18 October Thursday
ധ്വംസനത്തിന്റെ കാല്‍നൂറ്റാണ്ട്-2

ഹിന്ദുത്വ കാം ജാരീ ഹേ

വെങ്കിടേശ് രാമകൃഷ്ണന്‍Updated: Thursday Dec 7, 2017

 പിന്നീട് ആ വൈകുന്നേരം മുഴവനും, വൈകി രാത്രിയിലേക്കും കര്‍സേവകര്‍ പള്ളി നിരപ്പാക്കല്‍ തുടര്‍ന്നു. ഒപ്പം പള്ളിനിന്ന ഇടത്ത് ഒരു പന്തലിട്ട് രാമസീതാലക്ഷ്മണ വിഗ്രഹങ്ങള്‍ സ്ഥാപിച്ചു. രാത്രി ഒരുമണിയോടെ ഈ പണികളെല്ലാം പൂര്‍ത്തിയാക്കി വിനയ് കത്യാറും അശോക് സിംഗാളും താല്‍ക്കാലികവിശ്രമത്തിനായി കര്‍സേവകപുരത്തേക്ക് മടങ്ങി. അടുത്ത ദിവസത്തേക്കുള്ള രൂപരേഖ പക്ഷേ അവര്‍ കര്‍സേവകര്‍ക്ക് നല്‍കിയിരുന്നു. അതുപ്രകാരം പള്ളിക്കുചുറ്റുമുള്ള സ്ഥലം മുഴുവനും അതിര്‍ത്തി വരച്ച് മുള്‍വേലികള്‍കൊണ്ട് വളഞ്ഞുകെട്ടി, സംഘപരിവാറിന്റെ ആധിപത്യം ഉറപ്പിച്ചു. അതുവരെ മിണ്ടാതിരുന്ന പി വി നരസിംഹ റാവു നയിച്ച കോണ്‍ഗ്രസിന്റെ കേന്ദ്ര സര്‍ക്കാര്‍ ഈ പണികളെല്ലാം പൂര്‍ത്തിയായി എന്നറിഞ്ഞവഴിക്ക് കൂടുതല്‍ സുരക്ഷാസേനകളെ അയോധ്യയിലേക്കയച്ചു, കര്‍സേവകരെ പ്രത്യേക ബസുകളിലും തീവണ്ടികളിലും അയോധ്യയില്‍നിന്ന് പുറത്തുകടത്തുമെന്ന് പ്രഖ്യാപിച്ചു. ഡിസംബര്‍ ഏഴിന്റെ  രാത്രിയിലും എട്ടിന്റെ പുലര്‍ച്ചയിലുമായി സുരക്ഷാസൈനികരുടെ അകമ്പടിയോടെ കര്‍സേവകര്‍ അയോധ്യയില്‍നിന്ന് സംഘം സംഘമായി പുറത്തുകടന്നു. ഈ പ്രക്രിയ തുടങ്ങുന്നതിനുമുമ്പ് പക്ഷേ, അയോധ്യയിലെ ഏതാണ്ട് നൂറോളം മുസ്ളിം ഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളും ആക്രമണത്തിനിരയായി. പലതും തീയിട്ടു നശിപ്പിക്കപ്പെട്ടു. 

ഡിസംബര്‍ ആറിനും ഏഴിനും മൂര്‍ത്തമായും, അതിനുമുമ്പും പിറകുമുള്ള ആഴ്ചകളില്‍ കൃത്യമായ സൂചനകളായും വെളിവായത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സവിശേഷമായ ഒരു പുതിയ പാര്‍ശ്വവല്‍ക്കരണ വിഭാഗീയ അധീശത്വത്തിന്റെ  രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ദൃഷ്ടാന്തങ്ങളായിരുന്നു. സുപ്രീംകോടതിക്കും ദേശീയോദ്ഗ്രഥന സമിതിക്കും നല്‍കിയ ഉറപ്പുകളുടെ പ്രകടമായ ലംഘനത്തിലൂടെ, ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് ഉണ്ടാകേണ്ട ‘ഭരണഘടനാ ബാധ്യതകളുടെ നഗ്നമായ ധ്വംസനം, തീവ്രമായ ഇസ്ളാം വിരുദ്ധതയും ഹിന്ദുവര്‍ഗീയതയും ആളിക്കത്തിച്ച് അതിനെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുംമേലുള്ള ‘ഭൌതിക ആക്രമണങ്ങള്‍വഴി വ്യവസ്ഥാപിതമാക്കിയ വിഭാഗീയ പാര്‍ശ്വവല്‍ക്കരണം, മാധ്യമങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കാടന്‍ അഴിഞ്ഞാട്ടത്തിലൂടെ ചട്ടപ്പടിയാക്കാന്‍ ശ്രമിച്ച, ഹിന്ദുത്വ മൂല്യങ്ങളില്‍ അധിഷ്ഠിതമായ, സാംസ്കാരിക അധീശത്വം എന്നിങ്ങനെ മൂന്ന് പ്രബല രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ധാരകള്‍ ആ ദിവസങ്ങളിലൂടെ ഇന്ത്യന്‍ മുഖ്യധാരയിലെ സജീവ സാന്നിധ്യമായി വളര്‍ന്നു.

ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ഈ പ്രതിലോമ ധാരകളുടെ പ്രഖ്യാപിത പ്രയോക്താവായിരുന്നെങ്കില്‍, കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിന്റെ ജുഗുപ്സാവഹമായ നിശ്ചേഷ്ടതയിലൂടെ ഈ ഹിന്ദുത്വപദ്ധതിയുടെ മുഖ്യധാരാ മേല്‍ക്കോയ്മക്ക് കുട പിടിക്കുന്ന വിധേയ സഹചാരിയായി മാറി. അയോധ്യയുടെ സമകാലികചരിത്രത്തില്‍, പ്രത്യേകിച്ച് സ്വാതന്ത്യ്രാനന്തര ഇന്ത്യന്‍ ചരിത്രത്തില്‍, ഇത്തരത്തിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഹിന്ദുത്വരാഷ്ട്രീയവും കോണ്‍ഗ്രസ് രാഷ്ട്രീയവും പലപ്പോഴായി കാഴ്ചവച്ചിട്ടുണ്ടെങ്കിലും അതിന്റെ ഏറ്റവും തീക്ഷ്ണവും മൂര്‍ത്തവുമായ, ഒരേസമയം ദുരന്തവും പ്രഹസനവുമായി വെളിപ്പെട്ട ചരിത്രസന്ധിയാണ്, ഈ ദിവസങ്ങള്‍ ഇന്ത്യക്കുമുമ്പില്‍  വച്ചത്.

പഴയ കൊടുക്കല്‍വാങ്ങലുകളുടെ ഈ പട്ടികയില്‍ 1949 ഡിസംബറില്‍ ബാബറി മസ്ജിദിനകത്ത് മഹന്ത് രാമചന്ദ്ര പരമഹംസ് അടക്കമുള്ള ഹിന്ദുത്വപോരാളികള്‍ രാമസീതാലക്ഷ്മണ  വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തി സ്ഥാപിച്ചതും അതിനെ  ഭരണനിര്‍വഹണത്തിന്റെ നല്ല മാതൃകയിലൂടെ നീക്കം ചെയ്യാതിരുന്നതും ഉള്‍പ്പെടും.  അതിലും  പ്രശ്നകലുഷിതമായ കൊടുക്കല്‍വാങ്ങലായിരുന്നു, 1986ല്‍ ഒരു കോടതിവിധിയുടെ മറ പിടിച്ച് പള്ളിയുടെ വാതിലുകള്‍ ഹിന്ദു ആരാധനയ്ക്ക്  കൊടുത്തതും 1989ല്‍ രാം മന്ദിറിന് ശിലാസ്ഥാപനം നടത്തിയതും.

1992 ഡിസംബര്‍ ആറിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്, അതിന്റെ സര്‍വമാന രാഷ്ട്രീയസാമൂഹികസാംസ്കാരികതലങ്ങള്‍ക്കും ലഭിച്ച മുഖ്യധാരാ ആധിപത്യത്തെ പ്രതീകവല്‍ക്കരിക്കുന്നതായിരുന്നു, മസ്ജിദ് പൊളിച്ച് മൂന്നു  ദിവസത്തിന് ശേഷം ദിഗംബള്‍ അഖാഡയില്‍ മഹന്ത് രാമചന്ദ്ര പരമഹംസിനെ കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം. ശ്രീ രാമ  ജന്മഭൂമി ന്യാസിന്റെ (രാമ മന്ദിരം നിര്‍മിക്കാനായി വിശ്വ ഹിന്ദു പരിഷത്ത് ഉണ്ടാക്കിയ ട്രസ്റ്റ്) അക്കാലത്തെ അധ്യക്ഷനായിരുന്ന പരമഹംസ് അന്ന് അഖാഡയുടെ അങ്കണത്തില്‍ ബാഗ്ബക്രി (ആടുപുലിയാട്ടം) എന്ന ദായക്കളി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കാണാന്‍ വന്ന പത്രപ്രവര്‍ത്തകരെ നോക്കി ഒന്ന് ചിരിച്ച്, പരമഹംസ് പറഞ്ഞു, “ഈ കളിയില്‍ ആടിന് പുലിയെ വെല്ലാം. യഥാര്‍ഥ ജീവിതത്തില്‍ പറ്റുമോ?”

1986ല്‍ പരിചയപ്പെട്ടതിനുശേഷം 2003ല്‍ മരിക്കുന്നതുവരെ പരമഹംസ് ഞാനുമായി സദാ ചര്‍ച്ചകളില്‍ ഏര്‍പ്പെടുമായിരുന്നു. 1992നുശേഷമുള്ള കാലത്ത് ഈ ആടുപുലിയാട്ടം രൂപകത്തെപ്പറ്റിയും സംസാരിക്കുകയുണ്ടായി. ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയില്‍, അല്ലെങ്കില്‍ ‘ഭാരതത്തില്‍  ലക്ഷ്യമാക്കുന്നതെന്തോ, അതുതന്നെയാണ് ഈ രൂപകം എന്നാണ് ഒന്നില്‍ കൂടുതല്‍ തവണ പരമഹംസ് പറഞ്ഞത്. “സംഗതി ലളിതമാണ്. ജനസംഖ്യയില്‍ ‘ഭൂരിപക്ഷമുള്ള ഹിന്ദുക്കള്‍ ഹിന്ദുക്കളായി  സംഘടിച്ച്  രാഷ്ട്രീയ പുലികളാകുന്നു. ഹിന്ദുക്കളല്ലാത്തവരെല്ലാം, അല്ലെങ്കില്‍ ഹിന്ദുത്വത്തില്‍  വിശ്വസിക്കാത്തവരെല്ലാം ഒടുവില്‍ ഗളച്ഛേദം ചെയ്യപ്പെടേണ്ട ആടുകളും. അതില്‍ ന്യൂനപക്ഷങ്ങളും ഹിന്ദുത്വ ഇതര ഇസക്കാരായ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും സെക്യുലറിസ്റ്റുകളും ഒക്കെ പെടും. യഥാര്‍ഥ ജീവിതത്തില്‍ ആട് കൊല്ലപ്പെടുകതന്നെ ചെയ്യും.”തങ്ങളുടെ ഈ ഉറച്ച വിശ്വാസം സാധിച്ചെടുക്കാന്‍ പക്ഷേ പലതരം സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകേണ്ടിവരും എന്ന ബോധ്യവും പരമഹംസ് അടക്കമുള്ള സംഘപരിവാര്‍ നേതൃത്വത്തിന് സദാ ഉണ്ടായിരുന്നു. മസ്ജിദ് പൊളിച്ചതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ദളിത്-പിന്നോക്കസമുദായ ഐക്യം സാധ്യമാക്കിയ ബഹുജന്‍ സമാജ് പാര്‍ടി-സമാജ്വാദി പാര്‍ടി സഖ്യം സംഘപരിവാറിന്റെ ഹിന്ദുത്വ ഏകീകരണ സ്വപ്നത്തിന് തടയിട്ടു. ആ തെരഞ്ഞെടുപ്പിന് ശേഷം പരമഹംസിനെ കണ്ടപ്പോള്‍ വിജയപരാജയങ്ങളും അര്‍ധ ജയങ്ങളും ‘ഭാഗികമായ തോല്‍വിയും ഒക്കെ അതതിന്റെ മൂല്യത്തില്‍ വിലയിരുത്തി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പണി തുടര്‍ന്നുകൊണ്ടേയിരിക്കും എന്നാണു പറഞ്ഞത്. ആ തുടര്‍ച്ചയാണ് കാല്‍നൂറ്റാണ്ടിനിപ്പുറം എന്ത് ‘ഭക്ഷണം കഴിക്കണമെന്നും ഏതു സിനിമ കാണണമെന്നുംവരെ നിശ്ചയിക്കുന്ന അധീശത്വമായി വളര്‍ന്നുവന്നിരിക്കുന്നത്. “കാം ജാരീ ഹേ” എന്നാണ് പതിറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന ഹിന്ദുത്വ പ്രോജക്ടിനെ വിശേഷിപ്പിക്കാന്‍ പരമഹംസ് ഉപയോഗിച്ചിരുന്ന സൂത്രവാക്യം. അയോധ്യ ആ പണിയിലെ ഒരു നിര്‍ണായക നാഴികക്കല്ലായിരുന്നു. ആ നാഴികക്കല്ലിനുചുറ്റും പടുത്തുയര്‍ത്തിയിട്ടുള്ള രാഷ്ട്രീയസാമൂഹികസാംസ്കാരികക്കോട്ടകള്‍ കാല്‍ നൂറ്റാണ്ടായി വളര്‍ന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യനെ കൂട്ടിക്കെട്ടി ഞെരിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു

(അവസാനിച്ചു)

പ്രധാന വാർത്തകൾ
Top