക്കുന്നത്.  ആഗോളവളര്‍ച്ചയെയും ഇത് സഹായിക്കുമെന്ന് കരുതുന്നു. 68 രാഷ്ട്രങ്ങള്‍ ഇതിനകംതന്നെ 'ഒരു മേഖല ഒരു പാത' പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ചരിത്രപരമായ ഈ സംരംഭത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഖേദകരമാണ് *