18 August Saturday

അതിജീവനത്തിന്റെ മഹത്തായ ഏട‌്

കോടിയേരി ബാലകൃഷ്ണൻUpdated: Thursday Jun 14, 2018


കാർഷികപ്രശ‌്നങ്ങൾ ഇന്ത്യൻ സമ്പദ‌്ഘടനയെയും കർഷക‐കർഷകത്തൊഴിലാളി പ്രക്ഷോഭങ്ങൾ ദേശീയരാഷ്ട്രീയത്തെയും പിടിച്ചുലയ‌്ക്കുന്ന ഘട്ടത്തിൽ കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന പ്രമുഖ കമ്യൂണിസ്റ്റ‌് നേതാവ‌് സഖാവ‌് പി കെ കുഞ്ഞച്ചന്റെ സ‌്മരണ ദിനത്തിന‌് പ്രത്യേക പ്രാധാന്യമുണ്ട‌്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന സഖാവ‌് 27 വർഷംമുമ്പാണ‌് നമ്മെ വിട്ടുപിരിഞ്ഞത‌്.

സാമൂഹ്യമായി അവഗണിക്കപ്പെട്ടിരുന്ന പട്ടികജാതിവിഭാഗത്തിൽ ജനിച്ച സഖാവ‌് ദാരിദ്ര്യവും ഇല്ലായ‌്മയും അവഗണനയും നിറഞ്ഞ ജീവിതചുറ്റുപാടുകളോട‌് പടവെട്ടിയാണ‌് ജനനായകനായി മാറിയത‌്. സ്വന്തം ചുറ്റുപാടുകളോടും സമൂഹത്തിലെ പൊതു അവസ്ഥയിലെ അനീതികളോടും സന്ധിയില്ലാ സമരം ചെയ‌്താണ‌് വിപ്ലവകാരിയായി വളർന്നത‌്. ജന്മി‐ഭൂപ്രഭു വർഗത്തിന്റെയും ഭരണാധികാരികളുടെയും അടിച്ചമർത്തലുകളെയും മർദനങ്ങളെയും സഹനശക്തിയോടെ നേരിട്ടു. പൊലീസ‌് വേട്ടയിൽ മൃതപ്രായനായി മോർച്ചറിയിലേക്ക‌് നീക്കിയ അത്യപൂർവ അനുഭവവും ആ സമരജീവിതത്തിലുണ്ടായി.
തിരുവല്ല താലൂക്കിലെ എഴുമറ്റൂരിൽ 1925ൽ ജനിച്ചു. 1947ൽ കമ്യൂണിസ്റ്റ‌് പാർടി അംഗമായി. 1973ൽ കോഴിക്കോട്ട‌് നടന്ന കർഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1982 വരെ ആ സ്ഥാനത്ത‌് തുടർന്നു. പിന്നീട‌് സംഘടനയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി മരണംവരെ പ്രവർത്തിച്ചു.

ആദ്യകാലത്ത‌് ട്രേഡ‌്‌ യൂണിയൻ പ്രവർത്തനത്തിൽ സജീവമായിരുന്നു. തിരുവിതാംകൂർ ട്രാൻസ‌്പോർട്ട‌് തൊഴിലാളികളുടെ നേതാവായി. ഐതിഹാസിക ട്രാൻസ‌്പോർട്ട‌് പണിമുടക്ക‌് വേളയിൽ പൊലീസിന്റെ ഭീകരമർദനത്തിന‌് ഇരയായി. വിമോചനസമരകാലത്ത‌് കുട്ടനാട്ടിലെ ജന്മിമാർ ഇ എം എസ‌് സർക്കാരിനെ പാഠം പഠിപ്പിക്കാൻ കൃഷിചെയ്യാതെ നിസ്സഹകരണവുമായി ഇറങ്ങി. അന്ന‌് കർഷകത്തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം നടത്താൻ കുഞ്ഞച്ചൻ വഹിച്ച നേതൃപരമായ പങ്ക‌് സ‌്മരിക്കപ്പെടുന്നതാണ‌്. ഇതേത്തുടർന്ന‌് 1960ൽ നടന്ന വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. കുട്ടനാടൻമേഖലയിൽ ജന്മി ഗുണ്ടകളുടെ കിരാതവാഴ‌്ചയ്ക്ക‌് അറുതിവരുത്താൻ കർഷകത്തൊഴിലാളികളുടെ വീറുറ്റ പോരാട്ടം സംഘടിപ്പിക്കുന്നതിൽ നല്ലൊരു പങ്ക‌് സഖാവ‌് വഹിച്ചു.

കേരളത്തിൽ കർഷകത്തൊഴിലാളി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയതിൽ കുഞ്ഞച്ചന്റെ പങ്ക‌് വലുതാണ‌്. കർഷകത്തൊഴിലാളികൾ ദൈനംദിനജീവിതത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും മനസ്സിലാക്കാനും അവ പരിഹരിക്കാൻവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടത്തുന്നതിലും അതീവശ്രദ്ധ പുലർത്തി. പട്ടികജാതി‐ വർഗ വിഭാഗങ്ങളുടെ പ്രശ‌്നങ്ങളിൽ ജാഗ്രതയോടെ ഇടപെട്ടു.
രാജ്യസഭയിലും നിയമസഭയിലും അംഗമായിരുന്ന അദ്ദേഹം പാർലമെന്ററി പ്രവർത്തനങ്ങളിലും മാതൃകാപരമായി ഇടപെട്ടു. രാജ്യത്തിന്റെ ഏതുഭാഗത്ത‌് കർഷകത്തൊഴിലാളികൾക്കുനേരെ ആക്രമണമുണ്ടായാലും അവിടങ്ങളിൽ എത്താനും അവ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും നിഷ‌്കർഷത പുലർത്തി. ബിഹാറിൽ കർഷകത്തൊഴിലാളികളെ ചുട്ടുകൊന്ന സംഭവം പാർലമെന്റിൽ വികാരതീവ്രതയോടെ കുഞ്ഞച്ചൻ അവതരിപ്പിച്ചപ്പോൾ അത‌് സഭയെ ഞെട്ടിക്കുകയും ഇടപെടലിന‌് സർക്കാരിനെ നിർബന്ധിതമാക്കുകയും ചെയ‌്തു.

കാർഷികമേഖല ഇന്ന‌് അതീവഗുരുതര പ്രതിസന്ധി നേരിടുകയാണ‌്. മോഡി സർക്കാരിന്റെ നാലുവർഷത്തെ ഭരണം കർഷകരെയും കർഷകത്തൊഴിലാളികളെയും വഞ്ചിച്ചു. ഇതിനെതിരെ മഹാരാഷ്ട്രയിൽ ‘കിസാൻ ലോങ‌് മാർച്ചു’ണ്ടായി. അതിന്റെ അലയടി അടങ്ങുന്നില്ല. കർഷകപ്രക്ഷോഭം പലതരത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉയരുകയാണ‌്. നവലിബറൽ നയങ്ങൾ വാശിയോടെ നടപ്പാക്കുന്ന മോഡി സർക്കാർ കാർഷികമേഖലയ‌്ക്ക‌്  നൽകിയ തെരഞ്ഞെടുപ്പ‌് വാഗ‌്ദാനങ്ങൾ കാറ്റിൽ പറത്തി. കാർഷികത്തകർച്ച നേരിടാനോ വിലക്കയറ്റം തടയാനോ സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനോ ഉള്ള ഒരു നടപടിയും കേന്ദ്രസർക്കാരിൽനിന്നില്ല. ഇതുകാരണം മോഡി സർക്കാരിനെതിരെ കൂടുതൽ ജനവിഭാഗങ്ങൾ രോഷത്തോടെ പ്രതികരിക്കുകയാണ‌്.

സാമ്പത്തികനയത്തിൽ ജനവിരുദ്ധത കൈമുതലാക്കിയ മോഡി സർക്കാർ ഹിന്ദുത്വ അജൻഡ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുകയാണ‌്. ഈ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിലെ എൽഡിഎഫ‌് സർക്കാർ മതനിരപേക്ഷതയുടെയും ജനപക്ഷ ഭരണത്തിന്റെയും മാതൃകാ സംസ്ഥാനമായി നിലകൊള്ളുകയാണ‌്. പട്ടികജാതി‐ വർഗ ക്ഷേമത്തിലടക്കം പിണറായി വിജയൻ സർക്കാർ വളരെയധികം മുന്നോട്ടു പോയി. ക്ഷേത്രപൂജാരിമാരുടെ നിയമനത്തിൽ ദളിതരെ അടക്കം നിയോഗിച്ച‌് രാജ്യത്തിന‌് പുതുമാതൃക തീർത്തിരിക്കുകയാണ‌് ഈ സർക്കാർ. വികസനകാര്യങ്ങളിലും സമാനതകളില്ലാത്ത വളർച്ചയിലേക്കാണ‌് സംസ്ഥാനത്തെ നയിക്കുന്നത‌്. ഇത‌് ജനങ്ങൾ മനസ്സിലാക്കിയതുകൊണ്ടാണ‌് കുഞ്ഞച്ചന്റെ പ്രവർത്തന മേഖലയായ ചെങ്ങന്നൂരിന്റെ മണ്ണ‌് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് റെക്കോഡ‌് ഭൂരിപക്ഷം സമ്മാനിച്ചത‌്. ശാക്തിക ബലാബലത്തിൽ എൽഡിഎഫിനും സിപിഐ‌ എ‌മ്മിനും അചഞ്ചലമായ മുൻകൈ കേരളരാഷ്ട്രീയത്തിൽ നേടുന്നതിന‌് ഇനിയും നമുക്കു മുന്നോട്ടു പോകേണ്ടതുണ്ട‌്. അതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കുഞ്ഞച്ചൻ സ‌്മരണ നമുക്ക‌് കരുത്തും പ്രചോദനവുമാണ‌്.

പ്രധാന വാർത്തകൾ
Top