20 July Friday

സംരക്ഷിക്കണം കടലും കായലും

പി പി ചിത്തരഞ്ജന്‍Updated: Saturday Oct 7, 2017

2017 ഏപ്രില്‍ 28ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അസാധാരണ (ഗസറ്റ്) വിജ്ഞാപനത്തിലൂടെയാണ് 'ദേശീയ ആഴക്കടല്‍ മത്സ്യബന്ധനനയം-2017' പ്രഖ്യാപിച്ചത്. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തില്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് പുതിയ മത്സ്യനയം. ആഴക്കടല്‍ മത്സ്യബന്ധനമേഖലയെ കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയിട്ടുള്ള നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ലക്ഷക്കണക്കിന് വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളും അനുബന്ധ മത്സ്യത്തൊഴിലാളികളും കരകയറാനാകാത്തവിധം ദുരിതത്തിലാകും.

1991 മുതല്‍ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തികപരിഷ്കാരങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ സമുദ്രസമ്പത്ത് കൊള്ളയടിക്കാന്‍ വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയതുമുതല്‍ കടല്‍സമ്പത്ത് ശോഷണം അനിയന്ത്രിതമായ അളവില്‍ വര്‍ധിച്ചു. കാല്‍നൂറ്റാണ്ടുകാലത്തെ ഈ കടല്‍ക്കൊള്ളയുടെ പരിണതഫലം തീരദേശവാസികളായ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തെയാണ് ക്രമേണ ഇല്ലാതാക്കിയത്. മത്സ്യക്കയറ്റുമതി വരുമാനത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പങ്ക് കേവലം രണ്ട് ശതമാനം മാത്രമാണെന്നും അതിനാല്‍ ആ മേഖലയില്‍ ഇനി വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും പുതിയ മത്സ്യനയം വിളിച്ചുപറയുന്നു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം മാത്രം പ്രോത്സാഹിപ്പിച്ചാല്‍ മതിയെന്നും അതിലൂടെ ഉല്‍പ്പാദന-കയറ്റുമതി വര്‍ധന നേടാമെന്നും സമര്‍ഥിക്കുന്നു.

ലോകത്തില്‍ മത്സ്യം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാംസ്ഥാനത്താണ്. ശുദ്ധജല മത്സ്യോല്‍പ്പാദനത്തില്‍ ലോകത്തില്‍ രണ്ടാംസ്ഥാനത്തും. ഇന്ത്യന്‍ ജനതയുടെ പോഷകാഹാരക്രമത്തില്‍ മത്സ്യത്തിന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ടത്. പ്രത്യേകിച്ചും ഗ്രാമീണമേഖലയില്‍. നേരിട്ടോ പരോക്ഷമായോ മത്സ്യബന്ധനവും അനുബന്ധ വ്യവസായമേഖലയും ചേര്‍ന്ന് 75 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു. 40 ലക്ഷത്തോളം ആളുകള്‍ ഈ മേഖലയില്‍ നേരിട്ട് ജോലി ചെയ്യുന്നു. 38 ലക്ഷത്തോളം ആളുകള്‍ അനുബന്ധവ്യവസായത്തിലും ജോലിനോക്കുന്നു. ഏകദേശം മൂന്നുകോടി ജനങ്ങളുടെ ജീവിതവുമായി ഈ വ്യവസായം ബന്ധപ്പെട്ടിരിക്കുന്നു.
ജലത്തിന്റെ കുറവ്, ഡാം നിര്‍മാണം, എക്കല്‍ അടിഞ്ഞ് ഒഴുക്ക് ഇല്ലാതാകുന്ന അവസ്ഥ, പ്ളാസ്റ്റിക്, രാസമാലിന്യങ്ങളുടെ അതിപ്രസരം, കായല്‍ കൈയേറ്റം തുടങ്ങി നിരവധിയായ കാരണങ്ങളാല്‍ ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യോല്‍പ്പാദനം ഗണ്യമായി കുറഞ്ഞു.

സംഘപരിവാറിന്റെ വര്‍ഗീയവല്‍ക്കരണ നടപടികള്‍ തീരപ്രദേശത്ത് ശക്തിപ്രാപിച്ചുവരുന്നു. ആസൂത്രിതമായ വര്‍ഗീയകലാപങ്ങള്‍ക്ക് വേദിയൊരുക്കാന്‍ സംഘപരിവാര്‍ശക്തികള്‍ പരിശ്രമിക്കുകയാണ്. ഈ ഹിന്ദുത്വ വര്‍ഗീയവല്‍ക്കരണത്തിനെതിരെ ന്യൂനപക്ഷ വര്‍ഗീയതയും ശക്തിപ്രാപിച്ചുവരുന്നു. ഇത് കേരളത്തിന്റെ സാമൂഹ്യാവസ്ഥയ്ക്കും മതസൌഹാര്‍ദത്തിനും വലിയ പരിക്ക് ഏല്‍പ്പിക്കുന്നതാണ്. തൊഴിലാളിവര്‍ഗഐക്യം ഊട്ടിയുറപ്പിച്ച് ഈ വര്‍ഗീയവിപത്തിനെ നേരിടേണ്ടതുണ്ട്.
കേരളത്തില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ മത്സ്യമേഖലയുടെ ഉണര്‍വിനും തൊഴിലാളികളുടെ ഉന്നമനത്തിനുമായി നിരവധിയായ പദ്ധതികള്‍ നടപ്പാക്കി.

മത്സ്യത്തൊഴിലാളി പെന്‍ഷന്‍ 600 രൂപയുണ്ടായിരുന്നത് 1100 രൂപയാക്കി ഉയര്‍ത്തി. വിവാഹധനസഹായം 1500 രൂപയുണ്ടായിരുന്നത് 10,000 രൂപയായി വര്‍ധിപ്പിച്ചു. അപകടമരണത്തിനുള്ള ധനസഹായം അഞ്ചുലക്ഷം രൂപയില്‍നിന്ന് പത്തുലക്ഷം രൂപയാക്കി. എസ്എസ്എല്‍സി, പ്ളസ്ടു വിദ്യാര്‍ഥികള്‍ക്ക് 5000, 4000, 3000 രൂപവീതം ക്യാഷ് അവാര്‍ഡും മെഡലും സര്‍ട്ടിഫിക്കറ്റും. മത്സ്യത്തൊഴിലാളിമേഖലയില്‍ സമ്പൂര്‍ണഭവനം എന്ന ലക്ഷ്യം സാക്ഷാല്‍ക്കാരത്തിനായി 62,098 കോടി രൂപയുടെ ധനസഹായം. കടലാക്രമണത്തില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് 25 കോടി രൂപയുടെ പ്രത്യേക പാക്കേജ്. മത്സ്യത്തൊഴിലാളികളുടെ 4500 ഭവനങ്ങള്‍ പുനരുദ്ധരിക്കുന്നതിന് 20 കോടി രൂപയുടെ പദ്ധതി.സമ്പാദ്യ സമാശ്വാസപദ്ധതി 2700 രൂപയില്‍നിന്ന് 4500 രൂപയായി വര്‍ധിപ്പിച്ചു. ഭൂരഹിതരും ഭവനരഹിതരുമായ 210 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 21.65 കോടി രൂപ ചെലവില്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ചുനല്‍കുന്നു. സംസ്ഥാന സാക്ഷരത മിഷനുമായി ചേര്‍ന്ന് 'അക്ഷരസാഗരം' പദ്ധതി. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ബാങ്കിങ്, പിഎസ്സി, ഐഎഎസ് മത്സരപരീക്ഷകള്‍ക്ക് കോച്ചിങ്. തീരദേശത്തെ 40 സ്കൂളില്‍ സ്മാര്‍ട്ട് ക്ളാസ്റൂമുകള്‍. മത്സ്യത്തൊഴിലാളി കടാശ്വാസമായി 612.3 ലക്ഷം രൂപ. തീരപ്രദേശങ്ങളിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ സ്കൂളുകളിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനസൌകര്യ വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി 30 കോടി രൂപ. സ്വാശ്രയ മെഡിക്കല്‍കോളേജില്‍ അഡ്മിഷന്‍ ലഭിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള മുഴുവന്‍ ഫീസും അനുബന്ധ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യമെന്നത് തത്വത്തില്‍ അംഗീകരിച്ചു. ഇതിനുപുറമെ മറ്റനവധി ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തൊഴിലാളിവര്‍ഗതാല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടും പ്രത്യേകിച്ചും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ചുകൊണ്ടും കേരളം ഭരിക്കുന്ന പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച്, കേന്ദ്ര മത്സ്യനയത്തിനും വര്‍ഗീയതയ്ക്കുമെതിരെ കടലും കായലും സംരക്ഷിക്കാന്‍ ശനിയാഴ്ച വൈകിട്ട് നാലിന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതൃത്വത്തില്‍ ആലപ്പുഴയില്‍ 'മത്സ്യത്തൊഴിലാളിസംഗമം' സംഘടിപ്പിക്കും

(കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

പ്രധാന വാർത്തകൾ
Top