22 October Monday

അറുപതാണ്ടുകളുടെ ശേഷപത്രം

ആലങ്കോട് ലീലാകൃഷ്ണന്‍Updated: Wednesday Nov 1, 2017

ഐക്യകേരളം ആറുദശകം പിന്നിട്ടു. ഐക്യകേരളപ്പിറവിക്കുതൊട്ടുപിന്നാലെയാണ് ലോകചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയത്. തിരുവിതാംകൂറും കൊച്ചിയും മലബാറുമായി മൂന്നായിക്കിടന്ന കേരളം, മൂന്നും ചേര്‍ത്ത് മുറുക്കി ഒന്നാക്കിയപ്പോള്‍ ചുവന്നുപോയി. അതിനുപിറകില്‍ കേരളത്തെയൊന്നാകെ ഇളക്കിമറിച്ചു കടന്നുപോയ നിരവധി രാഷ്ട്രീയ വിമോചനപോരാട്ടങ്ങളുടെ കരുത്തും മനുഷ്യേച്ഛയുമുണ്ടായിരുന്നു. അടിമത്ത കാലത്തില്‍നിന്ന് പുതിയ രാഷ്ട്രീയ പ്രബുദ്ധതയിലേക്ക് പിടഞ്ഞുണര്‍ന്നവരും ഒരുനാടിനെ ഒന്നാകെയുണര്‍ത്തിയവരുമായ ഒരുപാട് മനുഷ്യര്‍ പോരാടി നേടിയതായിരുന്നു ആ മുന്നേറ്റം. നവോത്ഥാനനന്തര പുരോഗമന രാഷ്ട്രീയം ഉണര്‍ത്തിയെടുത്ത കലാസാംസ്കാരിക മനുഷ്യപ്രതീകങ്ങള്‍ അന്നു സജീവമായിരുന്നു. ജാതി-മതഭേദമില്ലാത്ത ആ സമൂഹം, ചൂഷണമില്ലാത്ത ജനവര്‍ഗം, അടിമത്തമില്ലാത്ത വ്യവസ്ഥ തുടങ്ങിയ ഉന്നതമായ സമത്വാഭിലാഷങ്ങള്‍ സാക്ഷാല്‍ക്കരിക്കാനാണ് ആദ്യ മന്ത്രിസഭതൊട്ടുള്ള കേരളത്തിലെ എല്ലാ ഇടതുപക്ഷ ഭരണസംവിധാനങ്ങളും ആത്മാര്‍ഥമായി പരിശ്രമിച്ചത്.

ആദ്യ മന്ത്രിസഭയുടെ ആദ്യയോഗം തന്നെ പാവപ്പെട്ടവരെ വഴിയാധാരമാക്കുന്ന കുടിയിറക്കലുകള്‍ക്ക് നിയമനിര്‍മാണത്തിലൂടെ അന്ത്യം കുറിച്ചു. പിന്നീട് കാര്‍ഷിക ഭൂവുടമ ബന്ധങ്ങള്‍ പുതിയ നിയമങ്ങളിലൂടെ അടിസ്ഥാനവര്‍ഗത്തിന് അനുകൂലമായവിധം മാറ്റിമറിച്ചു. എല്ലാവര്‍ക്കും നീതികിട്ടുന്ന പുതിയ ഉല്‍പ്പാദന- വിപണന വ്യവസ്ഥകള്‍ നടപ്പാക്കി. കൃഷിഭൂമി ജന്മിയില്‍നിന്ന് കുടിയാനിലേക്കും കര്‍ഷകത്തൊഴിലാളികളിലേക്കും കര്‍ഷകനിലേക്കും വന്നു. അതുവഴി സാമൂഹിക ബന്ധങ്ങളില്‍ അതുവരെ പ്രതീക്ഷിക്കാന്‍ കഴിയാതിരുന്ന അട്ടിമറികളുണ്ടായി. കാലങ്ങളായി അടിമകളാക്കപ്പെട്ടിരുന്നവര്‍ പുതിയ സ്വാതന്ത്യ്രത്തിലേക്കും പൌരബോധത്തിലേക്കും കണ്ണുതുറന്നെഴുന്നേറ്റു.

പുതിയ വിദ്യാഭ്യാസ ബില്ലുകള്‍ വന്നു. വിദ്യാഭ്യാസം സാര്‍വത്രികമായി. ആരോഗ്യപരിപാലന സംവിധാനങ്ങള്‍ ജനകീയവും കാര്യക്ഷമവുമായി. ആഹാരരീതികളും കാര്‍ഷിക സമ്പ്രദായങ്ങളും ആശയങ്ങളും ഭാവനകളും പ്രതീക്ഷകളും സ്വപ്നങ്ങളും ശാസ്ത്രീയമായ വീക്ഷണത്തില്‍ പുതുക്കി നിര്‍ണയിക്കപ്പെട്ടു.  കലാസാംസ്കാരിക ചലനങ്ങള്‍ സജീവമായി. നിഷ്കാസിതരും ബഹിഷ്കൃതരുമായിരുന്ന പലതരം ജനങ്ങള്‍ മുഖ്യധാരാജീവിതത്തിന്റെ  മുന്‍നിരയിലേക്ക് കയറിവരുന്നതിന് ഇതെല്ലാം കാരണമായി. ദീര്‍ഘവീക്ഷണവും രാഷ്ട്രീയ ഇച്ഛാശക്തിയുമുള്ള ഭരണസംവിധാനം ജനപക്ഷ നിയമനിര്‍മാണവും സാമൂഹിക ഇടപെടലും കൊണ്ട് കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് രൂപീകരിച്ചെടുത്തതാണ് ഇതെല്ലാം. കേരളീയ സമൂഹത്തില്‍ യഥാര്‍ഥമായ സാമൂഹ്യപുരോഗതിയുടെ സാര്‍വത്രിക-ശാസ്ത്രീയ വികസനത്തിന് നേതൃത്വം നല്‍കുന്നതില്‍ ഇടതുപക്ഷ ഭരണസംവിധാനങ്ങള്‍ എക്കാലത്തും പാലിച്ചുപോന്ന രാഷ്ട്രീയജാഗ്രതയുടെ ഫലമായിരുന്നു കൊണ്ടാടപ്പെട്ട കേരളമോഡല്‍ വികസനം. അതിന് ഇടര്‍ച്ച സംഭവിച്ചപ്പോഴൊക്കെ കേരള സമൂഹത്തിന്റെ വളര്‍ച്ച പിന്നോട്ടടിച്ചിട്ടുണ്ട്. കേരളത്തിലെ മതേതരമാനവികതയില്‍ അടിയുറച്ച സമൂഹം ഇടതുപക്ഷ രാഷ്ട്രീയപ്രബുദ്ധതയുടെ കൂടി നേട്ടമായിരുന്നു. അടിസ്ഥാന ജനവര്‍ഗങ്ങളുടെയും ഏഴകളുടെയും പുരോഗമന രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കെതിരായിരുന്ന വലതുപക്ഷ ജാതി-മത പൌരോഹിത്യ സാമ്പത്തിക വര്‍ഗവും ഇക്കാലമൊക്കെ വെറുതേയിരിക്കുകയായിരുന്നില്ല. പല പകലുകള്‍ കൊണ്ട് നാം മൂന്നോട്ടുവെട്ടിയ വഴികളെല്ലാം ഒറ്റ രാത്രികൊണ്ട് പിന്നിലേക്കാക്കാന്‍ പോന്ന പിന്തിരിപ്പന്‍ ഗൂഢാലോചനകളായി ആ ഇരുട്ടിന്റെ ശക്തികളും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. ആധുനിക കേരളരാഷ്ട്രീയ ചരിത്രത്തിലെ ആദിപാപം എന്നു വിശേഷിപ്പിച്ചിട്ടുള്ള വിമോചന സമരം ആ പിന്തിരിപ്പിന്‍ ശക്തികളുടെ ആദ്യ ഇടപെടലുകളായിരുന്നു. കേരളചരിത്രത്തെ ബഹുദൂരം പിന്നിലേക്ക് വലിച്ച അത്തരം ജനവിരുദ്ധശക്തികള്‍ ജാതി-മത-വര്‍ഗീയ ധ്രുവീകരണങ്ങള്‍ സൃഷ്ടിച്ച് ഇപ്പോഴും ജനപക്ഷഭരണകൂടങ്ങളുടെ പുരോഗമന മുന്നേറ്റങ്ങളെ നിരന്തരം തടസ്സപ്പെടുത്തുന്നുണ്ട്.

രാഷ്ട്രീയ കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാസിസ്റ്റ്-വര്‍ഗീയ ശക്തികള്‍ ജാതി, മത, പൌരോഹിത്യ കൂട്ടു കെട്ടിലൂടെ നാടിന്റെ സംസ്കാരത്തെയൊന്നാകെ അന്ധകാരയുഗത്തിലേക്ക് വലിക്കാന്‍ നടത്തുന്ന ആസൂത്രിത പ്രവര്‍ത്തനങ്ങളാണ്. ദീര്‍ഘവര്‍ഷങ്ങളിലെ പുരോഗമന രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഒരു പ്രബുദ്ധജനത എന്ന നിലയില്‍ കേരളം ആര്‍ജിച്ച എല്ലാവിധ യുക്തിബോധവും സാമൂഹിക ജാഗ്രതയും അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തില്‍നിന്ന് നാം ഒഴിച്ചുകളഞ്ഞ പിശാചുക്കളൊക്കെയും കാവിയിലും കറുപ്പിലും മഞ്ഞയിലും പുതിയ വേഷങ്ങളണിഞ്ഞു തിരിച്ചു വരുന്നു. എല്ലാ അന്ധവിശ്വാസങ്ങള്‍ക്കും പുതിയ കമ്പോളങ്ങളുണ്ടായിരിക്കുന്നു.

ദേശീയരംഗമെടുത്താല്‍ ആഗോള മൂലധനശക്തികള്‍ പുതിയ സാമ്പത്തികാധിനിവേശങ്ങളിലൂടെ അടിസ്ഥാന മനുഷ്യരെ കൂടുതല്‍ കൂടുതല്‍ അനാഥരാക്കിത്തീര്‍ത്തു. ഘര്‍വാപസിയും പശുരാഷ്ട്രീയവും താജ്മഹലുമൊക്കെ വര്‍ഗീയതയുടെ ചീട്ടുകളാക്കി കളിക്കുന്ന ശ്രദ്ധമാറ്റലുകള്‍ക്കിടയില്‍ എത്രയോ ജനവിരുദ്ധ കരാറുകള്‍ ഒരുവിധ ചര്‍ച്ചയുമില്ലാതെ നടപ്പാക്കി.  സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. ഈ നിസ്സഹായാവസ്ഥ മുതലെടുത്താണ് ആള്‍ദൈവ കേന്ദ്രങ്ങളും കപടസന്യാസിമാരും അന്ധവിശ്വാസ പ്രചാരകരും വചനശുശ്രൂഷകേന്ദ്രങ്ങളും മന്ത്രിച്ചെഴുത്തുകാരും യജ്ഞക്കാരും ജ്യോതിഷകാര്യാലയങ്ങളും മഷിനോട്ടക്കാരും മന്ത്രവാദികളും കച്ചവടം കൊഴിപ്പിക്കുന്നത്. പുനരുത്ഥാന രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നതും ഈ പഴുതുകളിലാണ്.  നൂറുകണക്കിന് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചപ്പോള്‍ അനങ്ങാതിരുന്നവര്‍ ഒരു കപടസന്യാസി ബലാത്സംഗകുറ്റത്തിന് ജയിലിലായപ്പോള്‍ രാഷ്ട്രം കത്തിക്കുന്നതും നാം കണ്ടു.

കേരളത്തിലും ആ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനാണ് സംഘപരിവാര്‍ ശക്തികള്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നത്. ഒരു യുക്തിയും ആവശ്യമില്ലാത്തതും ചോദ്യംചെയ്യാന്‍ പാടില്ലാത്തതും തെളിവുകളും ശാസ്ത്രീയവിശകലനങ്ങളും വേണ്ടാത്തതുമായ അമൂര്‍ത്താശയങ്ങള്‍ അവര്‍ പൊതുസമൂഹത്തില്‍ വിതരണംചെയ്തുകൊണ്ടിരിക്കുന്നു. അതിനെ യുക്തിപൂര്‍വം നേരിടുന്നവരെ നിശ്ശബ്ദരാക്കാന്‍ ആയുധങ്ങളും വധഭീഷണികളും ഉയര്‍ത്തുന്നു. ധബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയെയും കലബുര്‍ഗിയെയും ഗൌരീ ലങ്കേഷിനെയും നിശ്ശബ്ദരാക്കിയ വഴിതന്നെയാണ് എം ടി വാസുദേവന്‍നായര്‍ക്കു നേരെയും ഇവിടത്തെ പ്രതിലോമശക്തികള്‍ അവലംബിക്കാന്‍ ശ്രമിച്ചത്.

കേരളത്തിലിതൊന്നും എളുപ്പത്തില്‍ ചെലവാകാതിരിക്കുന്നത് ഇവിടത്തെ ഇടതുപക്ഷ രാഷ്ട്രീയബോധത്തിനും മതേതര മാനവികവീക്ഷണത്തിനും ശാസ്ത്രീയ യുക്തിബോധത്തിനും അത്രമേല്‍ ശക്തമായ അടിത്തറയുള്ളതിനാലാണ്. ജാതിമതങ്ങള്‍ക്കതീതമായ മനുഷ്യവര്‍ഗബലമാണ് നമ്മുടെ രാഷ്ട്രീയ സമ്പത്ത്.

പശുവിന്റെ നവദ്വാരങ്ങളടച്ച് ശ്വാസംമുട്ടിച്ച് കൊന്നശേഷം, അതിന്റെ 'വപ'യെടുത്ത് ഹോമിച്ച് യാഗം നടത്തിയിരുന്നവര്‍തന്നെയാണ് പശുപ്രേമത്തിന്റെ പുതിയ നാടകം പരീക്ഷിക്കുന്നത്. 'കൊല്ലുക' എന്നവര്‍ പറയാറില്ല; യജ്ഞപ്പശുവിനെ നിശ്ശബ്ദമാക്കി എന്നേ പറയൂ. ഇപ്പോഴും നിശ്ശബ്ദമാക്കലിന്റെ രാഷ്ട്രീയമാണ് സവര്‍ണ ഫാസിസം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒരാളെ നിശ്ശബ്ദനാക്കിയാല്‍ ഒരായിരം പേര്‍ തനിയെ നിശ്ശബ്ദരാകുമെന്ന് ഫാസിസ്റ്റുകള്‍ക്കറിയാം. ഫാസിസത്തിന് ജനങ്ങളെ ഭയപ്പെടുത്തി അനുസരിപ്പിക്കാനറിയാം. ഹിറ്റ്ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് മരിക്കാനാണെന്നറിഞ്ഞുകൊണ്ടുതന്നെ ആളുകള്‍ അനുസരണയോടെ നടന്നുപോയത് കുപ്രസിദ്ധമായ ചരിത്രമാണ്. ബാങ്കില്‍ നിക്ഷേപിച്ച സ്വന്തം സമ്പാദ്യത്തില്‍നിന്ന് രണ്ടായിരം രൂപ ലഭിക്കാന്‍ മാസങ്ങളോളം ബാങ്ക് കൌണ്ടറുകള്‍ക്കു മുമ്പില്‍ അച്ചടക്കത്തോടെ ക്യൂനില്‍ക്കേണ്ടിവന്നപ്പോള്‍ ഇന്ത്യക്കാരും ഫാസിസം പ്രവര്‍ത്തിക്കുന്ന രീതികള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും.

ഇന്ത്യയിലെ ഇന്നത്തെ ഭരണകൂടഭീകരതകളില്‍നിന്ന് കേരളം എന്ന സംസ്ഥാനം മാത്രം വ്യത്യസ്തമായ ഒരു തനതു പ്രതിരോധം സൃഷ്ടിച്ചു നിലനില്‍ക്കുന്നത് കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയ-സാംസ്കാരികാടിത്തറ ബലവത്തായതുകൊണ്ടാണ് എന്ന് സൂചിപ്പിക്കാനാണ് ഇത്രയും കുറിച്ചത്. ന്യൂനപക്ഷ സമൂഹങ്ങള്‍ ഏറ്റവും സുരക്ഷിതത്വബോധത്തോടെ ജീവിക്കുന്നത് കേരളത്തിലാണ്. ഉന്നതമായ മതേതരമാനവിക ബോധം ഇന്നും കേരളത്തിന്റെ സാംസ്കാരിക മനസ്സില്‍ കെടാതെ ജ്വലിക്കുന്നുണ്ട്. വി ടി ഒരിക്കല്‍ സൂചിപ്പിച്ചതുപോലെ സത്യമെന്നത് ഇവിടെ മനുഷ്യനാണ്. മനുഷ്യവര്‍ഗത്തിന്റെ സമത്വാധിഷ്ടിതമായ ജീവിത സംസ്കാരത്തെ പുതിയ പുരോഗതിയുടെ പാതയില്‍ മുന്നോട്ടു നയിക്കുന്ന ഒരു ഭരണസംവിധാനം ഇവിടെയുണ്ട്.

ബഹുസ്വരതയിലധിഷ്ഠിതമായ ഈ മതേതരമനുഷ്യവര്‍ഗ സംസ്കൃതിയെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രതിലോമശക്തികള്‍ക്കുമെതിരെ നിതാന്തജാഗ്രതയോടെ ഉണര്‍ന്നിരിക്കുക എന്നത് 60 പിന്നിട്ട ആധുനിക കേരളീയസമൂഹത്തിന്റെ ചുമതലയാണ്. ഓരോ പൌരനും മറ്റൊരാള്‍ക്കു കാവലാളായിത്തീരുന്ന, അപരത്വം സത്വംതന്നെയായിത്തീരുന്ന, ഒരു സാമൂഹിക, രാഷ്ട്രീയവ്യവസ്ഥ സാക്ഷാല്‍ക്കരിക്കാന്‍ കേരളത്തിനു കഴിയും. അതായിരിക്കും വരും കാലത്ത് ലോകത്തിനുള്ള കേരളമാതൃക

പ്രധാന വാർത്തകൾ
Top