25 May Friday

ഒരു കൂടിക്കാഴ്ചയെപ്പറ്റി

പിണറായി വിജയന്‍Updated: Friday Aug 29, 2014

മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്ബിഷപ്പും സിബിസിഐ അധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിച്ചശേഷം മോഡിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യയിലെ മതനിരപേക്ഷ ചിന്താഗതിക്കാരെ ദുഃഖിപ്പിക്കുന്നതാണ്.

പ്രധാനമന്ത്രി എന്ന നിലയിലുള്ള മോഡിയുടെ വാഗ്ദാനങ്ങള്‍ വിശ്വസിക്കുന്നെന്നും നല്ല ഭരണത്തിനുള്ള പ്രഖ്യാപിതനയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നെന്നും മറിച്ച് വിശ്വസിക്കാനുള്ള സാഹചര്യമൊന്നും ഇപ്പോള്‍ ഉണ്ടായിട്ടില്ല എന്നുമാണ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞത്.

വര്‍ഗീയതയില്‍ അടിത്തറയുള്ള വിദ്വേഷാത്മകമായ ഒരു ഭരണം നരേന്ദ്രമോഡി കെട്ടിപ്പടുക്കുകയും അതിനെതിരായി മതനിരപേക്ഷശക്തികളാകെ കൂട്ടായ ചെറുത്തുനില്‍പ്പിനുള്ള സാധ്യത തേടുകയുംചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ ബാവ നടത്തിയ പ്രസ്താവന മോഡിക്ക് സ്വീകാര്യത കൂട്ടാനും മതനിരപേക്ഷശ്രമങ്ങളെ ക്ഷീണിപ്പിക്കാനുമേ സഹായകമാവൂ എന്നു പറയേണ്ടിവരുന്നു; അദ്ദേഹം അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെങ്കിലും.

സിബിസിഐ അധ്യക്ഷനായി കാതോലിക്കാ ബാവയും പ്രധാനമന്ത്രിയായി നരേന്ദ്രമോഡിയും ചുമതലയേറ്റശേഷം നടന്ന ആദ്യകൂടിക്കാഴ്ചയായിരുന്നു ആഗസ്ത് മൂന്നാംവാരത്തിലേത്. കൂടിക്കാഴ്ചയിലും തുടര്‍ന്ന് പത്രക്കാരുമായി നടത്തിയ സംഭാഷണത്തിലും ബാവ ഇന്ത്യന്‍ മതനിരപേക്ഷതയ്ക്കു മുമ്പിലുണ്ടാകുന്ന വിപത്തുകളെക്കുറിച്ച് സംസാരിക്കുമെന്നാണ് ഇന്ത്യയിലെ മതനിരപേക്ഷവാദികള്‍ പൊതുവിലും ന്യൂനപക്ഷസമൂഹം പ്രത്യേകിച്ചും കരുതിയത്. ആ ധാരണയെ കടപുഴക്കുന്ന വിധത്തിലായി ""മറിച്ചുവിശ്വസിക്കാനുള്ള സാഹചര്യമൊന്നും ഇപ്പോള്‍ ഉണ്ടായിട്ടില്ല'' എന്ന ബാവയുടെ പരാമര്‍ശം. ഇത് നരേന്ദ്രമോഡിയില്‍ സന്തോഷമുളവാക്കുമെങ്കിലും മതേതരചിന്താഗതിക്കാരില്‍ ആശങ്ക പടര്‍ത്തുകയേയുള്ളൂ.

രാജ്യവും അതിന്റെ മതേതരഘടനയും നേരിടുന്ന വെല്ലുവിളികളെയും വര്‍ഗീയതയുടെ വിദ്വേഷാത്മകമായ പ്രവര്‍ത്തനങ്ങളെയും വേണ്ടത്ര ഗൗരവത്തില്‍ കാണാന്‍ ബാവയ്ക്ക് കഴിയാതെപോകുന്നുവോ എന്ന് ആരും ചിന്തിച്ചുപോകും. ആര്‍എസ്എസിന്റെ സര്‍സംഘചാലക് ആയ മോഹന്‍ ഭഗവതുതന്നെ ഇന്ത്യ ഹിന്ദുരാജ്യമാണെന്നും രാജ്യത്തിന്റെ സ്വത്വം ഹിന്ദുത്വമാണെന്നും പറഞ്ഞത് "വ്യക്തിപരമായ അഭിപ്രായപ്രകടനം' എന്ന നിലയില്‍ കാതോലിക്കാ ബാവ നിസ്സാരവല്‍ക്കരിച്ചു കാണുന്നുവെന്നത് ഖേദകരമാണെന്നു പറയാതെ വയ്യ. ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും വീക്ഷണങ്ങളുടെ നടത്തിപ്പുകാരനാണ് നരേന്ദ്രമോഡി എന്നത് ആര്‍ക്കാണ് അറിയാത്തത്. അവരുടേതില്‍നിന്ന് ഭിന്നമായ നയങ്ങളാണ് ഭരണത്തില്‍ താന്‍ നടപ്പാക്കുക എന്ന് ഒരിക്കലും മോഡി പറഞ്ഞിട്ടില്ല. സംഘപരിവാറിന്റെ സൃഷ്ടിയായ മോഡിക്ക് അങ്ങനെ പറയാനാവുകയുമില്ല. ഇത് മറന്നുകൂടാത്തതാണ്. "മറിച്ച് ചിന്തിക്കാന്‍ സാഹചര്യമില്ല' എന്നാണല്ലോ കാതോലിക്കാ ബാവ പറയുന്നത്. എന്നാല്‍, താഴെ പറയുന്ന ഓരോ കാര്യവും പരിഗണിച്ചാല്‍ മറിച്ചല്ലാതെ ചിന്തിക്കാനാകുമോ? ബാവ ഈ വഴിക്ക് ചിന്തിക്കണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്.

ഒന്ന്: ഇന്ത്യയിലുള്ളവരെല്ലാം ഹിന്ദുക്കളാണെന്നാണ് മോഹന്‍ ഭഗവത് ആദ്യം ഘട്ടക്കിലും പിന്നീട് മുംബൈയിലും പറഞ്ഞത്. താന്‍ ആര്‍എസ്എസിന്റെ എളിയ സേവക് ആണെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന പ്രധാനമന്ത്രി, മോഹന്‍ ഭഗവതിന്റെ നിലപാട് അസ്വീകാര്യമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. സേവകിന് സര്‍സംഘചാലക്കിന്റെ നിലപാട് തിരസ്കരിക്കാന്‍ കഴിയുകയുമില്ല. മോഹന്‍ ഭഗവത് ഇത് പറഞ്ഞതിനുശേഷം ഇതുതന്നെയാണ് ബിജെപിയുടെ നിലപാടെന്നും ആര്‍ക്കും ഇതില്‍ സംശയം വേണ്ട എന്നും സന്യാസികൂടിയായ ഗൊരഖ്പുര്‍ എംപി സ്വാമി ആദിത്യനാഥ് ലോക്സഭയില്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാന്നിധ്യത്തിലാണ്. പ്രധാനമന്ത്രി ഒരു വിരലുയര്‍ത്തിപ്പോലും അയാളെ തടഞ്ഞില്ല. ഇവരുടെ നിലപാട് മാനദണ്ഡമാക്കിയാല്‍ കാതോലിക്കാ ബാവപോലും ഹിന്ദുവാണെന്നുവരും. സ്വീകരിക്കാനാകുന്ന നിലപാടാണോ അത്?

രണ്ട്: ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന് അനുസൃതമായി വിദ്യാഭ്യാസഘടന പൊളിച്ചെഴുതാമെന്ന് മോഡി സര്‍ക്കാരിനുവേണ്ടി മന്ത്രി സ്മൃതി ഇറാനി ഉറപ്പുനല്‍കിയതായി ആര്‍എസ്എസിന്റെ ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് അധ്യക്ഷന്‍ ദീനാനാഥ് ബത്ര പ്രഖ്യാപിച്ചു. ഈ വഴിക്ക് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കാന്‍ ആര്‍എസ്എസ് ബുദ്ധിജീവിയെ അധ്യക്ഷനാക്കി സമിതിയെ നിയോഗിച്ച് ഉത്തരവിറക്കി മോഡിസര്‍ക്കാര്‍. സഭയുടെ അധീനതയിലുള്ള സ്കൂളുകളില്‍പ്പോലും ആര്‍എസ്എസ് പ്രത്യയശാസ്ത്രപ്രകാരമുള്ള സിലബസ് വരുന്നത് സ്വീകരിക്കാനാകുമോ കാതോലിക്കാ ബാവയ്ക്ക്?

മൂന്ന്: ചരിത്രം തങ്ങള്‍ക്കനുസൃതമായി പുതുക്കിയെഴുതുക എന്നത് ഫാസിസ്റ്റുകള്‍ നടപ്പാക്കിയിരുന്ന കാര്യമാണ്. ആര്‍എസ്എസ് നേതാവ് സുദര്‍ശനറാവു ഇന്ത്യയിലെ പ്രമുഖചരിത്രകാരന്മാരുടെയിടയില്‍ സ്ഥാനമുള്ളയാളൊന്നുമല്ല. എന്നിട്ടും അദ്ദേഹത്തെതന്നെ അധ്യക്ഷനാക്കി മോഡിസര്‍ക്കാര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്ററിക്കല്‍ റിസര്‍ച്ച് എന്ന ചരിത്രഗവേഷണകൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു. അവരോട് ഹിന്ദുത്വസംസ്കാരത്തിലൂന്നിയുള്ള ചരിത്രം എഴുതാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. അംഗീകരിക്കാനാകുന്നതാണോ ഇത്?

നാല്: മുസഫര്‍നഗര്‍ കലാപത്തിലെ പ്രതിയാണ് സഞ്ജീവ്കുമാര്‍ ബല്യ. അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിലെടുത്തു നരേന്ദ്രമോഡി. ഗുജറാത്തിലെയും യുപിയിലെയും വര്‍ഗീയകലാപങ്ങളില്‍ അമിത് ഷായ്ക്കുള്ള പങ്ക് എടുത്തുപറയേണ്ടതില്ല. ഗുജറാത്ത് വിട്ടുനില്‍ക്കണമെന്നുപോലും കോടതിക്ക് ഒരു ഘട്ടത്തില്‍ ഷായോട് കല്‍പ്പിക്കേണ്ടിവന്നു. അതേ ഷായെത്തന്നെ ബിജെപിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തുന്നതില്‍ നരേന്ദ്രമോഡി വഹിച്ച പങ്ക് എല്ലാവര്‍ക്കും അറിയുന്നതാണ്. നരേന്ദ്രമോഡിയുടെ ഈ മനോഭാവം എന്തിന്റെ സൂചനയാണ് നല്‍കുന്നത്?

അഞ്ച്: സൊറാബ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായ്ക്കെതിരെ "അമിക്കസ് ക്യൂറി' എന്ന നിലയില്‍ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് കൊടുത്ത ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശചെയ്തിട്ടും ജഡ്ജിയാക്കാതിരുന്നതും അമിത് ഷായുടെ അഭിഭാഷകനായ യു യു ലളിത്തിനെ ജഡ്ജിസ്ഥാനത്തേക്ക് ഉയര്‍ത്തിയതുമായ നരേന്ദ്രമോഡിയുടെ നിലപാട് ജുഡീഷ്യറിയെപ്പോലും കാവിവല്‍ക്കരിക്കാനുള്ള വ്യഗ്രതയെയല്ലേ പ്രതിഫലിപ്പിക്കുന്നത്?

ആറ്: റമദാന്‍ വ്രതഘട്ടത്തില്‍ വ്രതാനുഷ്ഠാനത്തിലായിരുന്ന ഒരാളുടെ വായിലേക്ക് ശിവസേന എംപിമാര്‍ ബലമായി ചപ്പാത്തി തിരുകിയ പ്രശ്നം പാര്‍ലമെന്റിനെ സ്തബ്ധമാക്കിയ വേളയില്‍ ഒരു വാക്കുകൊണ്ടുപോലും ആ നികൃഷ്ടകൃത്യത്തെ തള്ളിപ്പറയാന്‍ കൂട്ടാക്കാതിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നത് കാണാതിരിക്കാനാകുമോ?

ഏഴ്: മോഡി അധികാരത്തില്‍വന്നയുടന്‍ പൊതു സിവില്‍കോഡ്, മതപരിവര്‍ത്തനം, ഗോഹത്യപ്രശ്നം, ലൗ ജിഹാദ് തുടങ്ങിയവയൊക്കെ ചര്‍ച്ചയുടെ അജന്‍ഡയിലായി. യുപിയില്‍ തെഞ്ഞെടുപ്പുവരുന്ന സാഹചര്യത്തില്‍ വര്‍ഗീയകലാപം പടര്‍ന്നുതുടങ്ങി. സ്വമേധയാലുള്ള മതപരിവര്‍ത്തനംവരെ അസാധ്യമാക്കുന്ന സന്നദ്ധസംഘങ്ങള്‍ തെരുവിലിറങ്ങിത്തുടങ്ങി. ദാരിദ്ര്യനിര്‍മാര്‍ജനം വിഷയമല്ലാതാവുകയും സരസ്വതീനദിയുടെ പുനരുദ്ധാരണം മുഖ്യവിഷയമാവുകയും ചെയ്തു. മോഹന്‍ ഭഗവത് അടക്കമുള്ളവര്‍ വര്‍ഗീയപ്രകോപനം ഉണ്ടാക്കുന്ന വാക്കുകള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കുന്ന സ്ഥിതിയായി. ഇതൊക്കെ ഈ ഭരണത്തിന്റെ നിഴലില്‍ നടക്കുന്ന കാര്യങ്ങളല്ലേ?ഇത്രയൊക്കെയായിട്ടും കാതോലിക്കാ ബാവ "മറിച്ചു ചിന്തിക്കാന്‍ സാഹചര്യമില്ല' എന്നുപറയുന്നു. വര്‍ഗീയതയുടെ വിപത്ത് തിരിച്ചറിഞ്ഞ് മതനിരപേക്ഷ ജനാധിപത്യശക്തികള്‍ ഒന്നിക്കുന്ന ഘട്ടമാണ് ഇത്. മതനിരപേക്ഷ ബദലിനുവേണ്ടി ബുദ്ധിജീവികള്‍ ക്ലേശപൂര്‍വം മുന്നിട്ടിറങ്ങുന്ന ഘട്ടമാണ് ഇത്. ഇത്തരമൊരു വേളയില്‍ സംഘപരിവാറിനെയും അതിന്റെ ഭരണസംവിധാനത്തെയും അറിയാതെപോലും മഹത്വപ്പെടുത്തിക്കൂടാ.

ഗുജറാത്തിലേതുപോലെ പടരാമായിരുന്ന വര്‍ഗീയകലാപം 2009ല്‍ ഒഡിഷയിലുണ്ടായി. അത് അധികം പടരാതിരുന്നത് ഗുജറാത്തിലേതുപോലെ ഒഡിഷയില്‍ സംസ്ഥാനസര്‍ക്കാര്‍ അതിനെ സ്പോണ്‍സര്‍ചെയ്യാന്‍ തയ്യാറായില്ല എന്നതുകൊണ്ടാണ്. നരേന്ദ്രമോഡിയുടെ പാര്‍ടിക്കാരാണ് അന്ന് ഒഡിഷയില്‍ പരക്കെ ക്രൈസ്തവവേട്ട നടത്തിയത്. കന്യാസ്ത്രീ മാനഭംഗം ചെയ്യപ്പെടുന്നതും ക്രിസ്ത്യാനികള്‍ കൊലചെയ്യപ്പെടുന്നതുമാണ് അന്ന് കണ്ടത്. പലര്‍ക്കും പലായനം ചെയ്യേണ്ടിവന്നു. അന്ന് വിശ്വാസികള്‍ക്ക് പാര്‍ടി ഓഫീസില്‍ പ്രാര്‍ഥനാ സൗകര്യംപോലും ചെയ്തുകൊടുത്തു സിപിഐ എം. വിശ്വസിക്കാന്‍ കമ്യൂണിസ്റ്റുകാരേയുള്ളൂ എന്നാണ് അന്ന് ഘട്ടക്ക് ആര്‍ച്ച്ബിഷപ് പറഞ്ഞത്. ആ ബിഷപ്പുകൂടി ഉള്‍പ്പെട്ട ബിഷപ്പുമാരുടെ സമിതിയുടെ അധ്യക്ഷനായ കാതോലിക്കാ ബാവ, അന്ന് ക്രിസ്ത്യാനികളോട് ചര്‍ച്ചചെയ്യാനില്ല എന്നുപറഞ്ഞ പാര്‍ടിയുടെ നേതാവില്‍ ഇന്ന് വിശ്വാസമര്‍പ്പിക്കുന്നത് ആപത്താവും. ഗ്രഹാം സ്റ്റെയിന്‍സിനെയും കുഞ്ഞുങ്ങളെയും സംഘപരിവാര്‍ ചുട്ടുകൊന്നത് ക്രിസ്ത്യാനികളുടെ മതപരിവര്‍ത്തനശ്രമങ്ങള്‍ അവസാനിപ്പിക്കും എന്നു പറഞ്ഞാണ്. ഇന്ന് മോഡി ഭരണത്തിനുകീഴില്‍ വീണ്ടും പഴയ മുദ്രാവാക്യം ശക്തിപ്പെടുന്നു. ബിജെപി സംസ്ഥാനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമുള്ള മതപരിവര്‍ത്തനംകൂടി അസാധ്യമാക്കുന്ന നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ മറിച്ച് ചിന്തിക്കാന്‍ സാഹചര്യം കാണുന്നില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും?

നാടിനും നാട്ടുകാര്‍ക്കുംവേണ്ടി വിമോചന ദൈവശാസ്ത്രമുയര്‍ത്തിപ്പിടിച്ച് കമ്യൂണിസ്റ്റുകാര്‍ക്കൊപ്പംനിന്ന് പൊരുതി രക്തസാക്ഷിത്വംവരിച്ച ബിഷപ്പുമാരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ഒരു പ്രക്രിയയിലാണ് ഇന്ന് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ സഭ. കാലത്തിന്റെ മാറ്റത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. മതനിരപേക്ഷതയുടെ ശക്തികളെയും മതവിദ്വേഷത്തിന്റെ ശക്തികളെയും യഥാസമയം തിരിച്ചറിയേണ്ടതുണ്ട്. അതില്‍ വീഴ്ചപറ്റിയാല്‍ പിന്നീട് വലിയ വില കൊടുക്കേണ്ടിവരും. മുസഫര്‍നഗറില്‍ കലാപബാധിതര്‍ക്ക് 54 വീട് വച്ചുകൊടുത്ത മനുഷ്യത്വപൂര്‍ണവും ജീവകാരുണ്യപരവുമായ നടപടിയില്‍ പ്രതിഫലിക്കുന്നുണ്ട് സിപിഐ എമ്മിന്റെ മതനിരപേക്ഷമായ മനസ്സ്. എന്നാല്‍, ഗ്രഹാം സ്റ്റെയിന്‍സിനോടും കുഞ്ഞുങ്ങളോടും ചെയ്ത കൊടുംക്രൂരതയില്‍ പ്രതിഫലിക്കുന്നുണ്ട് സംഘപരിവാറിന്റെ വര്‍ഗീയവിദ്വേഷംനിറഞ്ഞ മനസ്സ്. മനസ്സിന്റെ പ്രതിഫലനമാണ് പ്രവൃത്തി. ആരെയും വിലയിരുത്തുമ്പോള്‍ അത് മാനദണ്ഡമാകേണ്ടതുണ്ട്.

പ്രധാന വാർത്തകൾ
Top