21 June Thursday

നിയമവാഴ്ചയുടെ ശവപ്പറമ്പില്‍

കോടിയേരി ബാലകൃഷ്ണന്‍Updated: Friday Sep 8, 2017

ഭരണസംവിധാനം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. കേരളത്തെ ക്രമസമാധാനത്തകര്‍ച്ച നേരിടുന്ന സംസ്ഥാനമായി ചിത്രീകരിക്കാനുള്ള പരിഹാസ്യ നടപടികളും കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കിയിരിക്കുന്നതും ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പ്രയോഗിക്കുന്ന യുഎപിഎയിലെ 18, 15(1)എ, 16എ, 19 വകുപ്പുകള്‍ ജയരാജിനെതിരെ ചുമത്തിയിരിക്കുന്നു. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ വെല്ലുവിളിക്കുന്ന തീവ്രവാദികള്‍ക്കുനേരെ പ്രയോഗിക്കുന്ന വകുപ്പുകള്‍ രാഷ്ട്രീയമായി വ്യത്യസ്തചേരിയില്‍ നില്‍ക്കുന്നു എന്നതിന്റെ പേരില്‍ ഒരു ജനനേതാവിനെതിരെ ചുമത്തുന്നത് പൊതുസമൂഹം അംഗീകരിക്കില്ല.

ബിജെപിക്ക് ദേശീയതലത്തില്‍ത്തന്നെ ആശയപരമായി വെല്ലുവിളി ഉയര്‍ത്താന്‍ കരുത്തുള്ള പ്രസ്ഥാനമെന്ന നിലയില്‍ സിപിഐ എമ്മിനെ അവര്‍ ഭരണകൂടത്തിന്റെ മര്‍ദനോപകരണങ്ങള്‍കൂടി ഉപയോഗിച്ചുകൊണ്ട് കടന്നാക്രമിക്കുന്നു. സംഘപരിവാര്‍ സംസ്ഥാനത്തുടനീളം സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങളുണ്ടായി. എന്നാല്‍, അതിലൊന്നും യുഎപിഎ പ്രയോഗിച്ചില്ല. എന്നുമാത്രമല്ല, നാമമാത്രമായി ചില കേസുകളില്‍ യുഎപിഎയുടെ വകുപ്പുകള്‍ വന്നപ്പോള്‍ ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍. ക്രമസമാധാനം സംസ്ഥാനവിഷയമാണ്. ഭരണഘടനയില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുമുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ല. കേന്ദ്ര ഏജന്‍സി ആയതിനാല്‍ തങ്ങള്‍ അന്വേഷിക്കുന്ന കേസില്‍ കേന്ദ്രത്തിന്റെ അനുമതി മതിയെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരത്തിനു നേരെയുള്ള കടന്നുകയറ്റവും ഫെഡറലിസത്തോടുള്ള വെല്ലുവിളിയുമാണിത്.

നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസുകളില്‍ കുടുക്കി സിപിഐ എമ്മിനെ തര്‍ക്കാന്‍ കോണ്‍ഗ്രസും സംഘപരിവാറും ഒറ്റയ്ക്കും കൂട്ടായും ശ്രമങ്ങള്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഫസല്‍ വധക്കേസില്‍ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും പ്രതികളാക്കി രണ്ടരവര്‍ഷം ജയിലിലടച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി അവര്‍ക്ക് സ്വന്തം ജില്ലയില്‍ പ്രവേശിക്കാനാകുന്നില്ല. എന്നാല്‍, ജനം ഇത്തരം പ്രതികാരനടപടികള്‍ തിരിച്ചറിയുന്നുണ്ടെന്നതിന്റെ തെളിവാണ് കാരായി രാജന്‍ ജില്ലാപഞ്ചായത്തിലും ചന്ദ്രശേഖരന്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും നേടിയ തിളക്കമാര്‍ന്ന വിജയം. ജനകീയ കോടതിയില്‍ മാത്രമല്ല നീതിന്യായകോടതിയിലും അവര്‍ നിരപരാധിത്വം തെളിയിക്കുമെന്നതില്‍ സംശയമില്ല. ആര്‍എസ്എസുകാരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് സംഭവത്തില്‍ പങ്കെടുത്ത വ്യക്തിയുടെ മൊഴി പൊലീസിന് ലഭിച്ചിട്ടും സിബിഐ സിപിഐ എം നേതാക്കന്മാരെ ഒഴിവാക്കുന്നില്ല.

കഴിഞ്ഞ മൂന്നുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ ഇന്ത്യ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാത്രമല്ല നിയമവാഴ്ചയുടെയും ശവപ്പറമ്പായി തീര്‍ന്നു. സിബിഐയും എന്‍ഫോഴ്സ്മെന്റും അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകങ്ങളായി. പ്രതിപക്ഷ നേതാക്കളായ ലാലുപ്രസാദ് യാദവിനും മായാവതിക്കുമെതിരെ ഇത്തരം ഏജന്‍സികളെ ഉപയോഗിക്കുന്നു. ലാലുവിന്റെ മുന്‍കൈയില്‍ അടുത്തകാലത്ത് സംഘടിപ്പിച്ച പടുകൂറ്റന്‍ ബിജെപിവിരുദ്ധ റാലിയുടെ പേരില്‍ ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

പട്ന റാലിയുടെ പേരില്‍ ആ ചെലവിന്റെ സ്രോതസ്സ് അന്വേഷിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ കയറിയിറങ്ങുമ്പോള്‍ മറുവശത്ത് ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും സമ്മേളന മാമാങ്കങ്ങള്‍ക്കുനേരെ ഒരു ചോദ്യവും ഉയരുന്നില്ല, വ്യാജ രസീതുകള്‍മുതല്‍ നിര്‍ബന്ധിതപിരിവുകള്‍വരെ വെളിപ്പെട്ടിട്ടും.

ജനാധിപത്യത്തെ തെരുവില്‍ പിച്ചിച്ചീന്തുന്നതിന് ബിജെപിക്ക് ഒരു മടിയുമില്ല. ഗോവയിലും മണിപ്പുരിലും ഒടുവില്‍ ബിഹാറിലും അതാണ് കണ്ടത്. നിയമവാഴ്ചയെന്നത് അവര്‍ക്ക് പരിഗണനാര്‍ഹമേയല്ല. തങ്ങള്‍ക്ക് അനിഷ്ടമായത് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ കൊന്നുതള്ളുന്ന ഫാസിസ്റ്റ് രീതിയില്‍ നിയമവാഴ്ചയ്ക്ക് സ്ഥാനമില്ലല്ലോ. ഏറ്റവുമൊടുവില്‍ കഴിഞ്ഞദിവസം ബംഗളൂരുവില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടിരിക്കുന്നു. സംഘപരിവാറിന്റെ ദുഷ്ചെയ്തികള്‍ക്കെതിരെ നിതാന്ത ജാഗ്രത മാത്രമായിരുന്നില്ല അവര്‍, വിമര്‍ശത്തിന്റെ മൂര്‍ച്ഛയേറിയ കുന്തമുനകൂടിയായിരുന്നു. കലബുര്‍ഗി വധം അടക്കമുള്ള സംഭവങ്ങളില്‍ ശരിയായ അന്വേഷണം അവര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. തന്റെ അച്ഛനെപ്പോലെ ഗൌരിയും കോര്‍പറേറ്റ് പ്രലോഭനങ്ങളില്‍ പെടാതെ ഉത്തരവാദിത്തപൂര്‍വം മാധ്യമപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ്. അവരെ സ്വന്തം വീട്ടില്‍ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം മതേതര ജനാധിപത്യ സമൂഹത്തില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

തങ്ങള്‍ക്ക് അനഭിമതരായവരെ ഒരുവശത്ത് ശാരീരികമായി ഇല്ലാതാക്കുക, മറുവശത്ത് അവരെ ഭരണകൂടസംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കുക എന്ന ദ്വിമുഖ കുതന്ത്രം സംഘപരിവാറും കേന്ദ്രസര്‍ക്കാരും നടപ്പാക്കുന്നു. അതിന് അവര്‍ ഉപയോഗിക്കുന്ന ആയുധങ്ങളിലൊന്നാണ് യുഎപിഎ. മൌലികാവകാശങ്ങളെത്തന്നെ നിയന്ത്രിക്കുന്ന കരിനിയമങ്ങളുടെ പട്ടികയില്‍ ഇടമുള്ള യുഎപിഎ 2008 നവംബര്‍ 26ന്റെ മുംബൈ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ശ്രദ്ധനേടി.

1963ലെ ഭരണഘടനയുടെ 16-ാം ഭേദഗതിയിലാണ് ടാഡ, പോട്ട, യുഎപിഎ തുടങ്ങിയ നിയമങ്ങളുടെയെല്ലാം വേര്. രാജ്യത്തിന്റെ അഖണ്ഡതയുടെയും പരമാധികാരത്തിന്റെയും പേരില്‍ മൌലികാവകാശങ്ങള്‍ക്കുമേല്‍ ന്യായമായ നിയന്ത്രണങ്ങള്‍ ആകാമെന്ന ഭരണഘടനാ ഭേദഗതിയുടെ പിന്‍ബലത്തില്‍ 1967ല്‍ യുഎപിഎ ആവിഷ്കരിച്ചു. ഇന്ത്യയില്‍നിന്ന് വിട്ടുപോകാനുള്ള തമിഴ്നാട്ടിലെ ദ്രാവിഡരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആഹ്വാനങ്ങളുടെ പശ്ചാത്തലം ഈ നിയമനിര്‍മാണത്തിനുണ്ട്. പിന്നീട് ടെററിസ്റ്റ് ആന്‍ഡ് ഡിസ്ട്രക്ടീവ് ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് എന്ന ടാഡ വന്നു. പഞ്ചാബിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ട കാലത്താണിത്. എന്നാല്‍, ടാഡയും അതിന്റെ ചുവടുപറ്റിവന്ന കൂടുതല്‍ തീവ്രമായ പോട്ടയും ജനകീയാഭിപ്രായത്തെതുടര്‍ന്ന് പിന്‍വലിക്കപ്പെട്ടു. എന്നാല്‍, യുഎപിഎ 2008ലെയും 2012ലെയും ഭേദഗതികളിലൂടെ സര്‍വസംഹാര രൂപംപൂണ്ട വൈതാളിക നിയമമായി തീര്‍ന്നു. മഹാരാഷ്ട്രയിലെ കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (മക്കോക്ക), ഛത്തീസ്ഗഡ് സ്പെഷ്യല്‍ പബ്ളിക് സെക്യൂരിറ്റി ആക്ട്, ആന്ധ്രപ്രദേശ് പബ്ളിക് സെക്യൂരിറ്റി ആക്ട് തുടങ്ങിയ സമാനമായ കരിനിയമങ്ങളുടെയെല്ലാം പ്രചോദനവും യുഎപിഎതന്നെ.

മതന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ളിങ്ങള്‍ക്കുനേരെയാണ് ഇവയെല്ലാം കൂടുതലായി പ്രയോഗിച്ചുവരുന്നത്. നിരപരാധികളായ നിരവധിപേര്‍ ജാമ്യംപോലും നിഷേധിക്കപ്പെട്ട് വര്‍ഷങ്ങളോളം തടവിലാക്കപ്പെടുന്നു. സിപിഐ എം ഇതിനെതിരായ നിലപാട് എക്കാലവും സ്വീകരിച്ചിട്ടുണ്ട്. അത് കേവലം താത്വികംമാത്രമല്ല. 2012ല്‍ അന്നത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ സിപിഐ എം നേതാക്കള്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ച് ഇതുസംബന്ധിച്ച വസ്തുതകള്‍ ബോധ്യപ്പെടുത്തി. 14 വര്‍ഷം ജാമ്യം ലഭിക്കാതെ ജയിലില്‍ കിടക്കുകയും ഒടുവില്‍ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയക്കപ്പെടുകയും ചെയ്ത മൂന്ന് യുവാക്കള്‍കൂടി അന്ന് ഒപ്പമുണ്ടായിരുന്നു. അത്തരം നിരവധിപേരുടെ പട്ടിക കാരാട്ട് രാഷ്ട്രപതിക്ക് കൈമാറി. ഇങ്ങനെ അകാരണമായി തടവിലാക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും നല്‍കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. യുഎപിഎക്കെതിരായ സിപിഐ എം നിലപാട് കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ടുണ്ടായതല്ലെന്നു ചുരുക്കം. കേരളത്തില്‍ മറ്റു ചില കേസുകളില്‍ ഈ നിയമം ഉപയോഗിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ അത് അനുവദിച്ചുകൊടുത്തില്ല.

ബിജെപി സര്‍ക്കാരിനോട് അനുദിനം വര്‍ധിച്ചുവരുന്ന ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാനും അഴിമതികള്‍ മറച്ചുവയ്ക്കാനും അവര്‍ പെടാപ്പാടുപെടുകയാണ്. അണയുന്നതിനുമുമ്പുള്ള ആളിക്കത്തലായിമാത്രമേ പ്രധാനമന്ത്രിയുടെ വാചകമടികളെ കാണേണ്ടതുള്ളൂ. നോട്ടുനിരോധനംപോലുള്ള നടപടികളുടെ പിന്നാമ്പുറകഥകള്‍ വന്നുകൊണ്ടിരിക്കുന്നു. റിസര്‍വ് ബാങ്കിന്റെതന്നെ വാര്‍ഷിക റിപ്പോര്‍ട്ട് നോട്ടുനിരോധനം രാജ്യത്ത് സാമ്പത്തികദുരന്തം വരുത്തിയെന്ന് വെളിപ്പെടുത്തുന്നു. കള്ളപ്പണം ഇല്ലാതാക്കാന്‍ എന്ന പേരില്‍ നടത്തിയ നിരോധനം പരാജയമാണെന്ന് തിരികെവന്ന നോട്ടുകളുടെ എണ്ണംതന്നെ തെളിവ്. മറുവശത്ത് ബിജെപി നേതാക്കള്‍ കള്ളപ്പണംമുതല്‍ കള്ളനോട്ടുകേസില്‍വരെ മുഖ്യ കണ്ണികളാകുന്നു. ഈ സന്ദര്‍ഭത്തില്‍ പിടിച്ചുനില്‍ക്കാനുള്ള അടവും മുഖ്യശത്രുവായ സിപിഐ എമ്മിനെ തകര്‍ക്കാനാകുമോ എന്ന ശ്രമവുമാണ് കള്ളക്കേസുകളും കള്ളപ്രചാരണവും. സുപ്രീംകോടതിതന്നെ 'കൂട്ടിലടച്ച തത്ത'യെന്നും 'യജമാനന്റെ ശബ്ദ'മെന്നും പരിഹസിച്ച സിബിഐ അതിന് എല്ലാ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്നുവെന്നുമാത്രം. യുഎപിഎ ചുമത്തിയും സിബിഐയെ ഉപയോഗിച്ചും സിപിഐ എമ്മിനെ തകര്‍ക്കാന്‍ കഴിയുമെന്നത് വെറും വ്യാമോഹംമാത്രമാണ്

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top