24 October Wednesday

ജനഹൃദയം കവര്‍ന്നത് പോരാട്ടത്തിലൂടെ

വി ബി പരമേശ്വരന്‍Updated: Monday Dec 18, 2017

ലോകമുതലാളിത്തവും വലതുപക്ഷവും കമ്യൂണിസത്തിന് ചരമക്കുറിപ്പെഴുതുകയും കമ്യൂണിസത്തിന്റെ ചരിത്രംതന്നെ അവസാനിച്ചുവെന്ന് ഉദ്ഘോഷിക്കുകയും ചെയ്യുമ്പോള്‍ ഹിമാലയസാനുക്കളിലെ ഒരു കൊച്ചുരാജ്യത്തിന്റെ ഭരണം കമ്യൂണിസ്റ്റ് പാര്‍ടി നേടിയിരിക്കുന്നു. അതും സോവിയറ്റ് വിപ്ളവത്തിന്റെ നൂറാം വാര്‍ഷികവേളയില്‍. സോവിയറ്റ് യൂണിയന്റെ പതനം കമ്യൂണിസത്തിന്റെ പതനമല്ലെന്ന് ഉറക്കെ വിളിച്ചുപറയുന്ന കണ്ണഞ്ചിക്കുന്ന വിജയമാണ് കമ്യൂണിസ്റ്റ് സഖ്യം എവറസ്റ്റിന്റെ നാട്ടില്‍ നേടിയത്. രാജഭരണകാലത്തെ ഹിന്ദുരാഷ്ട്രം ഇന്ന് ചെങ്കൊടിക്കുകീഴിലായി. 

നേപ്പാളിലെ ഭൂരിപക്ഷം ജനതയുടെ പിന്തുണയും വോട്ടും നേടിയാണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുഎംഎല്‍), കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) എന്നീ കക്ഷികള്‍ ചേര്‍ന്നുള്ള സഖ്യം അധികാരത്തിലെത്തുന്നത്. 70 ശതമാനം ജനങ്ങളുടെ പിന്തുണയും സഖ്യത്തിനുണ്ട്. യുഎംഎല്‍ ഉയര്‍ത്തിപ്പിടിച്ച ബഹുകക്ഷി ജനാധിപത്യം എന്ന ആശയത്തിനുള്ള വിജയംകൂടിയാണിത്.

ദശാബ്ദങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ടികള്‍ നേപ്പാള്‍ ജനതയുടെ ഹൃദയം കവര്‍ന്നത്. 1920കളിലാണ് ഇന്ത്യയിലും (1920ല്‍ താഷ്കെന്റില്‍) ചൈനയിലും (1921ല്‍) കമ്യൂണിസ്റ്റ് പാര്‍ടികള്‍ രൂപംകൊണ്ടതെങ്കില്‍ 1949ല്‍മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ടിക്ക് നേപ്പാള്‍ ഘടകം ഉണ്ടാകുന്നത്. അതും കൊല്‍ക്കത്തയില്‍വച്ച്. രാജഭരണം കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനം അനുവദിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യയില്‍ ഒളിവില്‍ പാര്‍ക്കുയും പഠിക്കുകയും ചെയ്യുന്ന നേപ്പാളികള്‍ ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാളിന് രൂപംനല്‍കുന്നത്. പുഷ്പലാല്‍ ശ്രേഷ്ഠയായിരുന്നു ആദ്യത്തെ ജനറല്‍ സെക്രട്ടറി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നേപ്പാളി ഭാഷയിലേക്ക് തര്‍ജമ ചെയ്തതും പുഷ്പലാല്‍ ശ്രേഷ്ഠയായിരുന്നു. അന്ന് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന മന്‍മോഹന്‍ അധികാരിയായിരുന്നു മറ്റൊരു സ്ഥാപകനേതാവ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായിരുന്നു മന്‍മോഹന്‍ അധികാരി. നേപ്പാളിലെ ബിരാട് നഗറില്‍ 1947ല്‍ നടന്ന ജ്യൂട്ട് ആന്‍ഡ് ക്ളോത്ത് മില്ലില്‍ നടന്ന പണിമുടക്കിന് നേതൃതം നല്‍കിയതിനെതുടര്‍ന്നാണ് ഇന്ത്യയിലേക്ക് ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതമായത്. ഈ ഘട്ടത്തിലാണ് കമ്യൂണിസ്റ്റ് രൂപീകരണസമ്മേളനം കൊല്‍ക്കത്തയില്‍ ചേര്‍ന്നത്. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയില്‍ ഇന്ത്യക്ക് പ്രധാന പങ്കുണ്ടെന്നര്‍ഥം.1961ലെ പ്രസിദ്ധമായ പ്ളീനം നടന്നതും (ബിഹാറിലെ ദര്‍ബംഗയില്‍), മൂന്നാം പാര്‍ടികോണ്‍ഗ്രസ് നടന്നതും (വാരാണസി) ഇന്ത്യയിലായിരുന്നു. 

രാജഭരണത്തിനെതിരെ തുടക്കംമുതല്‍ പ്രക്ഷോഭത്തിലായിരുന്നു നേപ്പാളിലെ കമ്യൂണിസ്റ്റ് പാര്‍ടി. രാജപക്ഷപാതിത്വം കാട്ടിയപ്പോള്‍ പാര്‍ടി ജനറല്‍ സെക്രട്ടറി കേഷര്‍ ജങ് റായ്മാജിയെ പാര്‍ടിയില്‍നിന്ന് പുറത്താക്കാനും നേപ്പാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം തയ്യാറായി. ഒരുഘട്ടത്തില്‍ അമേരിക്ക നേപ്പാളില്‍ സൈനികതാവളം പണിയാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നതും കമ്യൂണിസ്റ്റ് പാര്‍ടിതന്നെ. രാജഭരണത്തിന് അന്ത്യമിട്ട് റിപ്പബ്ളിക്കന്‍ ഭരണം സ്ഥാപിക്കുകയെന്നതായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടിയുടെ തുടക്കംമുതലുള്ള ആവശ്യം. എന്നാല്‍, രാജാവിനെ കേന്ദ്ര ഭരണസ്ഥാനത്ത് നിര്‍ത്തിയുള്ള ജനാധിപത്യം അഥവാ ഭരണഘടനാവിധേയമായ രാജാധിപത്യം എന്നതായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേപ്പാളി പതിപ്പായ നേപ്പാളി കോണ്‍ഗ്രസിന്റെ ആവശ്യം. നേപ്പാളി രാഷ്ട്രീയം നിയന്ത്രിക്കാനായി ഇന്ത്യ പലപ്പോഴും നടത്തിയ ഇടപെടലുകളെയും നേപ്പാളി കോണ്‍ഗ്രസ് അംഗീകരിക്കുകയാണ് ചെയ്തത്. അധികാരത്തിലുള്ള ഷേര്‍ ബഹാദൂര്‍ ദ്യുബ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്നതും മേല്‍പ്പറഞ്ഞ രണ്ട് വിഷയത്തില്‍തന്നെയാണ്.

ശക്തമായ ആശയപോരാട്ടവും സോവിയറ്റ്- ചൈനീസ് പക്ഷപാതിത്വവും മറ്റും നേപ്പാളിലെ കമ്യൂണിസ്റ്റ് പാര്‍ടികളെ ഭിന്നധ്രുവങ്ങളിലേക്ക് നയിക്കുകയും പിളര്‍പ്പ് അനിവാര്യമാക്കുകയും ചെയ്തിരുന്നു. പാര്‍ടി സ്ഥാപകനായ പുഷ്പലാല്‍ ശ്രേഷ്ഠ 1970കളില്‍ പാര്‍ടി വിട്ട് പുതിയ കമ്യൂണിസ്റ്റ് പാര്‍ടിക്ക് രൂപംനല്‍കി. അന്ന് മന്‍മോഹന്‍ അധികാരിയായിരുന്നു ഔദ്യോഗികപക്ഷത്തെ നയിച്ചത്. രാജഭരണത്തിനെതിരെ ജനാധിപത്യപ്രക്ഷോഭം ശക്തമായ ഘട്ടത്തില്‍ 1990ലാണ് ഇന്ന് കാണുന്ന സിപിഎന്‍ (യുഎംഎല്‍) രൂപംകൊള്ളുന്നത്. മദന്‍ ഭണ്ഡാരിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സിപിഎന്‍ (മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ്), മന്‍മോഹന്‍ അധികാരിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സിപിഎന്‍ (മാര്‍ക്സിസ്റ്റ്) എന്നീ കക്ഷികള്‍ യോജിച്ചാണ് 1991 ജനുവരി ആറിന് സിപിഎഎന്‍ (യുഎംഎല്‍) രൂപംകൊണ്ടത്. മന്‍മോഹന്‍ അധികാരിയെ ചെയര്‍മാനായും മദന്‍ ഭണ്ഡാരിയെ ജനറല്‍ സെക്രട്ടിയായും തെരഞ്ഞെടുത്തു. ആദ്യ തെരഞ്ഞെടുപ്പില്‍തന്നെ 205 അംഗ സഭയില്‍ 69 സീറ്റ് നേടി യുഎംഎല്‍ കരുത്തുകാട്ടി. മദന്‍ ഭണ്ഡാരിയാകട്ടെ അന്നത്തെ നേപ്പാളി കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന കുഷ്ണ പ്രസാദ് ഭട്ടാറായിയെ തോല്‍പ്പിച്ച് ലോകശ്രദ്ധ നേടി. എന്നാല്‍, 1993 മെയ് 16ന് ഒരു കാറപകടത്തില്‍ മദന്‍ ഭണ്ഡാരി സംശയകരമായ സാഹചര്യത്തില്‍ മരിച്ചു. യുഎംഎല്‍ ഇന്ന് ഉയര്‍ത്തിപ്പിടിക്കുന്ന ബഹുകക്ഷി ജനാധിപത്യം (1993 ജനുവരിയില്‍ കാഠ്മണ്ഡുവില്‍ ചേര്‍ന്ന അഞ്ചാം പാര്‍ടികോണ്‍ഗ്രസ് അംഗീകരിച്ചത്) എന്ന സിദ്ധാന്തം രൂപപ്പെടുത്തുന്നതില്‍ പ്രധാന സംഭാവന നല്‍കിയ നേതാവായിരുന്നു മദന്‍ ഭണ്ഡാരി. (മദന്‍ ഭണ്ഡാരിയുടെ ഭാര്യ ബിദ്യ ദേവി ഭണ്ഡാരിയാണ് ഇപ്പോഴത്തെ നേപ്പാള്‍ പ്രസിഡന്റ്). 1994ല്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ യുഎംഎല്‍ സ്ഥാപകനേതാവ് മന്‍മോഹന്‍ അധികാരിയുടെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് പാര്‍ടി സര്‍ക്കാര്‍ നേപ്പാളില്‍ അധികാരമേറി. തുടര്‍ന്ന് മാധവ്കുമാര്‍ നേപ്പാളും (2009-11), ജലനാഥ് കനാലും (2011), കഗ്ഡ പ്രസാദ് ഓലിയും (2015-16) യുഎംഎല്ലില്‍നിന്ന് പ്രധാനമന്ത്രിമാരായി. 1998ല്‍ ബാംദേവ് ഗൌതമും സഹാന പ്രധാനും (പുഷ്പലാല്‍ ശ്രേഷ്ഠയുടെ ഭാര്യ) യുഎംഎല്‍ വിട്ട് സിപിഎന്‍ (മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ്) പാര്‍ടിക്ക് വീണ്ടും രൂപംനല്‍കിയെങ്കിലും 2002ല്‍ ഇവരെല്ലാം യുഎംഎല്ലിലേക്കുതന്നെ തിരിച്ചെത്തി.  

എന്നാല്‍, ബഹുകക്ഷി ജനാധിപത്യം എന്ന സിദ്ധാന്തത്തെ തള്ളിപ്പറഞ്ഞ് 'സായുധവിപ്ളവത്തിലൂടെ ജനകീയ സര്‍ക്കാര്‍' എന്ന സിദ്ധാന്തവുമായാണ് പുഷ്പകമല്‍ ദഹലും ബാബുറാം ഭട്ടാറായിയും മറ്റും സിപിഎന്‍ (യൂണിറ്റി സെന്റര്‍)നെ പിളര്‍ത്തി സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) എന്ന പുതിയ പാര്‍ടിക്ക് രൂപംനല്‍കിയത്. പത്തുവര്‍ഷത്തോളം നീണ്ട സായുധസമരത്തിനുശേഷം 2006ല്‍ സമാധാനസന്ധി ഒപ്പിട്ട് പ്രചണ്ഡയും കൂട്ടരും ആയുധം താഴെവച്ച് പാര്‍ലമെന്ററി ജനാധിപത്യപാത പിന്തുടരാന്‍ തയ്യാറായി. യുഎംഎല്‍ നേരത്തെ അംഗീകരിച്ച ബഹുകക്ഷി ജനാധിപത്യത്തെ തത്വത്തില്‍ അംഗീകരിക്കുകയായിരുന്നു ഇവര്‍. ആശയരംഗത്തുള്ള ഈ സമാനതയാണ് യുഎംഎല്ലും മാവോയിസ്റ്റ് സെന്ററും യോജിച്ച് ഒരു പാര്‍ടിയാകുന്നതിലേക്ക് നയിക്കുന്നത്. 1991ല്‍ യുഎംഎല്‍ രൂപീകരിച്ചതുപോലെതന്നെ ഒരു സംവിധാനത്തിലേക്കാണ് ഇരുപാര്‍ടികളും നീങ്ങുന്നത്. പാര്‍ടികളുടെ ലയനം സാധ്യമാകുന്നതിനുള്ള ഏകോപനസമിതിക്കും രൂപംനല്‍കിയിട്ടുണ്ട്. ഇരുപാര്‍ടികളും ലയിച്ച് ഒരു പാര്‍ടിയാകുമെന്ന് തെരഞ്ഞെടുപ്പുസഖ്യ വേളയില്‍തന്നെ പ്രഖ്യാപിച്ചിരുന്നു. അതുടന്‍ യാഥാര്‍ഥ്യമാകുമെന്നാണ് നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുള്ളത്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top