10 December Monday

പ്രണയിക്കാം പുസ്തകങ്ങളെ

കടകംപള്ളി സുരേന്ദ്രൻUpdated: Thursday Mar 1, 2018


വായനയുടെ നല്ല നാളുകളെ തിരിച്ചുപിടിക്കുന്നതിനും ആഗോള മലയാളികളെ അറിവിന്റെ അനന്തതയിലേക്ക് കൈപിടിച്ചുയർത്തുന്നതിനുമാണ് 'കൃതി' അന്താരാഷ്ട്ര പുസ്തക‐സാഹിത്യ‐വിജ്ഞാനോത്സവം സംസ്ഥാന സർക്കാർ സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ അറിവിന്റെയും ചിന്തയുടെയും ആശയവിനിമയത്തിന്റെയും സംരംഭമായാണ് 'കൃതി' (KRITHI Kerala Initiative For Thinking Interactiveness)  ഒരുക്കുന്നത്.

സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന പുസ്തകങ്ങളുടെ സുഗന്ധം ശ്വസിച്ച്, വിശ്വവിജ്ഞാന ചക്രവാളങ്ങളിലേക്ക് ഊളിയിട്ട്, സാഹിത്യസമ്രാട്ടുകളുടെ സാമീപ്യം നുകർന്നൊരു സാഹിത്യ തീർഥാടനക്കാലമാണ് കേരള സർക്കാർ ഒരുക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ നൂതന ഉപയോഗത്തിലൂടെ, അനുദിനം മാറുന്ന വിജ്ഞാനത്തിന്റെ വിനിമയത്തിനും വ്യാപനത്തിനും ഒരു സ്വതന്ത്ര ആവാസവ്യവസ്ഥ ഒരുക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മാനവ വികസന സൂചികയിൽ ദേശീയ ശരാശരിയിൽനിന്നേറെ മുന്നിൽ സഞ്ചരിക്കുന്ന കേരള സമൂഹത്തെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലെക്കെത്തിക്കുകയെന്ന ബൃഹത്തായ ലക്ഷ്യത്തിലേക്കൊരു ചവിട്ടുപടി കൂടിയാണിത്.

ആഗോള പ്രസാധകരുടേതടക്കമുള്ള ഇരുനൂറിൽപ്പരം പുസ്തക സ്റ്റാളുകളാണ് മാർച്ച് ഒന്നു മുതൽ 11 വരെ കൊച്ചി മറൈൻഡ്രൈവിൽ നടക്കുന്ന കേരളം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ബൃഹത്തായ പുസ്തകോത്സവത്തിൽ ഒരുക്കിയിട്ടുള്ളത്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ പ്രസാധകർക്കും മേളയിൽ പങ്കെടുക്കാം. പുസ്തകാവതരണങ്ങളും പുസ്തക വായനകളും പുസ്തക പ്രകാശനങ്ങളുമൊക്കെയായി എഴുത്തിന്റെയും വായനയുടെയും കൂട്ടുകാരുടെ ഒരു പ്രവാഹം തന്നെയാണ് പ്രതീക്ഷിക്കുന്നത്. കാരിക്കേച്ചർ ഷോകളും കഥപറച്ചിലുകളും വരയും എഴുത്തുമൊക്കെയായി കുട്ടികൾക്കായി പുതിയൊരു ലോകം തുറക്കുന്നു. എഴുത്തിന്റെ ലോകത്തെ പ്രതിഭകളുടെ ഛായാചിത്രങ്ങളും അവരുടെ സ്വന്തം കൈപ്പടയിലെ കത്തുകളും ശബ്ദങ്ങളും കണ്ടും കേട്ടും സായൂജ്യമടയാൻ ആയിരക്കണക്കിന് സാഹിത്യപ്രേമികൾ കൊച്ചിയിലേക്കൊഴുകും. ഇവർക്ക് കണ്ണിനും കാതിനും വിരുന്നായി പത്തുദിവസത്തെ കലോത്സവവും വൈവിധ്യം വിളിച്ചോതുന്ന ഭക്ഷണമേളയും മറൈൻഡ്രൈവിൽ ഒരുക്കിയിട്ടുണ്ട്.

മാർച്ച് ഏഴു മുതൽ 10 വരെ നാലുദിവസം നീണ്ടുനിൽക്കുന്ന സാഹിത്യ‐വിജ്ഞാനോത്സവമാണ് കൊച്ചി ബോൾഗാട്ടി പാലസിൽ അരങ്ങേറുന്നത്. അഞ്ച് സമാന്തരവേദിയിലായി നൂറിൽപ്പരം വിഷയങ്ങളിൽ ചർച്ചകൾ, സെമിനാറുകൾ, സംഭാഷണങ്ങൾ, വിഷയാവതരണങ്ങൾ, വർത്തമാനങ്ങൾ. 250ൽപ്പരം അന്തർദേശീയ, ദേശീയ, തദ്ദേശീയ സാഹിത്യകാരന്മാരും ചിന്തകരുമാണ് കൊച്ചിയിലെത്തുന്നത്.

ഏവർക്കും വീട്ടിലോ വായനശാലയിലോ ഇരുന്ന് എല്ലാ വേദിയിലെയും ചർച്ചകൾ ആസ്വദിക്കുന്നതിനും അവയിൽ അഭിപ്രായം രേഖപ്പെടുത്തുന്നതിനും മറ്റുള്ളവരുമായി വീഡിയോകൾ പങ്കുവയ്ക്കുന്നതിനുമുള്ള അവസരങ്ങൾ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയിട്ടുമുണ്ട്. ഒരു ലക്ഷത്തോളം ആഗോള മലയാളികൾ കൃതി സാഹിത്യവിജ്ഞാനോത്സവം തത്സമയം വീക്ഷിക്കുമെന്നാണ് കണക്കാക്കുന്നത്.

കുട്ടികളെയും കൗമാരക്കാരെയും വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയെന്ന വലിയ ദൗത്യം കൂടി കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിനുണ്ട്. രണ്ടരക്കോടിയോളം രൂപയുടെ പുസ്തകങ്ങളാണ് കുട്ടികൾക്ക് മുതിർന്നവർ ഈ പുസ്തകോത്സവത്തിന്റെ ഭാഗമായി സമ്മാനിക്കുന്നത്. വായിച്ച് വളരേണ്ട തലമുറ നവമാധ്യമ വലയത്തിൽ വായനയിൽനിന്ന് അകന്നുപോകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ സംരംഭം. കുട്ടികൾക്കായുള്ള വായനക്കളരിയും പുതിയ അനുഭവം സമ്മാനിക്കും.

കുട്ടികൾക്കായുള്ള പുസ്തകങ്ങളുടെ പ്രമുഖ പ്രസാധകരായ ഗ്രോളിയർ ഇന്റർനാഷണൽ, അമർചിത്രകഥ, സ്കോളാസ്റ്റിക്, ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ്, ഡക്ബിൽ, എൽസി പബ്ലിഷിങ്തുടങ്ങിയവർ നേരിട്ട് പങ്കെടുക്കുന്ന മേള കൂടിയാണിത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഒന്നര ലക്ഷത്തോളം ബാലസാഹിത്യ കൃതികളാണ് പുസ്തകോത്സവത്തിൽ ലഭിക്കുക. ആദ്യദിനം മുതൽ ബാലസാഹിത്യരംഗത്തെ പ്രമുഖരായ പൊഫ. എസ് ശിവദാസ്, സിപ്പി പള്ളിപ്പുറം, കോലഴി നാരായണൻ, പള്ളിയറ ശ്രീധരൻ തുടങ്ങിയവരൊക്കെ കുട്ടികളുമായി സംവദിക്കാനെത്തുകയും ചെയ്യും.

വാക്കുകളെയും വരികളെയും പുസ്തകങ്ങളെയും പ്രണയിക്കുന്നവർക്കായി മറൈൻഡ്രൈവ്  ഒരുങ്ങിക്കഴിഞ്ഞു. എസ്പിസിഎസ് എന്ന മഹദ് സ്ഥാപനത്തിന് നവജീവൻ പകരുന്നതിനാണ് സംസ്ഥാന സഹകരണ വകുപ്പ് 'കൃതി' എന്ന പേരിലുള്ള അന്താരാഷ്ട്ര പുസ്തകോത്സവത്തിനും സാഹിത്യോത്സവത്തിനും മുൻകൈയെടുത്തിരിക്കുന്നത്. 

ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിച്ചുചേർക്കുന്ന, മാനവികതയുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും സന്ദേശങ്ങളുയർത്തുന്ന ഒരു സാഹിത്യവിജ്ഞാന തീർഥാടനയജ്ഞമായി കൃതിയെ മാറ്റിത്തീർക്കേണ്ടതുണ്ട്. ഇനി മുതൽ എല്ലാ വർഷവും അക്ഷരങ്ങളുടെ ഈ മഹോത്സവം മലയാളിയുടെ വായനയുടെയും അറിവിന്റെയും അടയാളമായി സാക്ഷരകേരളത്തിന് അഭിമാനമായി സംഘടിപ്പിക്കും.  സ്വാഗതം എല്ലാവർക്കും, കേരളത്തിന്റെ അക്ഷരോത്സവത്തിലേക്ക്

പ്രധാന വാർത്തകൾ
Top