19 June Tuesday

ജന്മാഷ്ടമി വെണ്ണക്കൊതിയല്ല; ഹിന്ദുത്വരാഷ്ട്രീയ പ്രയോഗം

കെ വി ശശിUpdated: Tuesday Sep 12, 2017

ഇന്ത്യന്‍ പൊതുബോധത്തിലൂടെ ആരാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്? ഇതിഹാസങ്ങളും സാഹിത്യങ്ങളും ധര്‍മസംഹിതകളും രാഷ്ട്രമീമാംസകളും ഭരണകൂടങ്ങളും ആചാരങ്ങളും ആഘോഷങ്ങളും ആരുടെ ആത്മകഥകളാണ്? ലോകാധികാരിയായ പുരുഷബ്രാഹ്മണന്‍. അവനാണ് ഇന്ത്യന്‍ പൊതുബോധത്തിലൂടെ സംസാരിക്കുന്നത്. അവന്റെ ആത്മകഥകളാണ് ഇതിഹാസങ്ങളും സാഹിത്യങ്ങളും രാഷ്ട്രമീമാംസകളും ധര്‍മശാസ്ത്രങ്ങളും. അതെ, അവനാണ് ഇന്ത്യയുടെ പുരുഷസൂക്തം. (അവള്‍ അല്ല.) കീഴാളര്‍/ദളിതര്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഈ സൂക്തങ്ങള്‍ അര്‍ഥരഹിതങ്ങളായിമാറുന്നു. ആത്മാവില്‍ തേളുകടിച്ചപോലെ ആല്‍ത്തറസന്യാസിമാര്‍ കോപിഷ്ഠരാകുന്നു. ചരിത്രം വേരടക്കം പിഴുതുമാറ്റി പണിയപ്പെടുന്നു. പുതിയ ലോകവും ലോകബോധവും ഉദിച്ചുവരുന്നു. അതെ, കീഴാള/ദളിത്ബോധം പുതിയൊരു ചരിത്രവും നിര്‍മാണശക്തിയുമാണ്. അത് ജനാധിപത്യത്തിന് പുതിയ കണ്ണുകള്‍ നല്‍കുന്നു. ജനാധിപത്യത്തിന്റെ ഈ പുതുചൈതന്യം സ്വീകരിക്കാന്‍ സൂക്ഷ്മബലിഷ്ഠ സ്പര്‍ശിനികള്‍കൂടിയേ കഴിയൂ.

ഭാവന ഭക്ഷിച്ച് ജീവിക്കുന്ന ജന്തുക്കളാണ് (സ്പീഷിസ്) മനുഷ്യര്‍. ഓര്‍മകളാണ് അതിന്റെ ചൈതന്യമണ്ഡലം. ഭാവനകളും ഓര്‍മകളും പൊട്ടിയമര്‍ന്ന് ഉരുവപ്പെടുന്ന അനുഭൂതികളുടെ സംഘാതമാണ് മനുഷ്യര്‍. ഭാവന സവിശേഷമായ യാഥാര്‍ഥ്യമാണ്. മനുഷ്യവല്‍ക്കരിക്കപ്പെട്ട യാഥാര്‍ഥ്യമെന്ന് മാര്‍ക്സ്.  ഫോയര്‍ബാഹിന്റെ മനുഷ്യസങ്കല്‍പ്പത്തെ വിമര്‍ശിക്കുന്ന മാര്‍ക്സിന്റെ കുറിപ്പുകളിലൊന്നില്‍, സാമൂഹ്യബന്ധങ്ങളുടെ സംഘാതമല്ലാതെ മറ്റൊന്നുമല്ല മനുഷ്യന്‍ എന്നു നിരീക്ഷണമുണ്ട്.

ഈ സാമൂഹ്യബന്ധം മനുഷ്യനെ ഭാവനാത്മകമായി ഇണക്കിച്ചേര്‍ക്കുന്ന ഭൌതികപ്രവര്‍ത്തനമാണ്. ഈ സാമൂഹിക ഭാവനാബന്ധമില്ലാതാകുന്നതോടെ മനുഷ്യര്‍ മണലിലെ നീര്‍ത്തുള്ളിപോലെ മാഞ്ഞുപോകും.  മനുഷ്യന്റെ സങ്കല്‍പ്പഗന്ധമില്ലാത്തൊരു മന്ത്രമുണ്ടോ വേദമന്ത്രമുണ്ടോ എന്ന വയലാര്‍പാട്ട് ഈ യാഥാര്‍ഥ്യത്തിന് അടിവരയിടുന്നു. സ്വപ്നങ്ങളില്ലായിരുന്നെങ്കില്‍ ഈ ലോകം നിശ്ചലവും ശൂന്യവുമായിരുന്നേനെ എന്നും വയലാര്‍.
ഇങ്ങനെ മനുഷ്യരെ ചമയ്ക്കുന്ന അതിവിപുലവും സങ്കീര്‍ണവുമായ ഭാവനാലോകങ്ങളും അനുഭൂതിസഞ്ചയങ്ങളുമാണ് ഇതിഹാസപുരാണങ്ങളും അനുബന്ധവ്യവഹാരങ്ങളും. സമൂഹം ഏറ്റെടുക്കുന്നതോടെ ഒരു ആശയം ഭൌതികശക്തിയായി തീരും. അങ്ങനെ, ആദ്യം ആശയങ്ങളുടെ കേവലരൂപമായും പിന്നീട് മൂര്‍ത്തഭൌതികയാഥാര്‍ഥ്യമായും മാനുഷ്യകത്തെ സാകല്യത്തില്‍ നിര്‍മിക്കുന്ന വ്യവഹാരമാണ് അനുഭൂതിലോകം. ആഖ്യാനങ്ങളും ആഘോഷങ്ങളും ആചാരങ്ങളും യാഥാര്‍ഥ്യങ്ങളുടെ നിര്‍മിതിയില്‍ സക്രിയമായി ഇടപെടുന്ന സവിശേഷരാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് ചുരുക്കം.

ജന്മാഷ്ടമി അത്തരമൊരു ഭാവനാലോകമാണ്; ആഖ്യാനവും ആഘോഷവുമാണ്. സൂക്ഷ്മാര്‍ഥത്തില്‍, ജനതയെ സ്വന്തം ഭാവനയില്‍ ഉരുക്കിവാര്‍ക്കുന്ന സങ്കീര്‍ണരാഷ്ട്രീയപ്രയോഗമാണത്. ജന്മാഷ്ടമി ആര്, ആരോട്, എപ്പോള്‍, എങ്ങനെ, എന്തിന് നടത്തുന്ന സംവേദനപ്രക്രിയയാണ്? തീര്‍ച്ചയായും അത് ആധുനികജനായത്തജീവിതത്തെ അഭിസംബോധന ചെയ്യുന്നില്ല. അമ്പാടിയിലെ പ്രേമസ്വരൂപനോ ഗോപീമനോഹരനോ വെണ്ണക്കൊതിയനായ കാലിച്ചെക്കനോ അല്ല. സ്വന്തം ഇച്ഛാശക്തിയില്‍ ലോകത്തെ ഉരുക്കിവാര്‍ക്കാന്‍ പോന്ന യുദ്ധരാഷ്ട്രതന്ത്രജ്ഞനായ സാക്ഷാല്‍ വിരാട്പുരുഷനെയാണ് ജന്മാഷ്ടമി ലക്ഷ്യമിടുന്നത്. അത് ഈ തന്ത്രജ്ഞന്റെ ജന്മദിനമാണ്. അതിന്റെ സൌന്ദര്യാത്മകരൂപകമാണ് അമ്പാടിക്കണ്ണന്‍. വിശ്വാസവും വിധേയത്വവും അനുസരണയുമാണ് അത് വിഭാവനം ചെയ്യുന്ന ലോകബോധം. സംശയിക്കാതെ സ്വീകരിക്കുന്ന ദാസജനതയാണതിന്റെ ലക്ഷ്യസമുദായം. ശ്രീകൃഷ്ണന്‍ വിഭാവനം ചെയ്യുന്ന ലോകമാണത്. അവിടെ സംശയമേ ഉണ്ടാകുന്നില്ല. സംശയിക്കുന്നവര്‍ നശിക്കും (സംശയാത്മാ വിനശ്യതി) എന്ന് അദ്ദേഹം ഭഗവദ്ഗീതയില്‍ അര്‍ജുനനെ സൌന്ദര്യാത്മകം ഭീഷണിപ്പെടുത്തുന്നുണ്ട്.

ഏതായാലും വിഷ്ണുവിന്റെ അവതാരമായി ഭാഗവതപുരാണം വിളിക്കുന്ന ശ്രീകൃഷ്ണനാണ് ജന്മാഷ്ടമിയിലെ കഥാപുരുഷന്‍. ഭാഗവതത്തിലാണ് ബാലലീലകള്‍ വിവരിക്കുക. ഭാരതത്തിലോ ഇതര ആഖ്യാനങ്ങളിലോ അല്ല. സാക്ഷാല്‍ ഭാഗവത കൃഷ്ണന്‍ ഇതിഹാസത്തിലെത്തുമ്പോള്‍ ലീലാതീതനും അനാദിമധ്യാന്തനുമായ വിരാട്പുരുഷരൂപത്തിലേക്ക് പരിണമിക്കുന്നു. ഇതാണ് കൃഷ്ണന്റെ രാഷ്ട്രീയരൂപം. ഇതിലേക്കുള്ള ഒരുക്കുടയാടകളാണ് അമ്പാടിക്കാലവും രൂപവും. ക്രിസ്തുവര്‍ഷം നാലാംനൂറ്റാണ്ടില്‍, ഗുപ്തരാജാക്കന്മാരുടെ കാലത്ത്, പ്രാചീനരൂപത്തില്‍ ചമയ്ക്കപ്പെട്ട ഗ്രന്ഥം കണ്ടെടുക്കപ്പെട്ടതായി കൊസാമ്പി സൂചിപ്പിക്കുന്നുണ്ട്. ഈ ഗ്രന്ഥം പില്‍ക്കാലത്ത് മഹാഭാരതത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇത് യുദ്ധതന്ത്രജ്ഞന്റെ പദവിയിലേക്കുള്ള അമ്പാടിക്കണ്ണന്റെ അധികാരപരിണാമം പൂര്‍ത്തിയാകുന്നു. ഉലകുസൃഷ്ടിച്ച് സംഭരിക്കുന്ന ഉഗ്രചൈതന്യമാണ് ഈ രൂപം.

കുരുക്ഷേത്രയുദ്ധത്തില്‍ സ്വജനഹത്യാവിഷാദത്തില്‍ വീര്യം നശിച്ച അര്‍ജുനനെ വീര്യവാനാക്കാനും വര്‍ണധര്‍മപാലനമെന്ന കടമയിലേക്കുണര്‍ത്താനും പോന്ന തന്ത്രശാലിയാണ് ഈ കൃഷ്ണന്‍. 18 അധ്യായങ്ങളില്‍ അറുനൂറ്റെട്ട് ശ്ളോകങ്ങളിലായി യുദ്ധഗീത ആഖ്യാനം ചെയ്യപ്പെടുന്നു. ഈ ആഖ്യാനത്തിലൂടെ ഉരുപ്പെട്ടുവരുന്ന കര്‍തൃത്വമാണ് ഉഗ്രരൂപിയായ ശ്രീകൃഷ്ണന്‍. സംശയിക്കുന്നവര്‍ നശിക്കും അതിനാല്‍ സംശയമുപേക്ഷിച്ച് വിശ്വാസം സ്വീകരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ തത്വശാസ്ത്രം. ഇത് രാസലീലയല്ല. രാഷ്ട്രീയസംഗരമാണ്.

യുദ്ധതന്ത്രജ്ഞനായ ഈ ഉഗ്രപ്രതാപിയാണ് ജന്മാഷ്ടമിയുടെ കേന്ദ്രം. രാഷ്ട്രീയതന്ത്രജ്ഞനും കര്‍മകോവിദനുമായ ഈ കൃഷ്ണനെ പൌരാണികഭൂതത്തിന്റെ അമ്പാടിക്കാലമെന്ന ഗൃഹാതുരത്വംകൊണ്ട് വൃത്തിവല്‍ക്കരിച്ച് കെട്ടിയുണ്ടാക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനമാണ് അതുകൊണ്ട് ജന്മാഷ്ടമി ആഘോഷങ്ങളുടെ  നിശിതമായ ഒരര്‍ഥം. ജന്മാഷ്ടമി ഇന്ന് കേവലം ഒരു ആഘോഷമല്ല; ബ്രാഹ്മണികരാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനരീതിയാണ്.
എന്താണതിന്റെ രീതിപദ്ധതി? പാര്‍ഥസാരഥി 680 ശ്ളോകങ്ങളിലൂടെ എന്താണ് ചെയ്തത്? നാനാതരം ശബ്ദങ്ങള്‍, നാനാതരം വാദങ്ങള്‍, സമീപനങ്ങള്‍, കാഴ്ചകള്‍ എല്ലാമടങ്ങിയ അനേകം അടരുകളുള്ള, എന്നാല്‍ ഏകസ്വഭാവമോ മുറുക്കമോ ഇല്ലാത്ത അത്യധികം അയഞ്ഞ ഘടനയുള്ള കൃതിയാണ് ഗീത. രീതിശാസ്ത്രനിഷ്ഠ അതില്‍ കാണാനില്ല. പലതരം കാഴ്ചകളുടെ മ്യൂസിയം എന്നേ വിളിക്കാനാകൂ. കോളനീകരണത്തിനുമുമ്പ് അത് ഒരു ഹിന്ദുമതഗ്രന്ഥമേ ആയിരുന്നില്ല. (ഹിന്ദുമതം എന്ന ഒരു മതമേ ഇല്ലല്ലോ എന്ന് ഗുരു. ഹിന്ദു ഒരു തര്‍ജമപ്പിശകെന്ന് അംബേദ്കര്‍) ഒരു പടപ്പാട്ട്. അത്രമാത്രം. ഇതിന് നാരായണഗുരുവിന്റെയും അംബേദ്കറുടെയും സമീപനങ്ങള്‍തന്നെ തെളിവ്. ഇരുവരും അതിനെ തങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായി ചിന്താജീവിതത്തിലൊരിക്കലും സ്വീകരിക്കുന്നില്ല.

ധര്‍മത്തിന് നാശവും അധര്‍മത്തിന് ഉയര്‍ച്ചയും ഉണ്ടാകുമ്പോഴെല്ലാം ധര്‍മസംരക്ഷണാര്‍ഥം താന്‍ അവതരിക്കുമെന്ന് കൃഷ്ണന്‍ പ്രഖ്യാപിക്കുന്നുണ്ട്. ഈ ധര്‍മത്തിന്റെ സ്വഭാവമെന്താണ്? വര്‍ണാശ്രമധര്‍മം എന്നാണ് ഇവിടെ ധര്‍മത്തിന്റെ വിവക്ഷ. ചാതുര്‍വര്‍ണ്യത്തിന്റെ ധര്‍മപാലനമാണ് ശ്രീകൃഷ്ണന്റെ ലക്ഷ്യമെന്ന് സാരം.  ഈ ചാതുര്‍വര്‍ണ്യവ്യവസ്ഥയാണ് വര്‍ണവ്യവസ്ഥയില്‍പ്പെടുന്ന ശൂദ്രനെയും വര്‍ണവ്യവസ്ഥയ്ക്ക് പുറത്തുള്ള കീഴാളരെയും സ്ത്രീകളെയും മനുഷ്യരായി ജീവിക്കാന്‍ അനുവദിക്കാതെ അടിമകളാക്കി ഭരിച്ചത്. തരുണീപാദജഗര്‍ഹിണീ സ്മൃതി എന്ന് ആശാന്‍. ഇക്കാര്യങ്ങള്‍ 18-ാം അധ്യായത്തില്‍ പലപാട് ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്.

    സര്‍വധര്‍മാന്‍ പരിത്യജ്യ
    മാമേകം ശരണം വ്രജ
    അഹം ത്വാ സര്‍വപാപേഭ്യോ
    മോക്ഷയിക്ഷ്വാമി മാ ശുചഃ

(എല്ലാ ധര്‍മങ്ങളും ഉപേക്ഷിച്ച് എന്നില്‍മാത്രം അഭയം തേടുക. ഞാന്‍ നിന്നെ സമസ്ത പാപങ്ങളില്‍നിന്നും മോചിപ്പിക്കും)  ഏതു പ്രതിസന്ധിയിലും യുദ്ധം ചെയ്യുകയാണ് ക്ഷത്രിയന്റെ ധര്‍മം. അതില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ധര്‍മവിരുദ്ധമാണെന്ന് കൃഷ്ണന്‍ അര്‍ജുനനെ ഓര്‍മപ്പെടുത്തുന്നു. വര്‍ണാശ്രമധര്‍മപാലനമാണ് ഗീതയുടെ ധര്‍മം; ഈ ധര്‍മത്തിന്റെ രൂപകമാണ് കൃഷ്ണന്‍. ഇത് സാധൂകരിക്കുന്നതിനുള്ള തന്ത്രമായാണ് ഇതര സന്ദര്‍ഭങ്ങളില്‍ ജ്ഞാന- കര്‍മ- ദര്‍ശനങ്ങള്‍ ആവര്‍ത്തിക്കുന്നത്. വര്‍ണവ്യവസ്ഥയുടെ പുറത്തുള്ള കീഴാളരെയും സ്ത്രീകളെയും ജന്മാഷ്ടമിവ്യവഹാരം അദൃശ്യമാക്കുകയോ അവമതിക്കുകയോ ചെയ്യുന്നു. മറ്റ് വാക്കുകളില്‍, കീഴാളരെയും സ്ത്രീകളെയും ചരിത്രത്തില്‍നിന്ന് പുറത്താക്കുന്ന വ്യവഹാരമാണ് ജന്മാഷ്ടമി ആഘോഷം. അങ്ങനെ ബ്രാഹ്മണികവ്യവഹാരങ്ങളെ സൌന്ദര്യവല്‍ക്കരിച്ച് സ്വാഭാവികവും ആധികാരികവുമാക്കി സാധൂകരിക്കുന്നു ഈ ജന്മാഷ്ടമിവ്യവഹാരം എന്നു പറയാം. ഇത് നിശിതജാഗ്രത ആവശ്യപ്പെടുന്ന രാഷ്ട്രീയപ്രവര്‍ത്തനമാണ്. വിശിഷ്യ ജനായത്തസംസ്കൃതിയില്‍ പ്രതിവാദികളെ കൊന്നൊടുക്കി യുദ്ധം ജയിക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സന്ദര്‍ഭത്തില്‍.

അതുകൊണ്ട്, ഇന്ത്യയുടെ പൊതുബോധത്തെയും പൊതുമണ്ഡലത്തെയും അബ്രാഹ്മണികരിക്കാനുള്ള രാഷ്ട്രീയപ്രവര്‍ത്തനം, സമൂഹത്തെയും സംസ്കാരത്തെയും ജനായത്തവല്‍ക്കരിക്കുന്ന പ്രക്രിയയുടെ ആദ്യപടിയാണ് എന്നു പറയാം *

(മലയാളം സര്‍വകലാശാല സംസ്കാര-
പൈതൃക പഠനം അസി. പ്രൊഫസറാണ് ലേഖകന്‍)

പ്രധാന വാർത്തകൾ
Top