22 May Tuesday

നൂറുനാള്‍ പിന്നിട്ടിട്ടും ദുരിതമൊഴിയാതെ

സീതാറാം യെച്ചൂരിUpdated: Friday Feb 17, 2017

നരേന്ദ്ര മോഡി സര്‍ക്കാര്‍ 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ച് നൂറുദിവസം പിന്നിടുമ്പോള്‍ രാജ്യത്ത് എന്താണ് അവസ്ഥ? കള്ളനോട്ടുകള്‍ തിരിച്ചെത്തി. ഭീകരരുടെ കരങ്ങളാല്‍ നമ്മുടെ സൈനികര്‍ കൊല്ലപ്പെടുന്നു. ഈയാഴ്ചമാത്രം കശ്മീരില്‍ ആറ് സൈനികരാണ് കൊല്ലപ്പെട്ടത്. ഈ മരണങ്ങളുടെ കാര്യത്തില്‍ മോഡിയും അദ്ദേഹത്തിന്റെ സര്‍ക്കാരും മൌനംപാലിക്കുന്നു.  തടസ്സമൊന്നുമില്ലാതെ അഴിമതി തുടരുന്നു, കള്ളപ്പണം പെരുകുന്നു. തുഗ്ളക് മാതൃകയിലുള്ള പരിഷ്കാരം ടെലിവിഷന്‍ വഴി പ്രഖ്യാപിച്ചപ്പോള്‍ മോഡിയുടെ അവകാശവാദങ്ങള്‍ ഇവയായിരുന്നു- കള്ളനോട്ടുകള്‍ ഇല്ലാതാകും, ഭീകരപ്രവര്‍ത്തനം അവസാനിക്കും, അഴിമതിയും കള്ളപ്പണവും തടയാനാകും എന്നിങ്ങനെ.

നോട്ടുനിരോധനത്തെതുടര്‍ന്ന് ഏതെങ്കിലും ധനികന്‍ ബാങ്കിന്റെ വരിയില്‍ നില്‍ക്കുന്നതോ കഷ്ടപ്പെടുന്നതോ നാം കണ്ടില്ല. സമ്പാദ്യത്തെക്കുറിച്ചുള്ള ആശങ്കയോടെ, ജോലിസമയത്തുപോലും വരിയില്‍ നില്‍ക്കേണ്ടിവന്നത് ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും കൂലിപ്പണിക്കാര്‍ക്കും പണിയെടുത്ത് ജീവിക്കുന്ന ഇടത്തരക്കാര്‍ക്കുമാണ്.

ഈ ദുരന്തത്തില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ മോഡി തന്റെ ലക്ഷ്യം കറന്‍സിരഹിത സമ്പദ്ഘടനയിലേക്ക് മാറ്റാന്‍ ശ്രമിച്ചു. നവംബര്‍ എട്ടിന്റെ പ്രസംഗത്തില്‍ ഒരുതവണപോലും കറന്‍സിരഹിത സമ്പദ്ഘടനയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല; മാത്രമല്ല, നിര്‍ബന്ധിതവും തിടുക്കത്തിലുള്ളതുമായ ഈ പരിഷ്കാരത്തിനായി ഇന്ത്യ സജ്ജമായിട്ടില്ല. ചില സ്വകാര്യ കമ്പനികളെമാത്രം സഹായിക്കുന്ന പരിഷ്കാരമാണിത്. മറ്റു ചിലര്‍ ഗോള്‍പോസ്റ്റുകള്‍ മാറ്റുന്നതിനെക്കുറിച്ച് വാചാലരാകുന്നു; ഇക്കാര്യത്തില്‍ ഗോള്‍പോസ്റ്റുകള്‍ സാങ്കല്‍പ്പികമാണ്, സെല്‍ഫ്ഗോളുകള്‍ അടിക്കുമ്പോള്‍പ്പോലും അവര്‍ 'ഗോള്‍, ഗോള്‍' എന്ന് അലറിവിളിക്കുകയും ചെയ്യുന്നു.

ഫാക്ടറി ഉല്‍പ്പാദനം കഴിഞ്ഞ ഡിസംബറില്‍ 0.4 ശതമാനം ചുരുങ്ങിയെന്ന് വ്യവസായ ഉല്‍പ്പാദനത്തിന്റെ ഒടുവിലത്തെ സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു. കയറ്റുമതി ഒരുമാസത്തിനുള്ളില്‍ 15 ശതമാനം ഇടിഞ്ഞു. ഫിക്കിയുടെ ബിസിനസ് വിശ്വാസസൂചിക ഒക്ടോബര്‍-ഡിസംബറില്‍ 58.1 ആയി ഇടിഞ്ഞു. തൊട്ടുമുമ്പുള്ള ത്രൈമാസസൂചിക 67.3 ആയിരുന്നു. മോഡി അധികാരത്തില്‍ വന്ന സമയത്ത് ഇത് 71.7 ആയിരുന്നു. മൂലധന ചരക്കുകളുടെ ആവശ്യത്തിന്മേലുണ്ടായ ഇടിവ് സമ്പദ്ഘടന നേരിടുന്ന പ്രതിസന്ധിയുടെ വ്യക്തമായ സൂചനയാണ്.  തൊഴില്‍നഷ്ടത്തെക്കുറിച്ചും ഇതര പ്രത്യാഘാതങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന കണക്കുകള്‍ വരാനിരിക്കുന്നതേയുള്ളൂ. സ്ഥിതി ഇതില്‍നിന്ന് ഭിന്നമാകാന്‍ വഴിയില്ല.

നിരോധിച്ച കറന്‍സി എത്രമാത്രം ബാങ്കുകളില്‍ നിക്ഷേപിച്ചു, കള്ളനോട്ടുകള്‍ എത്രത്തോളം പിടിച്ചു, എത്ര കള്ളപ്പണം കണ്ടെത്താനായി, പുതിയ നോട്ടുകള്‍ എത്രമാത്രം പുറത്തിറക്കി എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന വൈമനസ്യം നോട്ടുനിരോധനമെന്ന ദുരന്തത്തിന്റെ വ്യാപ്തിയിലേക്കുള്ള ചൂണ്ടുപലകയാണ്. കാര്യം പകല്‍പോലെ വ്യക്തമാണ്. മോഡി ഒരു ദുരന്തം സൃഷ്ടിച്ചു. ബഹുഭൂരിപക്ഷം ഇന്ത്യക്കാരെയും ഇത് സാമ്പത്തികമായും സാമൂഹികമായും തളര്‍ത്തി. തന്റെ ചെയ്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മോഡി തയ്യാറാകുന്നില്ല.

കറന്‍സി റദ്ദാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയെ എതിര്‍ത്ത്, രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണറായിരിക്കെ റിസര്‍വ് ബാങ്ക് അഞ്ച് പേജ് കുറിപ്പ് നല്‍കിയിരുന്നതായി മുന്‍ ധനമന്ത്രി പി ചിദംബരം പറയുന്നു. മോഡി ഈ മുന്നറിയിപ്പ് അവഗണിക്കുകയും രാജ്യത്തെ കെടുതിയിലേക്ക് തള്ളുകയും ചെയ്തു. അമ്പതുനാള്‍കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നായിരുന്നു മോഡിയുടെ അവകാശവാദം. എന്നാല്‍, നൂറുനാള്‍ പിന്നിട്ടിട്ടും പ്രതിസന്ധികള്‍ക്ക് കാര്യമായ അയവുവന്നിട്ടില്ല.

 

പ്രധാന വാർത്തകൾ
Top