19 June Tuesday

'സെഡിഷന്‍' എന്ന രാജ്യദ്രോഹം

പി ഡി ടി ആചാരിUpdated: Saturday Jul 8, 2017

'രാജ്യദ്രോഹ'ത്തിന്റെ പേരില്‍ ധാരാളം അറസ്റ്റുകള്‍ നടക്കുന്ന ഒരു സമയമാണിത്. കേന്ദ്രത്തില്‍ മുമ്പ് നിലവിലിരുന്ന സര്‍ക്കാരിന്റെ കാലത്തും അറസ്റ്റുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം ഗണ്യമായി കൂടിവരികയാണ്. 

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐപിസി 124എ വകുപ്പില്‍ പറഞ്ഞിരിക്കുന്ന സെഡിഷന്‍ എന്ന കുറ്റകൃത്യത്തെയാണ് നാം രാജ്യദ്രോഹമെന്ന് വിളിക്കുന്നത്. ഈ വകുപ്പനുസരിച്ച് ആരെങ്കിലും ഒരു ലേഖനത്തിലൂടെയോ പ്രസംഗത്തിലൂടെയോ ഒരു കാര്‍ട്ടൂണ്‍ ചിത്രത്തിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലോ നിലവിലിരിക്കുന്ന സര്‍ക്കാരിനെതിരായി ജനങ്ങളുടെ മനസ്സില്‍ വെറുപ്പോ നിന്ദയോ ശത്രുതാഭാവമോ സൃഷ്ടിക്കുകയോ അല്ലെങ്കില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അത് രാജ്യദ്രോഹമായിരിക്കും. എന്നാല്‍, മേല്‍പ്പറഞ്ഞ വികാരങ്ങളൊന്നും ജനങ്ങളിലുണ്ടാക്കാതെ സര്‍ക്കാരിന്റെ നയങ്ങളെയും നടപടികളെയും വിമര്‍ശിക്കുന്നത് കുറ്റകരമല്ലെന്നും വകുപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ വകുപ്പ് ജനാധിപത്യരാജ്യത്തിലെ ജനങ്ങളുടെ മൌലിക സ്വാതന്ത്യ്രത്തെ പൂര്‍ണമായും ഇല്ലാതാക്കുന്ന ഒന്നാണെന്ന് പ്രത്യക്ഷത്തില്‍ത്തന്നെ മനസ്സിലാകുന്നതാണ്.

സെഡിഷന്‍ എന്ന കുറ്റകൃത്യത്തെ 'രാജ്യദ്രോഹ'മെന്ന് വിളിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. രാജ്യത്തിനെതിരായി ചെയ്യുന്ന കുറ്റമാണ് രാജ്യദ്രോഹം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ വകുപ്പില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യം രാജ്യത്തിനെതിരായിട്ടുള്ളതല്ല.

1837ല്‍ മെക്കാളെ പ്രഭു ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ കരട് പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍, 1860ലാണ് അത് പാസായത്. അന്ന് 124എ വകുപ്പ് അതിലില്ലായിരുന്നു. 1870ലാണ് ഈ വകുപ്പ് ഭേദഗതിയിലൂടെ ശിക്ഷാനിയമത്തില്‍ കയറിപ്പറ്റിയത്. വിദേശാധിപത്യത്തിനെതിരെ ഇന്ത്യന്‍ ജനത പ്രതികരിച്ചേക്കുമെന്നുള്ള ആശങ്കയായിരിക്കും ബ്രിട്ടീഷ് സര്‍ക്കാരിനെ ഈ വകുപ്പ് പിന്നീട് എഴുതിച്ചേര്‍ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഈ വകുപ്പിന്റെ ഉദ്ദേശ്യം സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ തുറുങ്കിലടയ്ക്കുക എന്നുള്ളതുമാത്രമായിരുന്നു. ആളുകളുടെ മുഖഭാവം നോക്കി അവര്‍ ശല്യക്കാരാണെന്നു തോന്നിയാല്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ വയ്ക്കാന്‍ ഈ നിയമം അനുവദിച്ചിരുന്നു. ഇന്ത്യന്‍ സ്വാതന്ത്യ്രസമരനായകന്മാരെല്ലാംതന്നെ ഈ നിയമത്തിന്റെ 'സ്വാദ്' അറിഞ്ഞവരാണ്. മഹാത്മാഗാന്ധി, ബാലഗംഗാധര തിലക് തുടങ്ങിയ അനേകം നേതാക്കന്മാര്‍ ഈ നിയമത്തിന്റെ കീഴില്‍ തുറുങ്കിലടയ്ക്കപ്പെട്ടിട്ടുണ്ട്.

രാജ്യദ്രോഹനിയമത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും ഏത് സാഹചര്യങ്ങളിലാണ് അത് പ്രയോഗിക്കേണ്ടതെന്നുമൊക്കെയുള്ള കാര്യങ്ങളെക്കുറിച്ച് പില്‍ക്കാലത്ത് രണ്ടഭിപ്രായം അന്നത്തെ കോടതികള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. ഇംഗ്ളണ്ടിലെ നിയമത്തിന്റെ ചുവടുപിടിച്ച് ഫെഡറല്‍ കോടതി (ഇന്നത്തെ സുപ്രീംകോടതിയുടെ മുന്‍ഗാമി) നിഹാരേന്ദു ദത്ത് മജുംദാറിന്റെ കേസില്‍ (1942) പറഞ്ഞത് സെഡിഷന്‍ എന്ന കുറ്റം ചുമത്തണമെങ്കില്‍ വെറും വാക്കുകള്‍മാത്രം പോരാ സായുധകലാപംകൂടി ഉണ്ടാകണമെന്നാണ്. എന്നാല്‍, ബാലഗംഗാധര തിലകിന്റെ കേസില്‍ (1897) പ്രിവി കൌണ്‍സില്‍ വിധിച്ചത് സായുധകലാപമൊന്നുമാവശ്യമില്ല, സര്‍ക്കാരിനെതിരെ വെറുപ്പും വിദ്വേഷവുമൊക്കെ ഉണ്ടാക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍മാത്രംമതി കുറ്റം ചുമത്താനെന്നാണ്.

ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ളിക്കായതിനുശേഷവും ഈ വകുപ്പ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ തുടരാനനുവദിച്ചു എന്നുള്ളത് വിചിത്രമായ കാര്യമാണ്. ഒരു മാറ്റവും നാം വരുത്തിയിട്ടില്ല. 'ഒലൃ ങമഷല്യ' എന്നുള്ളതിനുപകരം 'ഗവണ്‍മെന്റ് ഓഫ് ഇന്ത്യ' എന്നെഴുതിച്ചേര്‍ത്തതേയുള്ളൂ. നിലവിലിരിക്കുന്ന സര്‍ക്കാരിനെതിരെ ജനങ്ങളുടെ മനസ്സില്‍ വെറുപ്പോ വിദ്വേഷമോ ഒക്കെ സൃഷ്ടിക്കാവുന്ന വാക്കുകള്‍ ആരെങ്കിലും ഉപയോഗിച്ചാല്‍ അത് ജീവപര്യന്തം തടവുശിക്ഷ കിട്ടുന്ന കുറ്റമാണെന്നുള്ള അവസ്ഥ നമ്മുടെ ഭരണഘടന നല്‍കിയിരിക്കുന്ന അഭിപ്രായസ്വാതന്ത്യ്രം എന്ന മൌലികാവകാശത്തിന്റെ ധ്വംസനമാണെന്നുള്ളത് സുവ്യക്തമാണ്. അതുകൊണ്ട് സ്വാതന്ത്യ്രലബ്ധിക്കുശേഷമുള്ള ആദ്യത്തെ ദശാബ്ദത്തില്‍ത്തന്നെ ഈ നിയമവകുപ്പിനെതിരെ ശബ്ദമുയരാന്‍ തുടങ്ങിയിരുന്നു. 1962ല്‍ സുപ്രീംകോടതി വിധിച്ച കേദാരനാഥ് സിങ്ങിന്റെ കേസ് ഈ സന്ദര്‍ഭത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ കേസ് (കേദാര്‍നാഥ്സിങ് ് സ്റ്റേറ്റ് ഓഫ് ബിഹാര്‍, എ.ഐ.ആര്‍ 196:എസ്.സി 955) അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാബഞ്ചാണ് വിധി പറഞ്ഞത്. നിഹാരേന്ദു മജുംദാറിന്റെ കേസില്‍ ഫെഡറല്‍ കോടതിയെടുത്ത സമീപനത്തിന്റെയും വ്യാഖ്യാനത്തിന്റെയും ചുവടുപിടിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തണമെങ്കില്‍ സായുധകലാപം അനിവാര്യമായ ഘടകമാണെന്നും വെറും വാക്കുകള്‍മാത്രം പോരെന്നും സുപ്രീംകോടതി വിധിച്ചു. അങ്ങനെ സുപ്രീംകോടതി വളരെ കര്‍ക്കശമായ ഈ നിയമവകുപ്പിനെ തലോടി ഒന്ന് മൃദുവാക്കാനുള്ള ശ്രമം നടത്തി. പ്രിവി കൌണ്‍സിലിന്റെ വ്യാഖ്യാനത്തെ കോടതി സ്വീകരിച്ചില്ല. പക്ഷേ, ആ വിധിന്യായത്തിന്റെ യഥാര്‍ഥ മുഖം അതായിരുന്നില്ല. 'സെഡിഷന്‍' അഥവാ രാജ്യദ്രോഹം എന്നുപറയുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കുറ്റകൃത്യം ഭരണഘടനാലംഘനമല്ലെന്ന് കോടതി കണ്ടെത്തിയതാണ് ആ വിധിന്യായത്തിന്റെ കാതല്‍. ഭരണഘടന നിലവില്‍വന്നതിനുശേഷം ഈ നിയമം ഇത്ര വ്യാപകമായി ദുരുപയോഗപ്പെടുത്തിയതിനു കാരണം ഈ വിധിന്യായംതന്നെയാണ്. വെറും വാക്കുകള്‍ പ്രയോഗിച്ചാല്‍മാത്രം രാജ്യദ്രോഹക്കുറ്റമാകുന്നില്ലെന്നും സായുധകലാപം ഉണ്ടായെങ്കില്‍ മാത്രമേ കുറ്റമാരോപിക്കാന്‍ സാധിക്കൂവെന്നും കോടതി വിധിച്ചെങ്കിലും പലയിടത്തും വെറും മുദ്രാവാക്യം മുഴക്കുന്നതിനാണ് ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഈ അറസ്റ്റുകളൊക്കെ നടന്നത് സായുധകലാപം നടത്തിയിട്ടാണോ?

അടിസ്ഥാനപരമായി പറഞ്ഞാല്‍ ഈ വകുപ്പ് ഭരണഘടനയുടെ 19(1)എ വകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന അഭിപ്രായസ്വാതന്ത്യ്രം എന്ന മൌലികാവകാശത്തിന്റെ നഗ്നമായ ലംഘനമാണ്. ഈ ജനാധിപത്യരാജ്യത്ത് സര്‍ക്കാരുകളെ താഴെയിറക്കാനുള്ള അധികാരം ജനങ്ങള്‍ക്കുണ്ട്. അപ്പോള്‍പിന്നെ ഈ വകുപ്പിന്റെ പ്രസക്തിയെന്താണ്? നിലവിലിരിക്കുന്ന സര്‍ക്കാരിന്റെ ചെയ്തികളെ ശക്തമായി വിമര്‍ശിക്കാനും ജനദ്രോഹിയായ ഒരു സര്‍ക്കാരിനെ താഴെയിറക്കാനുമുള്ള അധികാരം ജനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവരുടെ മനസ്സില്‍ ആ സര്‍ക്കാരിനെക്കുറിച്ച് അവജ്ഞയും വെറുപ്പുമുണ്ടാകുക സ്വാഭാവികമാണ്.

പക്ഷേ, ഈ നിയമം നിലനില്‍ക്കുന്നിടത്തോളംകാലം പൌരന്മാരുടെ മൌലികസ്വാതന്ത്യ്രങ്ങള്‍ അപകടത്തിലായിരിക്കുമെന്നുള്ള വസ്തുത നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി, വിദേശരാജ്യങ്ങളുമായുള്ള സുഹൃത്ബന്ധം നിലനിര്‍ത്താന്‍വേണ്ടി, ക്രമസമാധാനം നിലനിര്‍ത്താന്‍വേണ്ടിയൊക്കെ അഭിപ്രായസ്വാതന്ത്യ്രത്തില്‍ മിതമായ നിയന്ത്രണം ഏര്‍പ്പെടുത്താവുന്നതാണ്. ഭരണഘടനയുടെ കരടില്‍ സെഡിഷന്‍കൂടി ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നു പറഞ്ഞാല്‍, ശിക്ഷാനിയമങ്ങളിലെ 124എ വകുപ്പും മിതമായ നിയന്ത്രണങ്ങളുടെ പട്ടികയിലായിരുന്നു. എന്നാല്‍, ഭരണഘടനയ്ക്ക് അന്തിമ രൂപം നല്‍കിയപ്പോള്‍ 'സെഡിഷന്‍' എടുത്തുകളയുകയാണ് ഉണ്ടായത്. കാരണം, ഈ നിയമം അഭിപ്രായസ്വാതന്ത്യ്രത്തിന്മേല്‍ അമിതമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണെന്ന് ഭരണഘടനാ നിര്‍മാതാക്കള്‍ക്ക് ബോധ്യമായി എന്നുള്ളതാണ്. ഈ അഭിപ്രായംതന്നെ റൊമേഷ് ഥാപ്പറുടെ കേസില്‍ സുപ്രീംകോടതി പറഞ്ഞിട്ടുള്ളതാണ്. (ഞീാലവെ ഠവമുലൃ ഢ. ടമേലേ ീള ങമറൃമ (1950) ടഇഞ 59). പക്ഷേ, അതേ കോടതി 'സെഡിഷന്‍' മിതമായ നിയന്ത്രണമാണെന്ന് കേദാര്‍നാഥ് സിങ്ങിന്റെ കേസില്‍ വിധിക്കുകയുണ്ടായി. ഭരണഘടനാ നിര്‍മാതാക്കള്‍ അമിതമായ നിയന്ത്രണത്തിന്റെ പേരില്‍ ഭരണഘടനയുടെ 19(2) വകുപ്പില്‍നിന്ന് എടുത്തുകളഞ്ഞ 'രാജ്യദ്രോഹ'ത്തെ 'ക്രമസമാധാന'ത്തിന്റെ (പബ്ളിക് ഓര്‍ഡര്‍) പേരില്‍ കോടതി തിരികെ കൊണ്ടുവരികയാണുണ്ടായത്. സുപ്രീംകോടതിയുടെ ഈ തീരുമാനത്തില്‍ അടിസ്ഥാനപരമായ തെറ്റുകളുണ്ട്. ഭരണഘടനയുടെ 19(2)ല്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ ഉണ്ടാക്കുന്ന ഏതു നിയമത്തിനും ഭരണഘടനയുടെ അനുമതിയുണ്ടെന്ന വ്യാഖ്യാനമാണ്. ഈ വാദത്തെ അംഗീകരിക്കാന്‍ പ്രയാസമാണ്. മിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമങ്ങള്‍ക്കുമാത്രമേ ഭരണഘടനാ സാധുതയുള്ളൂ. 'പബ്ളിക് ഓര്‍ഡര്‍' എന്ന വാക്കുകള്‍ക്ക് ഇത്രയധികം അര്‍ഥവ്യാപ്തിയുണ്ടെങ്കില്‍ അതിനുവേണ്ടി ഉണ്ടാക്കുന്ന നിയമങ്ങള്‍ പലതും അമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നവയാകാനാണ് സാധ്യത.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ വകുപ്പ് ഭരണഘടനാവിരുദ്ധമല്ലെന്നു സ്ഥാപിക്കണമെന്ന് കോടതിക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്ന തോന്നലുണ്ടാക്കുന്നതാണ് കോടതിയുടെ വാദഗതികള്‍. കേദാര്‍നാഥ് എന്നു പേരുള്ള ഒരു ചെറിയ കമ്യൂണിസ്റ്റ് നേതാവ് തന്റെ പ്രസംഗത്തില്‍ 'വിപ്ളവം' എന്ന വാക്ക് പല പ്രാവശ്യം ഉപയോഗിക്കുകയുണ്ടായി. ഭരണഘടനാബെഞ്ചിലെ ന്യായാധിപന്മാര്‍ക്ക് രാജ്യത്ത് കമ്യൂണിസ്റ്റ് വിപ്ളവം നടന്നേക്കുമെന്ന് ഒരാശങ്ക അതുമൂലം ഉണ്ടാകുകയും ചെയ്തു. അതുകൊണ്ട് 'രാജ്യദ്രോഹം' ശിക്ഷാനിയമത്തില്‍ എന്നെന്നും നിലനില്‍ക്കണമെന്ന് തീരുമാനിക്കുകയുംചെയ്തു. വിധിന്യായത്തില്‍ ഈ ആശങ്ക ശക്തമായി പ്രകടമാണ്. ഈ ആശങ്കയില്ലാതെ 'രാജ്യദ്രോഹം' നിലനിര്‍ത്താനുള്ള ശക്തമായ വാദഗതികളൊന്നും  ആ വിധിന്യായത്തിലില്ല.

ചുരുക്കിപ്പറഞ്ഞാല്‍ 'സെഡിഷന്‍' അഥവാ 'രാജ്യദ്രോഹം' അഭിപ്രായസ്വാതന്ത്യ്രത്തിന്മേല്‍ അമിതമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമമാണ്. അതുകൊണ്ടുതന്നെ അത് ഭരണഘടനാവിരുദ്ധവുമാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍നിന്ന് ഈ വകുപ്പ് എടുത്തുകളയേണ്ട കാലം കഴിഞ്ഞിരിക്കുന്നു

(ലോക്സഭയുടെ മുന്‍ സെക്രട്ടറി ജനറലാണ് ലേഖകന്‍)

പ്രധാന വാർത്തകൾ
Top