16 November Friday

ചലനമറ്റ് ഡിജിറ്റലൈസേഷന്‍

പി ജി സുജUpdated: Wednesday Nov 8, 2017


കൊച്ചി >  കുഴപ്പമില്ലാതിരുന്ന സമ്പദ്വ്യവസ്ഥയില്‍ ഇല്ലാത്ത പ്രശ്നം ഉണ്ടാക്കി അതില്‍നിന്നു തലയൂരാന്‍ ശ്രമിക്കുന്ന വിചിത്രചിത്രമാണ് നോട്ടുപിന്‍വലിക്കലിന്റെ ബാക്കിപത്രം. ആഗോളമാന്ദ്യത്തിന്റെ നാളുകളിലും സ്വന്തം വിഭവസമൃദ്ധിയുടെ പിന്‍ബലത്തില്‍ പിടിച്ചുനിന്ന സമ്പദ്വ്യവസ്ഥയെ നോട്ടുപിന്‍വലിക്കല്‍ അപ്പാടെ തകര്‍ത്തു. ചെറുകിട വ്യവസായ-വാണിജ്യമേഖല തകര്‍ന്നു. തൊഴിലുകള്‍ ഇല്ലാതായി. റിയല്‍ എസ്റ്റേറ്റ് ഇടപാട് നിലച്ചു.

കറന്‍സിരഹിത സമ്പദ്വ്യവസ്ഥയെന്ന മായിക ലോകം ഉയര്‍ന്നുകേട്ട മറ്റൊരു പ്രഖ്യാപനമായി. കറന്‍സിരഹിത ഇടപാട് പ്രോത്സാഹിപ്പിക്കാന്‍ ഒട്ടേറെ നടപടി വന്നു. ഇപ്പോള്‍ അവയെല്ലാം എവിടെയെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥ. നോട്ട് കിട്ടാതെ ബുദ്ധിമുട്ടിയ വേളയില്‍ എങ്ങനെയെങ്കിലും കച്ചവടം കിട്ടട്ടെന്നു കരുതി കടംവാങ്ങി പിഒഎസ് മെഷീന്‍ വാങ്ങിയ വ്യാപാരികള്‍ അതൊക്കെ കെട്ടിപ്പൂട്ടിവച്ചു.

ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്തതും ബാങ്കുമായുള്ള ബന്ധം യഥാസമയം ലഭിക്കാത്തതും ഉപയോക്താവിന്റെ അക്കൌണ്ടില്‍നിന്ന് പണം നഷ്ടമാകുകയും വ്യാപാരിയുടെ അക്കൌണ്ടില്‍ പണം വരാതിരിക്കുകയും പോലുള്ള ഒട്ടേറെ പ്രശ്നങ്ങളും പരാതികളും വ്യാപകമായി. മോഡി വിഭാവനംചെയ്ത ഡിജിറ്റല്‍ കറന്‍സിയെന്ന ആശയം നഗരങ്ങളിലെ മാളുകളിലും വലിയ കടകളിലും മാത്രമായി.

നോട്ടുനിരോധനവേളയില്‍ പറഞ്ഞ മറ്റൊരു കാര്യം ജനങ്ങള്‍ അനാവശ്യമായി പണം കൈയില്‍ സൂക്ഷിക്കാതെ ബാങ്കില്‍ നിക്ഷേപിക്കുകയും അതുപയോഗിച്ച് രാജ്യപുരോഗതി നടപ്പാക്കുക എന്നതുമായിരുന്നു. എന്നാല്‍, ബാങ്കില്‍ മണിക്കൂറുകള്‍ നിരനിന്ന് കൈയിലുള്ള പണമെല്ലാം നിക്ഷേപിച്ചവരെ കൊള്ളയടിക്കുന്ന നിലപാടാണ് സൌജന്യ എടിഎം ഇടപാടുകള്‍ക്ക് പരിധിവച്ചതിലൂടെ വെളിപ്പെട്ടത്. എടിഎം പിന്‍വലിക്കലിന് പരിധി വന്നതോടെ നിക്ഷേപിച്ച കാശെല്ലാം ഒരുമിച്ചെടുത്ത് കൈയില്‍ വയ്ക്കേണ്ട അവസ്ഥയിലേക്കു ജനങ്ങളെ തള്ളിവിട്ടു. അങ്ങനെ ഡിജിറ്റല്‍ ഇടപാട് എന്ന ആശയത്തിനും സര്‍ക്കാര്‍ കത്തിവച്ചു.
 

പ്രധാന വാർത്തകൾ
Top