22 October Monday

പകര്‍ച്ചവ്യാധിക്കെതിരെ കരുതലോടെ

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

 

കേരളത്തിലെ ആരോഗ്യരംഗം ലോകത്തിനുതന്നെ മാതൃകയാകുമ്പോഴും നമ്മളിന്നും പല രോഗങ്ങളില്‍നിന്നും മുക്തരല്ല. ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മഹാമാരികളില്‍നിന്ന് മുക്തി നേടിയെങ്കിലും ജീവിതശൈലിയിലെ മാറ്റംമൂലം പല ജീവിതശൈലീ രോഗങ്ങളും പകര്‍ച്ചവ്യാധികളും നമ്മളെ അലട്ടുന്നു.

പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിതാന്തജാഗ്രത പുലര്‍ത്തണം. കാലാവസ്ഥാവ്യതിയാനം കാരണം കഴിഞ്ഞതവണ എച്ച്1 എന്‍1, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചപ്പനികള്‍ ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ടായി. മരണനിരക്കും കൂടി. ആരംഭദിശയില്‍ത്തന്നെ ചികിത്സിച്ചാല്‍ ഭേദമാകുന്നതാണ് ഇത്തരം പകര്‍ച്ചപ്പനികള്‍. മാലിന്യനിര്‍മാര്‍ജനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത കാണിക്കുകയും കൃത്യസമയത്ത് വിദഗ്ധചികിത്സ തേടുകയും വേണം.

ഈ വര്‍ഷം പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി 'ആരോഗ്യ ജാഗ്രത' എന്ന ക്യാമ്പയിന് രൂപംനല്‍കിയിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ആര്‍ദ്രം മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് 2018 ജനുവരിമുതല്‍ ഡിസംബര്‍വരെ നടത്തുന്ന ആരോഗ്യബോധവല്‍ക്കരണ പരിപാടിയാണിത്. കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഇടപെടലിലൂടെ പരിസരശുചിത്വം സ്വന്തം ഉത്തരവാദിത്തമാക്കി പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ വ്യക്തികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ബോധവല്‍ക്കരണത്തിലൂടെ ജനങ്ങളെ ജാഗരൂകരാക്കി, പെരുമാറ്റത്തില്‍ ആരോഗ്യകരമായ മാറ്റം വരുത്തി, പരിസരശുചീകരണം ശീലമാക്കാന്‍ സമൂഹത്തെ സജ്ജമാക്കുക എന്ന വലിയ ദൌത്യമാണ് ആരോഗ്യ ജാഗ്രതയ്ക്കുള്ളത്.

വ്യക്തിശുചിത്വംപോലെതന്നെ പ്രധാനമാണ് പരിസരശുചിത്വവും. വീടിനുള്ളിലും പുറത്തും താല്‍ക്കാലികമായി വെള്ളം കെട്ടിനില്‍ക്കുന്നത് കൊതുകിന്റെ വംശവര്‍ധനയ്ക്ക് കാരണമാകുന്നു.  എട്ടുമുതല്‍ പത്തുദിവസത്തിനുള്ളില്‍ ഇവയെല്ലാം പൂര്‍ണവളര്‍ച്ചയെത്തിയ കൊതുകാകും. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, മന്ത്, ജപ്പാന്‍ജ്വരം തുടങ്ങിയവയെല്ലാം കൊതുകുജന്യരോഗങ്ങളാണ്.

എലിമൂത്രത്താല്‍ മലിനമായ വെള്ളവും ഭക്ഷണവും എലിപ്പനിയും, ഈച്ചകള്‍ വന്നിരുന്ന് മലിനമായ ഭക്ഷണം വയറിളക്കരോഗങ്ങളും ടൈഫോയിഡും മഞ്ഞപ്പിത്തവും പടര്‍ത്തുന്നു. രോഗികള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായുവില്‍ക്കൂടി പകരുന്നതാണ് വൈറല്‍പനി, എച്ച്1 എന്‍1 പനി എന്നിവ.
സംസ്ഥാന, ജില്ല, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഘട്ടംഘട്ടമായാണ് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന എല്ലാ പകര്‍ച്ചവ്യാധികള്‍ക്കുമെതിരായ ജാഗ്രതായജ്ഞം നടത്തുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന വിവിധ വകുപ്പുമന്ത്രിമാരുടെ യോഗത്തിലാണ് ആരോഗ്യ ജാഗ്രതാ മാര്‍ഗരേഖയ്ക്ക് രൂപംനല്‍കിയത്. ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണം, റവന്യൂ, ജലവിഭവം, കേരള വാട്ടര്‍ അതോറിറ്റി, തൊഴില്‍ വകുപ്പ്, സാമൂഹ്യനീതി, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത്, ഫിഷറീസ്, പട്ടികവര്‍ഗ വികസനം, ഭക്ഷ്യസുരക്ഷാ കമീഷന്‍, റെയില്‍വേ, പബ്ളിക് റിലേഷന്‍സ് വകുപ്പ്, ആഭ്യന്തരവകുപ്പ്, നിയമവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഓരോ ജില്ലയിലും മന്ത്രിമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതിന്റെയടിസ്ഥാനത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികള്‍, കലക്ടര്‍മാര്‍ എന്നിവരുമായി യോഗങ്ങള്‍ ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണംചെയ്യും.

ജനുവരി 20നകം ചെയ്തുതീര്‍ക്കേണ്ട കര്‍മപരിപാടികളും തയ്യാറാക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളുടെയും സെക്രട്ടറിമാരുടെയും ഉന്നതതല യോഗം, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരും കലക്ടറുമായി വീഡിയോ കോണ്‍ഫറന്‍സ്, ജില്ലകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷരുടെയും ഉദ്യോഗസ്ഥരുടെയും യോഗം, ജില്ലാതല ആരോഗ്യജാഗ്രതാ യജ്ഞം, കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണം, തദ്ദേശഭരണ സ്ഥാപനതല പ്രത്യേക യോഗം, പ്രവര്‍ത്തന മാര്‍ഗരേഖയ്ക്ക് അന്തിമരൂപം നല്‍കുന്നതിന് വകുപ്പ് തലവന്മാരുടെ ശില്‍പ്പശാല, തദ്ദേശഭരണ സ്ഥാപനതലയോഗത്തില്‍ അവതരിപ്പിക്കുന്നതിനുള്ള സൂക്ഷ്മതല കര്‍മപദ്ധതി തയ്യാറാക്കല്‍, ആരോഗ്യജാഗ്രത ബോധവല്‍ക്കരണ/ പരിശീലന കൈപുസ്തകം തയ്യാറാക്കല്‍, വെര്‍ച്വല്‍ ക്ളാസ്റൂം പരിശീലനം, പ്രത്യേക ഗ്രാമസഭ, അയല്‍ക്കൂട്ടയോഗങ്ങള്‍, ആരോഗ്യ ശുചിത്വ പോഷണസമിതി കണ്‍വീനര്‍മാര്‍ക്കുള്ള ജില്ലാതല ഓറിയന്റേഷന്‍, മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ശില്‍പ്പശാല, ആരോഗ്യജാഗ്രതാ ഗൃഹസന്ദേശം, ആരോഗ്യജാഗ്രതാ ബോധവല്‍ക്കരണം, മാര്‍ക്കറ്റുകളും പൊതുസ്ഥലങ്ങളും ശുചീകരിച്ച് ജാഗ്രത പ്രവര്‍ത്തനം നടത്തുക, വീടുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ ഡ്രൈഡേ, കൊതുക് പെരുകുന്നത് തടയുക, വീടുകളില്‍ ആരോഗ്യജാഗ്രത പാലനം വിലയിരുത്തല്‍, ആരോഗ്യസ്ഥാപനങ്ങളും ആശുപത്രികളും ശുചീകരണദിനം ആചരിക്കല്‍ എന്നിങ്ങനെ മുപ്പതോളം കര്‍മപദ്ധതികളാണ് ജനുവരി 20നകം നടപ്പാക്കേണ്ടത്.

മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന മുന്നൊരുക്കങ്ങള്‍ക്കുശേഷം സംസ്ഥാനവ്യാപകമായി ആരോഗ്യവകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഇതരവകുപ്പുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ഹരിതകേരളം, കുടുംബശ്രീ, ശുചിത്വ മിഷന്‍, ആരോഗ്യസേന, സന്നദ്ധസംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ഒരുമിച്ച് വീടുകള്‍തോറും ബോധവല്‍ക്കരണം നല്‍കി ഉറവിടനശീകരണം യാഥാര്‍ഥ്യമാക്കും.

പകര്‍ച്ചവ്യാധിമുക്തമായ നവകേരളസൃഷ്ടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വര്‍ഷം മുഴുവനും പരിസരം ശുചിയായി സൂക്ഷിച്ച് ആരോഗ്യജാഗ്രത പാലിക്കേണ്ടത് ഓരോരുത്തരുടെയും ചുമതലയാണ്. അതിലൂടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യമാണ് സംരക്ഷിക്കപ്പെടുന്നത്. പകര്‍ച്ചവ്യാധിക്കെതിരെ കരുതലോടെ നമുക്കൊന്നിച്ച് പ്രവര്‍ത്തിക്കാം

കെ കെ ശൈലജ  (ആരോഗ്യ, സാമൂഹ്യനീതി മന്ത്രി)
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top