20 October Saturday

പൊറോഷെങ്കോവിന്റെ കമ്യൂണിസ്റ്റ് വിരുദ്ധത

വി ബി പരമേശ്വരന്‍Updated: Wednesday Oct 4, 2017

ഉക്രെയിന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായ (കെപിയു) നിരോധനം പിന്‍വലിക്കാന്‍ കോടതി വീണ്ടും വിസമ്മതിച്ചു. 2015 ഡിസംബര്‍ 16നാണ് അമേരിക്കന്‍ ശിങ്കിടിയായ പൊറോഷെങ്കോ യുടെ സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ചത്. സര്‍ക്കാരിന്റെ തീവ്രവലതുപക്ഷ ഫാസിസ്റ്റ് രീതികളെ നിശിതമായി വിമര്‍ശിക്കുന്നതിന്റെ പേരിലാണ് ഈ നിരോധനം. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശത്തെ റഷ്യന്‍ ചായ്വെന്ന് വായിച്ചെടുത്താണ് ഈ നിരോധനം. പാര്‍ടിയെ നിരോധിച്ചത് ഭരണഘടനാലംഘനമാണെന്ന് കാണിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ടി കോടതിയെ സമീപിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെയുള്ള നിരോധനത്തിന് നിയമസാധുത നല്‍കണമെന്ന് തനിക്കുമേല്‍ കടുത്ത സമ്മര്‍ദമാണ് ചെലുത്തപ്പെടുന്നതെന്ന് ആരോപിച്ച് ജഡ്ജി വലേരി കുസ്മെങ്കോ രാജിവയ്ക്കുന്നിടംവരെയെത്തി കാര്യങ്ങള്‍. ഈ ഘട്ടത്തിലാണ് കേസ് ഭരണഘടനാ കോടതിക്ക് വിടാന്‍ പൊറോഷെങ്കോ സര്‍ക്കാര്‍ തീരുമാനിച്ചത്. പൊറോഷെങ്കോ സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തിലുള്ള കോടതിയാണ് ഇതെന്നതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെയുള്ള നിരോധനം തുടരാനാണ് സാധ്യത. 

ഏതായാലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കടുത്ത പോരാട്ടത്തിലാണ് പെട്രോ സിമോനെന്‍ങ്കോയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ടി. നിരോധനത്തിന് തൊട്ടുമുമ്പുവരെ ഒരുലക്ഷത്തോളം അംഗങ്ങളുള്ള പാര്‍ടിയായിരുന്നു ഇത്. 2012ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 13 ശതമാനം വോട്ടും 32 സീറ്റും കമ്യൂണിസ്റ്റ് പാര്‍ടിക്ക് ലഭിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷവും ചെങ്കൊടിയും പേരും ഉപേക്ഷിക്കാത്ത കിഴക്കന്‍ യൂറോപ്പിലെ അപൂര്‍വം കമ്യൂണിസ്റ്റ് പാര്‍ടികളില്‍ ഒന്നായിരുന്നു ഇത്. സോവിയറ്റ് പതനത്തിനുശേഷം ചിതറിപ്പോയ കമ്യൂണിസ്റ്റ്ഗ്രൂപ്പുകളെ കൂട്ടിയോജിപ്പിച്ച് 1993 ജൂലൈ 19നാണ് ഉക്രെയിന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപംകൊണ്ടത്.

റഷ്യന്‍ അനുകൂലിയായിരുന്ന പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് 2004ലാണ് അട്ടിമറിച്ചത്. യൂറോപ്യന്‍ യൂണിയനുമായി അടുത്തബന്ധം വേണമെന്ന് ആവശ്യപ്പെട്ട് 2013ല്‍ കീവിലെ സ്വാതന്ത്യ്രചത്വര (മെയ്ഡന്‍ ഹെസലാസ്നോസ്തി)ത്തില്‍നിന്ന് ആരംഭിച്ച 'മെയ്ഡന്‍ കലാപ'ത്തിനൊടുവില്‍ യാനുകോവിച്ചിന് അധികാരം നഷ്ടമായി. 2014 ജൂണോടെ പാശ്ചാത്യരുടെ ശിങ്കിടിയായ പൊറോഷെങ്കോവിനെ പ്രസിഡന്റായി അവരോധിക്കുകയും ചെയ്തു. ഉക്രെയിനില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനെന്ന പേരിലായിരുന്നു തെരഞ്ഞെടുക്കപ്പെട്ട യാനുകോവിച്ചിനെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് അട്ടിമറിച്ചത്. ജനാധിപത്യത്തിന്റെ പേരിലുള്ള ഈ ജനാധിപത്യക്കുരുതിയെ കമ്യൂണിസ്റ്റ് പാര്‍ടി ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതിനര്‍ഥം യാനുകോവിച്ച് സര്‍ക്കാരിനെ കമ്യൂണിസ്റ്റ് പാര്‍ടി അനുകൂലിച്ചിരുന്നുവെന്നല്ല. യാനുകോവിച്ച് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിലായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടി. എന്നാല്‍, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പാശ്ചാത്യ ഇടപെടലിലൂടെ അട്ടിമറിക്കുന്നതിന് എതിരായിരുന്നു. 'ഒരുകൂട്ടം കള്ളന്മാര്‍ക്കുപകരം കൊള്ളക്കാര്‍'  അധികാരമേല്‍ക്കുന്നതിനെ ന്യായീകരിക്കാനാകില്ലെന്നായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി പെട്രോ സിമോനെന്‍ങ്കോയുടെ പ്രതികരണം. ഈ പാശ്ചാത്യ ഇടപെടലാണ് ക്രിമിയയിലേക്ക് സൈനികനീക്കം നടത്താനും അത് കീഴ്പെടുത്താനും റഷ്യക്ക് കരുത്തുനല്‍കിയതെന്നും കമ്യൂണിസ്റ്റ് പാര്‍ടി വിശ്വസിക്കുന്നു. 

അമേരിക്ക അവരോധിച്ച സര്‍ക്കാരിന്റെ പിന്നിലുള്ള സാമൂഹ്യ ശക്തി നവ ഫാസിസ്റ്റുകളാണെന്നതാണ് വസ്തുത. ജനാധിപത്യം സ്ഥാപിക്കുന്നതിനായി അട്ടിമറി നടത്തിയ അമേരിക്കയുടെ നടപടി ഉക്രെയിനില്‍ തീവ്രവലതുപക്ഷത്തെയാണ് വളര്‍ത്തിയതെന്ന് സാരം. ദിമിത്രി ഡോണ്‍സ്റ്റോവിന്റെയും മറ്റും സങ്കുചിത ഉക്രെനിയന്‍ ദേശീയവാദത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പൊറോഷെങ്കോ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. റഷ്യന്‍വിരുദ്ധ വികാരത്തിനൊപ്പം കമ്യൂണിസ്റ്റ് വിരുദ്ധ വികാരവും ആളിക്കത്തിക്കുകയാണ് പെറോഷെങ്കോ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കമ്യൂണിസവുമായി ബന്ധപ്പെട്ട എല്ലാം നശിപ്പിക്കപ്പെടുകയാണ്. രാജ്യത്തെങ്ങുമുള്ള ലെനിന്‍ പ്രതിമകളാണ് ഫാസിസ്റ്റുകളുടെ പ്രധാന ലക്ഷ്യം. ഇതിനകംതന്നെ റഷ്യന്‍വിപ്ളവ നേതാവ് ലെനിന്റെ 1320 പ്രതിമകള്‍ രാജ്യത്ത് നശിപ്പിക്കപ്പെട്ടുവെന്ന് ഉക്രെനിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ മെമ്മറിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.  സോവിയറ്റ് കാലത്തുള്ള റോഡുകളുടെയും മറ്റും പേരുകള്‍ മാറ്റുന്ന തിരക്കിലാണിപ്പോള്‍ ഉക്രെനിയന്‍ ഭരണകൂടം. പൊറോഷെങ്കോ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പാണ് 42 ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ ഫാസിസ്റ്റുകള്‍ ഒഡേസ ഹൌസില്‍ ചുട്ടുകൊന്നത്. അന്ന് തുടങ്ങിയ ഇടതുപക്ഷ വിരുദ്ധ- ട്രേഡ് യൂണിയന്‍വിരുദ്ധ വേട്ടയാടല്‍ തുടരുകയാണ്. ഫാസിസ്റ്റുവിരുദ്ധ യുദ്ധത്തിന്റെ എല്ലാ സ്മാരകങ്ങളും ഓര്‍മകളും തേച്ചുമാച്ചുകളയാനുള്ള തീവ്രശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. 

കമ്യൂണിസ്റ്റ് 'ഏകാധിപത്യ'ത്തിനെതിരെ ജനാധിപത്യത്തിന്റെ കൊടി ഉയര്‍ത്തിയാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും പൊറോഷെങ്കോവിനെ അധികാരത്തില്‍ അവരോധിച്ചത്. എന്നാല്‍,ഈ ഭരണത്തില്‍ ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നുമാത്രമല്ല, ഒരു രാഷ്ട്രീയപാര്‍ടിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രംപോലും നിഷേധിക്കുകയും ചെയ്യുന്നു. അരിവാള്‍ ചുറ്റികയെന്ന ചിഹ്നവും ചുവന്ന കൊടിയുംപോലും നിരോധിച്ചിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുമായി സഹകരിക്കുന്നതിന്റെ പേരില്‍ റിഫോംഡ് കമ്യൂണിസ്റ്റ് പാര്‍ടി ഉക്രെയിനിനെയും കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് വര്‍ക്കേഴ്സ് ആന്‍ഡ് പെസന്റ്സിനെയും നിരോധിച്ചിരിക്കുന്നു. കമ്യൂണിസ്റ്റുകാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് തടയാന്‍ കഴിഞ്ഞതാണ് തന്റെ ഏറ്റവും പ്രധാന ഭരണനേട്ടമെന്നാണ് പൊറോഷെങ്കോവിന്റെ അവകാശവാദം. അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും പിന്തുണയോടെ പൊറോഷെങ്കോവിന്റെ 'ജനാധിപത്യം' പൊടിപൊടിക്കുകയാണിപ്പോള്‍

 

പ്രധാന വാർത്തകൾ
Top