19 June Tuesday

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലെ അടിയൊഴുക്കുകള്‍

വി ബി പരമേശ്വരന്‍Updated: Wednesday Sep 13, 2017

സിറിയയില്‍ ബാഷര്‍ അല്‍ അസദിന്റെ സൈന്യം വിജയത്തിലേക്ക് നീങ്ങുകയാണെന്ന് വിലയിരുത്തുന്നത് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ റോബര്‍ട്ട് ഫിസ്കാണ്. നാലുവര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തില്‍ ഇസ്ളാമിക സ്റ്റേറ്റ് സമ്പൂര്‍ണ പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി കാലിഫൈറ്റ് പ്രഖ്യാപനം നടത്തിയ ഇറാഖിലെ മൊസൂള്‍ നഗരവും അല്‍ നൂരി പള്ളിയും നേരത്തെതന്നെ അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. മൊസൂളിനടുത്തുള്ള ടെല്‍ അഫര്‍ നഗരവും ഐഎസിന് കൈമോശംവന്നു. സിറിയയിലാകട്ടെ റാഖ ഒഴിച്ചുള്ള ഭൂരിപക്ഷം നഗരങ്ങളും ഐഎസിന് നഷ്ടമായി. അലെപ്പോയുടെയും പാല്‍മീറയുടെയും ഹോംസിന്റെയും നിയന്ത്രണം ഐഎസില്‍നിന്ന് സിറിയന്‍സേന നേരത്തെതന്നെ ഏറ്റെടുത്തു. ഏറ്റവും അവസാനമായി കിഴക്കന്‍ സിറിയയില്‍ യൂഫ്രട്ടീസ് സമതലത്തിലുള്ള ഡിര്‍ എസ്സോര്‍ നഗരവും ഐഎസില്‍നിന്ന് സിറിയന്‍സേന പിടിച്ചെടുത്തു. ഇതോടെ സിറിയയിലെ ഏറ്റവും വലിയ എണ്ണപ്പാടമായ അല്‍ ഒമറിന്റെ നിയന്ത്രണവും അല്‍ അസദിന് ലഭിക്കുമെന്നര്‍ഥം. ഇനി ഇദ്ലിബ് പ്രവിശ്യയില്‍മാത്രമാണ് ഐഎസ് ഉള്‍പ്പെടെയുള്ള സിറിയന്‍ വിമതര്‍ക്ക് സ്വാധീനമുള്ളത്. മറ്റെല്ലാ പ്രദേശങ്ങളും സിറിയന്‍സേനയുടെ നിയന്ത്രണത്തിലായി.  

ബാഷര്‍ അല്‍ അസദിനെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ച് സ്വപ്നംകണ്ട അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യശക്തികളും ആഗ്രഹിക്കുന്നതല്ല സിറിയയിലെ ഈ മാറ്റം. ഉക്രെയ്ന്‍ വിഷയത്തിനുശേഷം റഷ്യ പാശ്ചാത്യ ചേരിക്കെതിരെ തിരിയുകയും അസദിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് സിറിയന്‍ യുദ്ധത്തിന്റെ ഗതിമാറാന്‍ ആരംഭിച്ചത്. റഷ്യയുടെ സജീവ പിന്തുണയ്ക്കു പുറമെ വിശാലമായ ഒരു ഐഎസ് വിരുദ്ധ സഖ്യത്തിന് രൂപം നല്‍കാനും റഷ്യ-സിറിയ കൂട്ടുകെട്ടിനു കഴിഞ്ഞു. സിറിയന്‍യുദ്ധം അതിന്റെ അന്ത്യത്തിലേക്ക് നീങ്ങുമ്പോള്‍ പശ്ചിമേഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങളാണ് മാറിമറിയുന്നത്. ഈ മേഖലയില്‍ അമേരിക്കയുടെ കവലച്ചട്ടമ്പിയായ ഇസ്രയേലാണ് ഏറ്റവും അരക്ഷിതമാകുന്നത്. ഒപ്പം സൌദി അറേബ്യയും. ഇറാന്റെ ഉയര്‍ച്ച തടയുന്നതിനുള്ള ഇസ്രയേലിന്റെയും സൌദിയുടെയും കരുനീക്കങ്ങളാണ് സിറിയയില്‍ അസദിന്റെ മുന്നേറ്റത്തോടെ തടയപ്പെട്ടത്. മേഖലയ്ക്ക് പ്രധാന ഭീഷണി ഇറാനാണെന്ന ഇസ്രയേലിന്റെയും സൌദിയുടെയും നയംതന്നെയാണ് അമേരിക്കയ്ക്കുമുള്ളത്. 'മേഖലയിലെ എല്ലാ പ്രശ്നങ്ങള്‍ക്കു പിന്നിലും ഇറാനെ' കാണാമെന്ന അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെ പ്രസ്താവനതന്നെ ഇതിന് അടിവരയിടുന്നു. എന്നാല്‍, മാറ്റിസ് മറന്നുപോകുന്നത് സെപ്തംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനുനേരെ ആക്രമണം നടത്തിയവര്‍ക്കു പിന്നിലുണ്ടായിരുന്നത് സൌദിയാണെന്ന കാര്യമാണ്. പാശ്ചാത്യലോകത്തെയാകെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് ഇറാനല്ല മറിച്ച് അവരുടെ ആജന്മശത്രുവായ ഐഎസാണെന്ന കാര്യവും മാറ്റിസ് ബോധപൂര്‍വം മറക്കുകയാണ്.

അസദിന്റെ വിജയം തടയാന്‍ ഐഎസിനെ സഹായിക്കുംവിധം സിറിയന്‍ സേനയ്ക്കുനേരെ ബോംബാക്രമണം നടത്താനും പരിക്കേറ്റ ഐഎസ് ഭീകരവദികള്‍ക്ക് ചികിത്സാസൌകര്യം നല്‍കാനും ഇസ്രയേല്‍ തയ്യാറായിരുന്നു. മാത്രമല്ല, കുര്‍ദിഷ് സേനയ്ക്ക് പിന്തുണ നല്‍കാനും ഇസ്രയേല്‍ തയ്യാറായി. സ്വതന്ത്ര കുര്‍ദിസ്ഥാന്‍ സ്ഥാപിക്കപ്പെട്ടാല്‍ അത് സിറിയയെ മാത്രമല്ല, ഇറാനെയും തളര്‍ത്തുമെന്നായിരുന്നു ഇസ്രയേലിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, സ്വതന്ത്ര കുര്‍ദിസ്ഥാന്‍ സ്ഥാപിക്കുന്നതിനോട് സിറിയക്കോ ഇറാനോ ഇറാഖിനോ തുര്‍ക്കിക്കോ താല്‍പ്പര്യമില്ലെന്നതാണ് യാഥാര്‍ഥ്യം. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിനെ പിന്തുണച്ച് ഇസ്രയേല്‍ നടത്തിയ നീക്കങ്ങളാണ് ഇതോടെ പാളിയത്. 

ഐഎസിനേക്കാളും അപകടകാരിയാണ് അസദ് എന്ന ഇസ്രയേല്‍-സൌദി വാദത്തിന് നാള്‍കഴിയുന്തോറും പിന്തുണ കുറയുകയാണ്. ഇസ്രയേലിന് ഇപ്പോഴത്തെ ഭയംമുഴുവന്‍ ഗോലാന്‍കുന്നുകളുള്ള തെക്കന്‍ അതിര്‍ത്തിയെക്കുറിച്ചാണ്. സിറിയ- ലബനന്‍ അതിര്‍ത്തിയില്‍നിന്ന് ഐഎസ് ഉള്‍പ്പെടെയുള്ള വിമതരെ നിക്കംചെയ്യുന്നതോടെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബൊള്ള പടയാളികള്‍ ഗോലാന്‍കുന്ന് ഭാഗത്തേക്ക് കേന്ദ്രീകരിക്കുമെന്ന് ഇസ്രയേല്‍ ഭയപ്പെടുന്നു. 2006ലെ രണ്ടാം ലബനന്‍ യുദ്ധത്തില്‍ ഹിസ്ബൊള്ള ഇസ്രയേലിന്റെ മുന്നേറ്റം തടഞ്ഞിരുന്നു. പശ്ചിമേഷ്യയിലെ രണ്ടാമത്തെ ഏറ്റവും ശക്തമായ സേനയാണ് തങ്ങളുടേതെന്നാണ് ഹിസ്ബൊള്ള ഇപ്പോള്‍ അവകാശപ്പെടുന്നത്.  തെക്കന്‍ അതിര്‍ത്തിയില്‍ അമേരിക്കന്‍സേനയുടെ സാന്നിധ്യം ഇസ്രയേല്‍ ആഗ്രഹിച്ചെങ്കിലും പെന്റഗണ്‍ അതിനോട് അനുകൂലമായി പ്രതികരിച്ചില്ല. ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ സന്ദര്‍ശിച്ച് മോശമായ ബന്ധം വിളക്കിച്ചേര്‍ത്തെങ്കിലും അതിന് വേണ്ടത്ര ഊഷ്മളതയില്ലെന്ന് ഈ സംഭവം തെളിയിക്കുന്നു. തുടര്‍ന്ന് റഷ്യയിലെ കരിങ്കടല്‍തീര നഗരമായ സോച്ചിയില്‍ പോയി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ബെന്യാമിന്‍ നെതന്യാഹു കൂടിക്കാഴ്ച നടത്തിയെങ്കിലും അതും വിജയംകണ്ടില്ല. സിറിയയാണ് റഷ്യയുടെ 'തന്ത്രപ്രധാന പങ്കാളി'യെന്നു പറഞ്ഞ പുടിന്‍ ഇസ്രയേല്‍ 'പ്രധാന പങ്കാളി' മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, സിറിയക്കുനേരെയുള്ള യുദ്ധനീക്കത്തിന് ഇസ്രയേല്‍താവളമാക്കിയ ജോര്‍ദാനും റഷ്യന്‍ക്യാമ്പിലേക്ക് നീങ്ങുകയാണ്ഇപ്പോള്‍. സൌദിയെ പിന്തുണയ്ക്കുന്ന 'അല്‍ അറേബ്യ' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത് ജോര്‍ദാന്‍ സിറിയയുമായി അടുക്കാന്‍ ശ്രമം ആരംഭിച്ചെന്നാണ്. മാത്രമല്ല, ഇറാനുമായിപ്പോലും നല്ല ബന്ധമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഗാസയില്‍ ഭരണം നടത്തുന്ന ഹമ്മാസ് എന്നത് ഇസ്രയേലിന്റെയും സൌദിയുടെയും ഉറക്കംകെടുത്തുന്നു. അതായത്, പശ്ചിമേഷ്യയിലെ രാഷ്ട്രീയ ബലാബലം അടിമുടി മാറുകയാണ്. തുര്‍ക്കിയും സിറിയയും ഇറാഖും ഇറാനും ജോര്‍ദാനും ഗാസയും ലബനനും റഷ്യയും തമ്മിലുള്ള കൂട്ടുകെട്ടാണ് രൂപംകൊള്ളുന്നത്. ഖത്തറും ഈ പക്ഷത്തേക്ക് നീങ്ങുകയാണ്. മറുഭാഗത്താകട്ടെ സൌദിയും ഇസ്രയേലും തമ്മിലുള്ള സഹകരണമാണ് വളരുന്നത്. ഇതൊരു പരസ്യബന്ധമായി വളര്‍ന്നാല്‍ സൌദി ലോകമെമ്പടും പ്രചരിപ്പിക്കുന്ന വഹാബിസ്റ്റുകള്‍തന്നെ അതിനെതിരെ തിരിയുകയും ചെയ്യും

പ്രധാന വാർത്തകൾ
Top