17 October Wednesday

വിപ്ളവസ്മരണയില്‍ കേരളം

പിണറായി വിജയന്‍Updated: Tuesday Nov 7, 2017

ലോകമെമ്പാടും സാമൂഹ്യമോചനത്തിനായുള്ള പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് എക്കാലത്തെയും ആശയും ആവേശവുമാര്‍ന്ന സ്മരണയാണ് ഒക്ടോബര്‍വിപ്ളവം. ചൂഷണാധിഷ്ഠിതമായ ഒരു വ്യവസ്ഥയെ തൊഴിലാളികളുടെയും കര്‍ഷകരുടെയും സൈനികരുടെയും ഒക്കെ സംഘടിത പ്രക്ഷോഭത്തിലൂടെ അട്ടിമറിച്ച് ചൂഷണരഹിത വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് ഒക്ടോബര്‍ വിപ്ളവത്തിലൂടെ  നടന്നത്. വിപ്ളവാനന്തരം സോവിയറ്റ് യൂണിയന്‍ നേടിയ നേട്ടങ്ങള്‍ നമ്മെ വിസ്മയംകൊള്ളിക്കുന്നതാണ്. ദാരിദ്യ്രം, നിരക്ഷരത, തൊഴിലില്ലായ്മ എന്നിവ തുടച്ചുനീക്കിയതും ആരോഗ്യ, പാര്‍പ്പിട മേഖലകളില്‍ വിപുലമായ സാമൂഹ്യസുരക്ഷാസംവിധാനം ഒരുക്കിയതും അടക്കമുള്ള കാര്യങ്ങള്‍ ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന ജനതയ്ക്ക് ആവേശവും അവരുടെ പോരാട്ടങ്ങളില്‍ ഉര്‍ജവും പകര്‍ന്നു. ലോകമാകെ കീഴടക്കാന്‍ അലറിയടുത്ത ഫാസിസത്തെ പരാജയപ്പെടുത്തി ലോകത്തെ രക്ഷിച്ച സോവിയറ്റ് യൂണിയന്‍ ആവേശമായി. ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ ഭാഗമായുയര്‍ന്ന മുന്നേറ്റത്തിന്റെ അലകള്‍ കൊളോണിയല്‍ നുകത്തിനെതിരെ പോരാടാനും സ്വാതന്ത്യ്രം പ്രാപിക്കാനും നിരവധി മൂന്നാം ലോകരാജ്യങ്ങളെ ശക്തമാക്കി. മനുഷ്യനിര്‍മിത മഹാസമുദ്രമെന്ന് അത്ഭുതത്തോടെ ലോകം വിളിച്ച വോള്‍ഗാ ഡോണ്‍കനാല്‍മുതല്‍ ആദ്യ ബഹിരാകാശസഞ്ചാരിവരെ മഹത്തായ ഒക്ടോബര്‍ വിപ്ളവത്തിന്റെ സംഭാവനയായിരുന്നു.  

ഒക്ടോബര്‍ വിപ്ളവത്തെ മാതൃകയാക്കി മുന്നേറാന്‍ നടത്തിയ നിരവധി ജനങ്ങളുടെ ചരിത്രവും നമുക്കുമുന്നിലുണ്ട്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അതിശയത്തോടെ സോവിയറ്റ് യൂണിയനെ നോക്കിക്കാണാത്ത ജനസമൂഹങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. ഒക്ടോബര്‍ വിപ്ളവത്തെ തുടര്‍ന്ന് ലോകമാകെ ബഹുജനപ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. 1919ല്‍ ഈജിപ്തില്‍ നടന്ന പ്രക്ഷോഭം, 1919ല്‍ കൊറിയയില്‍ രൂപപ്പെട്ട മാര്‍ച്ച് പ്രസ്ഥാനം, 1920ലെ പ്രക്ഷോഭം, 1919ല്‍ ചൈനയില്‍ ആരംഭിച്ച മേയ് 4 പ്രസ്ഥാനം, 1921ലെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണം, 1919-20 കാലഘട്ടങ്ങളില്‍ ഇന്ത്യയില്‍ നടന്ന നിരവധി തൊഴിലാളി പ്രക്ഷോഭങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന് ഒക്ടോബര്‍ വിപ്ളവംവഴി ലഭിച്ച ഊര്‍ജം ചെറുതൊന്നുമല്ല. മഹാത്മാഗാന്ധിയെപോലും ഒക്ടോബര്‍ വിപ്ളവത്തിന്റെ അലകള്‍ ശരിക്കും സ്വാധീനിച്ചു. അദ്ദേഹം 1928ല്‍ യങ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: ' ലെനിനെപ്പോലുള്ള മഹാത്മാക്കളുടെ ത്യാഗംകൊണ്ട് പരിശുദ്ധമാക്കപ്പെട്ട ആ ആദര്‍ശം പാഴായിപ്പോകുകയില്ല'. 1930 ജനുവരി 21ന് ലാഹോര്‍ ഗൂഢാലോചനക്കേസ് വിചാരണവേളയില്‍ ഭഗത്സിങ്ങും അദ്ദേഹത്തിന്റെ സഖാക്കളും കോടതിയില്‍നിന്ന് അയച്ച ടെലിഗ്രാമില്‍ ഇങ്ങനെ പറയുന്നു: "മഹാനായ ലെനിന്റെ ആശയങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ലെനിന്റെ ഈ സ്മരണദിനത്തില്‍ ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു. റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന മഹത്തായ പരീക്ഷണം വിജയിക്കട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു. സാര്‍വദേശീയ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ശബ്ദത്തോടൊപ്പം ഞങ്ങള്‍ ഞങ്ങളുടെ ശബ്ദവും ചേര്‍ത്തുവയ്ക്കുന്നു. തൊഴിലാളിവര്‍ഗം വിജയിക്കും, മുതലാളിത്തം പരാജയപ്പെടും, സാമ്രാജ്യത്വം നശിക്കട്ടെ.'' ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ മുന്നേറ്റത്തിനും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണത്തിനുമൊക്കെ വഴിവച്ച മഹാപ്രസ്ഥാനമായിരുന്നു ഒക്ടോബര്‍ വിപ്ളവം.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സ്വാതന്ത്യ്രംപ്രാപിച്ചശേഷവും പ്രത്യാശയോടെ ഉറ്റുനോക്കിയിരുന്ന രാഷ്ട്രമായിരുന്നു സോവിയറ്റ് യൂണിയന്‍. സോവിയറ്റ് യൂണിയന്റെ പുരോഗതിയില്‍ ആകൃഷ്ടനായിരുന്ന ജവാഹര്‍ലാല്‍ നെഹ്റു ഒരു രാഷ്ട്രനിര്‍മാണമാതൃക എന്നനിലയില്‍ ഏറെ താല്‍പ്പര്യത്തോടെ കണ്ടതും സോവിയറ്റ് യൂണിയനെയാണ്. 1917ല്‍ തുടങ്ങി 1927ല്‍ യുഎസ്എസ്ആര്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ് നെഹ്റു അവിടം സന്ദര്‍ശിക്കുന്നത്. പഞ്ചവത്സര പദ്ധതിപോലുള്ള അവരുടെ ആസൂത്രണപാഠങ്ങള്‍ മാതൃകയാക്കാന്‍ അദ്ദേഹം മടിച്ചില്ല. സ്ത്രീസ്വാതന്ത്യ്രത്തിന്റെയും സാംസ്കാരിക മുന്നേറ്റത്തിന്റെയും കാര്യത്തില്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ മുന്നേറ്റം അനുകരണീയമായിരുന്നു. ജനാധിപത്യത്തിന്റെ മാതൃകയായി പലരും കൊട്ടിഘോഷിക്കുന്ന പല രാജ്യങ്ങള്‍ക്കും എത്രയോമുമ്പ് സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ച രാജ്യമാണ് യുഎസ്എസ്ആര്‍. അവിടെ സ്ത്രീകള്‍ അനുഭവിച്ച തുല്യതയും സ്വാതന്ത്യ്രവും ലോകത്തിന് മാതൃകയായിരുന്നു. നെഹ്റു സോവിയറ്റ് യൂണിയനെ മാതൃകയാക്കി മുന്നോട്ടുകൊണ്ടുപോയ പരിമിതമായ നയങ്ങള്‍പോലും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ വഴിയിലുപേക്ഷിച്ചു. ലോകസാമ്രാജ്യത്വത്തിന്റെ മുന്നില്‍ മുട്ടിലിഴയുന്ന തരത്തിലുള്ള നവഉദാരവല്‍ക്കരണ നയങ്ങളുടെ പ്രായോജകരായി ഇന്ത്യന്‍ ഭരണവര്‍ഗം മാറിക്കഴിഞ്ഞു. ഉദാരവല്‍ക്കരണ നയങ്ങള്‍ അതിവേഗത്തിലും ശക്തിയിലും നടപ്പാക്കുകയും  വര്‍ഗീയതയുടെ വിഷബീജങ്ങള്‍ വിതച്ച് വിദ്വേഷവും കലാപങ്ങളും കൊയ്യുകയുമാണ് ബിജെപി നേതൃത്വത്തിലുള്ള  സര്‍ക്കാര്‍.

കേരളത്തില്‍ ആദ്യം അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭ മുതലുള്ള ഇടതുപക്ഷ മന്ത്രിസഭകള്‍ മാതൃകയാക്കിയത് സോവിയറ്റ് യൂണിയന്‍ നടപ്പാക്കിയ “സോഷ്യലിസ്റ്റ് നയരൂപങ്ങളായിരുന്നു. വിപ്ളവാനന്തര റഷ്യയില്‍നിന്ന് തികച്ചും വിഭിന്നവും ബൂര്‍ഷ്വാജനാധിപത്യത്തില്‍ അധിഷ്ഠിതവുമായ ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനകത്തുനിന്ന് പരിമിതകളോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്നത്തെ കേരളസര്‍ക്കാരും നടത്തിപ്പോരുന്നത്. വിപ്ളവാനന്തര റഷ്യയില്‍ ലെനിന്‍ ഒപ്പുവച്ച ആദ്യഉത്തരവുകളിലൊന്ന് റഷ്യന്‍ കുലാക്കുകളുടെ കൈവശമിരുന്ന ഭൂമിയേറ്റെടുത്ത് കര്‍ഷകര്‍ക്കു നല്‍കുന്ന ഉത്തരവായിരുന്നു. കേരളത്തിന്റെ ആദ്യ സര്‍ക്കാര്‍ അധികാരത്തില്‍വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ എല്ലാവിധ കുടിയൊഴിപ്പിക്കലുകളും നിരോധിച്ച് ഉത്തരവിറക്കി. ഈ സാമ്യം കേവലം യാദൃച്ഛികമല്ല. നയത്തിലൂന്നിയ നിലപാടിന്റെ സാമ്യമാണ്. തുടര്‍ന്ന് സമഗ്ര ഭൂപരിഷ്കരണത്തിനും വിദ്യാഭ്യാസ പരിഷ്കരണത്തിനും വിദേശ ഉടമകളുടെ തോട്ടം ദേശസാല്‍ക്കരിക്കുന്നതിനും ഭരണപരിഷ്കരണത്തിനും ന്യൂനപക്ഷക്ഷേമത്തിനും ഒക്കെ ആ മന്ത്രിസഭയെടുത്ത നടപടികള്‍ നോക്കിയാല്‍ മനസ്സിലാകും പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് നടപ്പാക്കപ്പെടുന്ന സോഷ്യലിസ്റ്റ് നയസമീപനങ്ങളായിരുന്നു അവയെന്ന്.

സാര്‍വത്രിക വിദ്യാഭ്യാസം യുഎസ്എസ്ആറിന്റെ ഒരു പ്രധാന നേട്ടമാണ്. കേരളത്തിലും അത് നടപ്പാക്കാനുള്ള ഒരു ശ്രമമാണ് നടത്തിയത്. രൂക്ഷമായ പട്ടിണി മാറ്റാന്‍ സോവിയറ്റ് യൂണിയന്‍ നടപ്പാക്കിയ മാതൃക നമുക്കു മുന്നിലുണ്ട്. അതേ രൂപത്തിലല്ലെങ്കിലും പൊതുവിതരണം ശക്തിപ്പെടുത്തിയും പൊതുവിപണിയിലിടപെട്ടും പാവപ്പെട്ട മനുഷ്യരുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങള്‍ ഇവിടെയും നടന്നിട്ടുണ്ട്. കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുംവേണ്ടി ഒട്ടനവധി കാര്യങ്ങള്‍ നമ്മുടെ സര്‍ക്കാരുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇവിടെയും കാര്‍ഷികമേഖലയെ സംരക്ഷിക്കുന്നതിന് ഏറെ മുന്നേറാന്‍ നമുക്ക് സാധിച്ചു. അതുകൊണ്ടാണ്  മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ നിരന്തരംആത്മഹത്യചെയ്യുമ്പോള്‍നമുക്ക് പിടിച്ചുനില്‍ക്കാനാകുന്നത്.

സോവിയറ്റ് യൂണിയന്‍ ശക്തമായി സംഘടിപ്പിച്ച മറ്റൊരു മേഖല സഹകരണമാണ്. ഈ മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലുതും ജനകീയവുമായ സഹകരണപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ നമുക്കായിട്ടുണ്ട്. വിപ്ളവം നടന്ന ഉടന്‍തന്നെ എല്ലാവര്‍ക്കും സൌജന്യ ആരോഗ്യരക്ഷ നല്‍കാന്‍ സോവിയറ്റ് യൂണിയന് കഴിഞ്ഞു. കേരളത്തിലും സൌജന്യ ആരോഗ്യരക്ഷ നടപ്പാക്കാന്‍ നമുക്കായി. സ്ത്രീകള്‍ക്ക് തുല്യമായ വേതനവും അവകാശങ്ങളും മാന്യതയും നല്‍കാന്‍ സോവിയറ്റ് യൂണിയന് കഴിഞ്ഞു. പൂര്‍ണമായും കഴിഞ്ഞിട്ടില്ലെങ്കിലും  ഈ മേഖലയില്‍ ഏറെ നിര്‍ണായക ചുവടുകള്‍ വയ്ക്കാന്‍ നമുക്കായി. ഈ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഒരു കടമയായി നാമിപ്പോള്‍ ഏറ്റെടുത്തിട്ടുള്ളതും ഇതാണ്. വിപ്ളവാനന്തര റഷ്യയില്‍ സാംസ്കാരികമേഖല ജനകീയമായ ഒരു തിരിച്ചുവരവ് നടത്തി. സാംസ്കാരികവും കലാപരവുമായ മുന്നേറ്റത്തിനാവശ്യമായ നിരവധി നടപടികള്‍ കേരളത്തിലും സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍ഭയമായ ആവിഷ്കരണത്തിന് അനുകൂലമായ സാഹചര്യം മറ്റെവിടത്തേക്കാളുംകേരളത്തിലാണുള്ളത്. ഇന്ത്യയില്‍ അധികാരത്തില്‍വന്ന കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ പിന്തുടര്‍ന്ന വികസനമാതൃകകളില്‍നിന്ന് തികച്ചും വ്യത്യസ്തമായ സോഷ്യലിസ്റ്റ് മാതൃക മുറുകെ പിടിക്കാന്‍ തയ്യാറായതുകൊണ്ടാണ് ആശ്വാസത്തിന്റെ ഒരു പച്ചത്തുരുത്തായി കേരളം ഇപ്പോള്‍ നില്‍ക്കുന്നത്.

സമൂഹത്തിന്റെ സമ്പത്താകെ ഒരുപിടി ആള്‍ക്കാരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന നയങ്ങളൊഴിവാക്കി സാമൂഹ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി, ദുര്‍ബലര്‍ക്കും പാവങ്ങള്‍ക്കും കൈത്താങ്ങാകുക എന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ചത്. ഈ സമീപനത്തിന്റെ ഫലമായി കേരളത്തെ ഇന്ത്യന്‍ പൊതുസാഹചര്യത്തില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നു. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ ഭൂരിപക്ഷംവരുന്ന സാധാരണക്കാര്‍ക്കും പാവപ്പട്ടവര്‍ക്കും ദുരിതങ്ങള്‍ സമ്മാനിക്കുമ്പോള്‍ ഒക്ടോബര്‍ വിപ്ളവത്തിന്റെ ആവേശകരമായ ഓര്‍മ പുതുക്കുന്ന ഈ നൂറാംവര്‍ഷത്തില്‍ ഇടതുപക്ഷ ജനകീയ ബദല്‍നയങ്ങളുമായി മുന്നേറാന്‍ കഴിയുന്നതില്‍ ഈ സര്‍ക്കാരിന് ചാരിതാര്‍ഥ്യമുണ്ട്
 

പ്രധാന വാർത്തകൾ
Top