20 June Wednesday

കപടദൈവങ്ങളുടെ അഛേദിന്‍

എം എം പൌലോസ്Updated: Monday Sep 11, 2017

മതവും അധികാരവും കൈകോര്‍ത്തപ്പോള്‍ മധ്യകാലം ഇരുളടഞ്ഞു. വിശ്വാസങ്ങളും ആചാരങ്ങളും നടത്തിത്തീര്‍ക്കാന്‍മാത്രമായി ജീവിതം. അന്ന് സൌരയൂഥത്തിന്റെ കേന്ദ്രസ്ഥാനത്ത് ഭൂമിയാണ്  പരിലസിച്ചത്. ആചാരങ്ങളും വിശ്വാസങ്ങളും ചോദ്യംചെയ്തവര്‍ക്ക് കൊടും ശിക്ഷ. അന്വേഷണബുദ്ധിക്ക് മരണശിക്ഷ. ചെറിയ കുറ്റങ്ങള്‍ക്ക് കൈകാല്‍ മുറിച്ചുമാറ്റലും മൂക്കും നാക്കും ഛേദിക്കലുമായിരുന്നു. വലിയ കുറ്റങ്ങളുടെ ശിക്ഷകള്‍ കൊടുംക്രൂരതയുടെ കാര്‍ണിവല്‍. സ്വതന്ത്രചിന്തയും ജിജ്ഞാസയും ദൈവകോപത്തിനിരയായി. അവരെ ജീവനോടെ കത്തിച്ചു. പല്‍ച്ചക്രങ്ങളിലേക്ക് വലിച്ചെറിഞ്ഞു. കാലുകള്‍ കുതിരകളുടെ കഴുത്തില്‍ കെട്ടി കുതിരകളെ രണ്ടുവശത്തേക്ക് പായിച്ചു. മലദ്വാരത്തിലൂടെ കുന്തം കടത്തി ശരീരം പിളര്‍ന്നു.

അധികാരവും മതവും ഒന്നിച്ചപ്പോള്‍ ഉണ്ടായത് വസന്തവും ധാര്‍മികതയുമായിരുന്നില്ല. വന്യമൃഗങ്ങളുടെ ഘോരാട്ടഹാസങ്ങളായിരുന്നു. അധികാരത്തിന്റെ ദൈവം കുട്ടികളുടെ ബലി ആവശ്യപ്പെട്ടു. വിറകിന്‍ കഷണത്തില്‍ ഇസഹാക്കുമാരെ കിടത്തി അബ്രാഹാമുകള്‍ വാളോങ്ങി. എല്ലാ ഇസഹാക്കുമാരെയും രക്ഷിക്കാന്‍ ദൈവം അരുളപ്പാടായി ഇറങ്ങിവന്നില്ല. നരബലികള്‍ നാട്ടുനടപ്പായി. വിധവമാരെ തീയിലെറിഞ്ഞു. ചൈനയിലും ജപ്പാനിലും രാജാവ് മരിക്കുമ്പോള്‍ വെപ്പാട്ടിമാരെയും തീയിലേക്ക് തള്ളി. രണ്ടുലക്ഷം സ്ത്രീകളാണ് ഇങ്ങനെ വെന്തുമരിച്ചത്. പ്രേതബാധയില്ലെന്ന് തെളിയിക്കാന്‍ സ്ത്രീകളെ തടാകത്തിലേക്ക് എറിഞ്ഞു. നീന്തി കരപറ്റുന്നവരെ തൂക്കിക്കൊന്നു.
പക്ഷേ, മനുഷ്യര്‍ ആ നുകങ്ങളില്‍ തളര്‍ന്നുകിടന്നില്ല. അന്ധകാരനിബിഡമെങ്കിലും അവര്‍ ആകാശത്തേക്ക് നോക്കി. ഗോളങ്ങളുടെ സഞ്ചാരഗതി നിരീക്ഷിച്ചു. വിശ്വാസധാര്‍ഷ്ട്യങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി. വിഷക്കോപ്പകള്‍ നീട്ടി രാഷ്ട്രീയാധികാരം സോക്രട്ടീസുമാര്‍ക്ക് അന്ത്യകൂദാശ കൊടുത്തിട്ടും പുതിയ സോക്രട്ടീസുമാര്‍ പിറക്കുകതന്നെ ചെയ്തു.

അവര്‍ മാറ്റങ്ങളുടെ ചിന്തകള്‍ക്ക് ഉലയൂതി. കഴുകന്‍കണ്ണുകള്‍ക്ക് പിടികൊടുക്കാതെ അവര്‍ സ്വന്തം നെഞ്ചിലെ തീയുടെ പിന്നാലെതന്നെ സഞ്ചരിച്ചു. വേദപുസ്തകത്തെ സാഹിത്യകൃതിയായി കണ്ട സ്പിനോസയെ മതത്തില്‍നിന്ന് പുറത്താക്കി. ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട് എന്നു പറഞ്ഞ റെനെ ഡെസ്കാര്‍ട്ടെസ് മേല്‍വിലാസംമാറ്റി സ്വീഡനിലും ഹോളണ്ടിലുമായി മാറിമാറി താമസിച്ചു. ഹോബ്സ്, ജോണ്‍ ലോക്ക്, ഡേവിഡ് ഹ്യും, ഇമ്മാനുവേല്‍ കാന്റ്, തോമസ് ജെഫേഴ്സണ്‍, അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍, ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ എന്നിവരിലൂടെ ഒരു പുതിയ ലോകവീക്ഷണം രൂപപ്പെട്ടു.

കൂടുതല്‍ മനുഷ്യരിലേക്ക് കൂടുതല്‍ ആഹ്ളാദം  എന്നതായി ജീവിതലക്ഷ്യം. വിശ്വാസങ്ങളുടെ പിന്നിലെ ന്യായം അന്വേഷിച്ചുതുടങ്ങി. അന്ധവിശ്വാസങ്ങളും ആചാരങ്ങളും കടുംപിടിത്തങ്ങളും അധികാരദുരയും തെറ്റിലേക്കുള്ള പാതയാണെന്ന് തിരിച്ചറിഞ്ഞുതുടങ്ങി. അത് ജ്ഞാനമാര്‍ഗമല്ലെന്നും തെളിഞ്ഞു. എന്റെ ബോധമാണ് എന്റെ സത്യം എന്ന അറിവുണ്ടായി. 1776ല്‍ അമേരിക്കയുടെ സ്വാതന്ത്യ്രപ്രഖ്യാപനം. 1789ല്‍ ഫ്രാന്‍സില്‍ മനുഷ്യാവകാശ- പൌരാവകാശ പ്രഖ്യാപനങ്ങളും.

ഹിംസയുടെ സ്ഥാനത്ത് മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയ ലോകം പിറന്നു. ആചാരങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാതിരുന്നത് അച്ചടിയന്ത്രത്തിനും ആവിയന്ത്രത്തിനും കഴിഞ്ഞു. അതിനും കഴിയാതിരുന്നത് ജെറ്റ് യാത്രയ്ക്കും ഡയറക്ട് ഡയലിങ് ടെലിഫോണിനും സീറോക്സ് മെഷീനും കഴിഞ്ഞു. 1988ല്‍ ഡേവിഡ് ലോഡ്ജ് എഴുതിയ 'സ്മോള്‍ വേള്‍ഡ്' എന്ന നോവലിലെ പ്രൊഫസര്‍ ഇനി യൂണിവേഴ്സിറ്റികള്‍ ആവശ്യമില്ലെന്ന് പറയുന്നു. രണ്ടുപതിറ്റാണ്ടില്‍ സംഭവിച്ച ജെറ്റ് യാത്രകളും ഡയറക്ട് ഡയലിങ് ടെലിഫോണും സീറോക്സ് മെഷീനുമാണ് ഇത് സാധ്യമാക്കിയത്. ആഗോള ക്യാമ്പസ് എന്നു പറയുന്ന ഏക യൂണിവേഴ്സിറ്റിയിലേക്ക് ഇനി എല്ലാവര്‍ക്കും പ്രവേശിക്കാമെന്ന് ലോഡ്ജിന്റെ കഥാപാത്രം പ്രവചിച്ചു. 2017ല്‍ സ്മാര്‍ട്ട് ഫോണും ഡാറ്റാ കാര്‍ഡും ദേശീയ അതിര്‍ത്തികള്‍ ഭേദിക്കുന്നു. ഡിജിറ്റല്‍കാലത്തെ സ്വകാര്യത കോടതിയുടെ മുന്നിലെത്തുന്നു.

പ്രളയവും കൊടുങ്കാറ്റും പ്ളേഗും ഉണ്ടാക്കിയ ദൈവത്തെ മനുഷ്യന്‍ പിടിച്ചുനിര്‍ത്തുന്നു. പ്രകൃതിദുരന്തവും കെടുതികളും ഭൂകമ്പവും ദൈവശാപമാണെന്ന് വിശ്വസിച്ച മനുഷ്യന്‍ ഒന്നാം ലോകയുദ്ധത്തിന്റെ കാരണം ദൈവകോപമാണെന്ന് പറയുന്നില്ല.  പതിനൊന്ന് അക്ഷൌഹിണികളുള്ള കൌരവരെ ഏഴ് അക്ഷൌഹിണികളുള്ള പാണ്ഡവര്‍ തോല്‍പ്പിച്ചത് ശ്രീകൃഷ്ണന്റെ പിന്തുണകൊണ്ടാണ്. രണ്ടാം ലോകയുദ്ധത്തില്‍ ഹിറ്റ്ലറെയും മുസ്സോളിനിയെയും കീഴടക്കിയത് ദൈവസാന്നിധ്യം കൊണ്ടാണെന്ന് ആരും വിശ്വസിക്കുന്നില്ല.

അന്ധവിശ്വാസത്തിനെതിരെ സമരം നയിച്ചത് അവിശ്വാസികളല്ല, വിശ്വാസികളാണ്. പള്ളിഭിത്തിയില്‍ കത്തോലിക്കാ മതത്തിന്റെ ആചാരരീതികള്‍ക്കെതിരെ പ്രതിഷേധപത്രിക എഴുതിത്തൂക്കിയ മാര്‍ട്ടിന്‍ ലൂഥര്‍ അവിശ്വാസിയല്ല. ബ്രാഹ്മണപൌരോഹിത്യത്തിന് മറക്കാനാകാത്ത ചവിട്ടുകൊടുത്ത ശ്രീബുദ്ധന്‍ അവിശ്വാസിയല്ല. 

രണ്ടുതരം പ്രവാചകരാണുള്ളത്. സ്വയം ഈശ്വരനായി അവതരിക്കുന്നവരും ദൈവം അയച്ചവരെന്ന് അവകാശപ്പെടുന്നവരും. രണ്ടും ബുദ്ധന്‍ നിരസിച്ചു. ദൈവത്തെക്കുറിച്ചുള്ള വിവാദങ്ങളില്‍ ബുദ്ധനുണ്ടായില്ല. ആത്മാവിനെക്കുറിച്ച് ഗഹനമായ ചര്‍ച്ച ചെയ്തിട്ട് എന്തു കാര്യമെന്നും ചോദിച്ചു ബുദ്ധന്‍. 'ആനന്ദാ... നീ നിനക്കുതന്നെ വെളിച്ചമായി ഭവിക്കട്ടെ' എന്ന്് ഉദ്ബോധിപ്പിച്ചു. വിളക്കിനെ പ്രതിഷ്ഠയാക്കി ശ്രീനാരായണഗുരു. കര്‍മയോഗത്തെക്കുറിച്ച് മഹത്തായ പഠനം വിവേകാനന്ദന്‍ ഉപസംഹരിക്കുന്നത് ബുദ്ധന് ആദരമര്‍പ്പിച്ചാണ്. 

ബുദ്ധനും നാരായണഗുരുവും വിവേകാനന്ദനും സന്യാസിമാരായിരുന്നു. ഗുര്‍മീത് റാം റഹിമും ആത്മീയനേതാവാണ്. ബുദ്ധനും ഗുരുവും വിവേകാനന്ദനും ഔദ്യോഗികപിന്തുണകളില്ലാതെ അനീതികള്‍ക്കുനേരെ വിരല്‍ചൂണ്ടി. ഗുര്‍മീത് മതത്തിന്റെയും അധികാരത്തിന്റെയും ഇണക്കുകണ്ണിയായി.

മതത്തിനകത്തുപോലും ശുദ്ധവായു കടക്കാന്‍ മനുഷ്യന് ചോരയും കണ്ണീരും ഒഴുക്കേണ്ടിവന്നു. വിധവകളെ ചിതയിലെറിഞ്ഞ സതി അവസാനിക്കണമെന്ന് റാംമോഹന്‍ റായ് ആവശ്യപ്പെട്ടപ്പോള്‍, അത് നിലനിര്‍ത്താന്‍ നിവേദനം നല്‍കി യാഥാസ്ഥിതികത്വം. പൌരോഹിത്യം അതിനെ പിന്തുണച്ചു. അന്ന് പട്ടാളമേധാവിയായിരുന്ന ചാള്‍സ് നേപിയറോട് അവര്‍ പറഞ്ഞത്, ഇത് ഞങ്ങളുടെ ആചാരമാണ് എന്നായിരുന്നു. അങ്ങനെ ചെയ്യുന്നവരുടെ കഴുത്തില്‍ കയറിട്ട് കുരുക്കുമുറുക്കലാണ് ഞങ്ങളുടെ രീതി എന്ന് നേപിയര്‍ മറുപടി നല്‍കി. വൈക്കം ക്ഷേത്രത്തിനുമുന്നിലൂടെ നടക്കാന്‍ സ്വാതന്ത്യ്രം വേണമെന്ന് ആവശ്യപ്പെട്ട സത്യഗ്രഹികളുടെ കണ്ണില്‍ ചുണ്ണാമ്പെഴുതി. ഗുരുവായൂര്‍ ക്ഷേത്രത്തിനുമുന്നിലെ സത്യഗ്രഹപ്പന്തലിലേക്ക് ആനയെ വിട്ടു. പാലിയം ക്ഷേത്രത്തിനുമുന്നിലൂടെ നടന്നവരെ ചവിട്ടിമെതിച്ചു. അമ്പലത്തില്‍ കയറാനും രക്തസാക്ഷികള്‍ വേണ്ടിവന്നു. ഹിന്ദു ഉണരൂ എന്നു പറഞ്ഞവര്‍ അന്ന് എവിടെയായിരുന്നു?

ഗുജറാത്തിലെ ഖേദയില്‍ പൊതുകിണറില്‍നിന്ന് വെള്ളം കോരിയ ദളിതനെ തീയിലെറിഞ്ഞപ്പോള്‍ എവിടെയായിരുന്നു സര്‍ സംഘചാലകന്മാര്‍? അഹമ്മദാബാദിലെ ഡോക്കറിലെ പൊതുകിണറില്‍ ദളിതന്‍ കുളിച്ചതിന് ഗ്രാമത്തിലെ എല്ലാ ദളിതരെയും സവര്‍ണര്‍ തല്ലിയപ്പോള്‍ എവിടെയായിരുന്നു നാം അഥവാ നമ്മുടെ രാഷ്ട്രം നിര്‍വചിച്ചവര്‍? ബഹേദ്ധയിലെ സ്കൂളില്‍ ദളിത്കുട്ടിയെ ചേര്‍ത്തതിന് അവരുടെ വിളവുകള്‍ നശിപ്പിച്ചപ്പോള്‍ എവിടെയായിരുന്നു ഹിന്ദുരാഷ്ട്രവാദികള്‍?

സമ്മതിച്ചു, ഇതെല്ലാം 20-ാംനൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. കനയ്യ കുമാറിനെ കൊല്ലുന്നവര്‍ക്ക് പൂര്‍വാഞ്ചല്‍ സേനാ പ്രസിഡന്റ് 11 ലക്ഷം രൂപയും നാക്ക് പിഴുതാല്‍ അഞ്ചുലക്ഷം രൂപ യുവമോര്‍ച്ചയും വാഗ്ദാനം ചെയ്തതും കഴിഞ്ഞ നൂറ്റാണ്ടിലല്ല. സംഘപരിവാറിന്റെ മനസ്സിലും 'ഇസ്ളാമിക സ്റ്റേറ്റു'തന്നെയാണ് മാതൃക. 'ഫത്വ'യാണ് പ്രകടനപത്രിക.

മതവും അധികാരവും ഒന്നിക്കുകയാണ് ഇന്ത്യയില്‍. ഭക്രാനംഗല്‍ അണക്കെട്ട് ഉദ്ഘാടനം ചെയ്യുമ്പോള്‍ ജവാഹര്‍ലാല്‍ നെഹ്റു പറഞ്ഞത്, ഇനി ആരാധനാലയങ്ങളല്ല അണക്കെട്ടുകളാണ് ആവശ്യം എന്നാണ്. ഒരു ആരാധനാലയം പൊളിച്ച് കര്‍സേവകര്‍ ഒരുക്കിയ വഴിയിലൂടെയാണ് ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രി എത്തിയത്. എല്ലാവിധ അന്ധവിശ്വാസങ്ങളോടും അവര്‍ സന്ധി ചെയ്യുന്നു. അവര്‍ ഇന്ത്യയെ അടഞ്ഞ രാജ്യമാക്കുന്നു.

ഭരണത്തില്‍ കള്ളസ്വാമിമാര്‍ക്ക് പണ്ടും പങ്കുണ്ടായിരുന്നു. യോഗ പഠിപ്പിക്കാനെത്തിയ ധീരേന്ദ്ര ബ്രഹ്മചാരി ഇന്ദിരാഗാന്ധിയുടെ റാസ്പുട്ടിനായി. വിദേശവിനിമയച്ചട്ടം ലംഘിച്ച് ഒമ്പതുകോടി രൂപ പിഴ അടയ്ക്കേണ്ടിവന്ന ചന്ദ്രസ്വാമി, നരസിംഹറാവുവിന്റെ റാസ്പുട്ടിനായിരുന്നു. നരേന്ദ്ര മോഡി എല്ലാവിധ വ്യാജരൂപങ്ങളെയും ദത്തെടുക്കുന്നു. ഹരിയാന കത്തിയപ്പോള്‍ വീണ വായിച്ച മുഖ്യമന്ത്രിക്ക് അമിത് ഷാ രക്ഷകനാകുന്നു. ഗുര്‍മീതും അനുയായികളും വര്‍ഗീയരാഷ്ട്രീയത്തിന്റെ ഉടമ്പടിപത്രങ്ങളാകുന്നു. മതവും രാഷ്ട്രീയവും കൈകോര്‍ക്കുന്നു. കേന്ദ്ര മന്ത്രി രാധാ മോഹന്‍ സിങ്ങിന് നരേന്ദ്ര മോഡി ദൈവം ഇന്ത്യക്ക് തന്ന സമ്മാനമാണ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് മോഡി ദൈവത്തിന്റെ അവതാരം.

ദൈവമില്ലാത്ത ലോകത്ത് എന്തും സാധ്യമാണെന്ന് ദസ്തയേവ്സ്കി പറഞ്ഞു. ദൈവമുള്ള ലോകത്ത് എന്തും സാധ്യമാണെന്ന് ഉസാമ ബിന്‍ ലാദന്‍ തെളിയിച്ചു. മതവും രാഷ്ട്രീയവും ഒന്നിച്ചപ്പോള്‍ കുരിശുയുദ്ധങ്ങളുണ്ടായി. സെപ്തംബര്‍ 11 ഉണ്ടായി. ഇന്ത്യാ വിഭജനം ഉണ്ടായി. ഇസ്രയേല്‍- പലസ്തീന്‍ യുദ്ധങ്ങളുണ്ടായി. ചാവേറുകളുണ്ടായി. സെര്‍ബ്- ക്രോട്ട്- മുസ്ളിം കൂട്ടക്കൊലകളുണ്ടായി. ജൂതന്മാരുടെ കൂട്ടക്കുരുതി ഉണ്ടായി. താലിബാനുണ്ടായി.
ഇതാവും മോഡിയും കരുതിവയ്ക്കുന്ന അഛേ ദിന്‍!

പ്രധാന വാർത്തകൾ
Top