18 October Thursday

സമ്പദ് വ്യവസ്ഥയെ തകര്‍ത്ത സുനാമി

സാജന്‍ എവുജിന്‍Updated: Wednesday Nov 8, 2017


ന്യൂഡല്‍ഹി > നോട്ടുനിരോധനം തകര്‍ത്തത് രാജ്യത്തിന്റെ സമ്പദ്ഘടനയെയാണ്.  മുമ്പേ പ്രതിസന്ധിയിലായ കാര്‍ഷികമേഖലയില്‍ നിരോധനം സുനാമിയായി. തുടര്‍ച്ചയായ ആറ് പാദങ്ങളായി ജിഡിപി വളര്‍ച്ചനിരക്ക് ഇടിയുന്നു. നടപ്പ് സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തിലെ വളര്‍ച്ചനിരക്ക് (5.8) രണ്ടരവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായി. ഇതോടെ പ്രതീക്ഷിത വളര്‍ച്ചനിരക്ക് റിസര്‍വ്ബാങ്ക് 6.7 ശതമാനമായി കുറച്ചു. നോട്ടുനിരോധനത്തിന്റെ ഫലമായി വളര്‍ച്ചനിരക്കില്‍ രണ്ട് ശതമാനത്തിന്റെ ഇടിവാണുണ്ടാകുന്നത്. ദേശീയവരുമാനത്തില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായി.

നല്ല കാലവര്‍ഷവും മികച്ച ഖാരിഫ് വിളവും കര്‍ഷകരെ ആഹ്ളാദത്തിലാഴ്ത്തിയ ഘട്ടത്തിലാണ് കറന്‍സി പിന്‍വലിച്ചത്. ഇതോടെ ഉല്‍പ്പന്നങ്ങളുടെ വില ഗണ്യമായി ഇടിഞ്ഞു. മധ്യപ്രദേശില്‍ സവാള വില ഒരു രൂപയിലെത്തി. ആന്ധ്രയിലും ചണ്ഡീഗഡിലും രണ്ടു രൂപയാണ് തക്കാളിവില. ബിഹാറില്‍ കോളിഫ്ളവര്‍ മൂന്ന് രൂപയ്ക്കും യുപിയില്‍ ഉരുളക്കിഴങ്ങ് മൂന്നര രൂപയ്ക്കും വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. കൃഷിച്ചെലവ് പോലും തിരിച്ചുകിട്ടിയില്ല. ചില്ലറവിപണിയിലാകട്ടെ ഈ വിലക്കുറവ് അതേ തോതില്‍ പ്രതിഫലിക്കാത്തതിനാല്‍ ഉപയോക്താക്കള്‍ക്കും പ്രയോജനമില്ല.

രാജ്യത്ത് ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ 2016 ഡിസംബറില്‍ ഉണ്ടായ ഇടിവ് 35 ശതമാനം. 2010 നവംബറിനുശേഷം പ്രതിമാസ വില്‍പ്പന 10 ലക്ഷം യൂണിറ്റില്‍ താഴെയായത് ഇതാദ്യം. 2016 ഏപ്രില്‍മുതല്‍ നവംബര്‍വരെ പ്രതിമാസം ശരാശരി 15 ലക്ഷത്തോളം ഇരുചക്രവാഹനങ്ങള്‍ വിറ്റുപോയിരുന്നു. നവംബറില്‍ 12.4 ലക്ഷമായി കുറഞ്ഞപ്പോള്‍ ഡിസംബറില്‍ 10 ലക്ഷത്തിലും എത്തിയില്ല. ഏതാനും വര്‍ഷമായി ഗ്രാമീണമേഖലയിലാണ് ഇരുചക്രവാഹനങ്ങളില്‍ ഏറിയപങ്കും വിറ്റുപോയത്. ഡിസംബറില്‍ ഉണ്ടായ വന്‍ഇടിവ് കറന്‍സി റദ്ദാക്കല്‍ ഗ്രാമീണമേഖലയില്‍ വിതച്ച ദുരന്തത്തിന്റെ പ്രതിഫലനമാണെന്ന് വിപണിവിദഗ്ധര്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി മുമ്പേ പ്രശസ്തമായത് ബനാറസ് പട്ടിന്റെ പേരിലാണ്. പ്രതിദിനം 20 കോടി രൂപവരെയുണ്ടായിരുന്ന പട്ടുസാരികളുടെ വില്‍പ്പന നോട്ടുനിരോധനത്തെ തുടര്‍ന്ന് നാല് കോടിയായി. അസംസ്കൃതവസ്തുക്കള്‍ വാങ്ങാന്‍ പണം ലഭ്യമാകാത്തതാണ് വാരാണസിയെ ബാധിച്ചത്. ഇന്ത്യയിലെ തുകല്‍ പാദരക്ഷ വ്യവസായത്തിന്റെ കേന്ദ്രം ആഗ്രയാണ്. രാജ്യത്തുനിന്നുള്ള പാദരക്ഷ കയറ്റുമതിയുടെ 35 ശതമാനവും ആഗ്രയിലാണ്. ആഭ്യന്തര ആവശ്യത്തിന്റെ 65 ശതമാനവും. പ്രതിവര്‍ഷം 12,000 കോടിയില്‍പരം രൂപയാണ് ആഗ്രയിലെ പാദരക്ഷ വ്യവസായത്തിന്റെ വിറ്റുവരവ്. അഞ്ച് ലക്ഷത്തില്‍പരം ആളുകളുടെ വരുമാനമാര്‍ഗം കറന്‍സിറദ്ദാക്കല്‍ പരിഷ്കാരം തകര്‍ത്തു.

രാജ്യത്തിന്റെ സമ്പദ്ഘടന നിരാശാജനകമായ സ്ഥിതിയിലാണെന്ന് റിസര്‍വ് ബാങ്ക് നടത്തിയ സര്‍വേകളില്‍ വ്യക്തമായി. സമ്പദ്ഘടനയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിര്‍ണയിക്കാന്‍ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി എന്നീ ആറുനഗരങ്ങളിലാണ് സര്‍വേ നടത്തിയത്. മുമ്പ് സമാനമായ സര്‍വേ നടന്ന 2016 സെപ്തംബറിനെ അപേക്ഷിച്ച് സാമ്പത്തികരംഗം വഷളായെന്ന് ഈ സര്‍വേയില്‍ പങ്കെടുത്തവരില്‍ 40.7 ശതമാനംപേരും അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇങ്ങനെ പ്രതികരിച്ചവരുടെ ശതമാനം 25.3 മാത്രമായിരുന്നു. തൊഴില്‍രംഗത്തെ സാധ്യതകള്‍ ഇടിഞ്ഞതാണ് ജനങ്ങളെ അലട്ടുന്ന വലിയ പ്രശ്നം. തൊഴില്‍മേഖലയില്‍ സ്ഥിതി വഷളായെന്ന് 44 ശതമാനം പേര്‍ പ്രതികരിച്ചു.

നോട്ടുനിരോധനം പൂര്‍ണ പരാജയമായെന്ന് റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി. നോട്ടുനിരോധനംവഴി സര്‍ക്കാരിന് ലാഭിക്കാന്‍ കഴിഞ്ഞത് 16,000 കോടി രൂപ മാത്രം.  എന്നാല്‍, പുതിയ നോട്ട് അച്ചടിക്കാന്‍തന്നെ 21,000 കോടി രൂപ ഇതിനകം ചെലവിട്ടു.

പ്രധാന വാർത്തകൾ
Top