20 October Saturday

നരവംശഗണകന്‍

എം എം പൗലോസ്‌Updated: Thursday Jan 11, 2018


പട്ടാമ്പി ദേശത്ത് ചുറ്റിക്കറങ്ങുമ്പോഴാണ് നാണുക്കുട്ടന്‍ ബോര്‍ഡ് കണ്ടത്.
ജാതകം, മുഹൂര്‍ത്തം, പൊരുത്തം, ശകുനം എന്നിവ കൃത്യമായി ഗണിക്കും. ലവലേശം തെറ്റില്ല. ഇതാണ് ബോര്‍ഡ് പറഞ്ഞത്.
പ്രവാചകന്റെ പേരും ബോര്‍ഡിലുണ്ട്. കൊള്ളാവുന്ന ഒരു വെജിറ്റബിള്‍ പരുവത്തില്‍.
ബലരാമന്‍.
നാണുക്കുട്ടന് ആ സമയം സ്വന്തം ഭാവിയെ കുറിച്ച് ശങ്ക തുടങ്ങി.
ഭാവിയുടെ ചക്രവാളം കറുത്തിരിക്കുന്നു.
ശങ്ക കരേറിക്കൊണ്ടേയിരുന്നു.അതോടെ സമ്മര്‍ദം താങ്ങാനായില്ല.
ബലരാമനെ കാണണം. കാര്യങ്ങള്‍ ചോദിച്ചറിയണം.ഭാവിയുടെ ഫയലില്‍ വ്യക്തത വരണം.
അനിയന്‍ കൃഷ്ണനെ കണ്ടാല്‍ കാര്യങ്ങള്‍ എല്ലാം നടക്കുമെങ്കില്‍ ചേട്ടന്‍ ബലരാമനെ കണ്ടാലും നടക്കാതിരിക്കില്ല. ഗര്‍ഭപാത്രം മാറിപ്പോയെന്നല്ലെയുള്ളു. ലേശം വരമൊക്കെ ചേട്ടനും തരാവാതിരിക്കോ?.
മുല്ലപ്പൂമ്പൊടി കല്ലിലും പരാഗണം നടത്തുമെന്നാണല്ലൊ ബയോളജിക്കവികള്‍ പറയുന്നത്.
ബലരാമന്റെ പ്രവാചകഭവനത്തിലേക്ക് വഴി ചോദിച്ച നാണുവിനെ ചായക്കടക്കാരന്‍ തല്ലിയില്ല എന്നേയുള്ളു.
ആ വീടറിയാത്തവന്‍ മനുഷ്യനോ എന്ന ഭാവം നോട്ടത്തിലുണ്ടായി.
 ഒരു ചായ കുടിക്കാമെന്ന് നാണു നയതന്ത്രപരമായി ചിന്തിച്ചപ്പോള്‍ ചായക്കട അടങ്ങി. അടുക്കളയില്‍ നിന്ന് വെളുത്ത പുക പൊങ്ങി.
അവസാന തുള്ളി ചായ തൊണ്ടയില്‍ നിന്നും നിപതിച്ചപ്പോള്‍ ചായക്കടക്കാരന്‍ വിരല്‍ ചൂണ്ടി. നേരെ കാണുന്നത് പാടം. അത് കടന്നാല്‍ ചെമ്മണ്‍ പാത. അതിലൂടെ അഞ്ച് മിനിറ്റ് നടന്നാല്‍ വഴിത്തിരിവ്.
ഇടത്തോട്ടും വലത്തോട്ടും വഴി പിരിയും. നട വലത്തോട്ട്. ഒരു തിരിവ് കഴിഞ്ഞാല്‍ വലതുവശത്തെ മൂന്നാമത്തെ വീട്.
തലയില്‍ കൈവെച്ച് അനുഗ്രഹിക്കും മുമ്പ് ചായക്കടക്കാരന്‍ ചോദിച്ചു.
'സാറ് ഏടന്നാ?'
' തെക്ക്ന്നാ'
പിന്നെ ചായക്കടക്കാരന്‍ നാണുവിനെ നുള്ളി.
നാണുവിന് നാണവും അരിശവും ഒപ്പം വന്നു.
ചിലപ്പോ നാട്ടുനടപ്പാവും. ഓരോ നാട്ടിലും ഓരോ ആചാരം.
നുള്ളി, നോവിക്കാതെ എന്നതാവും ഇവിടത്തെ രീതി.
ചായക്കടക്കാരന്‍ പ്രവൃത്തി വിശദീകരിക്കുന്നതിന് മുമ്പ് ആമുഖമായി പറഞ്ഞു.
' സാറിന് വെഷ്മ്ണ്ടായാ?'
' ഏയ്...ഇല്ല.'
' അവ്‌ടെ ഇപ്പോ ജീവിച്ചിരിക്കണവര് തീരെ വരാറ്ല്ല്യ. അതുകൊണ്ടാ ഒന്നു നുള്ളി നോക്യേ..'
നാണുവിന് ഉള്ളൊന്ന് ആന്തി.
'സാറ് പേടിക്കണ്ട്ാ..എല്ലാം ശരിയാവും...'
നാണു വയലും വഴിയുടെ വളവുകളും താണ്ടി.
ബലരാമന്റെ പ്രദക്ഷിണവഴിയിലെത്തി. ദുരെ നിന്ന് തന്നെ ബോര്‍ഡ് വായിക്കാം.
മഞ്ഞയില്‍ കറുപ്പുകൊണ്ടെഴുതിയ നീണ്ട ബോര്‍ഡ്.
എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ട്പ്രകാരം നിര്‍മിച്ചത്.
നാണു ജ്യോതിഷഭവനിലെത്തി.
സെക്രട്ടറിക്ക് പേര് കൊടുത്തിട്ട് കാത്തിരുന്നു.
സെക്രട്ടറി അറിയിച്ചു.
'വൈകും.'
നാണു പറഞ്ഞു.
'കാത്തിരുന്നോളാം'
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ നാണു ഭാവിയെ കുറിച്ചോര്‍ത്ത് വീണ്ടും അസ്വസ്ഥനായി.
നാണു താഴ്മയോടെ ചോദിച്ചു.
'പേര് ഇവ്ടത്തന്നെ കാണുമല്ലൊ?'
സെക്രട്ടറിക്ക് മനസ്സിലായില്ല.
മുഖം ചോദ്യരൂപത്തിലാക്കിയപ്പോള്‍ നാണു വിശദീകരിച്ചു.
'ഞാന്‍ കുറിച്ച് തന്ന എന്റെ പേര് ഇവിടത്തന്നെ ഉണ്ടാകുമല്ലൊ ?'
'താന്‍ ഇവിടെത്തന്നെ ഉണ്ടല്ലൊ?'
' ഉണ്ട്്'
' അപ്പോള്‍ തന്റെ പേരും ഇവ്ടത്തന്നെ ഉണ്ടാവും'
ശരീരം വിട്ട് പേര് പോകില്ല. പേര് പോകുന്നിടത്ത് ശരീരവും പോകും. അല്ലെങ്കില്‍ ശരീരം പോകുന്നിടത്ത് പേരും പോകും. വേര്‍പിരിയാനാകില്ല.
ദാര്‍ശനീകനാണ് സെക്രട്ടറി.
പണ്ട് മഹര്‍ഷിയായിരുന്നിരിക്കും. ആദിശങ്കരകാലത്ത് അദ്ദേഹവുമായി തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടാകാം. ശാപമേറ്റ് ഈ ജന്മം സെക്രട്ടറിയായതാണ്.
നാണുവിന്റെ ചോദ്യത്തില്‍ മറ്റൊരര്‍ഥമുണ്ടെന്ന് സെക്രട്ടറിക്ക് രണ്ടാമതൊന്ന് ആലോചിച്ചപ്പോള്‍ തോന്നി.
അതുകൊണ്ട് മൂന്നാമതൊന്ന് ആലോചിച്ച് രംഗം വഷളാക്കാന്‍ സെക്രട്ടറി തയ്യാറായില്ല.
'നിങ്ങളെന്താ അങ്ങനെ ചോദിച്ചത്?'
' പേരും കൊണ്ട് ചിലപ്പോള്‍ ഡല്‍ഹിക്ക് പോകാറുണ്ടല്ലൊ. പേര് കൊടുത്തയച്ചവന്‍ കാത്തിരുന്ന് മരിക്കും. ഒരു പേരും കൊണ്ടങ്ങോട്ട് പോയവന്‍ ഇരുപേരും കൊണ്ടിങ്ങോട്ട് പോരും'സെക്രട്ടറിക്ക് അതിന്റെ സാരസ്യം രുചിച്ചില്ല.
ഒരു ഹൈക്കമാന്റ് നോട്ടം കെട്ടഴിച്ചുവിട്ടു. നോട്ടത്തില്‍ വീണില്ലെങ്കില്‍ അച്ചടക്ക സമിതിക്ക് വിടലാണ് അടുത്ത ഘട്ടം. അത് ഭയന്ന് നാണു അച്ചടക്കാധീനനായി.
സെക്രട്ടറി അറിയിച്ചു.
'ബല്‍ജി ഫെയ്‌സ്ബുക്കിലാണ്'
'ബെയ്‌സ് ഫുക്കില്‍ നിന്ന് എപ്പോള്‍ എഴുന്നേല്‍ക്കും?'
' പ്രവചനാതീതമാണ്'
' എന്നെങ്കിലും?'
' ബല്‍ജി ജനങ്ങള്‍ക്ക് വേണ്ടിയാണ് ഫെയ്‌സ് ബുക്കിലാക്കുന്നത്.'
' ബുക്ക് തീര്‍ന്നാല്‍?'

നാണുവിന്റെ അജ്ഞതയില്‍ സെക്രട്ടറി പരിതാപം പ്രകടിപ്പിച്ചു.
സാമൂഹ്യമാധ്യമത്തിന്റെ സാമൂഹ്യ രാഷ്ട്രീയ പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണവും നടത്തി.
കുടിവെള്ളത്തിന് കേഴുന്ന ഗ്രാമീണജനതയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒഴുകുന്ന നദിയുടെ പടം കാണിക്കും.
കുടവുമായി ഇന്‍സ്റ്റഗ്രാമിലേക്ക് കുതിക്കുന്ന ജനതയ്ക്ക് ആവശ്യത്തിന് വെള്ളം കാണാം.
പിന്നെ സൂക്തങ്ങളെഴുതി ജനങ്ങളെ ബോധവല്‍ക്കരിക്കാം. സൂക്തങ്ങള്‍ വായിച്ച് മനഃപ്പരിവര്‍ത്തനം വന്ന ജനത രചയിതാവിനെ ആജീവനാന്തം സ്മരിക്കും.
അരക്കോളം വാര്‍ത്തയ്ക്ക് വേണ്ടി പത്രക്കാരന്റെ കാല് പിടിച്ച് നടന്ന കാലം പോയി.
സ്വന്തം പടം അരസെക്കന്റെങ്കിലും മിന്നിമറയാന്‍ ചാനലിന്റെ തൊഴുത്തില്‍ കയറി മെഴുകുന്ന കാലവും പോയി.
എനിക്ക് വേണ്ടി ഞാന്‍ ആരെയും കാത്ത് നില്‍ക്കണ്ട. എനിക്ക് എന്റെ കാലില്‍ നില്‍ക്കാം.
എന്നെ ഒരു സ്‌മോള്‍ സ്‌ക്കെയില്‍ മഹാനാക്കി മാറ്റാം.
ധര്‍മോപദേശങ്ങള്‍, കണ്ടുപിടുത്തങ്ങള്‍, നീതിസാരങ്ങള്‍, ആഹ്വാനങ്ങള്‍.
നിസ്സാരക്കാരനല്ലാത്ത എന്നെ പരസഹായം കൂടാതെ എനിക്ക് തനിച്ച് ഉണ്ടാക്കാം.
ലൈക്കുക, ക്ലിക്കുക. ക്ലിക്ക്ഡ് ആകുക.
സെക്രട്ടറി ഉദ്‌ബോധിപ്പിച്ചു.

'ബുക്ക് തീരില്ല.'
നാണു പിന്നെയും കാത്തിരിക്കാന്‍ തീരുമാനിച്ചു. അവരവരുടെ ഭാവിയെ കുറിച്ച് ചിന്തിക്കേണ്ടത് അവരവര്‍ തന്നെയാണല്ലൊ.
നാണു ആകാംക്ഷ കൊണ്ട് ചോദിച്ചു.
'ചെക്കനെന്നാ ജ്യോത്സ്യം പഠിച്ചേ?'
ചെക്കന്‍ എന്ന പ്രയോഗത്തില്‍ സെക്രട്ടറി അക്ഷമ പ്രകടിപ്പിച്ചു.
'ചെക്കനോ?'
' അല്ല. ഒത്തിരി പ്രായമായ ആളാണോ?'
'പ്രായത്തില്‍ എന്തിരിക്കുന്നു. പറയുന്നതിലല്ലെ കാര്യം?'
'അപ്പോള്‍ പ്രായത്തില്‍ കൊള്ളാത്ത കാര്യവും പറയും അല്ലെ?'
'നിങ്ങള്‍ എന്തു വിചാരിച്ചു. ഡല്‍ഹിയില്‍ നിന്നാ പഠിച്ചേ'
'ഇവ്ടത്തെ സ്‌ക്കൂളിലൊന്നും പഠിക്കാന്‍ കിട്ടിക്കാണില്ല, അല്ലെ?'
' അവിടെ ബ്രിഗേഡിയരായിരുന്നു.'
' അപ്പോള്‍ അതിര്‍ത്തിയില്‍ വെടിവെയ്പ്പായിരുന്നു പണി. എന്നാലും അതിനിടയില്‍ ഇതും പഠിച്ചൂലോ. കേമന്‍ തന്നെ.'
അകത്ത് നിന്ന് ബലരാമന്‍ മൂരി വിട്ടു. സെക്രട്ടറി സീറ്റ് വിട്ടു.
നാണു തയ്യാറെടുത്തു.
ഭാവി വള്ളിപുള്ളി തെറ്റാതെ അറിയാം.
സെക്രട്ടറി ഭവ്യനായി അറിയിച്ചു.
'വരുന്നു'
ബലരാമന്‍.
ചെക്കന്‍.
സുന്ദരന്‍.
ലോണ്‍പിടിപ്പിച്ച പോലെ താടി. സ്വന്തം താടിയില്‍ തടവി ചിന്തിക്കാനാവില്ല.
അതോര്‍ത്ത് നാണുവിന് ചിരി വന്നു.
ബലരാമന്‍ ചോദിച്ചു.
' എന്താ അടക്കിച്ചിരിക്കുന്നത്?'
'വെറുതെ'
'വെറുതെ ചിരിക്കുന്ന കാലമല്ല ഇത്. യുവാക്കളായ ഞങ്ങള്‍വെറുതെ ചിരിക്കുന്നവരല്ല.'
' ഗൗരവമായി ചിന്തിക്കുമ്പോള്‍ രാമന്‍ എന്ത് ചെയ്യും എന്നാലോചിച്ച് ചിരിച്ചു പോയതാണ്'
' ഗൗരവമായി ചിന്തിക്കാന്‍ എനിക്കെന്താ തടസ്സം?'
' ഗൗരവമായി ചിന്തിക്കുമ്പോള്‍  താടി തടവണമല്ലൊ. അപ്പോള്‍ അന്യന്റെ താടി അന്വേഷിക്കേണ്ടി വരുമല്ലൊ എന്നാലോചിച്ച് ചിരിച്ചതാണ്'
' അതില്‍ താങ്കള്‍ നിരാശപ്പെടേണ്ടതില്ല. ആ സമയത്ത് എനിക്കാവശ്യമുള്ള താടി എന്റെ പാര്‍ട്ടി എനിക്ക് തരും. ആ താടിയില്‍ തടവി എനിക്ക് ആവശ്യം പോലെ ചിന്തിക്കാം. ഇന്നോളം താടിയില്ലാത്തതിനാല്‍ എനിക്ക് ചിന്തിക്കാതിരിക്കേണ്ടതായി വന്നിട്ടില്ല.'
'കേമനാണെ. ഈ ചെറുപ്രായത്തില്‍ തന്നെ ഇതൊക്കെ അഭ്യസിക്കാന്‍ കഴിഞ്ഞല്ലൊ. മഹാഭാഗ്യം.'
പ്രശംസയില്‍ സന്തോഷം തോന്നി ബലരാമന്. അതുകേള്‍ക്കാനാണല്ലൊ രാപകലില്ലാതെ അധ്വാനിക്കുന്നത്.
എങ്കിലും താല്‍പര്യമില്ലാത്ത പോലെ തന്നെ അഭിനയിച്ചു.
' എന്താ വന്ന കാര്യം?'
' ഭാവിയെ കുറിച്ച് ആശങ്ക'
' വേണം. നാമെല്ലാവരും ഭാവിയെ കുറിച്ച് ആശങ്കപ്പെടണം.'
' അതിന് ഒരറുതി ഉണ്ടാകുമോ എന്നറിയണം?. ഭാവിയില്‍ വല്ല പുരോഗതിയും ഉണ്ടാകുമോ എന്നറിയണം.'
' ഭാവിയെ കുറിച്ച് ഞാന്‍ അധികം പറയാറില്ല'
' പറയാതിരിക്കുന്നതാവും ഭംഗി എന്നതുകൊണ്ടാണോ?. അല്ല പറഞ്ഞിട്ടും വലിയ കാര്യമില്ല എന്നതുകൊണ്ടാണോ?'
' അത് നിങ്ങള്‍ ആലോചിച്ച് ബുദ്ധിമുട്ടണമെന്നില്ല.അതാലോചിക്കാന്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെതായ സംവിധാനം ഉണ്ട്.'
'ഭാവിയെകുറിച്ച് പ്രവചിക്കില്ലെങ്കില്‍ പിന്നെ എന്തിനെ കുറിച്ചാകും പ്രവചനം?'
' ഭൂതകാലത്തെ കുറിച്ച്.'
'ഭൂതകാലത്തെ കുറിച്ച് പ്രവചിക്കേണ്ടതുണ്ടോ. അത് കഴിഞ്ഞതല്ലെ?'
' തെറ്റ്. അതിനെ കുറിച്ച് ഇനിയും പ്രവചനസാധ്യതയുണ്ട്. ഭാവിയിലല്ല ഭൂതത്തിലെ എന്തെങ്കിലും തടയൂ എന്നായിട്ടുണ്ട് ഇപ്പോള്‍.'
'ഭൂതത്തില്‍ എന്തിലാണ് സ്‌പെഷലൈസേഷന്‍?'
'വിവാഹം'
'അതിനോടെന്താ ഒരു കമ്പം?'
' നേരത്തെ ഉള്ളതാ'
'ശീലം. അല്ലെ?'
' അതെ പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത് തന്നെ ഇതിലുള്ള ഒരു കൊതി കൊണ്ടാ'
' അപ്പോള്‍ ഉഴുകല് തന്നെയാ പണി അല്ലെ?'
'മനസ്സിലായില്ല.'
'പുരാണത്തിലെ ബലരാമനും ഉഴുകല് തന്നെയായിരുന്നു. അത് പക്ഷെ കണ്ടത്തിലായിരുന്നു. കണ്ടവന്റെ നെഞ്ചത്തായിരുന്നില്ല.'
'എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ ചോദിക്ക് ?'
' എന്റെ അച്ഛന്‍ ശങ്കരന്‍. അമ്മ ശങ്കരി. അവരുടെ കല്യാണപ്രായം എനിക്കറിയാം. പറഞ്ഞ് കേട്ടിട്ടുണ്ട്. അച്ഛന്റെ അച്ഛന്‍ വേലായുധന്‍. ഭാര്യ ദാക്ഷായണി. അത് അറിയണ്ട. വേലായുധന്റെ അച്ഛന്‍ നാരായണന്‍. നാരായണന്റെ ഭാര്യ നാരായണി. അതുമറിയണ്ട. നാരായണന്റെ അച്ഛന്‍ പങ്കജാക്ഷന്‍. പങ്കജാക്ഷന്റെ ഭാര്യ പങ്കജാക്ഷി. അതുംപോട്ടെ. പങ്കജാക്ഷന്റെ അച്ഛന്‍ വേലു. വേലുവിന്റെ ഭാര്യ കാളി. അവരുടെ കല്യാണപ്രായമൊന്നറിയണം.'
'ഇത് എന്നോട് ചോദിക്കുന്നതെന്തിനാ?'
'അല്ല. സാറ് ഇപ്പോള്‍ ഇതിലാണ് പൊതുപ്രവര്‍ത്തനം എന്നറിഞ്ഞു. അതുകൊണ്ടാ. അത് വല്ല ബാലപീഢയോ മറ്റോ ആണെങ്കില്‍ ഉത്തരപ്രദേശില്‍ വല്ല വോട്ടും നമുക്ക് കിട്ടോ?.  ഇത. നേരത്തെ അറിഞ്ഞിരുന്നെങ്കില് ഗുജറാത്തില് നമ്മടെ പാര്‍ട്ടി ജയിക്കേം ചെയ്യുമായിരുന്നെന്നും പറയണൊണ്ട്. അതുകൊണ്ടാ. മറ്റൊന്നും തോന്നരുത്.'
 

പ്രധാന വാർത്തകൾ
Top