20 October Saturday

നിശ്ശബ്ദരായാല്‍ മതഭ്രാന്തര്‍ നിങ്ങളെയും തേടിയെത്തും

മാനിനി ചാറ്റര്‍ജിUpdated: Saturday Jan 6, 2018

ഈ നാലുപേര്‍ക്ക് സമാനതകള്‍ ഏറെയുണ്ട്. മോഡിമന്ത്രിസഭയിലെ തലമുതിര്‍ന്ന മന്ത്രിമാരാണ് നാലുപേരും. ടെലിവിഷന്‍ ചാനലുകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ഇവര്‍ക്ക് 'വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നവരാണെ'ന്ന വിശേഷണവും കൈവന്നിട്ടുണ്ട്. അടുത്തയിടെ ഡല്‍ഹിയില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ ഈ നാലുപേരിലേക്ക് ശ്രദ്ധതിരിഞ്ഞത് മറ്റൊരു കാരണത്താലാണ്. അവരുടെ വിദ്യാഭ്യാസവും മൌനവും കാരണം. 

ഡിസംബര്‍ 20നാണ് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ളീമിസ്, ക്രിസ്മസ് ആഘോഷവേളയില്‍ രാജ്യത്തെ പല ഭാഗങ്ങളിലും ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ട് പരാതിപ്പെട്ടത്. അതിനുശേഷം അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനവും നടത്തി. ക്രിസ്ത്യന്‍ പാതിരിമാരും സ്ഥാപനങ്ങളും മതപരിവര്‍ത്തനത്തിനായി ശ്രമിക്കുന്നുവെന്ന് പറഞ്ഞാണ് ഹിന്ദുത്വശക്തികളുടെ ആക്രമണം. 

മതപരിവര്‍ത്തനമെന്ന തെറ്റായ ആരോപണത്തെ മറികടക്കാനായി കാത്തലിക് ചര്‍ച്ച് ക്രിസ്ത്യന്‍ മിഷണറി സ്കൂളില്‍ പഠിച്ച മോഡി മന്ത്രിസഭാംഗങ്ങളെ കാണുമോ എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരാഞ്ഞു. കര്‍ദിനാള്‍ ക്ളീമിസ് നേരിട്ടുള്ള പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും വേദന നിറഞ്ഞ ആ വാക്കുകളില്‍ സ്മരണകള്‍ ഇരമ്പുന്നുണ്ടായിരുന്നു.'അവര്‍ വിദ്യ അഭ്യസിച്ച കാത്തലിക് സ്കൂളിനെക്കുറിച്ച് സംസാരിക്കേണ്ട സമയമൊന്നുമല്ലിത്. എങ്കിലും ക്രിസ്ത്യാനികള്‍ നടത്തിയ സ്കൂളുകളില്‍ പഠിച്ചവരെ മതംമാറ്റാന്‍ പ്രേരിപ്പിച്ചിരുന്നില്ലെന്നതിന്റെ സാക്ഷ്യപത്രം അവര്‍തന്നെയാണല്ലോ?' എന്നും അദ്ദേഹം പ്രതികരിച്ചു.

കര്‍ദിനാള്‍ ക്ളീമിസ് മന്ത്രിമാരുടെ പേരൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍, മന്ത്രിമാരുടെ ചെറു ജീവചരിത്രവിവരണത്തില്‍തന്നെ അവരാരാണെന്ന് വ്യക്തമാകും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, റെയില്‍മന്ത്രി പിയുഷ് ഗോയല്‍, വാര്‍ത്താ പ്രക്ഷേപണമന്ത്രി സ്മൃതി ഇറാനി, ആരോഗ്യമന്ത്രി ജെ പി നദ്ദ. ഡല്‍ഹിയിലെ സെന്റ് സേവ്യേഴ്സ് സ്കൂളിലാണ് ജെയ്റ്റ്ലി പഠിച്ചത്. ഗോയലാകട്ടെ മുംബൈയിലെ ഡോണ്‍ ബോസ്കോയിലും. സ്മൃതി ഇറാനി ഡല്‍ഹിയിലെ ഹോളി ചൈല്‍ഡ് ഓക്സീലിയം സ്കൂളിലും നദ്ദ പട്നയിലെ സെന്റ് സേവ്യേഴ്സ് സ്കൂളിലുമാണ് പഠിച്ചത്. തങ്ങള്‍ക്കുള്ള ഇംഗ്ളീഷ് ഭാഷയിലുള്ള ചാതുര്യത്തിന് പഠിച്ച സ്കൂളാണ് കാരണമെന്ന് ഒരുപക്ഷേ, അവര്‍ ഓര്‍ത്തേക്കാം. മതത്തിന്റെയും തത്വശാസ്ത്രത്തിന്റെയും കാര്യത്തില്‍ മിഷണറി സ്കൂള്‍ 'മസ്തിഷ്കപ്രക്ഷാളന'ത്തിന് തയ്യാറായില്ലെന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങള്‍കൂടിയാണ് ഇവര്‍ നാലുപേരും. ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ആത്മവിശ്വാസം ഇവര്‍ക്ക് പഠിച്ച സ്കൂള്‍ പകര്‍ന്നുനല്‍കിയിട്ടുണ്ടാകുമെന്ന് തീര്‍ച്ച. പക്ഷേ, അതൊരിക്കലും അവര്‍ക്ക് ബിജെപിയില്‍ ചേരുന്നതിനോ ന്യൂനപക്ഷത്തോട് വിദ്വേഷസമീപനമുള്ള ആര്‍എസ്എസിനോട് വിധേയത്വം കാട്ടുന്നതിനോ തടസ്സമായില്ല.

കര്‍ദിനാള്‍ ക്ളീമിസിന്റെ സങ്കടം കേള്‍ക്കാന്‍ ഇവര്‍ തയ്യാറായിരുന്നുവെങ്കില്‍ അത് ഈ നാലുപേരുടെയും പ്രശസ്തി വര്‍ധിപ്പിക്കുകയേ ചെയ്യുമായിരുന്നുള്ളൂ. ക്രിസ്ത്യന്‍ സ്കൂളുകള്‍ 'മതംമാറ്റ ഫാക്ടറികള്‍' അല്ലെന്നോ ക്രിസ്മസ് ആഘോഷിക്കുന്നത് 'ദേശവിരുദ്ധ പ്രവര്‍ത്തനമല്ലെന്നോ' അവര്‍ക്ക് പറയാമായിരുന്നു. എന്നാല്‍,നിരുപദ്രവകരമായ ഈ വാക്കുകള്‍ ഉച്ചരിക്കാന്‍പോലും സംഘപരിവാറിന്റെ മുന്‍ധാരണകളെ ചോദ്യംചെയ്യാനുള്ള ചങ്കുറപ്പും മനോധൈര്യവും ആവശ്യമായിരുന്നു. എളുപ്പത്തിലുള്ള വഴി മൌനമായിരുന്നു.

മറ്റൊരു വഴി ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്നുനിന്ന് ഒറ്റപ്പെട്ട ആക്രമണങ്ങള്‍മാത്രമാണിതെന്ന് പറഞ്ഞ്   അതിനെ തള്ളിക്കളയാമായിരുന്നു. ഇത്തരമൊരു പ്രസ്താവനയ്ക്ക് ഏറെ വിശ്വാസ്യതയും ലഭിക്കുമായിരുന്നു. കാരണം ഈ ആക്രമണങ്ങളൊന്നും വന്‍ നഗരങ്ങളിലല്ല മറിച്ച് ഉത്തരേന്ത്യയിലെ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലുമായാണ് നടന്നത്.

മധ്യപ്രദേശിലെ സത്നയിലാണ് കരോള്‍ ഗായകസംഘത്തെ ഡിസംബര്‍ 14ന് പൊലീസ് അറസ്റ്റ് ചെയ്തത്. 'ബലംപ്രയോഗിച്ച് മതപരിവര്‍ത്തനം' നടത്തുന്നുവെന്ന് ആരോപിച്ച് ബജ്രംഗ്ദള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.  എന്നാല്‍,ബലപ്രയോഗത്തിലൂടെ മതംമാറ്റശ്രമത്തിനല്ല മറിച്ച് ദേശീയോദ്ഗ്രഥനത്തിന് ഹാനികരമായി പ്രവര്‍ത്തിച്ചുവെന്നും (ഐപിസി 153 ബി), മതവികാരം ആളിക്കത്തിച്ചുവെന്നും (295എ) ആരോപിച്ചാണ് കേസ് ചാര്‍ജ് ചെയ്തത്. അന്വേഷിച്ചെത്തിയ പാതിരിമാരെയും അറസ്റ്റ് ചെയ്തു. അവരുടെ വാഹനം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കത്തിച്ചു. 

ഡിസംബര്‍ 18ന് പത്രങ്ങളില്‍ വന്ന വാര്‍ത്ത ക്രിസ്മസ് ആഘോഷിക്കരുതെന്ന് അലിഗഡിലെ മിഷണറി സ്കൂളിനെ ഹിന്ദു ജാഗരണ്‍ മഞ്ച് ഭീഷണിപ്പെടുത്തിയെന്നാണ്. ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പ്രാദേശിക അധ്യക്ഷ സോണു സവിത ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത ശരിവച്ചു. 'ഹിന്ദുക്കുട്ടികളില്‍ ക്രിസ്മസ് ആഘോഷം അടിച്ചേല്‍പ്പിക്കരുതെന്നും അത്തരമൊരു നടപടി പരോക്ഷമായി മതപരിവര്‍ത്തനത്തിലേക്ക് നയിക്കുന്നതാണെ'ന്നും അവര്‍ വിശദീകരിച്ചു. ക്രിസ്മസ് ആഘോഷങ്ങളുമായി മുന്നോട്ടുപോയാല്‍ അതിന്റെ ഉത്തരവാദിത്തം സ്കൂള്‍ അധികൃതര്‍ക്കുമാത്രമായിരിക്കുമെന്ന് ഈ ഭീഷണിക്കത്ത് വ്യക്തമാക്കി. 

ഇതേദിവസംതന്നെ രാജസ്ഥാനിലെ ഗംഗാനഗറിലുള്ള ജീസസ് ചര്‍ച്ച് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി. ക്രിസ്മസ് വാരത്തില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമായിരുന്നു അത്.  ക്രിസ്ത്യാനികള്‍ കൂടിയിരുന്ന സ്ഥലത്തിനു പുറത്ത് ആളുകള്‍ തടിച്ചുകൂടി ബഹളംവച്ചതിനെതുടര്‍ന്ന് ക്രിസ്ത്യാനികള്‍ക്ക് അവിടെനിന്ന് പോകേണ്ടിവന്നു. ഡല്‍ഹിയിലും മുംബൈയിലും കൊല്‍ക്കത്തയിലും ബംഗളൂരുവിലുമുള്ള പബ്ബുകളിലും ക്ളബ്ബുകളിലും മാളുകളിലും തടസ്സമില്ലാതെ ക്രിസ്മസ് ആഘോഷം നടക്കവെയാണ് ഉള്‍നാടുകളില്‍ ഇതിനെതിരെ ഉയരുന്ന ഭീഷണിയെ അധികൃതര്‍ അവഗണിക്കുന്നത്.

ഇന്ത്യന്‍ റിപ്പബ്ളിക്കിനെ 'പുതിയ ഇന്ത്യയാക്കുക' അഥവാ ഹിന്ദുരാഷ്ട്രമാക്കുക എന്ന ആര്‍എസ്എസ് സ്വപ്നപദ്ധതിയുടെ ഭാഗമായാണ് ഗോസംരക്ഷണത്തിന്റെ പേരില്‍ മുസ്ളിം യുവാക്കളെ അടിച്ചുകൊല്ലുന്നതും ക്രിസ്ത്യാനികളെ മതപരിവര്‍ത്തനത്തിന്റെ പേരില്‍ ആക്രമിക്കുന്നതും. മുസ്ളിങ്ങള്‍ക്കെതിരെമാത്രമല്ല, ക്രിസ്ത്യാനികള്‍ക്കെതിരെയും നടത്തുന്ന വിദ്വേഷപ്രചാരണത്തിന്റെ ആഴം മനസ്സിലാക്കണമെങ്കില്‍ ആര്‍എസ്എസ് ബുദ്ധിജീവി എം എസ് ഗോള്‍വാള്‍ക്കറുടെ കൃതികള്‍ വായിച്ചാല്‍ മതി. ഹിന്ദുക്കളെ കൂട്ടമായി മതംമാറ്റുക ലക്ഷ്യമാക്കിയാണ് ക്രിസ്ത്യാനികള്‍ സ്കൂളുകളും കോളേജുകളും ആശുപത്രികളും അഗതിമന്ദിരങ്ങളും നടത്തുന്നതെന്ന് 'വിചാരധാര' എന്ന ഗ്രന്ഥത്തില്‍ ഗോള്‍വാള്‍ക്കര്‍ പറയുന്നുണ്ട്. മിഷണറിമാര്‍ 'വിദേശ ഏജന്റുമാരാ'ണെന്നും ഗോള്‍വാള്‍ക്കര്‍ കുറ്റപ്പെടുത്തുന്നു. 'ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മതവിരുദ്ധമാണെന്നുമാത്രമല്ല, ദേശവിരുദ്ധം' കൂടിയാണെന്ന് ഗോള്‍വാള്‍ക്കര്‍ എഴുതുന്നു.  രാജസ്ഥാനില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളും ബജ്രംഗ്ദളും ഹിന്ദു ജാഗരണ്‍ മഞ്ചും സത്നയിലും അലിഗഡിലും ഇറക്കിയ പ്രസ്താവനകളും ഗോള്‍വാള്‍ക്കറുടെ പ്രസ്താവനകളെയാണ് ഓര്‍മിപ്പിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് മതംമാറ്റം കുറ്റകരമല്ല. മതപ്രചാരണവും കുറ്റകരമല്ല. ഭരണഘടനാശില്‍പ്പിയായ അംബേദ്കര്‍തന്നെ അദ്ദേഹത്തിന്റെ ജീവിതസായാഹ്നത്തില്‍ മതം മാറുകയുണ്ടായി. മതപരിവര്‍ത്തനം സംബന്ധിച്ച ആര്‍എസ്എസിന്റെ ആരോപണം നിന്ദ്യമാകുന്നത് വസ്തുതകള്‍ക്കുമുമ്പില്‍ കണ്ണടയ്ക്കുന്നതുകൊണ്ടാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പാണ് ക്രിസ്ത്യാനികള്‍ ഇന്ത്യയിലെത്തിയത്. ബ്രിട്ടീഷുകാര്‍ 200 വര്‍ഷം ഇന്ത്യ ഭരിച്ചു. എന്നിട്ടും സ്വതന്ത്ര ഇന്ത്യയില്‍ ക്രിസ്ത്യാനികളുടെ ജനസംഖ്യ 2.3 ശതമാനം മാത്രമാണ്. ഏഴുദശാബ്ദമായി മിഷണറിമാര്‍ ഇവിടെ വിദ്യാഭ്യാസരംഗത്തും മറ്റും പ്രവര്‍ത്തിച്ചിട്ടും ഇതില്‍ വലിയ മാറ്റമൊന്നും വരുത്താനായിട്ടില്ല. 

ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്ക് പ്രധാനമായും രണ്ട് ലക്ഷ്യമാണുള്ളത്. ഒന്ന്: ന്യൂനപക്ഷങ്ങളെ ചകിതരും അരക്ഷിതബോധമുള്ളവരുമാക്കി മാറ്റുക. രണ്ട്: അതോടൊപ്പം അവരുടെ വിശ്വാസം വച്ചുപുലര്‍ത്താനും ആഘോഷങ്ങള്‍ സംഘടിപ്പിക്കാനും അവരെ ഭയമുള്ളവരാക്കി മാറ്റുക. രണ്ടാമത്തേത് പ്രവര്‍ത്തികമാകുന്നതോടെ ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യമാണ് തകര്‍ന്നടിയുന്നത്. ക്രിസ്മസ്, ഈദ്, ദീപാവലി, ഹോളി എന്നിവയെല്ലാം ദേശീയോത്സവങ്ങളായാണ് ആഘോഷിക്കാറുള്ളത്. ഏത് മതത്തിലാണ് ജനിച്ചതെന്ന്് നോക്കാതെതന്നെ ക്രിസ്മസ് കരോള്‍ ഗാനം പാടുകയും ദീപാവലിക്ക് ദീപം തെളിക്കുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ രീതി. മേല്‍പ്രസ്താവിച്ച നാലു മന്ത്രിമാരെപ്പോലെ നമ്മളും നിശബ്ദരായാല്‍ മതഭ്രാന്തര്‍ നമ്മുടെ വീട്ടുമുറ്റത്തും എത്തും

പ്രധാന വാർത്തകൾ
Top