10 December Monday

തൊഴിലുറപ്പുതൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

എസ് രാ ജേന്ദ്രൻ Updated: Wednesday Mar 7, 2018


ഇടതുപക്ഷ കക്ഷികളുടെ അതിശക്തമായ സമ്മർദത്തിന്റെ ഫലമായാണ് 2005ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പുനിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്. 2006 ഫെബ്രുവരിയിൽ രാജ്യത്തെ 200 ജില്ലയിൽ പദ്ധതി ആരംഭിക്കുകയും 2008ൽ രാജ്യത്തെ മുഴുവൻ ജില്ലയിലും പദ്ധതി നടപ്പാക്കുകയും ചെയ്തു.

നിയമത്തിന്റെ പിൻബലമുള്ള ഈ അവകാശാധിഷ്ഠിത പദ്ധതി കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്ത് രാജ്യത്ത് നടപ്പാക്കിയതിന്റെ അനുഭവം ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. രാജ്യത്താകെ ഇന്ന് 13.04 കോടി കുടുംബം തൊഴിലുറപ്പുപദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, തൊഴിൽ ലഭിക്കുന്നത് കേവലം 5.12 കോടി കുടുംബത്തിനു മാത്രമാണ്. അവർക്കുതന്നെ ശരാശരി 46 ദിവസം മാത്രമാണ് കഴിഞ്ഞ സാമ്പത്തികവർഷം തൊഴിൽ ലഭിച്ചത്. ഈവർഷത്തെ സ്ഥിതിയും വ്യത്യസ്തമല്ല. ആകെ 13 കോടി കുടുംബത്തിൽ 4.87 കോടി കുടുംബത്തിനു മാത്രമേ ജോലി ലഭിച്ചിട്ടുള്ളൂ. അതും ശരാശരി 42 ദിവസം മാത്രം. കഴിഞ്ഞവർഷം 39.9 ലക്ഷം കുടുംബത്തിന് 100 തൊഴിൽ ദിനം ലഭിച്ചു. ഈവർഷം ഇതുവരെ 19.85 ലക്ഷം കുടുംബത്തിനു മാത്രമാണ് 100 ദിവസം ജോലി ലഭിച്ചത്. തൊഴിലെടുത്തവർക്ക് കൂലി ലഭിക്കുന്നതിന് ആറു മാസംവരെ കഴിഞ്ഞവർഷം കാലതാമസമുണ്ടായി. ഇപ്പോഴും ഒരു മാസമായി കൂലി ലഭിക്കുന്നില്ല.

കേരളത്തിൽ 33.2 ലക്ഷം കുടുംബം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, കഴിഞ്ഞവർഷം തൊഴിൽ ലഭിച്ചത് 14.57 ലക്ഷം കുടുംബത്തിനാണ്. ശരാശരി 47 തൊഴിൽ ദിനമാണ് ലഭിച്ചത്. 100 ദിവസം തൊഴിൽ ലഭിച്ചത് 1,13,187 കുടുംബത്തിനാണ്.

ഈവർഷം രജിസ്റ്റർ ചെയ്ത 33.3 ലക്ഷം കുടുംബത്തിൽ 12.44 ലക്ഷം കുടുംബത്തിനാണ് ജോലി ലഭിച്ചത്. ശരാശരി തൊഴിൽ ദിനങ്ങൾ ഇതുവരെ 38.5 മാത്രം. 43,702 കുടുംബത്തിന് 100 ദിവസം.തുച്ഛമായ കുടുംബങ്ങൾക്കാണ് 150 ദിവസം തൊഴിൽ ലഭിച്ചത്. കഴിഞ്ഞവർഷം തൊഴിലെടുത്ത 10 ലക്ഷത്തിലധികം കുടുംബത്തിന് കൂലി ലഭിക്കാൻ ആറു മാസത്തിലധികം കാലതാമസം നേരിട്ടു. ഗ്രാമീണ ദരിദ്രർ പണിയെടുത്തിട്ട് അവരുടെ തുച്ഛമായ കൂലി ആറു മാസത്തിലധികം കുടിശ്ശികയായി. രണ്ടാഴ്ചയ്ക്കകം കൂലി നൽകണമെന്ന നിയമം നടപ്പാക്കുന്നതിന്റെ ദുർഗതിയാണ് നാം ഇവിടെ കണ്ടത്. സംസ്ഥാന സർക്കാരിന്റെയും  നിയമസഭയുടെയും നിരന്തര ഇടപെടലും എൻആർഇജി വർക്കേഴ്സ് യൂണിയൻ കേരള ഹൈക്കോടതി വഴി കേസ് നടത്തിയതിന്റെയുമെല്ലാം ഫലമായിട്ടാണ് 1000 കോടിയിലധികം വരുന്ന കുടിശ്ശിക ആറു മാസത്തിനു ശേഷം തൊഴിലാളികൾക്കു ലഭിക്കുന്നത്. ഈ സ്ഥിതി വലിയൊരു വിഭാഗം പാവപ്പെട്ട തൊഴിലാളികളെ ഈ മേഖലയിൽനിന്ന് പിൻതിരിയാൻ നിർബന്ധിതരാക്കിയതായും കാണാം. നവ ഉദാരവൽക്കരണ കാലത്തെ കേന്ദ്രസർക്കാരിന്റെ മുൻഗണന കോടിക്കണക്കിനു ഗ്രാമീണ ദരിദ്രരല്ല, രാജ്യത്തെ ശതകോടീശ്വരന്മാരും കോർപറേറ്റുകളും ആണെന്നതിന് മറ്റ് തെളിവൊന്നും വേണ്ട.

തൊഴിലുറപ്പുപദ്ധതിക്കായി ആരംഭത്തിൽ കേന്ദ്രസർക്കാർ 30,000 കോടി രൂപ മാറ്റിവച്ചു. ഇത് ആവശ്യത്തിന്റെ നാലിലൊന്ന് മാത്രമാണ്. തൊഴിലാളികളുടെ എണ്ണം ഇരട്ടിയിലേറെ വർധിച്ചു. പത്തു വർഷത്തിനിടയിൽ നാമമാത്രമായെങ്കിലും കൂലിയും വർധിച്ചു. പക്ഷേ, ആനുപാതികമായി കേന്ദ്ര സർക്കാർ പദ്ധതിക്കായി പണം മാറ്റിവയ്ക്കുന്നില്ല. കഴിഞ്ഞവർഷം 55,000 കോടിരൂപയാണ് മാറ്റിവച്ചതെങ്കിൽ ഈവർഷം ഒരു രൂപ പോലും വർധിപ്പിക്കാതെ അതേ തുക മാത്രം മാറ്റിവയ്ക്കാനേ മോഡി സർക്കാർ തയ്യാറായുള്ളൂ. രാജ്യത്തെ ഒരു കോടീശ്വരനു നൽകുന്ന സൗജന്യംപോലും 13 കോടിയിലധികം വരുന്ന ഗ്രാമീണ ദരിദ്രർക്കു നൽകാൻ മോഡി ഭരണം തയ്യാറല്ലെന്നു കാണാം. ഈ നയം തിരുത്തിക്കാതെ തൊഴിലുറപ്പു തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാനാകില്ല. ഗ്രാമീണ ജനതയുടെ ജീവിതം മെച്ചപ്പെടുത്താനുമാകില്ല.  നല്ല ദിനങ്ങൾ ഗ്രാമീണ ദരിദ്രർക്കല്ല, കോർപറേറ്റ് അതിസമ്പന്നർക്കാണ് ലഭിച്ചത.്്

ഓരോ വർഷവും തൊഴിലുറപ്പുപദ്ധതി ദുർബലപ്പെടുത്താനുള്ള പരിശ്രമം കേന്ദ്രസർക്കാർ തുടരുന്നു. പദ്ധതി ഏറ്റെടുക്കാവുന്ന പ്രവൃത്തികളിൽനിന്ന് നേരിട്ടുള്ള കൃഷിയെ ഒഴിവാക്കി. സംസ്ഥാനം 6.5 കോടി തൊഴിൽ ദിനങ്ങൾക്കായുള്ള ലേബർ ബജറ്റ് സമർപ്പിച്ചപ്പോൾ അത് 4.5 കോടിയായി വെട്ടിച്ചുരുക്കി. പുതിയ നിബന്ധനകളും വ്യവസ്ഥകളും ഉൾപ്പെടുത്തുന്നു.  ഇതെല്ലാം പദ്ധതിയെ ചുരുക്കുകയും തൊഴിലാളികൾക്കുള്ള നിയമ പരിരക്ഷ ഇല്ലാതാക്കുകയുമാണ്്. ഇത്തരം നിബന്ധനകൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്രം തൊഴിലാളികൾക്ക് നിയമം നൽകുന്ന പരിരക്ഷ, തൊഴിലവകാശം, യഥാസമയം കൂലി ലഭ്യമാക്കൽ, മിനിമം കൂലിയിൽ ന്യയമായ വർധന, ജോലി സമയം ഇവയെക്കുറിച്ച് നിഷേധ നിലപാടും സ്വീകരിക്കുന്നു. കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ നിലപാടും തൊഴിലുറപ്പുപദ്ധതിയെ ദുർബലപ്പെടുത്തുന്ന നയങ്ങളും തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിൽ എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭത്തിന് തൊഴിലാളികൾ തയ്യാറെടുക്കുന്നത്.

സംസ്ഥാനത്ത് നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് പദ്ധതി പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.  കഴിഞ്ഞവർഷം 2443 കോടിയോളം രൂപയുടെ പ്രവർത്തനങ്ങളാണ് ഈ മേഖലയിൽ നടന്നത്. 100 തൊഴിൽ ദിനം പൂർത്തിയാക്കിയ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ 1000 രൂപ പാരിതോഷികം നൽകിയത് പൊതുവിൽ തൊഴിലാളികൾക്ക് അംഗീകാരമായി. നടപ്പുവർഷം കൂടുതൽ കുടുംബങ്ങൾക്ക് തൊഴിൽ ലഭ്യമാക്കേണ്ടിയിരിക്കുന്നു. ഭൂവികസന പ്രവൃത്തികൾ, ജലസംരക്ഷണപ്രവർത്തനങ്ങൾ, നാശോന്മുഖമായ ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം, വ്യാപകമായ തോതിൽ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കൽ, തരിശുഭൂമി കൃഷിയോഗ്യമാക്കൽ, ജലസംഭരണികളുടെ നിർമാണം, പാവപ്പെട്ടവരുടെ ജീവനോപാധികളുടെ നിർമാണം, വരൾച്ച പ്രതിരോധിക്കൽ, പൊതു ആസ്തികളുടെ നിർമാണവും സംരക്ഷിക്കലും തുടങ്ങി ഒട്ടേറെ പ്രവൃത്തികൾ ഇന്ന് ഏറ്റെടുത്തു നടത്താൻ കഴിയും. ഇതിനാവശ്യമായ ലേബർ ബജറ്റും പ്രോജക്ടുകളും തയ്യാറാക്കി മുൻകൂട്ടി അനുമതി വാങ്ങി യഥാസമയം നടപ്പാക്കാനായാൽ കൂടുതൽ തൊഴിൽ ദിനം സൃഷ്ടിക്കാനും അതുവഴി ഉൽപ്പാദനക്ഷമമായതും സ്ഥായിയായതുമായ ഗുണമേന്മയുള്ള ആസ്തികൾ സൃഷിക്കാനുമാകും.  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് നടപ്പാക്കുന്ന ഹരിതകേരളം, ലൈഫ് പദ്ധതികളുടെ വിജയത്തിന് തൊഴിലുറപ്പുപദ്ധതിയെ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്നതാണ.്് അതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകണം.

ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി മാതൃകയിൽ സംസ്ഥാന സക്കാർ നടപ്പാക്കിവരുന്ന അയ്യൻകാളി നഗര തൊഴിലുറപ്പുപദ്ധതി രാജ്യത്തുതന്നെ ആദ്യത്തേതാണ്. നഗരപ്രദേശങ്ങളിലെ പാവപ്പെട്ട തൊഴിൽ രഹിതർക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതാണ് പദ്ധതി. മുൻ വർഷത്തേക്കാൾ ഇരട്ടിത്തുകയാണ് ഇപ്പോൾ പദ്ധതിക്കായി സംസ്ഥാന സർക്കാർ വകയിരുത്തിയത്. മാലിന്യശേഖരണം, സംസ്കരണം, ജൈവ പച്ചക്കറിക്കൃഷിയുൾപ്പെടെ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രവൃത്തികൾ നഗരപ്രദേശങ്ങളിൽ ഏറ്റെടുത്ത് നടപ്പാക്കാനാകും. ഇതിന്റെ സാധ്യതകൾ നഗരസഭകൾ  ഫലപ്രദമായി വിനിയോഗിക്കണം. അതുവഴി തൊഴിലും വരുമാനവും ഉറപ്പുവരുത്തി നഗരപ്രദേശത്ത് വികസനപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്.

തൊഴിലുറപ്പുപദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക, മതിയായ തുക പദ്ധതിക്കായി നീക്കിവയ്ക്കുക, കൂലി യഥാസമയം നൽകുക, കാലതാമസം വന്നാൽ നഷ്ടപരിഹാരം നൽകുക, രൂക്ഷമായ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ കൂലി 500 രൂപയാക്കുക, എല്ലാ കാർഷികവൃത്തിയും, ക്ഷീരകർഷകർ, പരമ്പരാഗത തൊഴിലുകൾ എന്നിവ കൂലി പദ്ധതിയിൽ ഉൾപ്പെടുത്തുക. ജോലിസമയം രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് മാർച്ച് 14നു തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റ് ജില്ലാ കേന്ദ്രങ്ങളിലേക്കും തൊഴിലാളികൾ മാർച്ച് ചെയ്യുന്നത്

(എൻആർഇജി വർക്കേഴ്സ് യൂണിയൻ പ്രസിഡന്റാണ് ലേഖകൻ)

പ്രധാന വാർത്തകൾ
Top