18 October Thursday

ധ്വംസനത്തിന്റെ കാല്‍നൂറ്റാണ്ട്

വെങ്കിടേശ് രാമകൃഷ്ണന്‍Updated: Wednesday Dec 6, 2017

 

അന്ന് പുലര്‍ച്ചെ അഞ്ചോടടുപ്പിച്ച് ഫൈസാബാദിലെ തിരുപ്പതി ഹോട്ടലില്‍നിന്ന് അയോധ്യയിലേക്ക് പുറപ്പെടുമ്പോള്‍ ഏതോ ഒരു പള്ളിയില്‍നിന്ന് ബാങ്ക് വിളിക്കുന്നത് കേള്‍ക്കാമായിരുന്നു. അത്രയൊന്നും അകലത്തല്ലാത്ത ഫൈസാബാദ് പൊലീസ് സ്റ്റേഷനടുത്തുള്ള പള്ളിയില്‍നിന്നായിരിക്കുമോ അത്? നിശ്ശബ്ദമായി സ്വയം ചോദിച്ചു. ആണെങ്കില്‍ പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള പഴയ കുടുസ്സുവീട്ടില്‍ കഴിയുന്ന അഡ്വ. മുഹമ്മദ് യൂനുസ് സിദ്ദിഖിയും പള്ളിയിലുണ്ടാകും. തലേദിവസം ഒരു സംഘം മലയാളി പത്രപ്രവര്‍ത്തകരുമായി സിദ്ദിഖി സാബിനെ കാണാന്‍ പോയിരുന്നു. ആറുവര്‍ഷമായി, 1986ല്‍ ആദ്യമായി അയോധ്യയിലും ഫൈസാബാദിലും എത്തിയ കാലംമുതല്‍, സിദ്ദിഖി സാബുമായി നല്ല പരിചയമുണ്ട്. ഉല്‍ക്കണ്ഠാജനകമായ പല സംഭവങ്ങളും ഈ ആറുവര്‍ഷത്തിനിടയില്‍ അയോധ്യയിലും ഫൈസാബാദിലും നടന്നു. അന്നൊക്കെ ശാന്തതയുടെ മൂര്‍ത്തിമത്ഭാവംപോലെ നിഷ്കളങ്കമായ ഒരു ചിരിയിലൂടെ എല്ലാ അവസ്ഥകളെയും നേരിട്ട ആ ബാബ്റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി നേതാവിന്, അന്ന് ആശങ്കയും പരിഭ്രാന്തിയും മറച്ചുവയ്ക്കാനായില്ല. 1992 നവംബറിന്റെ അവസാനവാരംമുതല്‍ ഫൈസാബാദിനെയും എട്ട് കിലോമീറ്റര്‍ അപ്പുറമുള്ള ഇരട്ട നഗരമായ അയോധ്യയെയും ഗ്രസിച്ച സംഘപരിവാര്‍ കര്‍സേവകരുടെ ആക്രമണോത്സുകതതന്നെയായിരുന്നു കാരണം.

'ഇത്തവണ അവര്‍ മസ്ജിദ് പൊളിക്കുകതന്നെ ചെയ്യും, ഭായി'. പതിവില്ലാത്ത സ്തോഭത്തോടെ സിദ്ദിഖി സാബ് അങ്ങനെ പറഞ്ഞപ്പോള്‍, എല്ലാം വഴിയേ ശരിയാകുമെന്ന് ഭംഗിവാക്കു പറയാനേ എനിക്ക് കഴിഞ്ഞുള്ളൂ. എന്റെ കൈത്തലം കൈയിലെടുത്തുപിടിച്ച്, സിദ്ദിഖി സാബ് ഞാന്‍ പറഞ്ഞതിലെ നിരര്‍ഥകത എടുത്തുകാട്ടുമാറ്, ദുഃഖഭരിതമായ ഒരു ചിരിചിരിച്ചു. “മനസ്സുരുകി പ്രാര്‍ഥിക്കും. നാളെ സമാധാനപരമായി കടന്നുപോകണമേ എന്ന്. അതല്ലേ, ഞങ്ങള്‍ക്ക് ചെയ്യാന്‍കഴിയൂ.”1992 ഡിസംബര്‍ ആറിന്റെ പുലര്‍ച്ചെ അയോധ്യയിലേക്ക് പുറപ്പെടുംമുമ്പ് കേട്ട ആ ബാങ്കുവിളി സിദ്ദിഖി സാബിന്റെ ആ ദൈന്യനിമിഷങ്ങളിലേക്കുതന്നെയാണ് കൊണ്ടുചെന്നെത്തിച്ചത്.  
ഫൈസാബാദ് പൊലീസ് സ്റ്റേഷനു മുന്നിലുള്ള കുടുസ്സു വസതിയിലെ ഈ കൂടിക്കാഴ്ചയ്ക്ക് കുറച്ചു മണിക്കൂറുകള്‍ക്കുമുമ്പ്, ഉച്ചയോടടുപ്പിച്ച് അയോധ്യയിലെ കര്‍സേവകപുരത്തെ തങ്ങളുടെ “യുദ്ധമുറിയില്‍” വിശ്രമിക്കുകയായിരുന്ന ബജ്രംഗ്ദള്‍ തലവന്‍ വിനയ് കത്യാറിനെയും വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) സീനിയര്‍ നേതാവ് ആചാര്യ ഗിരിരാജ് കിഷോറിനെയും കാണാന്‍ പോയിരുന്നു. എല്ലാം മുമ്പ് പറഞ്ഞതുമാതിരിതന്നെ. ഓരോ ഡിപ്പാര്‍ട്മെന്റും അവരെ ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്തുതീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാം നിങ്ങള്‍ക്ക്  ഭംഗിയായി കാണാനുള്ള സൌകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.” വെളുക്കെ ചിരിച്ചുകൊണ്ട് കത്യാര്‍ പറഞ്ഞു. മുമ്പ് പറഞ്ഞതെന്ന് ബജ്രംഗ്ദള്‍ തലവന്‍ പരാമര്‍ശിച്ചത്, ഞാനുമായി നവംബര്‍്അവസാനവാരം നടന്ന സംഭാഷണത്തെപ്പറ്റിയാണ്. മുന്‍ കര്‍സേവകളില്‍നിന്ന് വ്യത്യസ്തമായി, ഡിസംബര്‍ ആറിനായി പ്രത്യേകം രൂപീകരിച്ച ആക്രമണസ്ക്വാഡുകള്‍ എല്ലാ സന്നാഹങ്ങളോടെയും തയ്യാറെടുത്തുകഴിഞ്ഞെന്നും, അവയില്‍ ചിലവ ആത്മഹത്യാ സ്ക്വാഡുകള്‍പോലുമാണെന്നും, ബാബ്റി മസ്ജിദിന്റെ ദുര്‍ബല ഭാഗങ്ങളെക്കുറിച്ചുള്ള പഠനം, മാസങ്ങളെടുത്തു പൂര്‍ത്തിയാക്കിക്കഴിഞ്ഞെന്നും, മൂന്ന് കുംഭ ഗോപുരവും മണിക്കൂറുകള്‍ക്കകം നിലംപതിക്കുമെന്നുമായിരുന്നു, അന്ന് കത്യാര്‍ സ്വകാര്യമായി പറഞ്ഞത്.

സുപ്രീംകോടതിയില്‍ കര്‍സേവ സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ മൊഴിനല്‍കിക്കൊണ്ട്, വിഎച്ച്പി നേതാവ് സ്വാമി ചിന്മയാനന്ദ്, ഡിസംബര്‍ ആറിന്റെ കര്‍സേവ ഭജനവും കീര്‍ത്തനവുംമാത്രമായി ഒതുങ്ങുമെന്ന് ഉറപ്പുനല്‍കുകയും അതിനു സമാനമായ ഉറപ്പ് അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ് ദേശീയോദ്ഗ്രഥന സമിതിക്കുമുമ്പാകെ വയ്ക്കുകയും ചെയ്തതിനുശേഷമായിരുന്നു കത്യാറിന്റെ ഈ  വെളിപ്പെടുത്തല്‍. അതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 28ന് എഴുതി അയക്കുകയും ഡിസംബര്‍ അഞ്ചിന് പ്രസിദ്ധീകരിക്കുകയും ചെയ്ത എന്റെ ‘ഫ്രണ്ട് ലൈന്‍’ലേഖനത്തിന്റെ ആദ്യ വാചകംതന്നെ ഹിന്ദുത്വ കൂട്ടുകെട്ടിന്റെ പരസ്യ ഉറപ്പുകളെ നമുക്ക് വിശ്വസിക്കാനാകുമോ  എന്ന് ചോദിച്ചുകൊണ്ടായിരുന്നു. പ്രത്യേക ആക്രമണ  സംഘങ്ങളും ചാവേര്‍ സ്ക്വാഡുകളും മസ്ജിദ് തകര്‍ക്കാനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ആ ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഇത്തരം മുന്നറിയിപ്പുകളൊക്കെ ഉണ്ടായിരുന്നെങ്കിലും ബാബ്റി മസ്ജിദിന്റെ ധ്വംസനം ഞങ്ങളുടെ കണ്ണില്‍ ഒരു സമയബന്ധിത അധിനിവേശംപോലെ അരങ്ങേറുമ്പോള്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ഇളക്കിയുലച്ച ഭയാവേശിയായ ആഘാതമായിരുന്നു. പുലര്‍ച്ചെ ആറിനുമുമ്പേ ഞങ്ങള്‍ അയോധ്യയിലെത്തിയിരുന്നു. അതിനുമുമ്പ് എന്നോടൊപ്പം ചില ഉത്തരേന്ത്യന്‍ യാത്രകളില്‍ അനുഗമിച്ചിരുന്ന ഇ എസ് സുഭാഷ്, അന്ന് മലയാള മനോരമയുടെ ഫോട്ടോഗ്രാഫറായിരുന്ന മുസ്തഫ, അക്കാലത്ത് ദേശാഭിമാനി ഡല്‍ഹി ലേഖകനായിരുന്ന ജോണ്‍ ബ്രിട്ടാസ് എന്നിവരായിരുന്നു കൂടെ. ഞങ്ങള്‍ പുലര്‍ച്ചെ ആറോടെതന്നെ ബാബ്റി മസ്ജിദിനകത്ത് പ്രവേശിച്ച് അതിന്റെ പുറംചത്വരത്തില്‍ ഒരു പ്രദക്ഷിണംവച്ചു. മസ്ജിദിന്റെ വരാന്തയില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ ഹിന്ദു ആരാധനയ്ക്കായി നീക്കിവച്ചിരുന്ന രാം ചബൂത്ര (രാമന്റെ മുറ്റം)യിലും ഒന്നെത്തിനോക്കി. തിരിച്ചുവന്ന് മസ്ജിദിനെതിര്‍വശത്തുള്ള മാനസ് ഭവന്റെ മട്ടുപ്പാവില്‍ സ്ഥാനംപിടിച്ചു.

അണിമുറിയാതെ, മസ്ജിദിനു മുന്നിലുള്ള 2.77 ഏക്കര്‍ തുറസ്സു ഭൂമിയുടെ ചുറ്റുമുള്ള സുരക്ഷാ നിയന്ത്രിതപ്രദേശത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്ന കര്‍സേവകരുടെ ഗ്വാ ഗ്വാ വിളികളിലും ജയ് ശ്രീറാം ഉദ്ഘോഷണങ്ങളിലും പ്രദേശമാകെ പ്രകമ്പനംകൊണ്ടു. ഏതാണ്ട് നാല് മണിക്കൂറോളം ഈ സ്ഥിതി തുടര്‍ന്നു. പത്തേകാലോടെ ലാല്‍ കൃഷ്ണ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും സ്ഥലത്തെത്തി. പില്‍ക്കാലത്ത് നരേന്ദ്ര  മോഡിയുമായുള്ള താരതമ്യത്തില്‍ ഒരു മിതവാദ ഹിന്ദുത്വ മുഖമായി എടുത്തുകാട്ടപ്പെട്ട അദ്വാനിയായിരുന്നു കര്‍സേവകരെ അഭിവാദ്യം ചെയ്യുന്നതിന് മുമ്പന്‍. ഹിന്ദുത്വയുടെ ഫീല്‍ഡ് മാര്‍ഷല്‍ എന്ന് സംഘപരിവാര്‍ അണികള്‍ വിശേഷിപ്പിച്ചിരുന്ന വിഎച്ച്പി തലവന്‍ അശോക് സിംഗാള്‍, വിനയ് കത്യാര്‍, ഉമാഭാരതി തുടങ്ങിയവരും പ്രത്യേകം സജ്ജമാക്കിയ നേതൃത്വ പന്തലില്‍ ഒപ്പമുണ്ടായിരുന്നു.

നേതാക്കള്‍ എത്തി 15 മിനിറ്റിനകംതന്നെ കര്‍സേവകര്‍ മസ്ജിദിനുമുമ്പില്‍ സുരക്ഷാ സൈനികര്‍ തീര്‍ത്തിരുന്ന നിയന്ത്രണ ബാരിക്കേഡുകള്‍ തള്ളിത്തകര്‍ത്തു. കൂടുതല്‍ കൂടുതലായി കര്‍സേവകര്‍ മസ്ജിദിനു തൊട്ടുമുന്നിലുള്ള 2.77 ഏക്കര്‍ തുറസ്സുഭൂമിയിലേക്ക് ഇരച്ചുകയറാന്‍ തുടങ്ങി. പതിനൊന്നരയോടെ തുറസ്സുഭൂമിയുടെ ഒരുവശത്ത് മന്ത്രോച്ചാരണങ്ങളോടെ പൂജാരിമാര്‍ ഹോമകര്‍മങ്ങള്‍ ആരംഭിച്ചു. അതിനുചുറ്റിലുമായി ഇരമ്പി ഇളകിയാടിക്കൊണ്ടിരുന്ന ആയിരക്കണക്കിനു കര്‍സേവകര്‍ മസ്ജിദിനുനേരെ കൂട്ടംകൂട്ടമായി പാഞ്ഞടുത്തു. തടയാന്‍ ശ്രമിച്ച ചില സുരക്ഷാ സൈനികരെ തള്ളിവീഴ്ത്തി 11.50ന് ആദ്യ സംഘം കര്‍സേവകര്‍ മസ്ജിദിന്റെ വലതുവശത്തെ കുംഭഗോപുരത്തില്‍ വലിഞ്ഞുകയറി. ജയ് ശ്രീറാം വിളികളും കൈയടികളും ആര്‍പ്പും പ്രദേശമാകെ. ഇവരെ താഴെയിറക്കാന്‍ നൂറുപേരടങ്ങുന്ന ഒരു സിആര്‍പിഎഫ് സംഘം നീങ്ങിയതും, ആ നീക്കം മുന്‍കൂട്ടി അറിഞ്ഞതുപോലെ നൂറുകണക്കിനു കര്‍സേവകരുടെ ഒരു പ്രത്യേക സംഘം സുരക്ഷാ സൈനികരെ വളഞ്ഞിട്ട് കല്ലുകള്‍കൊണ്ടും കുപ്പിച്ചില്ലുകള്‍കൊണ്ടും ആക്രമിച്ചു. പരിഭ്രാന്തരായി ചിതറിയോടുന്ന സുരക്ഷാ സൈനികരെയാണ് പിന്നെ കണ്ടത്. തോക്കുകളുള്ള സുരക്ഷാ സൈനികര്‍ നാമമാത്രമായിരുന്നു. അവര്‍ക്കും ഉള്ള ഉത്തരവ് കര്‍സേവകരെ കര്‍ശനമായി നേരിടേണ്ട എന്നതാണെന്ന് വ്യക്തമാക്കുംവിധം അവരും നിശ്ചേഷ്ടരായി നിന്നതേയുള്ളൂ.

അടുത്ത രണ്ടര മണിക്കൂറില്‍ കുംഭങ്ങളും മസ്ജിദിന്റെ ചുവരുകളും തകര്‍ക്കുന്ന പണിയില്‍ ആയിരക്കണക്കിനു കര്‍സേവകര്‍ ആസൂത്രിതമായി, ക്രമനിബദ്ധമായി വ്യാപൃതരായി. മൂന്നി ന് അഞ്ചു മിനിറ്റുള്ളപ്പോള്‍ ഇടതുവശത്തെ കുംഭഗോപുരം തകര്‍ന്നുവീണു. പത്തു മിനിറ്റിനകം വലത്തേ കുംഭവും നിലംപതിച്ചു. ഇതിനിടയില്‍ കര്‍സേവകരുടെ ധ്വംസനതാണ്ഡവം ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരും മൃഗീയമായി തലങ്ങും വിലങ്ങും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഏറ്റവും പ്രാകൃതമായ രീതിയില്‍ ശാരീരികമായും ലൈംഗികമായും ആക്രമിക്കപ്പെട്ട വനിതാ മാധ്യമ പ്രവര്‍ത്തക രുചിരാ ഗുപ്ത ഇതിനിടെ ഏറെ ശ്രമപ്പെട്ട് അദ്വാനിയും നേതാക്കളും തമ്പടിച്ചിരുന്ന പന്തലിലേക്കെത്തി. മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള ആക്രമണം ‘ഭരണഘടനയുടെതന്നെ ധ്വംസനമാണെന്നു പറഞ്ഞ അവര്‍,

ലൈംഗികാക്രമണങ്ങള്‍ അടക്കമുള്ള അഴിഞ്ഞാട്ടം നിര്‍ത്താന്‍ അദ്വാനി കര്‍സേവകരോട് ഉച്ചഭാഷിണിയിലൂടെ ആജ്ഞാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത്രയും വലിയ ഒരു ചരിത്ര സംഭവം നടക്കുമ്പോള്‍ ചിലര്‍ക്കുണ്ടാകുന്ന വ്യക്തിപരമായ വിഷമതകള്‍ സ്വാഭാവികമാണെന്നായിരുന്നു, അക്കാലത്തെ ഹിന്ദുഹൃദയ സാമ്രാട്ടിന്റെ മറുപടി.
ഈ പ്രതികരണത്തിനു പുറകെ, ഏതാണ്ട് മൂന്നേകാലോടെ അദ്വാനി പക്ഷേ മറ്റൊരു ഉച്ചഭാഷിണി പ്രഖ്യാപനം നടത്തി. ഫൈസാബാദില്‍നിന്നും മറ്റും കേന്ദ്ര സുരക്ഷാസേനകളുടെ കൂടുതല്‍ ബറ്റാലിയനുകള്‍ അയോധ്യ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നും അവരെ തടയാന്‍ അയോധ്യയിലേക്ക് എത്തുന്ന എല്ലാ വഴികളും അടയ്ക്കണമെന്നുമായിരുന്നു കര്‍സേവകരോടുള്ള ആഹ്വാനം. എണ്ണയിട്ട യന്ത്രംകണക്കെ അയോധ്യയുടെ പ്രധാന പ്രവേശനവഴികള്‍ക്കു മുന്നിലെല്ലാം കത്തുന്ന ടയര്‍മലകള്‍ കുന്നുകൂടി. കത്തിയും വാളും ലാത്തിയുമൊക്കെയായി കര്‍സേവകര്‍ ആ പ്രതിരോധവലയത്തിനു ചുറ്റും കൂടിനിന്നു. സംഘടിത ആസൂത്രണത്തിന്റെയും കണിശമായ നിര്‍വഹണത്തിന്റെയും ഹിന്ദുത്വ ആക്രമണോത്സുകത  ആകാശങ്ങളിലേക്കുയര്‍ന്നപ്പോള്‍, വൈകിട്ട് അഞ്ചിന് കുറച്ചു നിമിഷങ്ങള്‍ക്കുമുമ്പ്, അവസാനത്തെ കുംഭഗോപുരവും തകര്‍ന്നു വീണു

(അവസാനിക്കുന്നില്ല)

മൂന്ന് പതിറ്റാണ്ടായി സ്ഥിരമായി അയോധ്യ സന്ദര്‍ശിക്കുകയും അവിടത്തെ സംഘപരിവാര്‍ കരുനീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന വെങ്കിടേശ് രാമകൃഷ്ണന്‍ ദി ഹിന്ദു/ഫ്രണ്ട്ലൈനിന്റെ സീനിയര്‍ അസോസിയറ്റ് എഡിറ്ററാണ്. ബാബ്റി മസ്ജിദ് തകര്‍ത്തതിനും ദൃക്സാക്ഷിയായിരുന്നു ലേഖകന്‍

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top