23 September Sunday

പൊട്ടിപ്പൊളിഞ്ഞ 'ടീം ഇന്ത്യ'

കോടിയേരി ബാലകൃഷ്ണൻUpdated: Friday Jun 22, 2018

ഭരണഘടനയെയും ഫെഡറൽ മൂല്യങ്ങളെയും തകർക്കുകയാണ് നാലുവർഷം പിന്നിടുന്ന മോഡി സർക്കാർ. ഇതിനെതിരായ പ്രതിഷേധ ജ്വാല ദേശവ്യാപകമായി പടരുകയാണ്. ഡൽഹിയിലും കേരളത്തിലും ജമ്മു കശ്മീരിലും ആന്ധ്രയിലുമെല്ലാം ഇത് പ്രകടമാണ്. ജമ്മു കശ്മീരിൽ പിഡിപി‐ ബിജെപി സഖ്യം പിരിയുകയും മെഹ‌്ബൂബ  മുഫ്തി സർക്കാർ രാജിവയ്ക്കുകയും ചെയ്തു. ഡൽഹിയിൽ ലെഫ്. ഗവർണറുടെ ഓഫീസിൽ ഒമ്പതുദിവസമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചെങ്കിലും തെളിഞ്ഞുനിൽക്കുന്നത് ഫെഡറലിസത്തെ കൈയേറുന്ന കേന്ദ്രഭരണത്തിന്റെ അസഹിഷ്ണുതാ മുഖവും അതിനെതിരായ പ്രക്ഷോഭവുമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും വിളിക്കുന്ന യോഗങ്ങളിൽനിന്ന‌് ഐഎഎസ‌് ഉദ്യോഗസ്ഥരെ മാറ്റിനിർത്തി ഭരണസ്തഭനം സൃഷ്ടിക്കുകയായിരുന്നു ലെഫ്. ഗവർണർ. ഇതിനെതിരായി ഡൽഹി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമരത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നാല് മുഖ്യമന്ത്രിമാർ നേരിട്ട് ഇടപെട്ടത് വഴിത്തിരിവായി. ഫെഡറൽ ഘടനയെ ഇല്ലാതാക്കുന്ന ഇടപെടലാണ് ലെഫ്. ഗവർണറെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ചെയ്തുവന്നത്. ഇതിനെ തടയിടാനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന പ്രകടനം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നയിക്കുകയും ചെയ്തു. പ്രക്ഷോഭത്തിന് ദേശവ്യാപക പിന്തുണ ലഭിച്ചതിനെത്തുടർന്നാണ് പ്രശ്നപരിഹാരമുണ്ടായത്. 

ആസൂത്രണ കമീഷൻ വേണ്ടെന്നുവച്ച് മോഡി ഭരണം കൊണ്ടുവന്ന നിതി ആയോഗിന്റെ ഡൽഹിയിൽ ഇപ്പോൾ ചേർന്ന ഭരണസമിതി യോഗവും ഭരണവിരുദ്ധവികാരം അലയടിക്കുന്നതായി. ആസൂത്രണത്തിലും വിഭവങ്ങൾ പങ്കിടുന്നതിലും സംസ്ഥാനങ്ങൾക്ക് നിതി ആയോഗ് ഗുണകരമാകുമെന്നായിരുന്നു കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നത്. അത് പാഴായി. 'ടീം ഇന്ത്യ'യായി കേന്ദ്രവും സംസ്ഥാനവും കൂട്ടായ പ്രവർത്തനം കാഴ്ചവയ്ക്കണമെന്ന് പ്രധാനമന്ത്രി പ്രസംഗിച്ചെങ്കിലും കേന്ദ്രസർക്കാർ പ്രവൃത്തി രാഷ്ട്രീയംനോക്കി സംസ്ഥാനങ്ങളെ തഴയുന്നതാണ്. ആസൂത്രണത്തിലും നിർവഹണത്തിലും ടീം ഇന്ത്യയായിട്ടല്ല കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് നിതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രിമാർ ചൂണ്ടിക്കാട്ടി. ഫെഡറൽമൂല്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും അതിശക്തമായ കൂട്ടായ്മ ഉണ്ടാകേണ്ടതുണ്ട്. ഈ കാഴ്ചപ്പാടോടെയാണ് പതിനഞ്ചാം ധനകമീഷൻ നിർദേശത്തിലെ അപകടത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ യോഗം തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്. സംസ്ഥാന വികസനത്തെ ദോഷമായി ബാധിക്കുന്ന കേന്ദ്രതീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഉപകരണമായി ധനകമീഷനെ അധഃപതിപ്പിച്ചിരിക്കുകയാണ് മോഡി സർക്കാർ. 'ശക്തമായ സംസ്ഥാനങ്ങൾ, ശക്തമായ കേന്ദ്ര സർക്കാർ' എന്നതാണ് ഭരണഘടന വിഭാവനംചെയ്തത്. എന്നാൽ, ദുർബലമായ സംസ്ഥാനങ്ങളെ സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

നോട്ട് നിരോധനം കാരണം പ്രതിസന്ധിയിലായ രാജ്യത്തിന്റെ സമ്പദ്വ്യവ്യവസ്ഥയെ കൂടുതൽ ദുർബലപ്പെടുത്തുന്നതായി ജിഎസ്ടി. ഇതോടെ നികുതിപിരിവിനുള്ള സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രസർക്കാർ കവർന്നെടുത്തു. ഇപ്പോഴാകട്ടെ ചരക്ക്‐സേവന നികുതിയുടെ ഭാഗമായി കേന്ദ്രത്തിൽ വരുന്ന പണത്തിന്റെ വിഹിതം സംസ്ഥാനങ്ങൾക്ക് നൽകുന്നത് കേന്ദ്രത്തിന് സൗകര്യമുള്ളപ്പോഴാണ്. ഇത് സംസ്ഥാനങ്ങളെ സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ചരക്ക്‐സേവന നികുതി കൂടുതൽ നഷ്ടം വരുത്തിവച്ചു. ഇതിനിടെയാണ് കേന്ദ്രസഹായ പദ്ധതികളിലെ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം. നിലവിലുള്ള കേന്ദ്രസർക്കാർ ഗ്രാന്റിനെ ഇൻസെന്റീവായി പരിഷ്കരിക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ സംസ്ഥാന വിഹിതം വർധിപ്പിക്കാൻ ആവശ്യപ്പെടുന്നു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന ധനവിഹിതം വെട്ടിക്കുറയ്ക്കാനും നടപടി തുടങ്ങി. ഇതിനെല്ലാം പുറമെ വായ്പയെടുക്കാനുള്ള സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിലും കൈകടത്തി. ജനക്ഷേമ പരിപാടികളിൽനിന്ന‌് സംസ്ഥാനങ്ങൾ പിന്മാറണമെന്ന നിർദേശവും ധനകമീഷൻ മുന്നോട്ടുവച്ചു. സംസ്ഥാനങ്ങൾക്ക് ധനം പങ്കുവയ്ക്കുന്നതിനുള്ള ഫോർമുല കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ദോഷമാണ്. 80 ശതമാനത്തിലേറെ തുകയും പിന്നോക്കാവസ്ഥയെമാത്രം അടിസ്ഥാനമാക്കി നൽകുന്നതിനുള്ള വ്യവസ്ഥ ആരോഗ്യ‐വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ രാജ്യത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് മുന്നേറിയിട്ടുള്ള കേരളംപോലുള്ള സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതാണ്. ദേശീയനയങ്ങൾ നടപ്പാക്കുമ്പോൾ കാര്യക്ഷമതയും പരിഗണിക്കണമെന്ന് കേരളത്തോടൊപ്പം തെലുങ്കാന ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ നിതി ആയോഗിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽവേണം കേരളത്തോട് കേന്ദ്രം കാട്ടുന്ന അവഗണനയെയും രാഷ്ട്രീയ പ്രതികാരത്തെയും വിലയിരുത്താൻ. കേരളത്തിന് നൽകാൻ ഭരണപരമായി കേന്ദ്രസർക്കാർ തീരുമാനിച്ച പാലക്കാട്ടെ കഞ്ചിക്കോട് കോച്ച് ഫാക്ടറി നിഷേധം ഇതിന്റെ ഭാഗമാണ്. കേരളത്തിന്റെ കോച്ച് ഫാക്ടറി ദീർഘകാല പ്രക്ഷോഭത്തിന്റെ ഉൽപ്പന്നമാണ്. ഫാക്ടറി ഉപേക്ഷിച്ചതായി കേന്ദ്ര റെയിൽമന്ത്രി പിയൂഷ് ഗോയൽ, എം ബി രാജേഷ് എംപിയെ രേഖാമൂലം അറിയിച്ചപ്പോൾ പ്രധാനമന്ത്രി പറഞ്ഞ 'ടീം ഇന്ത്യ'എന്ന സങ്കൽപ്പം തകർന്നുവീണു.

1982ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി പാലക്കാട്‌ കോട്ടമൈതാനത്തെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് കോച്ച് ഫാക്ടറി വാഗ്ദാനം ചെയ്തത്. എന്നാൽ,  പഞ്ചാബിനെ പ്രീണിപ്പിക്കാനായി അത് കപൂർത്തലയിലേക്ക് കൊണ്ടുപോയി. പിന്നീട‌് ഇടതുപക്ഷ പിന്തുണയോടെ അധികാരത്തിൽ വന്ന യുപിഎ സർക്കാരാണ് പാലക്കാട് കോച്ച് ഫാക്ടറിക്ക് അംഗീകാരം നൽകിയത്. 2012ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് പൊതു‐സ്വകാര്യ പങ്കാളിത്തത്തോടെ യാഥാർഥ്യമാക്കാനും തീരുമാനിച്ചു. ആ വർഷം ഫെബ്രുവരി 21ന് തറക്കല്ലിടുകയും ചെയ്തു. യുപിഎ സർക്കാരിൽ എട്ട‌് കേന്ദ്രമന്ത്രിമാർ കേരളത്തിൽനിന്നുണ്ടായിട്ടും കോച്ച് ഫാക്ടറി യാഥാർഥ്യമാക്കാൻ നടപടിയെടുക്കാത്തത് കുറ്റകരമായ അനാസ്ഥയാണ്. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ ജനവിരുദ്ധത പ്രകടമാണ്. ഇപ്പോഴാകട്ടെ കോച്ചുകളുടെ ആവശ്യം കുറവാണെന്നും പുതിയ ഫാക്ടറി വേണ്ടെന്നുമുള്ള ബിജെപി സർക്കാരിന്റെ മറുപടിക്കെതിരെ കേരളത്തിലും ഡൽഹിയിലും പ്രതിഷേധം അലയടിച്ചതിനെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നു പറഞ്ഞ് ഉരുണ്ടുകളിക്കുകയാണ് കേന്ദ്രം. കേരളത്തിന്റെ വ്യവസായവികസനത്തിന് എതിരുനിൽക്കുകയാണ് കേന്ദ്രസർക്കാർ. നിലവിലുള്ള ഫാക്ടറികളിൽനിന്ന‌് ആവശ്യത്തിന് കോച്ചുകൾ കിട്ടുന്നുണ്ടെന്നും ഭാവിയിൽ പുതിയ പദ്ധതികൾ വരുന്ന മുറയ്ക്ക് കഞ്ചിക്കോട് ഫാക്ടറി തുറക്കാമെന്നുമാണ് കേന്ദ്രത്തിന്റെ പുതിയ വിശദീകരണം. അതേസമയം, യുപിയിൽ കോച്ച് ഫാക്ടറിക്ക് സ്ഥലമേറ്റെടുത്തുകൊടുക്കാൻ കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തു. ഇത് ഇരട്ടത്താപ്പാണ്. കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന രാഷ്ട്രീയ പകപോക്കലാണ്.

കേരളം ദീർഘകാലമായി ആവശ്യപ്പെടുന്ന 'എയിംസ്' ഇതുവരെ അനുവദിച്ചിട്ടില്ല. സംസ്ഥാനത്തെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനും മതിയായ നടപടിയില്ല. എഫ്എസിടി ഉൾപ്പെടെയുള്ള വ്യവസായശാലകളോട് അവഗണന തുടരുകയാണ്. കേന്ദ്ര ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ പലതും സ്വകാര്യമേഖലയ്ക്ക് കച്ചവടം നടത്താനാണ് കേന്ദ്രത്തിന് ഉത്സാഹം. എന്നാൽ, ഈ സ്ഥാപനങ്ങളെ പൊതുമേഖലയിൽ നിലനിർത്തുന്നതിനുള്ള നടപടിയാണ് പരിമിതവിഭവങ്ങൾക്കുള്ളിൽനിന്നുകൊണ്ട് എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. പാലക്കാട്ടെ ഇൻസ്ട്രുമെന്റ് ലിമിറ്റഡ് കേരള സർക്കാർ ഏറ്റെടുത്തു. വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി വിൽപ്പനയ്ക്ക് വച്ചപ്പോൾ അത് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ താൽപ്പര്യം അറിയിച്ചു. എന്നാൽ, ലേലത്തിൽ പങ്കുകൊള്ളാനാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. റബർ ഉൾപ്പെടെയുള്ള നാണ്യവിളകളുടെ സംരക്ഷണത്തിനും കശുവണ്ടിവ്യവസായം ഉൾപ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളുടെ രക്ഷയ്ക്കും നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാരിനുണ്ട്. അതെല്ലാം അവർ വിസ്മരിച്ചു.

കരിപ്പൂർ വിമാനത്താവളത്തെയും സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള ശ്രമത്തിലാണ് കേന്ദ്രം. നഷ്ടത്തിന്റെ കണക്ക് തീർക്കാൻ വഴിയൊരുക്കുകയാണ്. കാറ്റഗറി ഒമ്പതിൽനിന്ന‌് ഏഴായി കുറച്ചത് അതിന്റെ ഭാഗമാണ്. ഇതുകാരണം 180 പേർക്ക് യാത്രചെയ്യാവുന്ന എയർ ക്രാഫ്റ്റുകൾക്കുമാത്രമേ കരിപ്പൂരിൽ സർവീസ് നടത്താൻ കഴിയൂ. ഗൾഫിൽനിന്നുള്ള വലിയ വിമാനങ്ങൾക്ക് ഇവിടെയിറങ്ങാൻ കഴിയില്ല. തിരുവനന്തപുരത്ത് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന റെയിൽവേ മെഡിക്കൽ കോളേജും ഉപേക്ഷിച്ചു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയുടെ പട്ടിക നീണ്ടതാണ്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി സമരനിര പടുത്തുയർത്തേണ്ടതുണ്ട്. ഇവിടെയും കോൺഗ്രസിന്റെ സമീപനം നാടിന് ഗുണകരമല്ല. അത് കെജ്രിവാളിന്റെ ഡൽഹി പ്രക്ഷോഭത്തിന് എതിരായി കോൺഗ്രസ‌് സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്നു. ലെഫ്. ഗവർണർക്കെതിരായ സമരത്തെ ഉത്തരവാദിത്തമില്ലാത്ത നടപടിയെന്നാണ് കോൺഗ്രസ‌് നേതാക്കൾ ചിത്രീകരിച്ചത്. ഇത് ബിജെപിയുടെ ശബ്ദമായി മാറുകയായിരുന്നു. മോഡി സർക്കാരിന്റെ കേരളവിരുദ്ധതയുടെ കാര്യത്തിലും കോൺഗ്രസിന്റേത് വിശ്വാസ്യതയുള്ള നിലപാടല്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top