19 October Friday

നവകേരളം സാധ്യമാക്കാന്‍ കരുത്തേകുക

എന്‍ ആര്‍ ബാലന്‍Updated: Tuesday Nov 14, 2017

ജീവിതത്തിന്റെ ദുരിതപര്‍വങ്ങളില്‍ തളച്ചിടപ്പെട്ട കര്‍ഷകത്തൊഴിലാളികളെ സമരസജ്ജരാക്കി, അവകാശപോരാട്ടങ്ങളില്‍ അണിനിരത്തിയ കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതാവായിരുന്നു എം കെ കൃഷ്ണന്‍. അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ജനറല്‍ സെക്രട്ടറിയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ച എം കെ കൃഷ്ണന്‍ അന്തരിച്ചിട്ട് നവംബര്‍ 14ന് 22 വര്‍ഷം തികയുകയാണ്. 

എറണാകുളം വൈപ്പിന്‍ എടവനക്കാട്ട് ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച എം കെ കൃഷ്ണന്‍, ചെറുപ്പംമുതല്‍തന്നെ സംഘടനാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. നാട്ടിലും പരിസരപ്രദേശങ്ങളിലും കര്‍ഷകത്തൊഴിലാളികളെയും തെങ്ങുകയറ്റത്തൊഴിലാളികള്‍, ബീഡിതെറുപ്പ് തൊഴിലാളികള്‍ തുടങ്ങിയ ദുര്‍ബലരായ വിഭാഗങ്ങളെയും സംഘടിപ്പിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. ഭൂ ഉടമകളുടെ നേതൃത്വത്തില്‍ കൂലിനിഷേധമടക്കമുള്ള തൊഴിലാളിവിരുദ്ധ നടപടികള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ ഉജ്വലസമരങ്ങള്‍ക്ക് എം കെ നേതൃത്വം നല്‍കി.  കര്‍ഷകത്തൊഴിലാളികളുടെ പ്രശ്നങ്ങളും നാടിന്റെ പൊതുസ്ഥിതിഗതികളും സസൂക്ഷ്മം വിലയിരുത്തി, അത് ലളിതമായി തൊഴിലാളികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വിശദീകരിച്ചുകൊടുക്കാനുള്ള എം കെയുടെ കഴിവ് ശ്ളാഘനീയമായിരുന്നു. കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ എം കെ കൃഷ്ണന്‍,  സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മന്ത്രിയായും എംഎല്‍എയായും പ്രവര്‍ത്തനമികവ് കാണിച്ച എം കെ, എക്കാലവും പീഡിതരുടെയും അശരണരുടെയും അത്താണിയായിരുന്നു.

കര്‍ഷകത്തൊഴിലാളി യൂണിയന്റെ ഒന്നാംസമ്മേളനം 1970ല്‍ പാലക്കാട്ട് ചേര്‍ന്നപ്പോള്‍ എം കെ കൃഷ്ണനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാലയളവൊഴികെയുള്ള സമയങ്ങളില്‍ അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നു. 1991ല്‍ ബിഹാറിലെ സമസ്തിപുരില്‍ രണ്ടാം ദേശീയ സമ്മേളനം ചേര്‍ന്നപ്പോള്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യമാകെയുള്ള കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനും അവരെ സമരസജ്ജരാക്കാനുമുള്ള പ്രയത്നങ്ങള്‍ക്കിടയിലാണ്, 1994 നവംബര്‍ 14ന് തൃശൂരില്‍ കര്‍ഷകസംഘം സംസ്ഥാന സമ്മേളനവേദിയില്‍ കര്‍ഷക- കര്‍ഷകത്തൊഴിലാളി ഐക്യത്തിന്റെ പ്രസക്തിയെപ്പറ്റി പ്രസംഗിച്ചുനില്‍ക്കെ എം കെ കൃഷ്ണന്‍ കുഴഞ്ഞുവീണ് മരിച്ചത്.

1947ല്‍ സിപിഐ എം അംഗമായ എം കെ, 1953 മുതല്‍ 1962 വരെ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1967ല്‍ എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ഇ എം എസ് സര്‍ക്കാരില്‍ മന്ത്രിയായി. 1980ല്‍ ഞാറയ്ക്കലില്‍നിന്നാണ് നിയമസഭയിലേക്കെത്തിയത്. അങ്ങനെ നായനാര്‍ മന്ത്രിസഭയിലും അംഗമായി. സംഘടനാരംഗത്തെന്നപോലെ ഭരണരംഗത്തും അദ്ദേഹം കഴിവ് തെളിയിച്ചു.

കര്‍ഷകത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായുള്ള നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എം കെയുടെ സ്മരണ ഇന്ന് തൊഴിലാളിവര്‍ഗത്തിനാകെ സമരോര്‍ജമായി മാറുകയാണ്. നരേന്ദ്ര മോഡിസര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ സാമ്രാജ്യത്വ- കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമാണ്. രാജ്യത്തെ കാര്‍ഷികമേഖലയിലാകെ മുരടിപ്പാണ.് മധ്യപ്രദേശില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ആവശ്യപ്പെട്ട ആറു കര്‍ഷകരെ ശിവ്രാജ് സിങ് ചൌഹാന്റെ പൊലീസ് വെടിവച്ചുകൊന്നു. കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടയ്ക്ക് മൂന്നുലക്ഷം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ കര്‍ഷകത്തൊഴിലാളികളുമുണ്ട്. പക്ഷേ, അതൊന്നും സര്‍ക്കാരുകളുടെ കണക്കുകളില്‍ പെടുന്നില്ല. കൃഷിസ്ഥലങ്ങളില്‍നിന്ന് കര്‍ഷകത്തൊഴിലാളികള്‍ ആട്ടിപ്പായിക്കപ്പെടുകയാണ്. കൃഷി അവസാനിപ്പിക്കുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളായി മാറുന്നു. അവര്‍ക്ക് തൊഴില്‍ ലഭ്യമാകുന്നില്ല. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ രേഖകള്‍പ്രകാരം 2015 മുതല്‍ സാമ്പത്തിക പരാധീനതകൊണ്ട് ആത്മഹത്യ ചെയ്തവരുടെ എണ്ണം വല്ലാതെ വര്‍ധിച്ചതായി കാണാം.ഇതിലേറെയും കര്‍ഷകത്തൊഴിലാളികളാണ്.

കാര്‍ഷികമേഖലയില്‍ പലായനം ചെയ്യപ്പെടുന്ന കര്‍ഷകത്തൊഴിലാളികള്‍ നഗരപ്രാന്തപ്രദേശങ്ങളില്‍ കുടിയേറാനാണ് നിര്‍ബന്ധിതരാകുന്നത്. നഗരത്തിന്റെ അന്തരീക്ഷത്തിനും സംസ്കാരത്തിനും ഇണങ്ങുന്ന വിധത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ മാറാതിരിക്കുമ്പോള്‍, നഗരത്തിലെ തൊഴിലുകളില്‍നിന്ന് അവര്‍ ആട്ടിയകറ്റപ്പെടുന്നു. തിരികെ നാട്ടിലേക്കെത്തുമ്പോള്‍ അവിടം അവര്‍ക്ക് വേരുകളൊന്നുമില്ലാത്ത അവസ്ഥയാണ്. കോര്‍പറേറ്റുകള്‍ സ്വന്തമാക്കിയ തങ്ങളുടെ ആവാസവ്യവസ്ഥയ്ക്കുമുന്നില്‍ ജീവിതത്തിന് പൂര്‍ണവിരാമമിടാന്‍ കര്‍ഷകത്തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്നു. 

നരേന്ദ്ര മോഡിസര്‍ക്കാരാകട്ടെ വിലക്കയറ്റം നിയന്ത്രിക്കാനോ സബ്സിഡികള്‍ ശക്തമാക്കാനോ ശ്രമിക്കുന്നില്ല. പെട്രോള്‍- ഡീസല്‍ വിലവര്‍ധന വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. പാചകവാതക സബ്സിഡി പൂര്‍ണമായും എടുത്തുകളയുന്നതിന്റെ ഭാഗമായി അമിതവില ഈടാക്കുന്നു. നവ ഉദാരവല്‍ക്കരണ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കുന്ന പ്രകടനമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. അതിന് പുറത്താണ് വര്‍ഗീയതയുടെ പേരില്‍ ആര്‍എസ്എസ് സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും അസഹിഷ്ണുതയുടെ രാഷ്ട്രീയവും. ഇതിനൊക്കെ മോഡിസര്‍ക്കാരിന്റെ പരിരക്ഷയുമുണ്ട്. ഈ വേളയിലാണ് കേരളത്തില്‍നിന്ന് വ്യത്യസ്തമായ വികസന മാതൃകകളും മതനിരപേക്ഷതയുടെ വിശാലമായ കാഴ്ചപ്പാടും ഉയര്‍ന്നുവരുന്നത്.  ഇടതുപക്ഷബദലുകള്‍ മുന്നോട്ടുവച്ച്് ജനങ്ങള്‍ക്ക് കൈത്താങ്ങായി മാറുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. മതനിരപേക്ഷ, വികസിത നവകേരളമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വാഗ്ദാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. കര്‍ഷകത്തൊഴിലാളി യൂണിയന്‍ മുന്നോട്ടുവച്ച മുദ്രാവാക്യമായിരുന്നു എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും വീട് എന്നത്. ആ മുദ്രാവാക്യം സാര്‍ഥകമാക്കുന്ന രീതിയിലാണ് ലൈഫ് മിഷന്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത്. നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കാനുള്ള ചരിത്രപരമായ ഇടപെടലുകള്‍ നടത്തിയ കെഎസ്കെടിയുവിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നപോലെയാണ് ഹരിതകേരള മിഷന്‍ എന്ന പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. കേരളത്തിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള മഹത്തായ മുന്നേറ്റമാണ് ഈ ഭരണത്തിലൂടെ ഇടതുപക്ഷം നടത്തുന്നത്. സഖാവ് എം കെ കൃഷ്ണന്റെ സ്മരണ, കേരളത്തിലെ ഓരോ പുരോഗമനേച്ഛുവിനും നവകേരള നിര്‍മിതിക്കുള്ള ഊര്‍ജമായി മാറുകയാണ്

പ്രധാന വാർത്തകൾ
Top