Top
22
Thursday, June 2017
About UsE-Paper

വരാഹാവതാരം വരുന്നുണ്ട്

Monday Jun 12, 2017
ശതമന്യു

കേരളം 'പിടിക്കാന്‍വന്ന' അമിത്ഷാജി നേരെ ഉത്തരേന്ത്യയില്‍ചെന്ന് ഗാന്ധിജിയുടെ ജാതിയില്‍ കയറിപ്പിടിച്ചെങ്കില്‍ കുമ്മനത്തിന്റെ കഴിവിനെയാണ് അംഗീകരിക്കേണ്ടത്. ജാതിയും മതവും നോക്കി  ചുട്ടികുത്താനും പാകിസ്ഥാനിലേക്ക് വഴിചൂണ്ടിക്കാട്ടാനും കലാപത്തിന് ഇറക്കിവിടാനുംമാത്രമേ ഇന്നലെവരെ അമിത്ഷാജിക്ക് താല്‍പ്പര്യമുണ്ടായിരുന്നുള്ളൂ. ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അതിസമര്‍ഥനായ ബനിയ സമുദായക്കാരനാണെന്ന് നേരിട്ട് പറയുന്ന തലത്തിലേക്ക്  ആ മാനസികാവസ്ഥ ഉയര്‍ന്നിരിക്കുന്നു. ദളിതര്‍ക്ക് ഉത്തരേന്ത്യയിലെ സംഘകാര്യാലയങ്ങളില്‍ അയിത്തമാണെന്ന് ആരോപിക്കുന്നത് നരകസാകേതത്തിന്റെ ഉള്ളറയില്‍നിന്ന് പുറത്തുവന്നവര്‍തന്നെയാണ്്. പുരുഷസൂക്തത്തിന്റെ കൊടിപിടിച്ച് ബ്രാഹ്മണന് സര്‍വോന്നതസ്ഥാനം കല്‍പ്പിച്ച് പ്രതിഷ്ഠിക്കുന്നതും 'കാല്‍പ്പാദമാകുന്ന' ശൂദ്രനുതാഴെ മനുഷ്യസ്ഥാനംപോലുമില്ലാതെ ദളിതനെയും പിന്നോക്കസമുദായക്കാനെയും തള്ളുന്നതാണ് സംഘന്യായം. ദളിതരെ പട്ടിയോടുപമിച്ചത് അതിന്റെ ബലത്തിലാണ്. ആ നിലയ്ക്ക്് ഓരോരുത്തരെയും ജാത്യാടിസ്ഥാനത്തില്‍ വിഭജിച്ച് തൊഴിലിനും സാമര്‍ഥ്യത്തിനും വിലയിടുന്നത് അമിത്ഷാജിയുടെ ഉത്തരവാദിത്തംതന്നെ.

ഗാന്ധിജിയെ കൊന്നതിന്റെ കാരണവും ജാതിയാണോ എന്ന് ഇനി തെളിയണം. ബനിയ എന്നത് വൈശ്യ സമുദായമാണ്. കച്ചവടം നടത്തുന്നവരാണ് ബനിയ സമുദായക്കാര്‍.  ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും 'താഴെ'യുള്ള 'സമര്‍ഥനായ ബനിയ'യെ രാഷ്ട്രത്തിന്റെ പിതാവായി അംഗീകരിക്കാനുള്ള വിഷമംകൊണ്ടാണോ ഗാന്ധിജിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തത് എന്ന് അമിത്ഷാജിയുടെ പൂര്‍വികരോട് ചോദിക്കേണ്ടതുണ്ട്. ഗോഡ്സേയ്ക്ക് ക്ഷേത്രം പണിയുന്ന തിരക്കില്‍ നവ സംഘികള്‍ക്ക് അതിന് സമയമുണ്ടായെന്നുവരില്ല.

കോണ്‍ഗ്രസ്, ബ്രിട്ടീഷുകാര്‍ തുടങ്ങിയ അസോസിയേഷനാണ് എന്ന് ബിജെപി അധ്യക്ഷന് തോന്നുന്നത് ഗാന്ധിജിയെയും രാഹുല്‍ ഗാന്ധിയെയും ഒരു ചരടില്‍ കെട്ടിയതുകൊണ്ടാകാം. ഗാന്ധിയുടെ കൊച്ചുമോനാണ് രാഹുല്‍ എന്ന് ആരെങ്കിലും പറഞ്ഞുകൊടുത്തിട്ടുണ്ടാകണം. ഹിന്ദുമഹാസഭക്കാരും പൂര്‍വകാല സംഘികളും ബ്രിട്ടീഷുകാരന്റെ പാദപൂജചെയ്തും മാപ്പ് എഴുതിയും സ്വാതന്ത്യ്രസമരത്തെ ഒറ്റുകൊടുക്കുമ്പോള്‍ ഗാന്ധിജിയെയും നെഹ്റുവിനെയും തിലകനെയും എ കെ ജിയെയും ഇ എം എസിനെയുംപോലെ കുറെ ആളുകള്‍ കോണ്‍ഗ്രസിന്റെ കൊടിയും പിടിച്ച് രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടിയിരുന്നു.  പി  കൃഷ്ണപിള്ള എന്ന കോണ്‍ഗ്രസുകാരന്‍ തല്ലുകൊണ്ട് വീണിട്ടും കോണ്‍ഗ്രസിന്റെ പതാക മാറോടടുക്കി വന്ദേമാതരം മുഴക്കിയിരുന്നു. ഹൊഷിയാപുര്‍ ജില്ലാകോടതി കെട്ടിടത്തിന്റെ മുകളില്‍ കയറി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ യൂണിയന്‍ജാക്ക് വലിച്ച് ദൂരെക്കളഞ്ഞ് മൂവര്‍ണക്കൊടി ഉയര്‍ത്തിയ ഹര്‍കിഷന്‍സിങ് സുര്‍ജിത് കോണ്‍ഗ്രസുകാരനായിരുന്നു. പതിനാറ് വയസ്സുള്ള ആ ധീരനുനേരെ ചീറിപ്പാഞ്ഞ വെടിയുണ്ടകള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റേതായിരുന്നു.

ആ കോണ്‍ഗ്രസല്ല പിന്നീടുള്ള കോണ്‍ഗ്രസ് എന്ന് സുര്‍ജിത്തും ഇ എം എസും എ കെ ജിയുമെല്ലാം അമിത്ഷാ ജനിക്കുന്നതിനുമുമ്പ് മനസ്സിലാക്കിയിട്ടുണ്ട്. ഗാന്ധിജിയും അത് മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്യ്രാനന്തരം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മാവ് നിര്‍ദേശിച്ചത്. അത് സ്വാതന്ത്യ്രസമരം നയിച്ച കോണ്‍ഗ്രസിലെ ആരെങ്കിലും  സവര്‍ക്കറെപോലെ മാതൃരാജ്യത്തെ ഒറ്റുകൊടുത്തതുകൊണ്ടല്ല; അന്നത്തെ കോണ്‍ഗ്രസ് ബ്രിട്ടീഷുകാരുടെ താല്‍പ്പര്യപ്രകാരം പ്രവര്‍ത്തിച്ച അസോസിയേഷനായതുകൊണ്ടുമല്ല.  അമിത്ഷാജിക്ക് ജാതിയേ അറിയൂ; ചരിത്രമറിയില്ല. ഇന്നുകാണുന്ന നെറികെട്ട കോണ്‍ഗ്രസിനെയേ അറിയൂ; സ്വാതന്ത്യ്രസമരം നയിച്ച കോണ്‍ഗ്രസിനെ അറിയില്ല. ഗോഡ്സെയെ മാത്രമേ അറിയൂ; ഗാന്ധിജിയെ അറിയില്ല. ഗാന്ധി എന്ന് കേള്‍ക്കുമ്പോള്‍ ഏത് ജാതി എന്ന് തിരക്കുന്ന ദുരന്തസംഘികളുടെ കൂട്ടത്തില്‍ ബിജെപിയുടെ അഖിലേന്ത്യാ അധ്യക്ഷനുമുണ്ട് എന്നതില്‍ അതിശയം വേണ്ടതില്ല എന്നര്‍ഥം.

അമിത്ഷാജിയുടെ വിവരം അളന്നിട്ട് വലിയ കാര്യമില്ല. ഏതാണ്ട് അതേ നിലവാരത്തിലുള്ള ജഡ്ജിമാര്‍വരെയുണ്ട് ഹരിയാനയിലുംമറ്റും. അടുത്തൂണ്‍ പറ്റിയതിന് തൊട്ടുപിന്നാലെ ഒരു ജഡ്ജി മയിലിന്റെ ഇണചേരലിനെക്കുറിച്ചാണ് ഗവേഷണപ്രബന്ധം അവതരിപ്പിച്ചത്. കോളേജില്‍ സസ്യശാസ്ത്രം പഠിച്ച ജഡ്ജി മയിലിനെ മുരുകന്റെ വാഹനമായിട്ടേ കണ്ടിട്ടുള്ളൂ. പീലിവിടര്‍ത്തി പിടയുടെ മുതുകില്‍ ചവിട്ടി മിനിറ്റുകള്‍ ഇടവിട്ട് പലവട്ടം ഇണചേരുന്ന ആണ്‍മയിലിനെ കാണാനോ മനസ്സിലാക്കാനോ പാവത്തിന് കഴിഞ്ഞിട്ടില്ല. പീലി കുടപോലെ നിവര്‍ത്തിപ്പിടിച്ചാണ് മയിലുകളുടെ അതിവേഗസംഗമം എന്നതുകൊണ്ട്  സംഗതി മനസ്സിലായിട്ടുമുണ്ടാകില്ല. ആണും പെണ്ണും കൊക്കുരുമ്മി നടത്തുന്ന ചേഷ്ടകള്‍ കണ്ണീര്കുടിയാണെന്ന് ധരിച്ച ജഡ്ജിയും പശുവിനെ അമ്മയും ദൈവവുമായി കരുതണം എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന ജഡ്ജിയും പക്ഷേ, അമിത്ഷായ്ക്ക് സമന്മാരല്ല. അവയൊക്കെ പാവങ്ങളുടെ വിശ്വാസമാണ.് അവരെയുള്‍പ്പെടെ ആ വിശ്വാസമാണ് ശരി എന്ന് ബോധ്യപ്പെടുത്താന്‍ കഴിയുന്ന രാഷ്ട്രീയസാമര്‍ഥ്യമാണ് അമിത്ഷാജിയുടേത്. അതുകൊണ്ട് ഗാന്ധിജിയെ ജാതിപ്പേര് വിളിച്ചതില്‍ ആശ്ചര്യമൊന്നുമില്ല. കേരളത്തില്‍ വട്ടപ്പൂജ്യമായിരിക്കുമ്പോഴും, 'ജാതി ചോദിച്ചാലെന്താ' എന്ന ചോദ്യത്തിന്റെ മഹത്വം കുമ്മനം പറഞ്ഞുകൊടുത്തിട്ടുണ്ട്.  കുടത്തില്‍ എത്ര കല്ലും പണവും  നിക്ഷേപിച്ചാലും കേരളത്തില്‍ ഭരണം മൊത്തിക്കുടിക്കാനാകില്ല എന്ന ബോധ്യമുണ്ടെങ്കിലും കുമ്മനത്തില്‍ നിന്ന് സ്വാംശീകരിച്ച നാവിന്റെ ബലം അമിത്ഷായുടെ വാക്കുകളെ മെച്ചപ്പെടുത്തുന്നുണ്ട്.
---------------------
പയ്യന്നൂരില്‍ മിനിലോറിയില്‍ പശുവിനെ കെട്ടി വന്ദേ'ഗോ'മാതരം എന്നുവിളിച്ച് തൊഴുകൈയോടെ നില്‍ക്കുന്ന സംഘികളെ കഴിഞ്ഞ ദിവസം കണ്ടു. പശുവിനെ തൊട്ടാല്‍ തൊട്ടവന്റെ കൈ വെട്ടുമെന്നാണ് ഗോസംരക്ഷകരുടെ പ്രഖ്യാപനം. അത് ഒരുവഴിക്ക് നടക്കുമ്പോള്‍ ബീഫിന് കേരളത്തില്‍ മുടിഞ്ഞ ഡിമാന്റാണ്. മുക്കിലും മൂലയിലും ബീഫ്ഫെസ്റ്റ് നടക്കുന്നു. ഇത് കണ്ടിട്ടാകണം മേഘാലയയിലെ ബിജെപിക്കാര്‍ക്ക് ആവേശം കയറിയത്.

മേഡി സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് വിലക്കില്‍ പ്രതിഷേധിച്ചാണ്് മേഘാലയയില്‍ ബിജെപിക്കാര്‍തന്നെ ബീഫ്ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.  മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കാവിക്കൊടി വലിച്ചെറിഞ്ഞ് കാര്യാലയംവിട്ട് പുറത്തേക്ക് പോകുകയാണ്. രാജിക്ക് പിന്നാലെ രാജി. നേതാക്കള്‍ മാത്രമല്ല, പ്രവര്‍ത്തകരും കളം വിടുന്നു. ഒറ്റയടിക്ക് അരലക്ഷം പ്രവര്‍ത്തകരാണത്രെ സലാം പറഞ്ഞത്. എന്റെ ഭക്ഷണം എന്റെ സ്വാതന്ത്യ്രം എന്ന മുദ്രാവാക്യം അവിടെ ബിജെപിയില്‍നിന്നാണ് ഉയരുന്നത്. അമിത്ഷാ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

ഗോമാതാവിന് പിന്നാലെ മത്സ്യാവതാരത്തില്‍ കേന്ദ്രം കൈവച്ചിട്ടുണ്ട്. അലങ്കാരമത്സ്യം വളര്‍ത്തി വിറ്റ് ജീവിക്കുന്നവര്‍ക്ക് ഇനി കഷ്ടകാലമാണ്. വീട്ടില്‍ വളര്‍ത്തുന്ന സ്വര്‍ണമത്സ്യവും ഗപ്പിയും ഏഞ്ചലും ഇനി നാട്ടില്‍ കാണാന്‍പറ്റാത്തവയാകും എന്ന് കരുതണം. ദശാവതാരങ്ങളില്‍ ഒന്നായ മത്സ്യത്തെ പിടിക്കരുത് എന്നും തിന്നരുതെന്നും സംഘിബുദ്ധിയില്‍ എന്നാണിനി വാശിജനിക്കുക്കുന്നത്  എന്നേ നോക്കാനുള്ളൂ. അതുംകൂടിയായാല്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതം സുരഭിലമാകും. ബ്രഹ്മാവിന്റെ നാസാദ്വാരത്തില്‍നിന്ന് പുറത്തുചാടി വളര്‍ന്നുവലുതായി തേറ്റയില്‍ ഭൂമിയെ ഉയര്‍ത്തിയ അവതാരമാണ് വരാഹം എന്ന് പുരാണം. ഹിരണ്യരാക്ഷസനെ കൊന്ന വരാഹമൂര്‍ത്തിയാണ് പന്നിയെന്ന് സാരം. ആ പന്നിയെ ചെളിയില്‍ വളര്‍ത്താനും മാലിന്യം തീറ്റിക്കാനും തലയ്ക്കടിച്ച് കൊല്ലാനും വേവിച്ച് തിന്നാനും പാടില്ല എന്ന ആജ്ഞ നാഗ്പുരില്‍ തയ്യാറാകുന്നുണ്ടോ എന്നും ചിന്തിക്കണം.

പശുവും മത്സ്യവും പന്നിയുമെല്ലാം വല്യവല്യ ജന്മങ്ങളാണെന്ന് പറയാം. പട്ടി എന്ത് പിഴച്ചു എന്നതാണ് പുതിയ ചോദ്യം. പട്ടിയെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം വരുന്നു എന്നാണ് ഒടുവിലത്തെ വാര്‍ത്ത. വീട്ടില്‍ പോറ്റുന്ന പട്ടിക്ക് ചിപ്പ്ഘടിപ്പിക്കാം. നാട്ടിലാകെ പട്ടികളുണ്ട്. അവയെ എങ്ങനെ നിയന്ത്രിക്കും എന്നുകൂടി പറയേണ്ടതുണ്ട്. പേപ്പട്ടിശല്യമാണ് രാജ്യത്തിന്റെ ഇന്നത്തെ വലിയ പ്രശ്നം. ചിലര്‍ അതിനെ ഫാസിസ്റ്റ് അധിനിവേശം എന്ന് വിളിക്കുന്നത് കഷ്ടമാണ്. കെ സുരേന്ദ്രനെപ്പോലുള്ളവര്‍ക്ക് വിഷമമാകും. ഒരു ഫാസിസ്റ്റും താന്‍ ഫാസിസ്റ്റ് ആണെന്ന് പറയാറില്ല. സമനില തെറ്റിയ നിരപരാധികള്‍ക്ക് ക്രൂരസമൂഹം നല്‍കുന്ന പേരാണ്  ഭ്രാന്തനെന്ന വിളി. എനിക്ക് ഭ്രാന്തില്ല എന്ന് ആ പാവങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കും. താന്‍ പോഴനല്ല എന്ന് കെ സുരേന്ദ്രന്‍ പറയുന്നുണ്ട്. പോഴന്മാരുടെ വാക്കുകേട്ട് പൊലീസ് പേടിക്കുമെന്ന് കരുതുന്ന സംഘികള്‍ ഉണ്ട്. 'നിങ്ങള്‍ക്ക് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന കുട്ടികളില്ലേ, വീട്ടില്‍ ഭാര്യയും മക്കളും തനിച്ചാകാറില്ലേ'  എന്നെല്ലാമോര്‍മിപ്പിച്ച് കണ്ണൂരിലെ പൊലീസുദ്യോഗസ്ഥര്‍ക്ക് ‘ഭീഷണിക്കത്തയച്ചത് അത്തരക്കാരാണ്. തലശേരിയിലെ ഫസല്‍വധം ആര്‍എസ്എസ് ആസൂത്രണംചെയ്ത് നടത്തിയതാണെന്ന കുപ്പി സുബീഷ് എന്ന കുറ്റവാളിയുടെ മൊഴി രേഖപ്പെടുത്തിയ ഉദ്യാഗസ്ഥര്‍ക്കെതിരെ കെ സുരേന്ദ്രന്റെ പരസ്യഭീഷണി. 'സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളും ഒരുപോലെയാണ്; മൈന്‍ഡ് ഇറ്റ്'  എന്നാണ്.  കാക്കിയഴിക്കുമ്പോള്‍  മൂക്ക് ചെത്തിക്കളയുമെന്ന് മലയാളം. സംഘപരിവാറിനെതിരെ അന്വേഷണത്തിനോ നടപടിക്കോ പൊലീസുകാര്‍ നില്‍ക്കരുതെന്ന്. സുരേന്ദ്രന്‍ പോഴനാണെന്നൊന്നും പറയുന്നില്ല. അഹങ്കാരത്തിന്റെ ആനപ്പുറത്തു കയറിയ കഴുതയ്ക്ക് പോഴന്‍ എന്ന പര്യായമില്ല. കൊല്ലും, കത്തിക്കും, കഴുവേറ്റും എന്നൊക്കെയുള്ള ഭീഷണിക്കുമുന്നില്‍ വീഴുന്ന പൊലീസുകാരെമാത്രം പരിചയമുള്ളതിന്റെ കുഴപ്പത്തെ പോഴത്തമെന്ന് വിളിച്ച് പോഴന്മാരെ അപമാനിക്കാന്‍ താല്‍പ്പര്യവുമില്ല.
----------
പൊലീസുദ്യോഗസ്ഥര്‍ ആത്മകഥയെഴുതിയാല്‍ അവശിഷ്ട കോണ്‍ഗ്രസും തകരുമെന്നാണ് തോന്നുന്നത്. സര്‍വീസിലുള്ള ജേക്കബ് തോമസും പെന്‍ഷന്‍ പറ്റിയ സിബി മാത്യൂസും ആഞ്ഞടിച്ചത് കാണുമ്പോള്‍, പരസ്പരം പാരവയ്ക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലുണ്ടായിരുന്ന പ്രാഗല്‍ഭ്യത്തെ വാഴ്ത്താതെ തരമില്ല. കരുണാകരനെ ഉമ്മന്‍ചാണ്ടിയാണ് തകര്‍ക്കാന്‍ ശ്രമിച്ചതെങ്കില്‍,   പി ജെ കുര്യനെ സൂര്യനെല്ലിക്കേസില്‍ കുടുക്കാന്‍ ആഭ്യന്തരമന്ത്രിയായകാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചെന്നാണ്  മുന്‍ ഡിജിപി സിബി മാത്യൂസിന്റെ വെളിപ്പെടുത്തല്‍. പേര് നേരില്‍ പറയുന്നില്ല എന്നേയുള്ളൂ. സ്വന്തം  പാര്‍ടി നേതാക്കളെ കുരുക്കാന്‍ ഈ പണികള്‍ നടത്തിയവര്‍ ചന്ദ്രശേഖരന്‍, ഷുക്കൂര്‍, ഫസല്‍ കേസുകളില്‍ എന്തൊക്കെ ചെയ്തിട്ടുണ്ടാകില്ല എന്ന് അന്വേഷിക്കുന്നതാണുത്തമം. ലീഡറെ വീഴ്ത്താന്‍ പൊലീസിനെ ദുരുപയോഗിച്ചവര്‍ക്ക് സിപിഐ എം നേതാക്കളെ കുരുക്കാന്‍ അതിനേക്കാള്‍ നാറുന്ന കുളത്തില്‍ നീന്താനാണോ പ്രയാസം *