20 July Friday

അവകാശ സംരക്ഷണത്തിന് ഖാദിത്തൊഴിലാളികള്‍

സി കൃഷ്ണന്‍Updated: Wednesday Oct 11, 2017

നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഖാദിമേഖല ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംരക്ഷിത വ്യവസായമെന്ന നിലയില്‍നിന്നു മാറി മൂലധന ശക്തികള്‍ക്ക് സ്വൈരവിഹാരം നടത്താനുതകുന്ന മേഖലയായി ഖാദിയെ മാറ്റുകയാണ്. ഖാദി ബ്രാന്റ് ഉപയോഗിക്കാന്‍ റിലയന്‍സിന് അനുമതി നല്‍കി. പരമ്പരാഗത ഖാദിയുടെ ഗുണമേന്മഅവകാശപ്പെടാന്‍ കഴിയാത്ത മില്‍ഖാദി ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം വില്‍പ്പന നടത്തി ഖാദിയുടെ അടിത്തറതന്നെ തകര്‍ക്കുന്നു.

കേരളത്തില്‍ 1957ലെ ഇ എം എസ് മന്ത്രിസഭ മുതല്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോഴൊക്കെ ഖാദിയെ സംരക്ഷിച്ചിട്ടുണ്ട്. എപ്പോഴെല്ലാം ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴെല്ലാം ഖാദിത്തൊഴിലാളികള്‍ക്ക് ഗുണമുണ്ടായിട്ടുണ്ട്. കേവലം പിള്ളേരായി ചിത്രീകരിച്ചവരെ തൊഴിലാളികളായി അംഗീകരിച്ച് മിനിമം കൂലി പ്രഖ്യാപിച്ചതും അത് നല്‍കാന്‍ പൂരക വരുമാന പദ്ധതി നടപ്പാക്കിയതും ഇടതുപക്ഷ സര്‍ക്കാരാണ്. ഇതെല്ലാം ഖാദിത്തൊഴിലാളികളുടെ പോരാട്ടത്തിന്റെ ഭാഗമായി ഇടതു സര്‍ക്കാരുകള്‍ അനുവദിച്ചതാണ്.

ഈ നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും കേരളത്തിലെ ഖാദിമേഖലയും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ഖാദി ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ സാമൂഹ്യ ഉത്തരവാദിത്തമാണെന്നും സാമൂഹ്യ സുരക്ഷാ പദ്ധതികളെന്ന നിലയില്‍ പരമ്പരാഗത വ്യവസായ സംരക്ഷണം ഏറ്റെടുക്കുമെന്നും പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2017-18 വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കി.

രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെ മഹാഭൂരിപക്ഷം വരുന്ന സ്ത്രീത്തൊഴിലാളികള്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഏറെ ക്ളേശം സഹിച്ചാണ് ചര്‍ക്ക തിരിക്കുന്നത്. കൈ കൊണ്ട് തിരിക്കുന്നതിനു പകരം മോട്ടോര്‍ ഘടിപ്പിക്കേണ്ടത് അടിയന്തരമായും നടപ്പാക്കേണ്ടതാണ്. ഇതിന് ഖാദി കമീഷന്‍ പറയുന്ന തടസ്സം കൈകൊണ്ടു തിരിക്കുന്നതും കൈകൊണ്ട് നെയ്യുന്നതുമാണ് ഖാദിയെന്നാണ്. ഒരു ചര്‍ക്കയില്‍നിന്ന് ആയാസരഹിതമായി ഒറ്റനൂല്‍ മാത്രമെടുക്കുന്ന സമയത്താണ് 1956ല്‍ ഖാദിയുടെ നിര്‍വചനമുണ്ടായത്. ഇപ്പോള്‍ ഇരുമ്പുചര്‍ക്കയില്‍നിന്ന് എട്ടു നൂല്‍ ആയാസകരമായി തിരിക്കുമ്പോള്‍ അധ്വാനഭാരം ലഘൂകരിക്കാന്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ അത്യാവശ്യമാണ്. 1956ലെ പശ്ചാത്തല ഭൌതികസൌകര്യമല്ല ഇന്നത്തേത്. ശാസ്ത്രസാങ്കേതിക വിജ്ഞാനങ്ങള്‍ അനുനിമിഷം വികസിക്കുമ്പോള്‍ 90 വര്‍ഷം മുമ്പുള്ള അതേ രീതിയില്‍ ഖാദിത്തൊഴിലാളികള്‍ ചര്‍ക്ക തിരിക്കണമെന്നു പറയുന്ന ഖാദി കമീഷന്‍ നിലപാട് അംഗീകരിക്കാവുന്നതല്ല.

തൊഴിലാളികള്‍ക്കു ഒരു ദിവസം 500 രൂപയില്‍ കുറയാത്ത വിധം കൂലി ലഭിക്കുന്നതിന് മിനിമം കൂലി പുതുക്കി നിശ്ചയിക്കേണ്ടത് അത്യാവശ്യമാണ്. ക്ഷേമനിധി ആനുകൂല്യം പുതുക്കണം.  സര്‍ക്കാര്‍ പെന്‍ഷന്‍ 1100 രൂപയായി പ്രഖ്യാപിച്ചത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍, മറ്റ് ആനുകൂല്യങ്ങള്‍ യഥാസമയം അനുവദിച്ചു കിട്ടാനും ചുവപ്പുനാട അഴിക്കാനും സംവിധാനമുണ്ടാക്കണം. കഴിഞ്ഞ യുഡിഎഫ്‘ഭരണകാലത്ത് ക്ഷേമനിധി വിഹിതമായി സര്‍ക്കാര്‍ നല്‍കേണ്ട തുകയില്‍ 8.5 കോടി കുടിശ്ശികയാണ്. ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകണമെങ്കില്‍ കുടിശ്ശികത്തുക ലഭിക്കേണ്ടതുണ്ട്.

ചര്‍ക്കയില്‍ ഭാഗിക യന്ത്രവല്‍ക്കരണം നടത്തി അധ്വാനഭാരം ലഘൂകരിക്കുക, ഉല്‍പ്പാദനക്ഷമത കൈവരിക്കുക, തറികളില്‍ കാലോചിത മാറ്റം വരുത്തുക, റെഡിമെയ്ഡ് ഗാര്‍മെന്റ്സ് യൂണിറ്റുകള്‍ വിപുലീകരിക്കുക, ഉല്‍പ്പന്നങ്ങളില്‍ വൈവിധ്യവല്‍ക്കരണം വരുത്തുക, ഗോപിനാഥന്‍നായര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുക, മിനിമം വേതനം പുതുക്കി നിശ്ചയിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഒക്ടോബര്‍ ഒന്നിന് കാഞ്ഞങ്ങാട്ടുനിന്ന് ആരംഭിച്ച സംസ്ഥാന വാഹനജാഥ 12 ജില്ലയില്‍ പര്യടനം നടത്തി ഏഴിന് പാറശാലയിലാണ് സമാപിച്ചത്. തുടര്‍ന്ന് 11ന് സംസ്ഥാന സെക്രട്ടറിയറ്റിന്റെ മുന്നിലും ജില്ലാ ഭരണസിരാകേന്ദ്രങ്ങളിലും തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും

(സംസ്ഥാന ഖാദി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
 

പ്രധാന വാർത്തകൾ
Top