20 January Sunday

വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 14, 2018

സി രവീന്ദ്രനാഥ്
വിദ്യാഭ്യാസമന്ത്രി

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആവിഷ്കരിച്ച നവകേരളം കർമപദ്ധതിയുടെ ഭാഗമായ 'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം' വർധിത ആവേശത്തോടെയും ഏറെ താൽപ്പര്യത്തോടെയും കേരളീയസമൂഹം ഏറ്റെടുത്തു. നവോത്ഥാന പ്രസ്ഥാനങ്ങളും അതിന്റെ തുടർച്ചയായി ഇടതുപക്ഷ രാഷ്ട്രീയവും സൃഷ്ടിച്ച പൊതുബോധത്തെ അടിത്തറയാക്കി വിദ്യാഭ്യാസത്തിന്റെ ജനകീയവൽക്കരണവും ജനാധിപത്യവൽക്കരണവുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഈ പശ്ചാത്തലത്തിലാണ് ജനകീയ മതനിരപേക്ഷ വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ള പ്രവർത്തനം പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സർക്കാർ ഏറ്റെടുത്തത്. വിദ്യാഭ്യാസ ആസൂത്രണത്തിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന പരിപാടി വിദ്യാഭ്യാസമേഖലയിൽ സമൂല മാറ്റത്തിന് ഇടവരുത്തുമെന്നതിൽ സംശയമില്ല. വിദ്യാഭ്യാസ വിചക്ഷണന്മാരടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഒരുമിച്ചിരുന്ന് അവരുടെ ജീവിതാനുഭവങ്ങളിൽനിന്നും പ്രാദേശിക അറിവുകളിൽനിന്നും തയ്യാറാക്കിയ അക്കാദമിക മാസ്റ്റർപ്ലാൻ വിദ്യാഭ്യാസമേഖലയിൽ ആദ്യ സംരംഭമാണ്.
ഓരോ വിദ്യാലയം കേന്ദ്രീകരിച്ചും വൈവിധ്യവും വിപുലവുമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പൊതുവിദ്യാലയങ്ങളെ പ്രാദേശിക സമൂഹത്തിന്റെ വിദ്യാഭ്യാസവും സാംസ്കാരികവുമായ ആവശ്യങ്ങൾ നേടാൻ പ്രാപ്തമായ നിലയിൽ സജ്ജമാക്കുന്നതിനുള്ള ദീർഘകാല പരിപാടികളും ഉണ്ടാകേണ്ടതുണ്ട്. എന്നാൽ, മുഖ്യഘടകമാകേണ്ടത് അതത് വിദ്യാലയത്തിൽ എത്തിച്ചേരുന്ന ഓരോ കുട്ടിക്കും ലഭ്യമാകേണ്ട ഉയർന്ന  നിലവാരത്തിലുള്ള പഠനബോധന അനുഭവങ്ങളും വ്യക്തിപരമായ ശ്രദ്ധയും പരിഗണനയുമാണ്. ഇത് നിർണയിക്കുന്നത് വിദ്യാലയങ്ങളിൽ നടക്കുന്ന അക്കാദമിക പ്രവർത്തനങ്ങളാണ്. ആധുനിക കാലഘട്ടത്തിന് അനുഗുണമായ ഭൗതിക സൗകര്യ വികസനവും നടത്തേണ്ടതുണ്ട്.

അക്കാദമിക മികവിലൂടെ വിദ്യാലയമികവ് എന്നതാണ് കാഴ്ചപ്പാട്. ഈ കാഴ്ചപ്പാട് എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കുന്ന ആസൂത്രണരേഖയാണ് അക്കാദമിക മാസ്റ്റർപ്ലാൻ. വിദ്യാഭ്യാസരംഗത്തെ ഒന്നാംതലമുറ പ്രശ്നങ്ങളായ സ്കൂളുകളുടെ ലഭ്യത, സ്കൂളിൽ എത്തിച്ചേർന്ന കുട്ടിയുടെ പഠനത്തുടർച്ച എന്നിവ നാം അഭിമുഖീകരിച്ചുകഴിഞ്ഞു. രണ്ടാംതലമുറ പ്രശ്നങ്ങളായ തുല്യത, ഗുണത എന്നിവയാണ് ഇനി ഉറപ്പാക്കേണ്ടത്.

ഓരോ പ്രായഘട്ടത്തിലും കുട്ടി നേടണമെന്ന് കരിക്കുലം വിഭാവനംചെയ്യുന്ന അക്കാദമിക ലക്ഷ്യങ്ങൾ മികവാർന്ന തലത്തിൽ നേടി എന്ന് ഉറപ്പാക്കാൻ കഴിയണം. സ്കൂൾ വിദ്യാഭ്യാസത്തിലൂടെ കടന്നുവരുന്ന കുട്ടികളിൽ ജനാധിപത്യമൂല്യങ്ങൾ, പാരിസ്ഥിതികാവബോധം, ലിംഗാവബോധം, വിമർശനാവബോധം എന്നിവ ഉളവായിട്ടുണ്ടെന്ന് ഉറപ്പാക്കണം. ആധുനിക സാങ്കേതികവിദ്യാസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം.  ലഹരിക്കും മറ്റും അടിമപ്പെടുന്ന സാഹചര്യത്തിൽനിന്ന് കുട്ടികളെ വിമോചിപ്പിക്കണം.

ഭരണകർത്താക്കളും ഭരണനിർവാഹകരും പൊതുസമൂഹവും ഒരുമിച്ച്് സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിനുള്ള കൂട്ടായ അന്വേഷണം നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഓരോ സ്കൂളും ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി അക്കാദമിക പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. ഈ അക്കാദമിക പദ്ധതി സാർഥകമാക്കുന്നതിന് അനുകൂലമായ ഭൗതിക സൗകര്യ വികസനാസൂത്രണവും ഉണ്ടാകണം. ഇതോടൊപ്പം പ്രധാനമാണ് സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുക എന്നത്. ഇതെല്ലാം എങ്ങനെ നടത്തും എന്നുള്ളത് വരച്ചുകാട്ടുന്ന രേഖയാണ് മാസ്റ്റർ പ്ലാൻ.
 
ഈ രേഖയിലൂടെ വിദ്യാലയത്തിന്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കും. വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും അക്കാദമിക മികവിനുള്ള വഴികൾ വരച്ചുകാട്ടും. വിദ്യാലയം മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യപൂർത്തീകരണത്തിനായി സ്വീകരിക്കേണ്ട വഴികൾ വ്യക്തമാക്കും. വിദ്യാലയത്തിന്റെ കാഴ്ചപ്പാട് അക്കാമദിക ലക്ഷ്യങ്ങൾ, മുൻഗണനകൾ, വിഭവവിനിയോഗം, പ്രവർത്തന പരിപാടികൾ എന്നിവയെല്ലാം യാഥാർഥ്യബോധത്തോടെ ഉൾച്ചേർന്നതായിരിക്കും മാസ്റ്റർ പ്ലാൻ.

ഓരോ ക്ലാസിലും ഭാഷ, ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം എന്നിങ്ങനെ കരിക്കുലം നിർദേശിക്കുന്ന എല്ലാ വിഷയങ്ങളും എല്ലാ കുട്ടികൾക്കും ആസ്വാദ്യകരമാക്കാനും ഏറ്റവും മികച്ച നിലവാരത്തിലേക്ക് കുട്ടികളെ വളർത്താനുമുള്ള കൃത്യവും സമയബന്ധിതവുമായ പ്രവർത്തനപദ്ധതികൾ മാസ്റ്റർ പ്ലാനിൽ ഉണ്ടാകും.
പൊതുവിദ്യാഭ്യാസമടക്കമുള്ള എല്ലാ പൊതുസംവിധാനങ്ങളെയും ശക്തിപ്പെടുത്തണമെന്നും അതിന്റെ ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നുമുള്ള കാഴ്ചപ്പാടാണ് ഇടതുപക്ഷം ബദൽനയത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഈ നിലപാടാണ് കേരള സർക്കാരിന്റേത്. കേരളത്തിലെ പുരോഗമന സമൂഹത്തിന്റെ പ്രവർത്തനഫലമായാണ് പന്ത്രണ്ടാംക്ലാസുവരെ എല്ലാ കുട്ടികൾക്കും  സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം ഉറപ്പിക്കാൻ കഴിഞ്ഞത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏഴു പതിറ്റാണ്ട്  കഴിഞ്ഞിട്ടും ദേശീയതലത്തിൽ ഇതൊരു മരീചികമാത്രമാണ്. സ്കൂൾപ്രായത്തിലുള്ള കോടിക്കണക്കിനു കുട്ടികൾ സ്കൂളിനു പുറത്താണ്. വിദ്യാഭ്യാസ അവകാശനിയമം പാസാക്കിയ കേന്ദ്രസർക്കാർ വിദ്യാഭ്യാസമേഖലയിൽ ഓരോ വർഷവും ബജറ്റ് വിഹിതം ഗണ്യമായി വെട്ടിക്കുറയ്ക്കുന്നു.

എന്നാൽ, കഠിനമായ സാമ്പത്തികപരിമിതിയിലും വിദ്യാഭ്യാസമേഖലയിൽ ആവശ്യമായ തുക നീക്കിവയ്ക്കാനാണ് ഇടതുപക്ഷ സർക്കാർ സജ്ജമായത്. സ്കൂളുകളുടെ ഭൗതിക സൗകര്യ വികസനം, 45,000 ക്ലാസ് മുറി ഹൈടെക്കാക്കുന്ന പ്രവർത്തനമടക്കം പുത്തൻ സാങ്കേതികവിദ്യയുടെ സ്ഥാപനം, ഓട്ടിസം ഉൾപ്പെടെ പലതരം വൈകല്യം അനുഭവപ്പെടുന്ന കുട്ടികൾക്ക് പ്രത്യേകം സൗകര്യം, കുട്ടികളുടെ സർഗശേഷികൾ വികസിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് കലവറയില്ലാത്ത പിന്തുണയാണ് സർക്കാർ ഉറപ്പാക്കിയത്.

അന്താരാഷ്ട്രതലങ്ങളിൽ തങ്ങളുടെ സമപ്രായക്കാരായ കുട്ടികൾക്ക് ലഭിക്കുന്ന പഠനസൗകര്യങ്ങളും വിദ്യാഭ്യാസ അനുഭവങ്ങളും കേരളത്തിലെ കുട്ടികൾക്കും പ്രാപ്യമാകുംവിധം പൊതുവിദ്യാലയങ്ങൾ മാറാൻ പോവുകയാണ്. 12 മുതൽ സംസ്ഥാനത്തെ സ്കൂളുകൾ പ്രകാശനംചെയ്തു തുടങ്ങിയ അക്കാദമിക മാസ്റ്റർ പ്ലാൻ ഇതിന്റെ നാന്ദിയാണ്. പതിനാറോടെ സംസ്ഥാനത്തെ മുഴുവൻ സ്കൂളും അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനംചെയ്തു കഴിയും.

ഇതേപോലെ, ഉന്നത വിദ്യാഭ്യാസമേഖലയിലെ സർവകലാശാലകൾ, കോളേജുകൾ, എൻജിനിയറിങ് കോളേജുകൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും സമഗ്ര അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്.ഓരോ കുട്ടിയുടെയും ഗുണമേന്മാ വിദ്യാഭ്യാസമെന്ന അവകാശം അരക്കിട്ടുറപ്പിക്കുന്നതിനുള്ള കർമപദ്ധതിയാണ് ഇത്. ഓരോ വിദ്യാലയത്തിന്റെയും അതിനുചുറ്റുമുള്ള പൊതുസമൂഹത്തിന്റെയും സാർഥകമായ ഇടപെടലിലൂടെ രൂപപ്പെടുന്ന മാസ്റ്റർപ്ലാനുകൾ വിദ്യാഭ്യാസമേഖലയുടെ ജനകീയവൽക്കരണത്തിന്റെയും ജനാധിപത്യവൽക്കരണത്തിന്റെയും മകുടോദാഹരണങ്ങളായി പ്രശോഭിക്കും. അവതരിപ്പിക്കപ്പെട്ട മാസ്റ്റർ പ്ലാനിലെ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പൊതുസമൂഹത്തിന്റെ നിതാന്ത ജാഗ്രത അനിവാര്യമാണ്. അധ്യാപക രക്ഷാകർതൃ സമിതികളുടെയും ജനപ്രതിനിധികളുടെയും ഉത്തരവാദിത്ത പൂർണമായ ഇടപെടലിലൂടെമാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകൂ.പൊതുവിദ്യാലയങ്ങളുടെ സർവതോമുഖമായ വളർച്ച കൈവരിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികളെ നെഞ്ചോട് ചേർത്ത് ഏറ്റെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ ●

പ്രധാന വാർത്തകൾ
Top