15 November Thursday

ദളിതന്റെ മീശയും ഹിന്ദുദൈവങ്ങളും

എം ചന്ദ്രപ്രകാശ്Updated: Saturday Jul 28, 2018


മീശയില്ലാത്തവരാണ് ഹിന്ദു ആൺദൈവങ്ങളിലധികവും. കാരണം ഇന്ദ്രലോകം പിടിച്ചടക്കാൻ അരയും തലയും മുറുക്കിനടക്കുന്ന അസുര രാക്ഷസ വീരന്മാർക്കെല്ലാം അതിഗംഭീരങ്ങളായ മീശകളുണ്ട്. മീശയുടെ ചരിത്രത്തിൽ ഏറ്റവും മനോഹരമായ മീശ വച്ച ആൾ രാവണൻതന്നെയാകും. അത് ഒരു ഒന്നൊന്നര മീശയാണ്. പത്തുതലകൾക്കും അലങ്കാരമായ അതങ്ങനെ മുകളിലേക്ക് കൊമ്പുയർത്തിനില്ക്കുന്നത് കാണേണ്ട കാഴ്ചതന്നെ. രാവണനെ വകവരുത്തിയ ശ്രീരാമചന്ദ്രന് മിശയില്ല. കൂടെ നടക്കുന്ന ലക്ഷ‌്മണനും മീശയില്ല. അപ്പോൾ മീശ വില്ലന്മാർക്കുള്ള അലങ്കാരമാണ് എന്നുവരുന്നു. കിങ്കരന്മാർക്ക് മീശ കൂടിയേ പറ്റൂ. ദേവലോകത്തെ ഇന്ദ്രാദികൾക്കൊന്നും ഐബ്രോ പെൻസിൽ കൊണ്ടുവരച്ച മീശപ്പൊടി പേരിനു പോലുമില്ല. അവർ യുദ്ധം ചെയ്ത് തോൽപ്പിച്ച ദളിതരായ അസുരന്മാർക്കെല്ലാമുണ്ട‌് ആരെയും പേടിപ്പിക്കുന്ന മീശയും കൃതാവും. ‘കടുപ്പത്തിലൊന്നു വിറപ്പിച്ചു മീശയും ‘ എന്ന‌് നമ്പ്യാർ എഴുതിയത് മാർജാരനെക്കുറിച്ചുമാത്രമല്ല, രാവണപുത്രനായ ഇന്ദ്രജിത്തിനെക്കുറിച്ചുകൂടിയാണ്. അപ്പോൾ പറഞ്ഞുവന്നത് ദേവന്മാരടക്കം ദേവലോകത്തുള്ളവരെല്ലാം മീശയില്ലാത്തവരും അസുരന്മാരൊക്കയും കൊമ്പൻ മീശക്കാരുമാണ്. ഈ മീശകളെയാണ് ശ്രീരാമചന്ദ്രനടക്കമുള്ള ദേവ വില്ലാളിവീരന്മാർ മുറിച്ചുകളഞ്ഞത്.ദേവന്മാരുടെ വക്താക്കളായി വന്ന വേദം പഠിച്ചുവന്ന ബ്രാഹ്മണർക്കൊന്നും ഭാഗ്യവശാൽ മീശ മുളച്ചില്ല. എന്നാൽ, വേദം പഠിക്കാത്ത ശൂദ്രന് ഉശിരൻ മീശ മുളയ്ക്കുകയുംചെയ്തു. പോരേ പൂരം.

മീശയോടുള്ള എതിർപ്പ് കൂടിക്കൂടി ദളിതന്മാരൊന്നും മീശ വച്ചു കൂടാ എന്ന ഭീകര അസൂയയായി, അത് പിന്നെ ഹിന്ദുത്വ ഭീകരവാദമായി. ഭഗവതിയുടെ മുഖത്ത് കാർക്കിച്ചുതുപ്പിയ വെളിച്ചപ്പാടിനെ ഇന്നു കൈയിൽ കിട്ടിയാൽ തുണ്ടുതുണ്ടമാക്കും. ‘ഭഗവദ്ഗീതയും കുറെ മുലകളും’ എന്ന പ്രേമ പുസ്തകമെഴുതിയ വൈക്കം മുഹമ്മദ് ബഷീറിനെ തൂക്കിക്കൊല്ലും. ഇങ്ങനെയൊക്കെ വിചാരിച്ച് അരിശം മൂത്തിരിക്കുമ്പോൾ വീണ്ടുമതാ മീശയുമായി ഒരുത്തൻ വരുന്നു. ഒരു പാവം ഹിന്ദു നോവലിസ്റ്റ്.

ഇവൻ രാവണ കുലജാതനാണ്, അസുരനാണ്, സർവോപരി ദളിത് പക്ഷക്കാരനും. കഥയെഴുത്ത് തുടങ്ങിയപ്പോഴേ കാത്തിരുന്നു. കഴുത്തുവെട്ടാൻ മൂന്നാം അധ്യായത്തിൽ വച്ച് കശ്മലനെ കൈയോടെ പിടിച്ചു. ഏതോ രണ്ട‌്‌ പേരുംവാലുമില്ലാത്ത കല്പിത കഥാപാത്രങ്ങൾ ശുദ്ധിയില്ലാതെ കയറി നമ്മുടെ അമ്പലത്തെ അശുദ്ധമാക്കി. അതെഴുതിയ അസുരന്റെ മീശ മുറിച്ച് പ്രതികാരം ചെയ്യണം. സംഭവം വിചാരിച്ചപോലെ നടന്നു. പൂണൂലിട്ടവരുടെ ക്ഷേമസംഘടന താലിബാനിലെ തല വെട്ടുന്ന ഭീകരന്മാരെ വിളിച്ചുവരുത്തി ഭീഷണി നടപ്പാക്കി. ഒരു അസുരന്റെ മീശകൂടി കാലയവനികയ്ക്കുള്ളിലായി.

വാൽക്കഷണം: നമ്മുടെ മഹത്തായ ഇതിഹാസകാവ്യാദികളിൽ പരന്നുനീണ്ടു കിടക്കുന്ന എത്രയെങ്കിലും കഥകളിൽ സാങ്കല്പിക കഥാപാത്രങ്ങൾ ദൈവനിന്ദ നടത്തിയോ അവരുടെയെല്ലാം മീശയോ തലയോ വെട്ടാൻ താലിബക്ഷേമ സഭ ഉത്തരവിടുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top