Top
24
Saturday, June 2017
About UsE-Paper

കുമ്മനത്തിന്റെ 'ആഹ്ളാദപ്രകടനം'

Wednesday May 17, 2017
ജയകൃഷ്ണന്‍ നരിക്കുട്ടി

കണ്ണൂര്‍ രാമന്തളിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട ദൌര്‍ഭാഗ്യകരമായ സംഭവത്തിനുശേഷം കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വ്യാപകമായ അക്രമം സംഘടിപ്പിച്ച് മുതലെടുക്കാനായിരുന്നു ആര്‍എസ്എസ് പദ്ധതി. ഇതിനായി ഗീബല്‍സിനെ തോല്‍പ്പിക്കുന്ന നുണക്കഥകളാണ് അവര്‍ മെനഞ്ഞത്. കൊലപാതകത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് സിപിഐ എം ഗ്രാമങ്ങളില്‍ പ്രകടനം നടത്തിയെന്ന പെരുംനുണയും ഏതോ ഒരുവീഡിയോ ദൃശ്യവുമായി ചിലര്‍ രംഗത്തുവന്നു. ആസൂത്രിതമായി  തയ്യാറാക്കിയ ദൃശ്യവും കുറിപ്പും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇംഗ്ളീഷിലേക്ക് മൊഴിമാറ്റി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് ആര്‍എസ്എസ് ഈ പ്രചാരണം ഏറ്റെടുത്തു. അക്രമം വ്യാപിപ്പിക്കുകയായിരുന്നു സാമൂഹ്യമാധ്യമപ്രചാരണങ്ങളിലൂടെ ഇവര്‍ ലക്ഷ്യമിട്ടത്.

മറ്റേതോ പരിപാടിയില്‍ നാസിക് ബാന്‍ഡ് കൊട്ടി യുവാക്കള്‍ ആഹ്ളാദപ്രകടനം നടത്തുന്ന ദൃശ്യമാണ് അതിനായി ഉപയോഗിച്ചത്. ഏതോ ഒരിടത്ത് എപ്പോഴോ നടത്തിയ ഘോഷയാത്രയുടെ ദൃശ്യമായിരുന്നു അത്. ഇരുട്ട് പരന്നശേഷം നടന്ന ആഘോഷമായതിനാല്‍ അതില്‍ പങ്കെടുത്തവരെയൊന്നും തിരിച്ചറിയാനാകില്ലെന്നതാണ് ആ ദൃശ്യം ഉപയോഗിക്കാന്‍ കാവിബുദ്ധിയെ പ്രേരിപ്പിച്ചതെന്നുവേണം കരുതാന്‍. കുമ്മനം പുറത്തുവിട്ട ദൃശ്യത്തില്‍ കുട്ടികളേയും പ്രായമായവരെയും കാണാം. പരിസരത്ത് സ്ത്രീകളും നില്‍ക്കുന്നു. സമീപത്തൂടെ വാഹനങ്ങളും കടന്നുപോകുന്നു. വീഡിയോ കാണുന്ന ഏതൊരാള്‍ക്കും ഇത് കുമ്മനം പറയുന്ന തരത്തിലുള്ളതല്ലെന്ന് മനസ്സിലാകും. എന്തെങ്കിലും തരത്തിലുള്ള മുദ്രാവാക്യം ആരും വിളിക്കുന്നില്ല. ദൃശ്യങ്ങളില്‍നിന്ന് തങ്ങളുദ്ദേശിക്കുന്ന കാര്യം വ്യക്തമാകാത്തതിനാലാകും സംഘപരിവാര്‍ അതിനെ ഇങ്ങനെ വിശദീകരിച്ചു. "കൊലപാതകത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പാപ്പിനിശേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ ബാന്‍ഡ് മേളവുമായി ആഹ്ളാദാരവം നടത്തുന്നു''. ഇതിനും വിശ്വാസ്യതയുണ്ടാകില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍, ഒരു കളവ് ഫലിപ്പിക്കാന്‍ നൂറുകളവ് എന്നനിലയില്‍ സിപിഐ എമ്മിന്റെ അനുവാദമില്ലാതെ കണ്ണൂരിലെ പാര്‍ടിഗ്രാമങ്ങളില്‍ ആര്‍ക്കും പ്രവേശനമില്ല എന്നായി പ്രചാരണം. അതാണ് പ്രകടനം പുറത്തുള്ള ആരും കാണാതിരുന്നത് എന്നുവരുത്തുകയായിരുന്നു ഉദ്ദേശ്യം. അണികളെ കൂടുതല്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നതിനൊപ്പം ദേശീയരാഷ്ട്രീയത്തില്‍ സിപിഐ എമ്മിനെതിരെ കുപ്രചാരണം അഴിച്ചുവിടുകയുമായിരുന്നു അതിലൂടെ ആര്‍എസ്എസും കുമ്മനവും ലക്ഷ്യംവച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ആര്‍എസ്എസും ഉപജാപകസംഘവും പ്രചരിപ്പിച്ച തരത്തിലുള്ള ആഹ്ളാദപ്രകടനം കണ്ണൂര്‍ ജില്ലയിലെവിടെയും നടന്നിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ശിവവിക്രം വ്യക്തമാക്കിയിട്ടുണ്ട്. പാപ്പിനിശേരി പ്രദേശത്തൊന്നും ഇതുപോലെ പ്രകടനം നടന്നിട്ടില്ലെന്ന് ഈ പ്രദേശത്തിന്റെ ചുമതലയുള്ള ഡിവൈഎസ്പി പി പി സദാനന്ദനും പറയുന്നു. പിന്നെ എവിടെനിന്നാണ് ഈ ദൃശ്യം ലഭിച്ചതെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ. ഇത് ആര്‍എസ്എസ് കുടിലബുദ്ധിതന്നെ.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൃതദേഹം സൂക്ഷിച്ച പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി ആക്രമിക്കാന്‍ ആര്‍എസ്എസിന് മടിയുണ്ടായില്ല. മെഡിക്കല്‍ കോളേജിന്റെ അത്യാഹിതവിഭാഗവും ആധുനികോപകരണങ്ങളും അടിച്ചുതകര്‍ത്തു.

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ആളെയുംകൊണ്ട് മെഡിക്കല്‍ കോളേജില്‍ വന്ന പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തിനുമുന്നിലിട്ട് അടിച്ചുതകര്‍ത്തു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കുന്ന അത്യാഹിതവിഭാഗത്തിലെ റെഡ്ലൈന്‍ ഏരിയയിലായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. രോഗികളുടെ ജീവന്‍രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന ഡോക്ടര്‍മാരും രോഗികളും ഒരുപോലെ പരിഭ്രാന്തരായി. ആന്തരിക രക്തസ്രാവം ഉള്‍പ്പെടെ കണ്ടെത്താനുള്ള 25 ലക്ഷത്തിലേറെ വിലയുള്ള അത്യാധുനിക യുഎസ്ജി മെഷീനും തകര്‍ത്തു. പ്രമുഖ ആര്‍എസ്എസ്- ബിജെപി നേതാക്കളുടെ മുന്നില്‍ വച്ചായിരുന്നു ഈ അതിക്രമങ്ങള്‍ മുഴുവന്‍ നടന്നത്. മെഡിക്കല്‍ കോളേജിലെ  സിസിടിവിയില്‍ ഈ ദൃശ്യങ്ങളൊക്കെ പതിഞ്ഞിട്ടുണ്ട്. എന്നാല്‍, ബിജെപി എംപിയും ഏഷ്യാനെറ്റ് ചാനല്‍ ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് പരിയാരം മെഡിക്കല്‍ കോളേജ് ആക്രമിച്ചതും ആംബുലന്‍സ് തകര്‍ത്തതും സിപിഐ എം പ്രവര്‍ത്തകരാണെന്നാണ്. പെരുംകള്ളം ട്വിറ്ററിലൂടെ പ്രചരിപ്പിക്കാന്‍ കാവിക്കൊടിയേന്തിയ ഈ മാധ്യമപ്രമുഖന് മടിയുണ്ടായില്ല.

പലഘട്ടങ്ങളിലും ആര്‍എസ്എസ് ഇതുപോലെയുള്ള വന്‍ നുണകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. തലശേരി കലാപകാലത്ത് ഇതുപോലെ എത്രയോ പെരുംനുണകള്‍ കേട്ടവരാണ് കണ്ണൂരിലുള്ളവര്‍. ഇപ്പോള്‍ നുണപ്രചാരണത്തിന് സാമൂഹ്യമാധ്യമങ്ങളെയും ഉപയോഗിക്കുന്നുവെന്നുമാത്രം. അടുത്തിടെ ബിജെപി കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സുശീല്‍കുമാര്‍ കണ്ണൂര്‍ നഗരത്തിനടുത്തുള്ള ഭജന്‍മുക്കില്‍ ആക്രമിക്കപ്പെട്ടപ്പോഴും അത് സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ ശ്രമിച്ചു.

അത് ഏശാതെവന്നപ്പോള്‍ സിപിഐ എം ജില്ലാ സെക്രട്ടറിക്കുനേരെ കൊലവിളി നടത്തി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍, യഥാര്‍ഥ പ്രതികളായ എസ്ഡിപിഐക്കാര്‍  പൊലീസ് പിടിയിലായപ്പോള്‍ ബിജെപിക്കും ആര്‍എസ്എസിനും മിണ്ടാട്ടമുണ്ടായില്ല


 

Related News

കൂടുതൽ വാർത്തകൾ »