20 January Sunday

നാറാണത്ത് ഭ്രാന്തന്റെ മിന്നലാക്രമണം

ഡോ. ടി എം തോമസ് ഐസക്Updated: Wednesday Nov 8, 2017

നോട്ടുനിരോധനം സംബന്ധിച്ചിറങ്ങിയ ട്രോളുകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് മീനുകളുടെയും മുതലയുടെയും കഥയാണ്. മീനുകളുടെ ബദ്ധശത്രുവാണ് മുതല. അങ്ങനെയിരിക്കെ, കുളത്തിന്റെ ഉടമ മുതലയെ പിടിക്കാന്‍ തീരുമാനിച്ചു. അതോടെ മീനുകള്‍ക്ക് പെരുത്ത സന്തോഷം. എന്നാല്‍, വെള്ളം മുഴുവന്‍ വറ്റിച്ച് മുതലയെ പിടിക്കാനായിരുന്നു ഉടമയുടെ ഐഡിയ. എന്തുസംഭവിച്ചെന്ന് ഊഹിക്കാം. മീനുകളെല്ലാം ചത്തു, മുതലയ്ക്കൊന്നും സംഭവിച്ചതുമില്ല.

ഏതാണ്ട് ഇതുപോലെയാണ് കള്ളപ്പണം പിടിക്കുമെന്ന് വീമ്പടിച്ച് നട്ടപ്പാതിരയ്ക്ക് നോട്ട് നിരോധിച്ച മോഡിക്ക് പിന്തുണ നല്‍കിയവര്‍ക്കുപറ്റിയതും. കള്ളപ്പണക്കാരെ പിടിക്കുമല്ലോ എന്നോര്‍ത്ത് ജനങ്ങള്‍ കലവറയില്ലാത്ത പിന്തുണ നല്‍കി. പക്ഷേ, കള്ളപ്പണം മുതലയെപ്പോലെയാണ്. വെള്ളത്തിലും കരയിലും ജീവിക്കും. ഇന്ന് പണത്തിന്റെ രൂപത്തിലുള്ള കള്ളപ്പണം നാളെ ഭൂമിയാകാം, ഫാക്ടറിയാകാം, മറ്റു നിക്ഷേപങ്ങളാകാം. മൊത്തം കള്ളപ്പണത്തിന്റെ കഷ്ടിച്ച് ആറുശതമാനമേ നോട്ടുകളായി സൂക്ഷിക്കുന്നുള്ളൂ എന്നാണ് കണക്ക്. നോട്ട് അസാധുവാക്കിയെന്നുവച്ച് ഭൂമിയും മറ്റു നിക്ഷേപങ്ങളുമായി രൂപംധരിച്ച കള്ളപ്പണത്തിന് ഒന്നും സംഭവിക്കില്ലെന്ന് വിവരമുള്ളവരെല്ലാം അന്നേ തുറന്നടിച്ചു. ആരു കേള്‍ക്കാന്‍.  നോട്ടെല്ലാം പിന്‍വലിച്ചു. ജനങ്ങള്‍ വലഞ്ഞു. സമ്പദ്ഘടന തകര്‍ന്നു. കുലുക്കവും കൂസലും കള്ളപ്പണക്കാര്‍ക്കുണ്ടായില്ല. നഷ്ടവും ക്ളേശവും സാധാരണക്കാര്‍ക്കായിരുന്നു.

നികുതി വെട്ടിച്ച് സംഭരിക്കുന്ന സമ്പത്താണ് കള്ളപ്പണം. അഴിമതി, കള്ളക്കടത്ത് തുടങ്ങിയ അവിഹിതമാര്‍ഗങ്ങളിലൂടെ സമാഹരിക്കുന്നതുമാകാം. കണക്കില്‍പ്പെടുത്താത്ത സമ്പത്താണിത്. അതുകൊണ്ട് കള്ളപ്പണം ഒരു സമാന്തര വ്യവസ്ഥയായി മാറും. അഴിമതിക്കും ധൂര്‍ത്തിനും അക്രമങ്ങള്‍ക്കുമൊക്കെ ചെലവഴിക്കപ്പെടും.
കള്ളപ്പണക്കാരോട് സാമാന്യജനങ്ങളുടെ വിരോധം  മുതലെടുക്കാമെന്നാണ് മോഡി കരുതിയത്. അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിന്റെ വിജയാരവങ്ങള്‍ ഒടുങ്ങുംമുമ്പേയായിരുന്നു നോട്ട് അസാധുവാക്കല്‍. ഇത് കള്ളപ്പണക്കാര്‍ക്കെതിരെയുള്ള മിന്നലാക്രമണമാണെന്ന് ആരാധകരും അനുയായികളും വാഴ്ത്തി. പലരും അതു വിശ്വസിച്ചു.

നോട്ട് അസാധുവാക്കലിലൂടെ നാലഞ്ചുലക്ഷം കോടി രൂപയുടെയെങ്കിലും വമ്പന്‍ നേട്ടമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചത്.  അതിന്റെ യുക്തി ഇങ്ങനെയായിരുന്നു: നോട്ടുകളെല്ലാം ബാങ്കില്‍ കൊണ്ടുവന്ന് പുതിയവയായി മാറ്റണമല്ലോ. സ്വാഭാവികമായും കള്ളപ്പണക്കാര്‍ക്ക് ബാങ്കിലെത്താനാകില്ല. കൈവശമുള്ള നോട്ടുകള്‍ അവര്‍ക്ക്  കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യേണ്ടിവരും.

നോട്ടെല്ലാം അച്ചടിച്ചിറക്കുന്നത് റിസര്‍വ് ബാങ്കാണല്ലോ. നോട്ട് അവരുടെ ബാധ്യതയാണ്. അതില്‍ നാലഞ്ചുലക്ഷം കോടി തിരിച്ചുവന്നില്ലെങ്കില്‍ ബാധ്യത അത്രയും കുറയും. ബാലന്‍സ് ഷീറ്റില്‍ അത്രയും ലാഭമുണ്ടാകും. അത് കേന്ദ്രസര്‍ക്കാരെടുത്താല്‍ കുശാലായി. ഇത് സ്വപ്നംകണ്ടാണ് നോട്ട് നിരോധിച്ചത്. പക്ഷേ, ഇപ്പോള്‍ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. നിരോധിച്ച  നോട്ടുകളില്‍ 99 ശതമാനവും തിരിച്ചുവന്നു. ഇനിയും നോട്ടുകള്‍ എണ്ണാന്‍ ബാക്കിയുണ്ടത്രേ. എന്നുവച്ചാല്‍ നല്ലൊരുപങ്ക് കള്ളനോട്ടും ഈ തിരക്കില്‍ ഖജനാവിലൂടെ വെളുപ്പിക്കപ്പെട്ടു. മുതലകളൊക്കെ രക്ഷപ്പെട്ടു. പാവം മീനുകള്‍ക്ക് എന്തുപറ്റി?

നോട്ടുകളില്ലാതായതോടെ കൂലിവേലക്കാര്‍ക്ക് ജോലിയില്ലാതായി. കൂലി കൊടുക്കാന്‍ പണം വേണ്ടേ. പാവങ്ങളുടെ കൈയില്‍ പണമില്ലാതായപ്പോള്‍ അവര്‍ക്ക് സാധനങ്ങള്‍ വിറ്റിരുന്ന ചെറുകിട കച്ചവടക്കാരുടെയും കൈവേലക്കാരുടെയും സ്ഥിതി പരുങ്ങലിലായി. ചെറുകിട വ്യവസായങ്ങള്‍ക്ക് അസംസ്കൃതവസ്തുക്കളുംമറ്റും വാങ്ങാന്‍ കഴിയാതെ പൂട്ടേണ്ടിവന്നു. സാധനങ്ങള്‍ വില്‍ക്കാന്‍ പറ്റാതെ കൃഷിക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കിട്ടിയ വിലയ്ക്ക് വിറ്റഴിക്കേണ്ടിവന്നു.

ഈ ത്യാഗമൊക്കെ മുരടനക്കാതെ ആദ്യം സഹിച്ചു. പണക്കാരുടെ കൈയിലും പണമില്ലാതായല്ലോ. ആദ്യമായി മാലോകരെല്ലാം ഒന്നുപോലെയായി. പക്ഷേ, അങ്ങനെ കരുതിയവര്‍ക്കു തെറ്റി. പണക്കാര്‍ ക്രെഡിറ്റ് കാര്‍ഡുപോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെട്ടു. മോഡിയാണെങ്കില്‍ വീണേടം വിദ്യയാക്കിക്കൊണ്ട് നോട്ട് നിരോധിച്ചതുതന്നെ ഇന്ത്യയെ ഡിജിറ്റല്‍ ഇക്കോണമിയാക്കാനാണെന്ന് പ്രഖ്യാപിച്ചു. എല്ലാ ഇടപാടുകളും ക്രെഡിറ്റ് കാര്‍ഡ് വഴിയാകുമ്പോള്‍ എല്ലാ പണമിടപാടിനും രേഖകളുണ്ടാകും. കള്ളപ്പണം അസാധ്യമാകും. അങ്ങനെ പണക്കാര്‍ ചിരിച്ചു, പാവങ്ങള്‍ കരഞ്ഞു.

നോട്ടുനിരോധനത്തിന്റെ ആഘാതം ശക്തിയായി പതിച്ചത് ചെറുകിട അസംഘടിതമേഖലയിലാണ്. അവിടെയാണല്ലോ രാജ്യത്തെ തൊണ്ണൂറു ശതമാനവും തൊഴിലെടുക്കുന്നത്. ഈ മേഖലകളിലെ തകര്‍ച്ച കുറച്ചുനാള്‍ മറച്ചുവയ്ക്കാന്‍ കഴിഞ്ഞു. രാജ്യത്തെ മൊത്തം വരുമാനം സംഘടിതമേഖലയിലെയും അസംഘടിത മേഖലയിലെയും വരുമാനമാണ്. സംഘടിതമേഖലയിലെ വരുമാനത്തിന്റെ കണക്കുകള്‍ അതായത്, ജീവനക്കാരുടെ ശമ്പളവും ബാങ്കുകളുടെ പലിശയും വ്യവസായികളുടെ ലാഭവുമെല്ലാം സംബന്ധിച്ച് പെട്ടെന്ന് കണക്കുകള്‍ തയ്യാറാക്കാം. അവിടെ ആദ്യമൊന്നും വലിയ ഇടിവുകണ്ടില്ല. അതുകൊണ്ട് ഒരു സാമ്പത്തിക തിരിച്ചടിയുമില്ല എന്ന ഗീര്‍വാണം മോഡിവക്താക്കള്‍ മുഴക്കി. എന്നാല്‍, ആറുമാസം പിന്നിട്ടപ്പോഴേക്കും ചെറുകിടമേഖലയുടെ കണക്കുകള്‍ വ്യക്തമായിത്തുടങ്ങി. വലിയ ഇടിവാണ് ഈ മേഖലയില്‍ ഉണ്ടായത്. മൊത്തം സാമ്പത്തികവളര്‍ച്ച നോട്ടുനിരോധനത്തിനുമുമ്പ് 7.6 ശതമാനമായിരുന്നത് കഴിഞ്ഞ പാദത്തില്‍ 5.7 ശതമാനമായി താഴ്ന്നു.

ഈ സ്ഥിതി പെട്ടെന്നൊന്നും മാറാന്‍ പോകുന്നില്ല. ഭൂരിപക്ഷം ജനങ്ങളുടെയും വരുമാനത്തില്‍ കുറവുണ്ടായത് സംഘടിതമേഖലയുടെ വിപണിയെയും പ്രതികൂലമായി ബാധിച്ചു. അവിടെയും മാന്ദ്യമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം വ്യവസായസംരംഭകര്‍ക്കുംമറ്റും സമ്പദ്ഘടനയിലുണ്ടായിരുന്ന ശുഭാപ്തിവിശ്വാസം തകര്‍ന്നു എന്നതാണ്. അവര്‍ മുതല്‍മുടക്കാന്‍ മടിക്കുകയാണ്. ബാങ്കുകളില്‍ ഇഷ്ടംപോലെ പണമുണ്ട്. പക്ഷേ, വായ്പയെടുക്കാന്‍ നിക്ഷേപകര്‍ മുന്നോട്ടുവരുന്നില്ല. ഇന്ത്യയിലെ മൂലധനസ്വരൂപണനിരക്ക് നോട്ടുനിരോധനത്തിനുമുമ്പ് 31 ശതമാനമായിരുന്നത് ഇപ്പോള്‍ 29.8 ശതമാനമായി താഴ്ന്നിരിക്കുന്നു. ബാങ്കുകള്‍ നല്‍കുന്ന വായ്പ 12.1 ശതമാനമായി വളര്‍ന്നിരുന്നത് 5.4 ശതമാനമായി താഴ്ന്നു.

ഈ ശതമാനക്കണക്കൊക്കെ പറയുമ്പോള്‍ എല്ലാവര്‍ക്കും രാജ്യത്തിനുസംഭവിച്ച നഷ്ടത്തിന്റെ വലുപ്പം സംബന്ധിച്ച് പൂര്‍ണബോധ്യം ഉണ്ടാകണമെന്നില്ല. സാമ്പത്തികവളര്‍ച്ചയില്‍ ഒരു ശതമാന പോയിന്റ് കുറഞ്ഞാല്‍ രാജ്യത്തിനുണ്ടാകുന്ന ദേശീയനഷ്ടം ഏകദേശം ഒന്നരലക്ഷം കോടി രൂപയാണ്. എട്ടു ശതമാനം വച്ചു വളരാനാണല്ലോ ലക്ഷ്യമിട്ടിരുന്നത്. ആ ലക്ഷ്യത്തില്‍നിന്ന് ഒന്നര ലക്ഷം കോടി രൂപ കുറവാണ് 2016-17ലെ ഉല്‍പ്പാദനം. 2017-18ലും സാമ്പത്തികവളര്‍ച്ച 6 ശതമാനത്തെക്കാള്‍ കുറയാനാണ് സാധ്യത. എത്ര വലിയ സാമ്പത്തികനഷ്ടമാണ് രാജ്യത്തുണ്ടായത് എന്നു ചിന്തിച്ചുനോക്കൂ. ഉല്‍പ്പാദനം കുറയുക എന്നു പറഞ്ഞാല്‍ തൊഴിലില്ലായ്മ പെരുകുകയാണ് എന്നര്‍ഥം. നോട്ട് നിരോധനം നടപ്പാക്കി ആദ്യത്തെ നാലുമാസത്തിനുള്ളില്‍ 15 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഈ പ്രവണത തുടരാനാണ് സാധ്യത.
പക്ഷേ, ഇപ്പോള്‍ ബിജെപി പറയുന്നത് ദീര്‍ഘകാലത്തേക്ക് നോട്ടുനിരോധനം വലിയ നേട്ടമുണ്ടാക്കുമെന്നാണ്. ആ  അവകാശവാദവും പൊളിയും. കാരണം കള്ളനോട്ടുകള്‍ ഏറെയും തിരിച്ചു വന്നുകഴിഞ്ഞു. ഇപ്പോള്‍ നികുതിദായകരുടെ എണ്ണത്തിലും മറ്റും വര്‍ധനയുണ്ടായിട്ടില്ലെങ്കിലും ഭാവിയില്‍ കള്ളപ്പണ വര്‍ധനയ്ക്ക് ഒരു കുറവും ഉണ്ടാകാന്‍പോകുന്നില്ല. കയറ്റുമതിചെയ്യുമ്പോള്‍ വില കുറച്ചുകാണിക്കുക, ആ ലാഭം ഇന്ത്യയില്‍ നികുതി നല്‍കാതെ വിദേശത്ത് സ്വരൂപിക്കുക. എന്നിട്ട് വിദേശനിക്ഷേപമായി ഇന്ത്യയിലേക്ക് വീണ്ടും കൊണ്ടുവരിക. ഇതാണ് കള്ളപ്പണത്തിന്റെ മുഖ്യറൂട്ട്. ഇതിനെ തൊടാന്‍ ഇന്ത്യാസര്‍ക്കാരിന് തന്റേടമില്ല. ക്രെഡിറ്റ് കാര്‍ഡിന്റെയും മറ്റും ഉപയോഗം വര്‍ധിച്ചു എന്നതു ശരി തന്നെ. പുതിയ നോട്ടുവന്നപ്പോള്‍ അതു കുറയുകയുംചെയ്തിട്ടുണ്ട്. നോട്ട് നിരോധിച്ചതുകൊണ്ട് ക്രെഡിറ്റ് കാര്‍ഡിനെ പ്രോത്സാഹിപ്പിക്കാനുള്ള പരിശ്രമം വിഡ്ഢിത്തമാണ്. ഇന്ത്യയിലെ അസംഘടിതമേഖല ഇന്നത്തേതുപോലെ തുടരുന്നിടത്തോളംകാലം സമ്പദ്ഘടന ഡിജിറ്റലാക്കാന്‍ കഴിയില്ല.

നോട്ടുനിരോധനത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ വീമ്പുപറച്ചിലുകളൊക്കെ ബിജെപി നിര്‍ത്തിയിട്ടുണ്ട്. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല എന്നതുതന്നെ കാര്യം. എന്നാല്‍, ചിലര്‍ പറയുന്നത് ഇനിയാണ് യഥാര്‍ഥ കള്ളപ്പണവേട്ട നടക്കുക എന്നതാണ്. എല്ലാ പണവും ബാങ്ക് അക്കൌണ്ടുകളില്‍ വന്നല്ലോ. ഇനി ഓരോ അക്കൌണ്ടും പരിശോധിച്ച് ഈ പണം എവിടുന്നു കിട്ടി എന്നതിന് തെളിവ് ആവശ്യപ്പെടുമത്രേ. കണക്കില്ലാത്തവരെ പിടിക്കും. ലക്ഷക്കണക്കിന് പേര്‍ക്ക് നോട്ടീസ് അയച്ചുകഴിഞ്ഞു എന്നാണ് അവകാശവാദം. പക്ഷേ ഇത്തരത്തില്‍ നോട്ടീസ് അയച്ചു നികുതി പിരിക്കാന്‍ അവകാശമുള്ള ആദായനികുതി ഉദ്യോഗസ്ഥരുടെ എണ്ണം 5000-6000 മാത്രമാണ്. നോട്ടീസ് അയച്ചുള്ള പരിശോധന എന്നു തീരുമോ ആവോ?

ഇങ്ങനെ നോട്ടീസ് അയച്ച് കള്ളപ്പണം പിടിക്കാന്‍ ആയിരുന്നു പരിപാടിയെങ്കില്‍ പൊടുന്നനെ അര്‍ധരാത്രിയില്‍ നോട്ട് നിരോധിച്ചത് എന്തിന് എന്ന് എനിക്ക് അന്നും ഇന്നും മനസ്സിലായിട്ടില്ല. നവംബര്‍ എട്ടിന് രാത്രിയില്‍ ഞാന്‍ മാധ്യമങ്ങളോടുപറഞ്ഞത് ഇതാണ്. നോട്ട് നിരോധിച്ചേതീരൂ എന്നുണ്ടെങ്കില്‍ ഒരര്‍ധരാത്രിയിലെ മിന്നല്‍ ആക്രമണത്തോടെ ചെയ്യേണ്ട കാര്യമില്ല. മൂന്നോ നാലോ മാസത്തെ സാവകാശം ജനങ്ങള്‍ക്കുനല്‍കിയാല്‍ മതി. അവര്‍ തങ്ങളുടെ നോട്ടുകളെല്ലാം മാറി പുതിയ നോട്ടുകളാക്കട്ടെ. അങ്ങനെ ചെയ്താലും ഇന്നത്തെപ്പോലെ എല്ലാ നോട്ടുകളും ബാങ്കില്‍ എത്തുമല്ലോ. സമയമെടുത്ത് മോഡിക്ക് ഓരോ അക്കൌണ്ടും പരിശോധിച്ച് കള്ളപ്പണക്കാരെ പിടിക്കാമല്ലോ. എന്തിനീ നാട്ടിലെ പാവങ്ങളെ ഈ പങ്കപ്പാടിലേക്ക് തള്ളിവിട്ടു?

ഇതിനു മോഡി മറുപടി പറഞ്ഞേ തീരൂ. ഒരു ഭരണാധികാരിക്കും നാട്ടിലെ ജനങ്ങളുടെ സ്വത്ത് ഇതുപോലെ കവര്‍ന്നെടുത്ത് ബാങ്കിലിടാന്‍ അവകാശമില്ല. അല്‍പ്പം വൈകിയിട്ടാണെങ്കിലും ജനങ്ങളുടെ അസംതൃപ്തി കര്‍ഷകസമരങ്ങളായും മറ്റും പൊട്ടിപ്പുറപ്പെടുകയാണ്. നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തിലെത്തിനില്‍ക്കുമ്പോള്‍ ഇതിന്റെ പരിഭ്രാന്തിയാണ് മോഡിയുടെയും കൂട്ടാളികളുടെയും മുഖത്ത് പ്രതിഫലിക്കുന്നത്.

ഒരുകാര്യംകൂടി. കേരള സര്‍ക്കാര്‍ എന്തുചെയ്തു എന്നു ചോദിക്കുന്നവരുണ്ട്. ഇതുതന്നെ അവസരമെന്നുകണ്ട് നമ്മുടെ സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കം ചെറുത്തുതോല്‍പ്പിച്ചു. നോട്ടുനിരോധനം ഉയര്‍ത്തിയ ഓരോ പ്രശ്നങ്ങളിലും കേരള സര്‍ക്കാര്‍ ഏറ്റവും ശക്തമായിത്തന്നെ പ്രതികരിച്ചു. അതുകൊണ്ടു ഞാന്‍ പറയും, നോട്ടുനിരോധനം കേരളത്തിലെ ജനങ്ങളില്‍ ഏല്‍പ്പിച്ച ഭാരം ലഘൂകരിക്കാന്‍ കഴിഞ്ഞു. ഇന്ത്യയില്‍ കേരളത്തില്‍മാത്രമാണല്ലോ പ്രശ്നങ്ങള്‍ എന്നായിരുന്നു സംഘികളുടെ വിമര്‍ശം. അതുതന്നെയാണ് കേരള സര്‍ക്കാരിനുലഭിച്ച ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്.
 

പ്രധാന വാർത്തകൾ
Top