21 November Wednesday

രാജ്യത്തിന് വഴികാട്ടുന്ന കേരളം

ടി പി രാമകൃഷ്ണൻUpdated: Tuesday May 1, 2018


തൊഴിലും തൊഴിൽസുരക്ഷിതത്വവും തൊഴിലാളികളുടെ അവകാശങ്ങളും നിഷേധിക്കപ്പെടുകയും  സാമൂഹിക‐സാമ്പത്തിക രംഗങ്ങളിലെ അതിഗുരുതര പ്രതിസന്ധികൾ രാജ്യത്തെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സാർവദേശീയ തൊഴിലാളിദിനം വന്നെത്തുന്നത്. സ്ഥിരം തൊഴിൽ എന്നത് സങ്കൽപ്പം മാത്രമായി മാറുകയാണ്. തന്നിഷ്ടം പോലെ തൊഴിലാളിയെ നിയമിക്കാനും തോന്നുമ്പോൾ പിരിച്ചുവിടാനും ഉടമകൾക്ക്  അധികാരം നൽകി കേന്ദ്ര സർക്കാർ തൊഴിൽ നിയമഭേദഗതി കൊണ്ടുവന്നു. തൊഴിലാളികൾക്കുണ്ടായിരുന്ന നിയമപരമായ എല്ലാ പരിരക്ഷയും നിഷേധിക്കുകയും കുത്തകകൾക്കും കോർപറേറ്റുകൾക്കും എല്ലാ സംരക്ഷണവും നൽകുകയുമാണ് കേന്ദ്ര സർക്കാർ. സങ്കീർണമായ ഈ പരിതഃസ്ഥിതിയിലും  ജനപക്ഷ ബദൽനയങ്ങളുമായി കേരളം രാജ്യത്തിന് വഴികാട്ടിയാകുകയാണ‌്.

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിലും തൊഴിൽസുരക്ഷിതത്വവും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിലും അഭിമാനകരമായ നേട്ടങ്ങളാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ കൈവരിച്ചത്. തൊഴിലാളികളുടെ ജീവിതസുരക്ഷ സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുത്ത സംസ്ഥാനമാണ് കേരളം.  സംസ്ഥാനത്തെ ഏതാണ്ടെല്ലാ തൊഴിൽമേഖലകളെയും ക്ഷേമനിധി ബോർഡുകൾക്കുകീഴിൽ കൊണ്ടുവരികയും തൊഴിലാളികൾക്ക് പെൻഷനും ഇതര ആനുകൂല്യങ്ങളും നൽകുകയും ചെയ്യുന്നു. ക്ഷേമപെൻഷനുകൾ 600 രൂപയിൽനിന്ന് 1100 രൂപയായി ഉയർത്തി. രണ്ടുവർഷത്തിനിടയിൽ 986.68 കോടി രൂപയാണ് ക്ഷേമനിധി പെൻഷനായി തൊഴിലാളികൾക്ക് നൽകിയത്. സർക്കാർ ധനസഹായത്തോടെ 1,52,857 ഗുണഭോക്താക്കൾക്കായി 345.79 കോടി രൂപയും ക്ഷേമനിധി ബോർഡുകളുടെ തനതുഫണ്ടുപയോഗിച്ച് 3,03,738 ഗുണഭോക്താക്കൾക്ക് 640.89കോടി രൂപയും ഇതിനകം നൽകാൻ കഴിഞ്ഞു. ക്ഷേമനിധി ആനുകുല്യങ്ങളെല്ലാം വർധിപ്പിച്ചു. ഈയിടെയാണ് കള്ളുചെത്ത് തൊഴിലാളിപെൻഷൻ സർവീസ് കാലാവധിക്കനുസൃതമായി 2000 മുതൽ 5000 രൂപ വരെയായി ഉയർത്തിയത്.കർഷകത്തൊഴിലാളിപെൻഷൻ അർഹതാ വരുമാനപരിധി 11000 രൂപയിൽനിന്ന് ഒരുലക്ഷം രൂപയായി വർധിപ്പിച്ചു.

വിവിധ മേഖലകളിലെ തൊഴിൽസാഹചര്യവും വേതനവ്യവസ്ഥയും പരിശോധിച്ച് തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ വേതനം 600 രൂപയായി നിജപ്പെടുത്തുന്നത്് പരിഗണനയിലാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തിയ ലക്ഷക്കണക്കിനു തൊഴിലാളികൾ സംസ്ഥാനത്തിന്റെ തൊഴിൽമേഖലയുടെയും സാമ്പത്തികഘടനയുടെയും സുപ്രധാനഭാഗമായി മാറി. ഇവരെ അതിഥിത്തൊഴിലാളികളായി കേരളം കണക്കാക്കുന്നു. ഇവർക്ക് 15000 രൂപയുടെ സൗജന്യചികിത്സയും രണ്ടു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും നൽകുന്ന  ആവാസ് പദ്ധതി അന്താരാഷ്ട്ര ശ്രദ്ധനേടി.  2.30 ലക്ഷത്തിലേറെ തൊഴിലാളികൾ ഇതിനകം രജിസ്റ്റർ ചെയ്തു. ഇവർക്കായി തിരുവനന്തപുരത്തും പെരുമ്പാവൂരിലും ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിച്ചു. എല്ലാ ജില്ലയിലും സെന്റർ തുടങ്ങും.  അതിഥിത്തൊഴിലാളികൾക്ക് താമസസൗകര്യം നൽകുന്നതിന് അപ്നാഘർ പദ്ധതി ആരംഭിച്ചു. പാലക്കാട് കഞ്ചിക്കോട്ട് 640 തൊഴിലാളികൾക്കായുള്ള  പാർപ്പിടസമുച്ചയം പൂർത്തിയായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ്. കുറഞ്ഞ വേതനക്കാരായ തൊഴിലാളികൾക്ക് കുറഞ്ഞ ചെലവിൽ രണ്ടു കിടപ്പുമുറികളുള്ള ഫ്ളാറ്റ് പണിതുനൽകുന്ന ജനനി പദ്ധതിയുടെ ഭാഗമായി ഇടുക്കി അടിമാലിയിൽ 215 ഫ്ളാറ്റ് പൂർത്തിയായി. എറണാകുളം പെരുമ്പാവൂരിൽ ജനനി പദ്ധതിയിൽ 296 ഫ്ളാറ്റുകളുടെ നിർമാണപ്രവർത്തനം ആംരംഭിച്ചു. ഭവനം ഫൗണ്ടേഷൻവഴി വിവിധ മേഖലകളിലെ തുച്ഛവരുമാനക്കാരായ തൊഴിലാളികൾക്ക് പാർപ്പിടസൗകര്യം ഒരുക്കും. തോട്ടംമേഖലയിലെ ഭവനരഹിതരായ തൊഴിലാളികൾക്ക് 400 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നൽകുന്ന പദ്ധതി ആവിഷ്കരിച്ചു.

അസംഘടിതമേഖലയിലെ വിവിധ വിഭാഗം തൊഴിലാളികൾക്ക് വേതനം ഉറപ്പുവരുത്തുന്നതിനും വേതനം ബാങ്ക് വഴി നൽകുന്നതിനുമുള്ള വേതനസുരക്ഷാപദ്ധതി (ഇ‐പെയ്മെന്റ്) നടപ്പാക്കി. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും മറ്റുമേഖലകളിലും തൊഴിലാളികളുടെ അവകാശങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാൻ സർക്കാർ നടപടിയെടുത്തു.  മിനിമം വേതനം, ഓവർടൈം വേതനം, ആഴ്ച അവധി, ശമ്പളത്തോടുകൂടിയ ദേശീയ ഉത്സവ അവധിദിനങ്ങൾ, സ്ത്രീജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ എന്നിവ നൽകുന്നുണ്ടോയെന്ന് പരിശോധിക്കുന്നു. തൊഴിലാളികൾക്ക് ഇരിക്കുന്നതിന് ജോലിസ്ഥലത്തുതന്നെ സൗകര്യം ഏർപ്പെടുത്താൻ വ്യവസ്ഥചെയ്തുകൊണ്ട് കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തിൽ ഭേദഗതി വരുത്താനും നടപടിയെടുത്തു. 

ബാലവേല നിർമാർജനത്തിന് സർക്കാർ ശക്തമായ ഇടപെടലാണ് നടത്തുന്നത്.  സംസ്ഥാനത്തെ 80 തൊഴിൽമേഖലകൾ മിനിമം വേതനനിയമത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ അഞ്ചുവർഷം പൂർത്തിയായ എല്ലാ മിനിമം വേതനവിജ്ഞാപനങ്ങളും പുതുക്കി നിശ്ചയിച്ചു. നേഴ്സുമാർ ഉൾപ്പെടെ സ്വകാര്യ ആശുപത്രിജീവനക്കാർക്ക് 30 മുതൽ 102 ശതമാനംവരെ വേതനവർധന ഉറപ്പാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. നേഴ്സുമാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം ഇരുപതിനായിരം രൂപയാക്കുമെന്ന് ഇതുസംബന്ധിച്ച ചർച്ചയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അത് നടപ്പാക്കിയത്  എടുത്തുപറയേണ്ട കാര്യമാണ്. അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ ഇടപെടുകയും ഈ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് സഹായധനം  നൽകുകയും ചെയ്തു.

തോട്ടംതൊഴിലാളികളുടെ ലയങ്ങൾ നവീകരിക്കുന്നതിനും വീടില്ലാത്ത തൊഴിലാളികൾക്ക് ഭവനം ഫൗണ്ടേഷനുകീഴിൽ വീട് നിർമിച്ചുകൊടുക്കുന്നതിനും  തീരുമാനിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് തോട്ടംതൊഴിലാളികൾക്ക് വീടുണ്ടാക്കിക്കൊടുക്കുന്നത് പരിഗണിച്ചുവരികയാണ്. എല്ലാ സ്ഥാപനങ്ങളിലും തൊഴിൽനിയമങ്ങൾ, തൊഴിലാളിക്ഷേമപ്രവർത്തനങ്ങൾ, മിനിമം വേതനം, സ്ത്രീസൗഹൃദതൊഴിൽ അന്തരീക്ഷം, വൃത്തിയുള്ള തൊഴിലിടം, മികച്ച ഉപഭോക്തൃസേവനം  എന്നിവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മികച്ച സ്ഥാപനങ്ങൾക്ക് വജ്ര,ഗോൾഡ്, സിൽവർ പുരസ്കാരങ്ങൾ നൽകും. ഇതിന്റെഭാഗമായി സ്ഥാപനങ്ങൾക്ക് ഗ്രേഡിങ് ഏർപ്പെടുത്തി. വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് മികച്ച സേവനത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളിശ്രേഷ്ഠ അവാർഡ് നൽകും.

ആരോഗ്യകരമായ തൊഴിൽസംസ്കാരം ശക്തിപ്പെടുത്താനും മെച്ചപ്പെട്ട തൊഴിലാളി‐തൊഴിലുടമാബന്ധം വളർത്തിയെടുക്കാനും ലക്ഷ്യമിട്ട് പുതിയ തൊഴിൽനയത്തിന് രൂപം നൽകി്. തൊഴിൽതർക്കങ്ങളില്ലാതെ സംസ്ഥാനത്ത് സമാധാനപരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞു. തൊഴിൽമേഖലയിലെ ഒറ്റപ്പെട്ട അനാരോഗ്യപ്രവണതകൾ തുടച്ചുനീക്കുന്നതിന് തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും പൂർണസഹകരണം സർക്കാരിന് ലഭിക്കുന്നു. ഇതിന്റെഭാഗമായാണ് ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്ന പ്രവണത അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം സാർവദേശീയ തൊഴിലാളിദിനമായ ഇന്നുമുതൽ നടപ്പിൽവരികയാണ്. 
ജനപക്ഷനയങ്ങളുമായി രാജ്യത്തിന് മാതൃകയായ എൽഡിഎഫ് സർക്കാരിനെ ശക്തിപ്പെടുത്താൻ തൊഴിലാളികൾ ഒന്നടങ്കം അണിചേരണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top