18 June Monday

പലസ്തീന്റെ കണ്ണീര്‍

കെ ജെ തോമസ്Updated: Wednesday Jul 12, 2017

സയണിസ്റ്റ് വംശീയതയോടുള്ള സമ്പൂര്‍ണ ഐക്യപ്പെടലിന്റെ സന്ദേശമാണ് ഇസ്രയേല്‍ സന്ദര്‍ശിക്കുകവഴി പ്രധാനമന്ത്രി നരേന്ദ്ര  മോഡി ലോകത്തിന് നല്‍കിയത്. പലസ്തീന്‍ ജനതയ്ക്കെതിരായ മനുഷ്യാവകാശലംഘനങ്ങളോട് കണ്ണടയ്ക്കുന്ന മോഡിക്ക് ഇസ്രയേലില്‍ വന്‍ വരവേല്‍പ്പ് ലഭിച്ചത് ആശ്ചര്യപ്പെടുത്തുന്നില്ല. പ്രോട്ടോകോള്‍ മാറ്റിവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും മുതിര്‍ന്ന മന്ത്രിമാരും മോഡിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി.

ഇറാനെതിരായ സൌദി- ഇസ്രയേല്‍ നുകത്തോട് ഇന്ത്യയെ ചേര്‍ത്തുകെട്ടാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. ഇത് ഇന്ത്യ- ഇറാന്‍ ബന്ധത്തെ പ്രതികൂലമായി ബാധിക്കും. അറബ് ലോകത്തോടും പലസ്തീന്‍ജനതയോടും ഇന്ത്യ പുലര്‍ത്തിവന്ന സൌഹൃദത്തിന് വിഘാതം സൃഷ്ടിക്കുംവിധം റാമള്ള സന്ദര്‍ശിക്കാതെ മോഡി ഇസ്രയേലില്‍നിന്ന് മടങ്ങിയത് ഇതുവരെ ഇന്ത്യ കൈക്കൊണ്ട നിലപാടിന് വിരുദ്ധമായിരുന്നു. പതിനായിരക്കണക്കിനു പലസ്തീന്‍കാരെ കൊന്നൊടുക്കിയ സയണിസ്റ്റ് നിലപാടിന് മോഡി പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യ ഇക്കാലമത്രയും കാത്തുസൂക്ഷിച്ച അന്തസ്സുറ്റ വിദേശനയമാണ് തച്ചുടച്ചത്.

1948 മെയ് 14ന് ഇസ്രയേല്‍ രൂപീകരിച്ചശേഷം ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ആ രാജ്യം സന്ദര്‍ശിച്ചിട്ടില്ല. വംശീയതയോട് കടുത്ത എതിര്‍പ്പാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു പുലര്‍ത്തിപ്പോന്നത്. ഇസ്രയേലിനെ അംഗീകരിക്കാന്‍ ഒരിക്കലും അദ്ദേഹം തയ്യാറായിരുന്നില്ല. നെഹ്റുവും ഇന്ദിരയും വി പി സിങ്ങും ഐ കെ ഗുജ്റാളും ദേവഗൌഡയുമടക്കമുള്ള പ്രധാനമന്ത്രിമാര്‍ നടന്നുനീങ്ങിയ പാതവിട്ട് വംശീയതയോട് ഐക്യപ്പെടുന്ന നയമാണ് മോഡി പുലര്‍ത്തുന്നത്. അത് ആര്‍എസ്എസ് നയംതന്നെയാണ്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഈ കാലയളവില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചെങ്കിലും ഇന്ത്യയുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന പലസ്തീനിലും സന്ദര്‍ശനം നടത്തിയാണ് മടങ്ങിയത്.

2014ല്‍ മോഡി അധികാരത്തില്‍ എത്തിയതോടെയാണ് ഇസ്രയേല്‍ബന്ധം തന്ത്രപരമായ സഖ്യത്തിലേക്ക് വളര്‍ന്നത്. ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങും വിദേശമന്ത്രി സുഷ്മ സ്വരാജും ഇസ്രയേല്‍ സന്ദര്‍ശിച്ചു. ഇസ്രയേലിന്റെ മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുന്ന ആറ് യുഎന്‍ പ്രമേയങ്ങളുടെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ തന്ത്രപരമായി വിട്ടുനിന്നതും ഈ ബന്ധം ദൃഢമാക്കാനുള്ള മോഡിയുടെ പദ്ധതിയുടെ ഭാഗമായിരുന്നു.

നെതന്യാഹുവും മോഡിയും മൂന്നുദിവസത്തെ സന്ദര്‍ശനവേളയിലെല്ലാം പരസ്പരം പുകഴ്ത്തുകയായിരുന്നു. ഇന്ത്യയെ പുകഴ്ത്തുമ്പോള്‍ ഇസ്രയേല്‍ ആഗ്രഹിക്കുന്നത് ആയുധവില്‍പ്പനയാണ്. 2016ല്‍ 4.2 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ആയുധമാണ് ഇന്ത്യ ഇസ്രയേലില്‍നിന്ന് വാങ്ങിയത്. വര്‍ഷംപ്രതി നൂറുകോടി ഡോളറിന്റെ ആയുധങ്ങള്‍ ഇന്ത്യ ഇസ്രയേലില്‍നിന്ന് വാങ്ങുന്നുണ്ട്. ഇപ്പോള്‍ 250 കോടി ഡോളറിന്റെ ആയുധം വാങ്ങാനാണ് തീരുമാനം.

ഇസ്രയേലില്‍നിന്ന് പലസ്തീന്‍ജനത നേരിടുന്ന ക്രൂരതകള്‍ക്ക് കണക്കില്ല. റമദാന്‍ദിനത്തിലും പലസ്തീന്‍ജനതയെ അവര്‍ രക്തത്തില്‍ കുളിപ്പിച്ചു. 1948 മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ സ്ത്രീകളും പിഞ്ചുകുട്ടികളുമടക്കം പതിനായിരങ്ങളെ കൊന്നൊടുക്കി. ജനം തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലായിരുന്നു ബോംബാക്രമണം. രക്ഷനേടാന്‍ കാറിന്റെ ഡിക്കിയിലും കടകള്‍ക്കുള്ളിലും കയറിയിരിക്കുന്ന കുഞ്ഞുങ്ങളും ബോംബാക്രമണത്തില്‍ തകര്‍ന്ന വീടിനുമുന്നില്‍ ഹൃദയംപിളര്‍ന്ന് കരയുന്ന വീട്ടമ്മമാരും നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ്.

പലസ്തീന്‍ രാജ്യം ബൈബിള്‍ അടക്കമുള്ള അതിപുരാതന ചരിത്രരേഖകളില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. മധ്യധരണ്യാഴിയുടെ തീരത്തായി കിടക്കുന്ന പലസ്തീന്‍ ജൂത, ക്രൈസ്തവ, ഇസ്ളാം മതങ്ങള്‍ക്ക് വിശുദ്ധഭൂമിയാണ്. ദൈവം പ്രവാചകന്മാരോട് നേരിട്ട് സംസാരിച്ചെന്ന് വിശ്വസിക്കുന്ന ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന ഇടം. മധ്യധരണ്യാഴിക്കും ജോര്‍ദാന്‍ നദീതീരത്തിനുമിടയ്ക്കുള്ള പ്രദേശത്തെയും തെക്കും വടക്കുമായി അതിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്തെയുമാണ് പലസ്തീന്‍ എന്ന് വിവക്ഷിക്കുന്നത്. 8000 വര്‍ഷത്തെ ചരിത്രം ഉറങ്ങിക്കിടക്കുന്ന മധ്യപൂര്‍വദേശത്തിന്റെ കേന്ദ്രസ്ഥാനമാണ് പലസ്തീനിലെ ജറുസലേം.

യഹൂദന്മാരും മറ്റു ചില മതവിഭാഗങ്ങളുമായിരുന്നു ആദ്യകാലത്ത് ഇവിടെയുണ്ടായിരുന്നത്. ക്രിസ്തുവിനുമുമ്പേ ഈ പ്രദേശം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. എഡി ആറാംനൂറ്റാണ്ടിനുശേഷം (മുഹമ്മദിനുശേഷം) മധ്യപൂര്‍വ ദേശമാകെ ഇസ്ളാംമതം പ്രചരിച്ചു. പിന്നീട് 400 വര്‍ഷം ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴിലായി ഭരണം. നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ മധ്യപൂര്‍വദേശമാകെ ഇസ്ളാംഭൂരിപക്ഷമേഖലയായി.

ലോകമാകെ ആധിപത്യമുറപ്പിച്ച കാലത്ത് മധ്യപൂര്‍വദേശവും ബ്രിട്ടീഷുകാരടക്കമുള്ള യൂറോപ്യന്മാര്‍ കോളനിയാക്കി. ചില ബ്രിട്ടീഷുകാരുടെ പിന്തുണയോടെ പത്രപ്രവര്‍ത്തകനായ തിയോഡോര്‍ ഹെര്‍ഷല്‍ 1896ല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ ജൂതമതസമ്മേളനം വിളിച്ചുകൂട്ടി. തീവ്രവംശീയ ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഇദ്ദേഹമെഴുതിയ 'ജൂതരാഷ്ട്രം' എന്ന പുസ്തകം നല്‍കിയ ആവേശം ജൂതന്മാരെ സമ്മേളനത്തിലേക്ക് അടുപ്പിച്ചു. ലോകത്തിന്റെ പലഭാഗത്ത് ഛിന്നഭിന്നമായി കഴിഞ്ഞ ജൂതന്മാര്‍ക്ക് താമസിക്കാനൊരു രാജ്യം വേണമെന്ന പ്രമേയം സമ്മേളനം പാസാക്കി. യുദ്ധാവശ്യങ്ങള്‍ക്കും മറ്റും യഹൂദ ബാങ്കര്‍മാരും മറ്റുമായിരുന്നു പണംകൊടുത്ത് സഹായിച്ചത്. 1918ല്‍ ഒന്നാം ലോകയുദ്ധം അവസാനിച്ചപ്പോള്‍ ബ്രിട്ടനോട് ഇതുസംബന്ധിച്ച് പരസ്യപ്രഖ്യാപനം നടത്താന്‍ അന്നത്തെ യഹൂദ സംഘടനയുടെ നേതാവായ ചെംസ് വിസ്മാന്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് വിദേശമന്ത്രിയായ സര്‍ ആര്‍തര്‍ ബാല്‍ഫര്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തി. ഇതാണ് ബാല്‍ഫര്‍ പ്രഖ്യാപനം. ഈ പ്രഖ്യാപനത്തിനുശേഷം ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നും, എന്തിന് കൊച്ചിയില്‍നിന്നുപോലും ജൂതന്മാര്‍ പലസ്തീനിലെത്തി. 1880ല്‍ 24,000 യഹൂദന്മാര്‍മാത്രമായിരുന്നു പലസ്തീനില്‍ ഉണ്ടായിരുന്നത്. 1918ല്‍ അത് മൂന്നുലക്ഷമായി. അറബികളുടെ ജനസംഖ്യ 30 ലക്ഷം. 1945 ആയപ്പോള്‍ യഹൂദ അധിനിവേശം പത്തിരട്ടിയായി വര്‍ധിക്കുകയും അറബികളുടെ ജനസംഖ്യ കുറയുകയുംചെയ്തു.

ഇസ്രയേല്‍ രാഷ്ട്രം രൂപീകരിച്ചതുമുതല്‍ ജൂതരും അറബികളും തമ്മില്‍ ഏറ്റുമുട്ടലിലാണ്. 1967 മുതല്‍ നിരവധി യുദ്ധങ്ങള്‍ പലസ്തീനുമേല്‍ അടിച്ചേല്‍പ്പിച്ചു. യുദ്ധത്തെതുടര്‍ന്ന് പതിനായിരക്കണക്കിനു പലസ്തീന്‍കാരാണ് പലായനംചെയ്തത്. ലോകരാഷ്ട്രീയത്തിലെ ഏറ്റവും സങ്കീര്‍ണമായ പ്രശ്നങ്ങളിലൊന്നാണ് പലസ്തീന്‍ജനത അഭിമുഖീകരിക്കുന്നത്. പ്രശ്നപരിഹാരത്തിന് 1993 ആഗസ്തില്‍ ഇസ്രയേലും പലസ്തീന്‍ വിമോചനസംഘടന (പിഎല്‍ഒ) യും ഓസ്ലോ കരാര്‍ ഒപ്പുവച്ചു. പലസ്തീന്‍ അതോറിറ്റി എന്ന ഭരണസംവിധാനം രൂപീകരിച്ച് വെസ്റ്റ്ബാങ്കിലും ഗാസാ മുനമ്പിലും സ്വയംഭരണ സര്‍ക്കാരുണ്ടാക്കാന്‍ പലസ്തീന് അനുമതി നല്‍കുന്നതായിരുന്നു കരാര്‍. കരാര്‍ ഒപ്പിട്ട നാളില്‍ത്തന്നെ ഇസ്രയേല്‍ ഗാസാചിന്തിലേക്ക് മിസൈല്‍ വര്‍ഷിച്ചുവെന്നത് ആ രാജ്യത്തിന്റെ ക്രൂരതയുടെ മുഖം ഒരിക്കല്‍ക്കൂടി വെളിവാക്കി. ഈ കരാര്‍ കൊടിയ വഞ്ചനയായാണ് പലസ്തീന്‍ജനത കണക്കാക്കുന്നത്.

പലസ്തീന്‍ വിമോചനപ്പോരാട്ടങ്ങളിലെ നിത്യപ്രചോദനമായിരുന്നു യാസര്‍ അറഫാത്ത്. സമാധാനത്തിനായി നിലകൊണ്ട അറഫാത്തിനെ വകവരുത്താന്‍ പലതവണ ആക്രമണം നടത്തിയിട്ടുണ്ട്. ഇസ്രയേല്‍ വിചാരിച്ചാലേ മേഖലയില്‍ സമാധാനം ഉറപ്പിക്കാന്‍ കഴിയൂ; പലസ്തീന്റെ കണ്ണീര്‍ തുടയ്ക്കാനാകൂ. എന്നാല്‍, സംഘര്‍ഷം ആഗ്രഹിക്കുന്നവരില്‍നിന്ന് സമാധാനം പ്രതീക്ഷിക്കാനാകില്ലല്ലോ. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ തലമുറതലമുറയായി അധിവസിക്കുന്ന അറബ്ജനതയ്ക്ക് ഇപ്പോള്‍ സ്വന്തമായ രാഷ്ട്രമില്ല. വംശീയവാദികള്‍ തട്ടിയെടുത്ത രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടുന്ന അമ്മമാരും കുഞ്ഞുങ്ങളുമെല്ലാം ചൊരിയുന്ന കണ്ണീരിന് എന്നെങ്കിലും ഫലമുണ്ടാകുകതന്നെ ചെയ്യും *

പ്രധാന വാർത്തകൾ
Top