20 July Friday

വിവ ചെ ഗുവേര

സീതാറാം യെച്ചൂരിUpdated: Monday Oct 9, 2017

ചെ ഗുവേര ഫിദല്‍ കാസ്ട്രോയോടൊപ്പം

ചെ ഗുവേര ഇന്ന് വിപ്ളവത്തിന്റെ പ്രതീകമായി അനശ്വരത കൈവരിച്ചിരിക്കുന്നു. ചെ, 40 വര്‍ഷത്തില്‍ താഴെമാത്രം നീണ്ട താരതമ്യേന ഹ്രസ്വമായ തന്റെ ജീവിതത്തില്‍ ഉടനീളം ഉയര്‍ത്തിപ്പിടിച്ചത് ജനങ്ങളെ ചൂഷണത്തില്‍നിന്ന് മോചിപ്പിക്കുകയെന്ന അടിസ്ഥാനലക്ഷ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളും  പോരാട്ടങ്ങളും ശാസ്ത്രീയമായ പ്രത്യയശാസ്ത്ര സംരംഭങ്ങളും വഴി അദ്ദേഹം വിപ്ളവത്തെ വിജയിപ്പിക്കുകയും മാര്‍ക്സിസത്തെ ജനകീയമാക്കുകയും ചെയ്തു. അങ്ങനെ,  മാര്‍ക്സിസത്തെയും അജയ്യമായ വിപ്ളവാവേശത്തെയും ജനകീയമാക്കിയെന്നതാണ് ചെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന.

കേവലം വൈകാരികമോ വിമോചനത്തിനുവേണ്ടിയുള്ള ആഗ്രഹത്തിന്റെ പേരില്‍ വ്യക്തിനിഷ്ഠമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ വിപ്ളവത്വര; ശാസ്ത്രീയമായ അടിത്തറ അതിനുണ്ടായിരുന്നു. എന്താണ് നമ്മുടെ പ്രത്യയശാസ്ത്രം? എന്ന ചോദ്യത്തോട് പ്രതികരിച്ച് അദ്ദേഹം ഒരിക്കല്‍ എഴുതി: "മാര്‍ക്സിസ്റ്റ് എന്ന് ഞാന്‍ നിര്‍വചിക്കും. ഞങ്ങളുടെ വിപ്ളവം മാര്‍ക്സ് നിര്‍ദേശിച്ച രീതികളിലാണ് നടന്നത്''. മറ്റൊരു അവസരത്തില്‍ അദ്ദേഹം ഇത്രയുംകൂടി പറഞ്ഞു. "ഞാന്‍ വരണ്ട സാമ്പത്തിക സോഷ്യലിസം ഇഷ്ടപ്പെടുന്നില്ല. ഞങ്ങള്‍ ദുരിതങ്ങള്‍ക്കെതിരായി പോരാടുകയാണ്. അതേസമയം, ഞങ്ങള്‍ രസക്കേടുകള്‍ക്കെതിരായും പോരാടുന്നു''.

 അര്‍ജന്റീനയില്‍ ജനിച്ച്, മെഡിക്കല്‍ ഡോക്ടറായി വിദ്യാഭ്യാസം നേടിയ ചെ ഗുവേര മാതൃരാജ്യം വിട്ട്, അയല്‍പക്കത്തുള്ള ഗ്വാട്ടിമാലയിലും ബൊളീവിയയിലും സഞ്ചരിച്ചശേഷമാണ് 1954ല്‍  മെക്സിക്കോയില്‍വച്ച് ഫിദലിനെയും സഹോദരന്‍ റൌളിനെയും   കണ്ടുമുട്ടിയത്. തുടര്‍ന്ന് പത്തുവര്‍ഷം അദ്ദേഹം ഫിദലിനോടും സഖാക്കളോടുമൊപ്പം, അമേരിക്കന്‍ പിന്തുണയുണ്ടായിരുന്ന  ക്യൂബന്‍ ഏകാധിപതി ബാറ്റിസ്റ്റയ്ക്കെതിരായ പോരാട്ടത്തിലും തുടര്‍ന്ന് ക്യൂബയെ സോഷ്യലിസ്റ്റ് പാതയില്‍ നയിക്കുന്നതിലും മുഴുകി.  'കമാന്‍ഡന്റ്' എന്നാണ് അദ്ദേഹവും ഫിദലും ക്യൂബയില്‍ അറിയപ്പെട്ടിരുന്നത്. 'എന്താണ് നമ്മുടെ പ്രധാന ലക്ഷ്യങ്ങള്‍?' എന്ന ചോദ്യത്തോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. "രാഷ്ട്രീയമായ കാഴ്ചപ്പാടില്‍, നാം സ്വന്തം വിധിയുടെ യജമാനന്മാരായി മാറണം. വിദേശ ഇടപെടലുകളില്‍നിന്ന് വിമുക്തമായ ഒരു രാജ്യം. സ്വന്തം വികസനസംവിധാനം തേടുന്ന ഒരു രാജ്യം.''. മറ്റൊരവസരത്തില്‍ ക്യൂബന്‍ വിപ്ളവകാരി എന്ന നിലയിലുള്ള അനുഭവം പങ്കിടവെ അദ്ദേഹം പറഞ്ഞു: "ക്യൂബന്‍ വിപ്ളവത്തിന്റെ വിജയം ഞങ്ങളുടെ എല്ലാ അയല്‍ക്കാര്‍ക്കും മുന്നിലുള്ള വ്യക്തമായ പ്രകടനമായിരിക്കും- അതായത് ഭീമാകാരന്‍ മുന്നിലുള്ളപ്പോള്‍ത്തന്നെ ജനങ്ങള്‍ സ്വയം മുന്നേറാന്‍ കഴിവുള്ളവരാണ്, അവര്‍ക്ക് സ്വയം മുന്നേറാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്ന പ്രകടനം''.

ക്യൂബന്‍ വിപ്ളവം സംഘടിപ്പിക്കവെ ചെ കമാന്‍ഡന്റായി  പ്രവര്‍ത്തിച്ചു. വിപ്ളവവിജയത്തിനുശേഷം അദ്ദേഹം ക്യൂബന്‍ പൌരത്വം എടുക്കുകയും ഫിദലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ വ്യവസായമന്ത്രിസ്ഥാനം സ്വീകരിക്കുകയും ചെയ്തു. അഞ്ചുവര്‍ഷത്തിനുശേഷം, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും വിപ്ളവം സംഘടിപ്പിക്കാനുള്ള അഭിവാഞ്ഛ അദ്ദേഹത്തില്‍ വളര്‍ന്നുവരികയും ഒടുവില്‍ ഈ പാതയില്‍ അദ്ദേഹം നീങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ചെ ലാറ്റിനമേരിക്കയുടെ ഇതരഭാഗങ്ങളിലും ആഫ്രിക്കയിലും സഞ്ചരിക്കുകയും വിപ്ളവപ്രസ്ഥാനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. കോംഗോയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെപോയ  വിപ്ളവത്തിനുശേഷം 1965ല്‍ ക്യൂബയില്‍ മടങ്ങിയെത്തിയ ചെ ക്യൂബന്‍ സര്‍ക്കാരിലെയും പാര്‍ടിയിലെയും സമുന്നത സ്ഥാനങ്ങള്‍ രാജിവച്ച് ഫിദലിന് കത്ത് നല്‍കി. ക്യൂബന്‍ പൌരത്വവും ഒഴിഞ്ഞശേഷം അദ്ദേഹം പറഞ്ഞു. "ഇപ്പോള്‍ ക്യൂബയുമായി നിയമപരമായ ബന്ധമൊന്നുമില്ല. മറ്റൊരു വിധത്തിലുള്ള ബന്ധം മാത്രമാണുള്ളത്- പൊട്ടിച്ചെറിയാന്‍ കഴിയാത്ത ബന്ധം, പദവികളിലും സ്ഥാനങ്ങളിലും ഒതുങ്ങാത്തത്''.

തുടര്‍ന്ന്, ബൊളീവിയയിലെ വനാന്തരത്തില്‍ അദ്ദേഹം 1967ല്‍ കൊല്ലപ്പെടുന്നതുവരെയുള്ള രണ്ടുവര്‍ഷം ഉജ്വലനായ വിപ്ളവകാരിയുടെ ജീവിതം എന്ന നിലയില്‍ രേഖപ്പെടുത്തപ്പെടുകയും പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. ഇത് എല്ലാവിധ ചൂഷണങ്ങളും അവസാനിപ്പിക്കാനായി മാനവരാശി നടത്തുന്ന പോരാട്ടത്തിന്റെ ചരിത്രത്തിലെ മായ്ച്ചുകളയാന്‍ കഴിയാത്ത ഭാഗമായി മാറിയിരിക്കുന്നു.

ഗറില്ലാപോരാട്ടം എന്നത് ആയുധമെടുക്കാന്‍വേണ്ടിമാത്രം ആയുധമെടുത്തുള്ള പോരാട്ടമല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഗറില്ലാപോരാളി സാമൂഹികമാറ്റത്തിനുവേണ്ടിയാണ് പൊരുതുന്നത്, ഗറില്ലാപോരാളി ആയുധമെടുക്കുന്നത് മര്‍ദകര്‍ക്കെതിരെ പൊരുതുന്ന രോഷാകുലരായ ജനങ്ങളുടെ പ്രതിനിധിയായാണ്, സാമൂഹികക്രമം മാറ്റിമറിക്കാന്‍വേണ്ടിയാണ് ഈ പോരാട്ടം. ദുരിതത്തില്‍ കഴിയുന്ന നിരായുധരായ സഹോദരങ്ങള്‍ക്കുവേണ്ടിയാണ് ഗറില്ലാപോരാളിയുടെ പോരാട്ടം.

ചെയുടെ ജീവിതത്തെക്കുറിച്ച് ധാരാളം സൃഷ്ടികള്‍ വന്നിട്ടുണ്ട്. ഇനിയും രചനകള്‍ വരും. മുതലാളിത്തസംവിധാനത്തിന്റെ   സഹജമായ രക്തം ഊറ്റിയെടുക്കല്‍സ്വഭാവം ചെയെ ടീഷര്‍ട്ടുകള്‍, തൊപ്പികള്‍, കീ ചെയിനുകള്‍, ഇതര ഉല്‍പ്പന്നങ്ങള്‍ എന്നിവയിലൂടെ ലാഭേച്ഛയോടെ വാണിജ്യവല്‍ക്കരിച്ചു. എന്നാല്‍, ലോകമെമ്പാടുമുള്ള വിപ്ളവകാരികളായ കോടിക്കണക്കിന് യുവജനങ്ങള്‍ ചെയെ കാണുന്നത് വിപ്ളവകരമായ മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും മുന്നേറ്റത്തിന്റെയും പ്രതീകമായിട്ടാണ്.

ഇതാണ് ചുരുക്കത്തില്‍ ലോക വിപ്ളവപ്രസ്ഥാനത്തിന് ചെയുടെ സംഭാവന. വിപ്ളവകരമായ പോരാട്ടങ്ങളുടെ പ്രതിരൂപമാണ് അദ്ദേഹം. ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ അഭിമാനത്തോടെ ഇക്കാര്യം അംഗീകരിക്കുന്നു. ചെയുടെ ജീവിതത്തെ അരാജകവാദിയായ വിപ്ളവകാരിയുടേതായി ഒരിക്കലും കാണാന്‍ കഴിയില്ല. ശാസ്ത്രീയവും വിപ്ളവകരവുമായ പ്രത്യയശാസ്ത്രം എന്ന നിലയിലാണ് അദ്ദേഹം മാര്‍ക്സിസത്തെ പുണര്‍ന്നത്. ജീവിതത്തില്‍ ഉടനീളം ഇത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. മാര്‍ക്സിസത്തിന്റെ ഏത് സവിശേഷതയാണ് ജനങ്ങളെ ആകര്‍ഷിച്ചുവരുന്നതെന്ന ചോദ്യത്തോട് ലെനിന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: "മാര്‍ക്സിസത്തിന്റെ ഈ ഗുണമാണ് ലോകമെമ്പാടുമുള്ള ജനകോടികളെ ആകര്‍ഷിക്കുന്നത്. എന്തെന്നാല്‍ മാര്‍ക്സിസം മാത്രമാണ് വിപ്ളവകരമായ ആവേശവും തികഞ്ഞ ശാസ്ത്രീയതയും ഒത്തുചേരുന്ന ഏക പ്രത്യയശാസ്ത്രം''.

മാര്‍ക്സിസത്തിന്റെ ഈ സാരാംശമാണ് ചെ തന്റെ ജീവിതത്തില്‍ സ്വീകരിച്ചത്. ക്യൂബയിലും ലാറ്റിനമേരിക്കയുടെ ഇതരഭാഗങ്ങളിലും ആഫ്രിക്കയിലും പോരാട്ടങ്ങള്‍ നടത്തിയ ചെ ഗുവേരയില്‍ പ്രതിഫലിക്കുന്നത് വിപ്ളവാവേശത്തിന്റെ ഈ സത്തയാണ്. മാനവരാശിയുടെ സമ്പൂര്‍ണവിമോചനം ലക്ഷ്യമിട്ട് അദ്ദേഹം പൊരുതി. ചെയുടെ അദമ്യമായ വിപ്ളവാവേശം നിലച്ചുപോകുന്നതല്ല. അത് ലോക വിപ്ളവപ്രസ്ഥാനത്തിനുള്ള സംഭാവനയാണ്. ചെ അനശ്വരവിപ്ളവകാരിയായി നിലകൊള്ളും *

പ്രധാന വാർത്തകൾ
Top