21 October Sunday

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുമ്പോള്‍

പി വി തോമസ്Updated: Tuesday Dec 5, 2017

അധികാരക്കൈമാറ്റത്തിന്റെ പ്രക്രിയയിലാണ് ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഒരു അമ്മയില്‍നിന്ന് മകനിലേക്കാണ് അധികാരക്കൈമാറ്റം. ഇതിന് ഒരു തലമുറയില്‍നിന്ന് മറ്റൊരു തലമുറയിലേക്ക് അധികാരം കൈമാറുന്നതിന്റെ സ്വഭാവമുണ്ട്. അതായത്, കുടുംബാധിപത്യത്തിന്റെ അധികാരപ്പകര്‍ച്ച. സോണിയ ഗാന്ധിയില്‍നിന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത് നിര്‍ണായകമായ ഒരു അവസരത്തിലാണ്.

ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയ പാര്‍ടിയാണ് കോണ്‍ഗ്രസ.് ലോകത്തിലെതന്നെ ഏറ്റവും പഴക്കമുള്ള ഈ രാഷ്ട്രീയ സംഘടനയുടെ 132 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടമാണിത്. ഇതിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍തന്നെ വിശേഷിപ്പിച്ചത് 'അസ്തിത്വപരമായ പ്രതിസന്ധി' എന്നാണ്. അതായത്, നിലനില്‍പ്പുതന്നെ അപകടത്തിലായ അവസ്ഥ. ഇതുതന്നെയാണ് നരേന്ദ്ര മോഡി പ്രഖ്യാപിച്ചതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതും: കോണ്‍ഗ്രസ് വിമുക്തഭാരതം.

എന്താണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇന്ന് നേരിടുന്ന അധികാരപരമായ, സംഘടനാപരമായ, ആശയപരമായ വെല്ലുവിളികള്‍? അധികാരപരമായി പറഞ്ഞാല്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 44 സീറ്റാണ്. അത് ഒരു റെക്കോഡ് പതനമായിരുന്നു. 2014ല്‍ കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്കൊപ്പം 15 സംസ്ഥാനം ഭരിച്ചിരുന്നു. ബിജെപിയും സഖ്യകക്ഷികളും എന്‍ഡിഎയും ആകട്ടെ ഏഴ് സംസ്ഥാനവും. 2017ല്‍ കോണ്‍ഗ്രസ്-യുപിഎ ഭരിക്കുന്നത് വെറും ആറ് സംസ്ഥാനമാണ്. ബിജെപിയും സഖ്യകക്ഷികളും ആകട്ടെ 18 സംസ്ഥാനങ്ങളും. അതായത്, 2014ലെ ഭീമന്‍ പരാജയത്തിനുശേഷം കോണ്‍ഗ്രസിന് സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വന്‍ പരാജയനിരതന്നെ ഉണ്ടായി. ഇതില്‍ മഹാരാഷ്ട്രയും ഹരിയാനയും ജാര്‍ഖണ്ഡും ഉത്തരാഖണ്ഡും ജമ്മു കശ്മീരും എല്ലാം ഉള്‍പ്പെടുന്നു. കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത് പഞ്ചാബില്‍മാത്രമാണ്. അതിന്റെ ക്രെഡിറ്റ് പോകുന്നത് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനാണ്. ബിഹാറില്‍ കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമായി അധികാരത്തില്‍ വന്നുവെന്നത് ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷേ, അതില്‍ കോണ്‍ഗ്രസിന്റെ പങ്ക് എന്തായിരുന്നുവെന്നും ആ സഖ്യഭരണത്തിന് എന്ത് സംഭവിച്ചുവെന്നും പ്രത്യേകം പരിശോധിക്കേണ്ട കാര്യമില്ല. അപ്പോള്‍ അധികാരപരമായി- കോണ്‍ഗ്രസ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അതിന്റെ നെല്ലിപ്പലക കണ്ടുനില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കുന്നത്. അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയാണ്. പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഡല്‍ഹി കൈവിട്ടുപോയത് മറ്റൊരു കഥ. അത് അവിടെ തീര്‍ന്നില്ല. രണ്ട് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം- ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്- ഡിസംബര്‍ 18ന് പുറത്താകാന്‍ ഇരിക്കുകയാണ്. പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിന് ഇവ ശുഭസൂചന ആയിരിക്കുമോ? അതോ പുത്തരിയില്‍ കല്ല് കടിക്കുമോ? അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ രണ്ടാമത്തേതിനാണ് സാധ്യത.

2018 കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വലിയ ഒരു വെല്ലുവിളിയായിരിക്കും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പുള്ള ഒരു യവനിക ഉയരുന്നത് 2018ലായിരിക്കും. കാരണം, മധ്യപ്രദേശും കര്‍ണാടകവും രാജസ്ഥാനും ഛത്തീസ്ഗഡും ത്രിപുരയും മേഘാലയും- ആറ് സംസ്ഥാനം- സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടുന്ന വര്‍ഷമാണ് ഇത്. മധ്യപ്രദേശും രാജസ്ഥാനും ബിജെപിയില്‍നിന്ന് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ? കര്‍ണാടകം നിലനിര്‍ത്താന്‍ രാഹുലിന് കഴിയുമോ? ഇവിടെ പോര് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. അതിനുശേഷം 2019ലാണ് പൊതു തെരഞ്ഞെടുപ്പ്. നരേന്ദ്ര മോഡിക്കും ബിജെപിക്കും എതിരെ ഒരു ദേശീയ ബദല്‍ കെട്ടിപ്പടുക്കാന്‍ പുതിയ കോണ്‍ഗസ് അധ്യക്ഷന് സാധിക്കുമോ? സാധിച്ചാല്‍തന്നെയും എന്തായിരിക്കും അതിന്റെ ജയസാധ്യത? എന്തായിരിക്കും രാഹുലിന് കോണ്‍ഗ്രസിനു വെളിയിലുള്ള സ്വീകാര്യത? മോഡിയുമായുള്ള ഒരു തുലനത്തില്‍ രാഹുല്‍ എവിടെ നില്‍ക്കും?

സംഘടനാപരമായി കോണ്‍ഗ്രസ് ഇന്ന് നല്ല ആരോഗ്യാവസ്ഥയിലല്ല. ചില മുതിര്‍ന്ന നേതാക്കന്മാര്‍ പാര്‍ടി വിട്ടുകഴിഞ്ഞു. നാരായണ്‍ ദത്ത് തിവാരിയും എസ് എം കൃഷ്ണയും ജാഫര്‍ ഷെരീഫും എല്ലാം ഇതില്‍പ്പെടും. ബിജെപിയെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പടുത്തുയര്‍ത്തുന്ന ഹേമന്ത് ബിശ്വസര്‍മയും (അസം) ജഗന്‍മോഹന്‍ റെഡ്ഡിയും (ആന്ധ്രപ്രദേശ്- തെലങ്കാന) കോണ്‍ഗ്രസ് വിട്ട യുവ നേതാക്കന്മാരില്‍പ്പെടും. സര്‍മ ഉപ്പോള്‍  ബിജെപിയുടെ അസം സര്‍ക്കാരില്‍ മന്ത്രിയാണ്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ മകന്‍ ജഗന്‍ തീര്‍ച്ചയായിട്ടും തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ മുഖം ആകുമായിരുന്നു. സര്‍മയുടെയും ജഗന്റെയും എല്ലാം പരാതി ഡല്‍ഹയില്‍ വന്നാല്‍ സോണിയ ഗാന്ധിയെയോ രാഹുലിനെയോ ദിവസങ്ങള്‍ കാത്തുകെട്ടി കിടന്നാലും കാണാന്‍ സാധിക്കുന്നില്ലെന്നായിരുന്നു. ജഗന്റെ കാര്യത്തില്‍ വൈ എസ് ആറിന്റെ വിമാനദുരന്ത മരണത്തിനുശേഷം അമ്മയും ഒരുമിച്ച് വന്നപ്പോഴാണ് ഈ ദുരനുഭവം ഉണ്ടായത്. രാഹുല്‍ ഈ പെരുമാറ്റരീതി മാറ്റുമോ?

കേരളംമുതല്‍ ജമ്മു കശ്മീര്‍വരെ കോണ്‍ഗ്രസ് സംഘടനാപരമായി അരക്ഷിതാവസ്ഥയിലാണ്. കേരളത്തില്‍ ഒരു പ്രദേശത്ത് കോണ്‍ഗ്രസ് കമ്മിറ്റിയിലെ മുതിര്‍ന്ന നേതാക്കന്മാര്‍, മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ട അഴിമതി, ബലാത്സംഗകേസുകളില്‍ കുരുങ്ങിക്കിടക്കുകയാണ്. പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇതിനെ എങ്ങനെ കൈകാര്യം ചെയ്ത് പാര്‍ടി ശുദ്ധീകരിക്കും? മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലും പാര്‍ടി നാമമാത്രമേ ഉള്ളൂ. അവശേഷിക്കുന്ന കര്‍ണാടകത്തിലാകട്ടെ അടുത്തവര്‍ഷം കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ സാധിക്കുമോ എന്നകാര്യം സംശയവുമാണ്.

മധ്യപ്രദേശില്‍ ദശാബ്ദങ്ങളായി കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ല. സംഘടനയും ദുര്‍ബലം. മഹാരാഷ്ട്രയിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തില്‍ അല്ലെങ്കിലും സംഘടന ക്ഷയോന്മുഖമാണ്. ഗുജറാത്തും ഉത്തര്‍പ്രദേശും ബിഹാറും ബംഗാളും ഒഡിഷയും ജമ്മു കശ്മീരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും നല്‍കുന്ന ചിത്രവും വ്യത്യസ്തമല്ല. ഇവിടെയെല്ലാം പാര്‍ടിയെ പുനരുജ്ജീവിപ്പിക്കുക എന്നത് രാഹുലിന് വലിയ ഒരു ഉത്തരവാദിത്തമായിരിക്കും.

ആശയപരമായി കോണ്‍ഗ്രസ് ഇന്ന് എവിടെ നില്‍ക്കുന്നു? സ്വാതന്ത്യ്രാനന്തര ദശകങ്ങളില്‍ കോണ്‍ഗ്രസ് സ്വാതന്ത്യ്രസമരത്തിന്റെയും മതനിരപേക്ഷതയുടെയും ദേശീയതയുടെയും പേരില്‍ അധികാരത്തില്‍ നിലനിന്നു. ഇന്ന് സ്വാതന്ത്യ്രസമരം പഴയ ഒരു ഏടാണ്. പുതിയ തലമുറയ്ക്ക് മതനിരപേക്ഷതയുടെയും ദേശീയതയുടെയും നിര്‍വചനങ്ങള്‍ മാറിയിരിക്കുന്നു. രാഹുലിന് ഇക്കാര്യത്തില്‍ എന്ത് ദിശാബോധമാണുള്ളത്? ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമ്പലങ്ങള്‍ ചുറ്റിയതുപോലെ ബിജെപിയുടെ 'ബി'ടീമായി പ്രവര്‍ത്തിക്കാനാണോ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്റെ പരിപാടി? ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ- സാമൂഹ്യ- സാമ്പത്തിക സാഹചര്യത്തില്‍ എന്ത് നയപരിപാടിയാണ് രാഹുലിനുള്ളത്? ഇതൊക്കെ ചോദിക്കാന്‍ കാരണം രാഹുല്‍ രാഷ്ട്രീയമായി, ഭരണപരമായി ഒട്ടും പരീക്ഷിക്കപ്പെടാത്ത, തെളിയിക്കപ്പെടാത്ത ഒരു വ്യക്തി ആയതുകൊണ്ടാണ്.

കുടുംബവാഴ്ചയുടെ ആരോപണം അദ്ദേഹത്തിന്റെ തോളില്‍ ഒരു മാറാപ്പുപോലെ ഉണ്ടാകും. കോണ്‍ഗ്രസിനെ കുടുംബവാഴ്ചയില്‍നിന്ന് സ്വതന്ത്രമാക്കി ജനാധിപത്യവല്‍ക്കരിക്കാന്‍ രാഹുലിനാകുമോ? പ്രാദേശികനേതാക്കന്മാരെ വളര്‍ത്താനും അവരെ ദേശീയതലത്തില്‍ അവരോധിക്കാനും പുതിയ കോണ്‍ഗ്രസ് അധ്യക്ഷന് സാധിക്കുമോ? നെഹ്റു ഗാന്ധി കുടുംബത്തിനപ്പുറം കോണ്‍ഗ്രസിന് ഒരു ദേശീയനേതൃത്വം ഉണ്ടാകുമോ? അതിന് വഴിയൊരുക്കാന്‍ രാഹുലിന് കഴിയുമോ?
രാഹുല്‍ 2014 മുതല്‍ ലോക്സഭാംഗമാണ്. 2007ല്‍ അദ്ദേഹം അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി. 2013ല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായി. പാര്‍ടിക്കും രാഷ്ട്രത്തിനും അദ്ദേഹത്തിന്റെ സംഭാവന എന്താണ്? ഇടയ്ക്കിടയ്ക്കുള്ള വിദേശ അജ്ഞാതവാസങ്ങള്‍ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ ഛായ അദ്ദേഹത്തിന് നല്‍കുന്നുണ്ടോ?

രാഹുല്‍ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാകുകവഴി നെഹ്റു ഗാന്ധി കുടുംബത്തില്‍നിന്ന് ആറാമത്തെ അംഗം ആ സ്ഥാനത്തേക്ക് അവരോധിക്കപ്പെടുകയാണ്. സ്വാതന്ത്യ്ര സമ്പാദനത്തിനുമുമ്പ് മോട്ടിലാല്‍ നെഹ്റുവും മകന്‍ ജവാഹര്‍ലാല്‍ നെഹ്റുവും അതിനുശേഷം ഇന്ദിര ഗാന്ധിയും മകന്‍ രാജീവ് ഗാന്ധിയും ഭാര്യ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്്. ഇപ്പോള്‍ ഇതാ രാഹുല്‍ ഗാന്ധിയും (47). കുടുംബപേരിനപ്പുറം അദ്ദേഹത്തിന്റെ നേതൃപാടവമാണ് ഇവിടെ പരിശോധിക്കപ്പെടുക. അത് അഗ്നിപരീക്ഷണംതന്നെയായിരിക്കും. പ്രത്യേകിച്ചും മോഡിയുടെയും സംഘപരിവാറിന്റെയും ഈ യുഗത്തില്‍. അസഹിഷ്ണുതയുടെയും അപ്രഖ്യാപിത ഫാസിസ്റ്റ് ഭരണത്തിന്റെയും ചങ്ങാത്തമുതലാളിത്ത കൊള്ളയടിയുടെയും കാലഘട്ടത്തില്‍ കരുത്തുള്ള ഒരു കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമോ? അതാണ് ഇന്ത്യ ഇന്ന് ചോദിക്കുന്ന ചോദ്യം

(ഡല്‍ഹിയില്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റാണ് ലേഖകന്‍)

പ്രധാന വാർത്തകൾ
Top