17 October Wednesday

ചിരസ്മരണ വായിച്ച് കയ്യൂരിലേക്ക്

പയ്യന്നൂര്‍ കുഞ്ഞിരാമന്‍Updated: Tuesday Dec 5, 2017

ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷം അനുദിനം കാറും കോളും നിറഞ്ഞതായിത്തീരുകയാണ്. ഫാസിസത്തിന്റെ മിന്നല്‍പ്പിണരുകളും ഇടിയൊച്ചകളുംകൊണ്ട് അന്തരീക്ഷം ഭയാനകമാകുന്നു. ഹൈന്ദവ വര്‍ഗീതയുടെ കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ ഒഴുകിപ്പോകുന്നത് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സമാനതയുടെയും ഫലഭൂയിഷ്ഠമായ മണ്ണാണ്. ചരിത്ര പൈതൃകംപോലും വര്‍ഗീയവല്‍ക്കരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുമ്പോള്‍ ഉരുക്കുമുഷ്ടികളുമായി ജാഗ്രത കൈക്കൊള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് കര്‍ണാടകത്തിലെ ഒരു സംഘം ചെറുപ്പക്കാര്‍ കരുതുന്നു. പോരാട്ടവഴിയിലെ അഗ്നിബിന്ദുവായ കയ്യൂരിന്റെ സമരചരിത്രം 'ചിരസ്മരണ'’എന്ന നോവല്‍ വായിച്ച് പ്രചോദനം ഉള്‍ക്കൊണ്ട പുരോഗമന രാഷ്ട്രീയ പ്രവര്‍ത്തകരാണ് കയ്യൂരിലെത്തിയത്.  

വടക്കേ മലബാറിന്റെ വിപ്ളവമണ്ണില്‍ തുടുത്തുയര്‍ന്ന ഒരു ഗ്രാമമാണ് കയ്യൂര്‍. മാര്‍ക്സിസത്തിന്റെ കരുത്തില്‍ വളര്‍ന്ന ആ ഗ്രാമം തോക്കിനും ലാത്തിക്കും കാരാഗൃഹത്തിനും കെട്ടിപ്പൂട്ടാനാകാത്ത വിപ്ളവവീര്യം പ്രകടിപ്പിക്കുന്നു. വര്‍ഗീയതയുടെ ഉറഞ്ഞാട്ടത്തിനു മുന്നില്‍ അചഞ്ചലമായി നിലകൊള്ളുന്നതിന് കയ്യൂരിന്റെ ഓര്‍മകള്‍ പിന്‍ബലമേകുമെന്നാണ് കര്‍ണാടകത്തില്‍നിന്ന് വന്ന യുവാക്കള്‍ പറഞ്ഞത്. തേജസ്വിനിക്കരയില്‍ ചരിത്രബോധം തേടിയെത്തിയവരില്‍ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും സിഐടിയുവിന്റെയും മറ്റു ബഹുജനസംഘടനയുടെയും അംഗങ്ങളുണ്ടായിരുന്നു. പത്രപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ വര്‍ക്കര്‍മാരും വന്നവരിലുണ്ടായിരുന്നു. എല്ലാവരുടെയും കൈവശം ചിരസ്മരണ നോവലിന്റെ പ്രതികളുണ്ടായിരുന്നു. കയ്യൂരിലെ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് അന്തിമമായി 60 പേര്‍ക്കെതിരെയാണ് കേസ് ചാര്‍ജ് ചെയ്തത്. ആ ഓര്‍മ നിലനിര്‍ത്തി 60 പേരടങ്ങിയ സംഘമാണ് കയ്യൂര്‍ സന്ദര്‍ശിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടിപ്പള്ളിയും പ്രമുഖ സോഷ്യല്‍ വര്‍ക്കര്‍ ചേതന തീര്‍ഥഹള്ളിയും കൂട്ടത്തിലുണ്ടായിരുന്നു. സംഘപരിവാറിന്റെ ആക്രമണങ്ങളെ ധീരതയോടെ നേരിടുന്ന മാധ്യമപ്രവര്‍ത്തകയാണ് ചേതന തീര്‍ഥഹള്ളി. സ്വതന്ത്രചിന്തകള്‍ കശാപ്പ് ചെയ്യുന്ന ഹൈന്ദവ ഫാസിസ്റ്റ് രീതികളോട് നിരന്തരം കലഹിക്കുന്ന അവര്‍ക്ക് കയ്യൂര്‍ ഒരു പുതിയ അനുഭവമായിരുന്നു. പോര്‍വീര്യം കര്‍മപഥത്തില്‍ കെടാതെ സൂക്ഷിക്കുന്ന കയ്യൂര്‍ ഗ്രാമത്തിന്റെ ചാരുതയിലൂടെ സംഘാംഗങ്ങള്‍ സഞ്ചരിച്ചു. ഹൈന്ദവ ഫാസിസ്റ്റ് രീതികളോട് നിരന്തരം കലഹിക്കാതെ പൊതുസമൂഹത്തിന് നിലനില്‍ക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു.

    ചിരസ്മരണ നോവല്‍ ഉയര്‍ത്തിപ്പിടിച്ചും അതിലെ ഭാഗങ്ങള്‍ ഉറക്കെ വായിച്ചുമാണ് അവര്‍ കയ്യൂരിലൂടെ നടന്നത്. കര്‍ഷകസംഘം ഉടലെടുത്ത സാഹചര്യവും അവരുടെ പ്രതികരണത്തിന്റെ സമീപനവുമെല്ലാം തദ്ദേശീയരില്‍നിന്ന് അവര്‍ ചോദിച്ചറിഞ്ഞു. ജന്മിമാര്‍ക്ക് സഹായികളായി ഗുണ്ടകളും രഹസ്യപൊലീസുകാരും പ്രവര്‍ത്തിച്ചതെങ്ങനെയെന്നും അവര്‍ മനസ്സിലാക്കി. അടിമത്തത്തിന്റെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണത്തില്‍ ഏറെ തിളങ്ങിനിന്നതാണ് കയ്യൂരെന്ന കൊച്ചുഗ്രാമം. ഉമിത്തീപോലെ പുകഞ്ഞുകൊണ്ടിരുന്ന ആശയങ്ങള്‍ ഒരു നാടിനെയാകെ വിപ്ളവത്തിന്റെ പാതയിലേക്ക് നയിച്ചതെങ്ങനെയെന്ന് നിരഞ്ജന തന്റെ നോവലില്‍ വിവരിക്കുന്നുണ്ട്. ഏത് സാഹസത്തിനും എപ്പോഴും ഒരുങ്ങിയിരിക്കണമെന്നാണ് ചിരസ്മരണ ഓര്‍മിപ്പിക്കുന്നത്. തങ്ങളെക്കുറിച്ചുമാത്രമല്ല ചുറ്റും ജീവിക്കുന്നവരെക്കുറിച്ചും ജാഗ്രതയോടുകൂടിയ സമീപനം കൈക്കൊള്ളണമെന്ന് അപ്പുവും ചിരുകണ്ടനും അബൂബക്കറും കുഞ്ഞമ്പുനായരും ഓര്‍മിപ്പിക്കുന്നു. മഠത്തില്‍ അപ്പുവിന്റെയും ചിരുകണ്ടന്റെയും അബൂബക്കറിന്റെയും വീടുകള്‍ സംഘങ്ങള്‍ സന്ദര്‍ശിച്ചു. കയ്യൂരിന്റെ കര്‍ഷകവീര്യമായിരുന്നു ഈ യുവാക്കള്‍. ജാതിയും മതവും മറന്ന് നീറുന്ന പ്രശ്നങ്ങളോട് നെഞ്ചുവിരിച്ച് പൊരുതാന്‍ കയ്യൂരിലെ ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങുകയുണ്ടായി. ആ കഥ തങ്ങള്‍ക്കിന്നും ആവേശവും പ്രേരണയും നല്‍കുകയാണെന്ന് കര്‍ണാടകത്തിലെ യുവാക്കള്‍ പ്രതികരിച്ചു. ലോകത്തിന്റെ മുമ്പില്‍ സ്വന്തമെന്നു പറഞ്ഞ് അഭിമാനത്തോടെ അവതരിപ്പിക്കാന്‍ അനേകം മാതൃകകളുള്ള നാടാണ് കേരളമെന്ന് സംഘം വിലയിരുത്തി. ഭാഷയിലും സംസ്കാരത്തിലും ജീവിതരീതിയിലും കേരളം ഇന്ത്യക്ക് എന്നും മാതൃകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വിശപ്പിന്റെയും പട്ടിണിയുടെയും കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാനാണ് കയ്യൂര്‍ ഗ്രാമം ശ്രദ്ധിച്ചത്. ഒരു സുപ്രഭാതത്തില്‍ പൊട്ടിയുണ്ടായതല്ല കേരളത്തില്‍ ഇന്നു കാണുന്ന വിഭവസമ്പത്തെന്ന് ചിരസ്മരണ എന്ന നോവല്‍ ഓര്‍മിപ്പിക്കുന്നു. മുറിഞ്ഞുകീറിയ ദേഹത്തുനിന്ന് ചോര പൊടിയുമ്പോഴും ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച് പൊരുതിയ കയ്യൂര്‍ സഖാക്കളുടെ സ്മാരക മണ്ഡപത്തില്‍ സംഘം പുഷ്പാര്‍ച്ചന നടത്തി. പുതിയൊരു ജീവിതക്രമം ഉദയംകൊള്ളുന്ന പ്രഭാതത്തിലേക്ക് നിസ്വാര്‍ഥരായി കടന്നുപോയവര്‍ നാലു നക്ഷത്രമായി പ്രശോഭിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

കയ്യൂരിനെക്കുറിച്ച് വളരെ ആവേശത്തോടെയാണ് ചേതന തീര്‍ഥഹള്ളി സംസാരിച്ചത്. ചെങ്കൊടി പൊതിഞ്ഞ ഗ്രാമത്തിന്റെ വളര്‍ച്ചയില്‍ അഭിമാനംകൊള്ളുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ പ്രതികരിച്ചത്. ഹിന്ദു ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന ചേതന ഫാസിസ്റ്റ് ഭീഷണികള്‍ നിരന്തരം നേരിടുന്ന മാധ്യമപ്രവര്‍ത്തകയാണ്. വര്‍ത്തമാനകാലത്ത് മൌനം ഭജിക്കരുതെന്നാണ് കയ്യൂര്‍ ഗ്രാമം ഓര്‍മിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ആശയങ്ങളെ വെടിവച്ചു കൊല്ലാനാകില്ല. കര്‍ണാടകത്തിലെ ഇടതുപക്ഷ പുരോഗമന ചിന്താഗതിക്കാരുടെ മുന്നണിയില്‍ അണിനിരന്നുകൊണ്ട് ചേതന നടത്തിയ പ്രവര്‍ത്തനം ഹിന്ദുവര്‍ഗീയവാദികളെ വിറളിപിടിപ്പിക്കുകയുണ്ടായി. ബിജെപി സര്‍ക്കാര്‍ ബീഫ് നിരോധിച്ചപ്പോള്‍ ബംഗളൂരുവില്‍ നടന്ന റാലിയില്‍ മുഖ്യപ്രഭാഷണം നടത്തിയത് ചേതനയാണ്.  അന്ന് കലബുര്‍ഗിയാണെങ്കില്‍ ഇന്ന് ഗൌരി ലങ്കേഷും നാളെ നീയുമാണെന്ന് അവര്‍ ഫെയ്സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തി. ഇതില്‍ ഒട്ടും കൂസാതെ ചേതന എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നു. താന്‍ ജൂനിയര്‍ ഗൌരി ലങ്കേഷാണെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. ശ്രീരാമന്‍ ദൈവമാണെങ്കില്‍ സീതയെ കാട്ടിലയച്ചതെന്തിനെന്ന് ചേതന ചോദിക്കുന്നു. വര്‍ഗീയവാദികള്‍ സമൂഹത്തെ പിന്നോക്കം വലിക്കുമ്പോള്‍ കയ്യൂര്‍ എന്നും പ്രതിരോധത്തിന് നെഞ്ചുറപ്പ് നല്‍കുന്നു. നാഡിഞരമ്പുകള്‍പോലും കരിഞ്ഞുപോകുന്ന ഹൃദയഭേദകമായ സംഭവങ്ങള്‍ ചുറ്റും നടക്കുമ്പോള്‍ കേരളം ഒരു രക്ഷാകവചമായി നിലകൊള്ളുന്നുവെന്നും ചേതന ചൂണ്ടിക്കാട്ടി. കമല്‍ ഹാസനെതിരെയും  വിജയിനെതിരെയും നടക്കുന്ന ഹൈന്ദവവര്‍ഗീയതയുടെ കടന്നാക്രമണങ്ങളെയും അവര്‍ വിമര്‍ശിച്ചു. മണ്ണും സമ്പത്തും മനുഷ്യമനസ്സും വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ കയ്യൂരിന്റെ കഥ മനുഷ്യപ്പറ്റിലേക്കുള്ള മഹാ പ്രവാഹത്തിന് വഴിയൊരുക്കുന്നു. അന്ധമായ ആചാരങ്ങളും പരമ്പരാഗത മുന്‍വിധികളും തകര്‍ത്തുകൊണ്ടേ മനുഷ്യകുലത്തിന് മുന്നേറാന്‍ കഴിയൂ എന്നും അവര്‍ ഓര്‍മിപ്പിച്ചു

പ്രധാന വാർത്തകൾ
Top