20 January Sunday

'പതാക വീശുന്ന' അപകടങ്ങൾ

മാനിനി ചാറ്റർജിUpdated: Tuesday Feb 13, 2018


ഒറ്റനോട്ടത്തിൽ, കഴിഞ്ഞ മാസാവസാനം ഉത്തർപ്രദേശിലെ ഒരു ചെറുപട്ടണത്തിൽ നടന്ന വർഗീയലഹളയ്ക്കും 14 വർഷംമുമ്പുണ്ടായ സുപ്രീംകോടതി വിധിക്കും ദൂരാനീതമായ ബന്ധമുണ്ടെന്നു തോന്നാം. ഉത്തർപ്രദേശിൽ വർഗീയലഹളകൾ പുതിയസംഭവമല്ല. വളഞ്ഞുപുളഞ്ഞ പാതകളിൽ അപകടം പതിയിരുക്കുന്നതുപോലെ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനത്ത് വർഗീയകലാപസാധ്യതയുള്ള ഒട്ടനേകം പ്രദേശങ്ങളുണ്ട്. ആഗ്ര, അലിഗഡ്, മൊറാദാബാദ്, മുസാഫർനഗർ, ഗൊരഖ്പുർ, ബറേലി തുടങ്ങിയ പ്രദേശങ്ങൾ കാലങ്ങളായി തലക്കെട്ടുകളിൽ നിറയുന്നത് വർഗീയകലാപങ്ങളുടെ പേരിലാണ്.

എങ്കിലും, ആശ്ചര്യമായ ഒരു പുതിയ പ്രതിഭാസമാണ് ജനുവരി 26ന് കാസ്ഗഞ്ച് എന്ന ചെറുപട്ടണത്തിൽ നടന്നത്. സാധാരണ ഹിന്ദു‐ മുസ്ലിം വിഭാഗങ്ങൾ തമ്മിൽ മതപരമായ ചിഹ്നങ്ങളുടെയും ഉത്സവങ്ങളുടെയും പേരിലാണ് വർഗീയകലാപം ഉണ്ടാകാറുള്ളത്. അല്ലെങ്കിൽ മതപരിവർത്തനം നടക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ മുറുമുറുപ്പുകളെ ചില നിക്ഷിപ്ത താൽപ്പര്യക്കാർ ഇടപെട്ട് വർഗീയകലാപങ്ങളിലേക്ക് എത്തിക്കും. അതുമല്ലെങ്കിൽ വ്യത്യസ്ത മതത്തിൽപ്പെട്ട യുവതീയുവാക്കൾ പ്രണയിക്കുകയോ ഒളിച്ചോടുകയോ ചെയ്താൽ അതും മൊഹല്ലകൾക്ക് തീകൊടുക്കാനുള്ള കാരണമാക്കി മാറ്റും.

എന്നാൽ, കാസ്ഗഞ്ചിൽ വെടിയുതിർത്തത് മതമോ പ്രണയമോ അല്ല. മറ്റ് കലാപങ്ങളോട് താരതമ്യംചെയ്യുമ്പോൾ കൊലചെയ്യപ്പെട്ടവരുടെ എണ്ണവും കുറവാണ്. ആക്രമണങ്ങൾ ഉണ്ടായത് കുറച്ച് ദിവസങ്ങൾമാത്രവും. എങ്കിലും, കാസ്ഗഞ്ച് കലാപം ഒരു അപകടസൂചനയാണ്. കാരണം, അത് അപകീർത്തിപ്പെടുത്തിയത് ഇന്ത്യയുടെ ഏറ്റവും വലിയ മതേതര ഉത്സവമായ റിപ്പബ്ലിക് ദിനത്തെയാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച് നടക്കുന്ന ആക്രമണങ്ങൾ ശക്തിപ്പെട്ടുവരുന്നു എന്നതിന്റെ പ്രതിഫലനംകൂടിയാണ് ഇത്.

വിവിധ പത്രങ്ങൾ ദൃക്സാക്ഷിമൊഴികളോടെ സംഭവം വിശദീകരിക്കുന്നതിങ്ങനെ, കാസ്ഗഞ്ചിലെ മുസ്ലിംഭൂരിപക്ഷ പ്രദേശമായ ബഡ്ഡു നഗറിലെ വീർ അബ്ദുൾ ഹമീദ് ചൗക്കിൽ റിപ്പബ്ലിക് ദിനാഘോഷത്തിനും ദേശീയപതാക ഉയർത്താനുമായി ഗ്രാമവാസികൾ ഒത്തുകൂടി. ഇതേ സ്ഥലത്തേക്ക് ഒരു വലിയ സംഘം യുവാക്കൾ ബൈക്കിൽ ത്രിവർണപതാകയും കാവിക്കൊടിയും വീശിക്കൊണ്ട് കടന്നുവരുന്നു. റിപ്പബ്ലിക് ദിനാഘോഷമെന്ന പേരിൽ മുസ്ലിംഭൂരിപക്ഷം തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലൂടെ സർക്കാർ അനുമതിപോലും ഇല്ലതെ നടത്തിയ 'തിരംഗയാത്ര' ആയിരുന്നു അത്. തങ്ങളുടെ യാത്രയ്ക്ക് കടന്നുപോകാൻ ചത്വരത്തിൽ നിരത്തിവച്ച കസേരകൾ മാറ്റണമെന്ന് അവർ ആവശ്യപ്പെടുന്നു. എന്നാൽ, പതാക ഉയർത്തലിനുശേഷം കസേരകൾ മാറ്റാമെന്നും പതാക ഉയർത്തൽചടങ്ങിൽ നിങ്ങളും പങ്കെടുക്കണമെന്നും മുസ്ലിങ്ങൾ തിരംഗയാത്രക്കാരോട് ആവശ്യപ്പെടുന്നു. ഇത് നിരാകരിച്ച് യുവാക്കൾ പ്രകോപനപരമായ രാഷ്ട്രീയ സ്വയംസേവക് സംഘ് ആശയങ്ങൾ ഉൾക്കൊള്ളുന്ന മുദ്രവാക്യങ്ങളും ഭീഷണിയും മുഴക്കി സംഘർഷാവസ്ഥ സൃഷ്ടിക്കുന്നു. ഹിന്ദി‐ ഹിന്ദു‐ ഹിന്ദുസ്ഥാൻ, ഹിന്ദുസ്ഥാൻ മേൻ രഹ്ന ഹോഗ തോ വന്ദേമാതരം കെഹ്ന ഹോഗാ എന്നു തുടങ്ങി മുദ്രാവാക്യങ്ങൾ മുഴക്കി അവിടെ കൂടിനിന്ന സാധാരണക്കാരായ മുസ്ലിങ്ങളോട് പാകിസ്ഥാനിലേക്ക് പോകണമെന്ന് അക്രോശിച്ചു.

ഇരുവിഭാഗത്തിൽനിന്നുമുള്ള യുവാക്കൾ തമ്മിൽ ഇതോടെ ബഹളവും ഉന്തുംതള്ളലുമുണ്ടായി. പൊലീസെത്തി ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു. എന്നാൽ, തിരംഗയാത്രക്കാർ വീണ്ടും സംഘടിക്കുകയും അടുത്ത മുസ്ലിംഭൂരിപക്ഷ പ്രദേശത്തെത്തുകയും അവിടെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. കാസ്ഗഞ്ച് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് പവിത്രമോഹൻ ത്രിപാഠി പറഞ്ഞതു പ്രകാരം ഈയൊരു സംഘർഷമാണ് ചന്ദൻ ഗുപ്ത എന്ന ഇരുപത്തിരണ്ടുകാരൻ വെടിയേറ്റ് മരിക്കാനും നൗഷാദ് എന്ന യുവാവിന് വെടിയേൽക്കാനും കാരണമായത്.

യോഗി ആദിത്യനാഥ് സർക്കാരിന്റെ ക്രമസമാധാനപാലന വീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർടികൾ രംഗത്തുവന്നു. കാസ്ഗഞ്ച് ലഹളയെ ഉത്തർപ്രദേശിനേറ്റ കളങ്കമെന്നാണ് ഗവർണർ രാം നായിക് വിശേഷിപ്പിച്ചത്. എന്നാൽ, സംഭവത്തിലെ പ്രധാന പ്രശ്നത്തെ ഉയർത്തിക്കൊണ്ടുവരാൻ ഇതുവരെ ആരും തയ്യാറായിട്ടില്ല. ഇന്ത്യയെന്ന മതേതര രാഷ്ട്രത്തെ ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിക്കുന്നവരും കുറച്ച് വ്യക്തികളും വ്യാപകമായ രീതിയിൽ ദേശീയപതാകയെ ദുരുപയോഗം ചെയ്യുകയാണ്.
റിപ്പബ്ലിക് ദിനത്തിൽ കാസ്ഗഞ്ചിൽ ദൃശ്യമായതും ഇതാണ്. ഒരു മുഖ്യമായ ഹിന്ദുത്വ പ്രത്യയശാസ്ത്രം, അതിന്റെ പ്രഥമ പ്രത്യയശാസ്ത്രരചയിതാവായ എം എസ് ഗോൾവാൾക്കർ, തുടർന്നിങ്ങോട്ടുള്ളവർ എല്ലാം പറഞ്ഞുവച്ചത് ന്യൂനപക്ഷങ്ങൾ അന്തിമമായി ദേശവിരുദ്ധരും രാജ്യസ്നേഹമില്ലാത്തവരുമാണെന്നും ഹിന്ദുക്കൾമാത്രമാണ് യഥാർഥ രാജ്യസ്നേഹികളെന്നുമാണ്.

കാസ്ഗഞ്ചിൽ അവർ ഒരുപടികൂടി മുന്നോട്ട് പോയി, 1965ൽ ഇന്ത്യ‐പാക് യുദ്ധത്തിൽ വീരമൃതു വരിച്ച, രാജ്യം പിന്നീട് പരമവീര ചക്രം നൽകി ആദരിച്ച അബ്ദുൾ ഹമീദിന്റെ പേരിലുള്ള ചത്വരത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ സന്തോഷപൂർവം പങ്കെടുക്കുന്നതിനു പകരം, ബൈക്കിലെത്തിയ ഒരുകൂട്ടം വലതുപക്ഷ യുവാക്കളുടെ പ്രതികരണം 'അവർ എങ്ങനെ (റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ) ധൈര്യപ്പെട്ടു'? എന്നായിരുന്നു. 

ഹിന്ദുത്വ ലോക വീക്ഷണപ്രകാരം ഇന്ത്യൻ മുസ്ലിങ്ങൾക്ക് ഒരിക്കലും രാജ്യസ്നേഹികളാകാൻ കഴിയില്ല. മുസ്ലിം സഹോദരങ്ങളെ നോക്കി പാകിസ്ഥാൻവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിലൂടെ ഈ ചിന്ത ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുകയാണ് ഹിന്ദുത്വവാദികൾ. ഇതേ ആശയമാണ് ലഖ്നൗവിലും ന്യൂഡൽഹിയിലും ഭരണത്തിൽ ഇരിക്കുന്നവരും പങ്കുവയ്ക്കുന്നത്. കേന്ദ്രമന്ത്രി നിരഞ്ജൻ ജ്യോതി ആഗ്രയിൽ മാധ്യമങ്ങളോട് പറഞ്ഞത് കാസ്ഗഞ്ചിൽ നടന്ന സംഘർഷം രാജ്യത്ത് ദേശവിരുദ്ധശക്തികൾ വർധിച്ചുവരുന്നു എന്നതിന്റെ തെളിവാണെന്നും അവർ ത്രിവർണപതാകയ്ക്കെതിരാണെന്നുമാണ്. ഭാരതീയ ജനതാ പാർടി അംഗവും മുൻ പാർലമെന്റ് അംഗവുമായ വിനയ് കത്യാർ ലഖ്നൗവിൽ പറഞ്ഞത് കുറച്ച് പാകിസ്ഥാൻ അനുകൂലികൾക്ക് തിരംഗയാത്ര ഇഷ്ടപ്പെട്ടില്ലെന്നും അവർ ബഹുമാനിക്കുന്നത് പാകിസ്ഥാൻ പതാകയാണെന്നുമാണ്. കാസ്ഗഞ്ചിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല എന്ന് തെളിയിക്കുന്നതാണ് ബറേലി ജില്ലാ കലക്ടർ ആർ വി സിങ് ഫെയ്സ്ബുക്കിൽ കുറിച്ച വരികൾ. വിവാദമായതിനെത്തുടർന്ന് പിൻവലിച്ച ഈ പോസ്റ്റിൽ പറയുന്നത് ഇങ്ങനെ: 'ഇവിടങ്ങളിൽ  വിചിത്രമായൊരു പുതിയ പ്രവണതയുണ്ട്. മുസ്ലിംഭൂരിപക്ഷ പ്രദേശങ്ങളിൽ നടക്കുന്ന റാലികളിൽ പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിക്കുക. സഹോദരങ്ങളേ, എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, അവരെന്താ പാകിസ്ഥാനികളാണോ...?'
സത്യത്തിൽ, നിങ്ങൾ പാകിസ്ഥാൻ അനുകൂലികളാണ് എന്ന് ഇന്ത്യൻ മുസ്ലിങ്ങളെ നോക്കി പറയുന്നത് പുതിയ സംഭവമല്ല. ആർഎസ്എസും അതിന്റെ അസംഖ്യം അനുബന്ധ സംഘടനകളും കാലങ്ങളായി ചെയ്തുവരുന്നത് അതാണ്. എന്നാൽ, ത്രിവർണപതാകയ്ക്കു പകരം കാവിക്കൊടിയെ ഹിന്ദുത്വ തീവ്രവാദത്തിന്റെ ആയുധമായി ഉപയോഗിക്കുന്നത് പുതിയ സംഭവമാണ്. കുറച്ചുകാലം ത്രിവർണപതാക ഉപയോഗിച്ചു എന്നതിനപ്പുറം ഹിന്ദുത്വ രാഷ്ട്രത്തിന്റെ പ്രതീകമായി കാവിക്കൊടിയെ സ്വീകരിക്കുക എന്നത് ആർഎസ്എസിന്റെ എല്ലാക്കാലത്തെയും സ്വപ്നമാണ്. എന്നാൽ, കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതോടെ ത്രിവർണപതാക ആവേശമാക്കി കുറച്ചുകാലത്തേക്കെങ്കിലും അവരും ഏറ്റെടുത്തുവെന്നുമാത്രം.

കഴിഞ്ഞ ഏതാനും വർഷമായി ത്രിവർണപതാകയുടെ വലുപ്പം വർധിച്ചുകൊണ്ടേയിരിക്കുന്നു. നാനാത്വമെന്ന ഇന്ത്യയുടെ സത്തയെ നശിപ്പിക്കാനുള്ള ആളുകളിൽ തീവ്രദേശീയത ഉത്തേജിപ്പിക്കാനുള്ള ആയുധമാക്കി അതിനെ മാറ്റുന്നു. ചോദ്യം ചോദിക്കാനും വിമർശിക്കാനും അഭിപ്രായം പറയാനുമുള്ള ഒരു ജനാധിപത്യരാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ അടിക്കാനുള്ള ഒരു വടിയായി അത് ഉപയോഗിക്കുന്നു.

ബിജെപിയുടെ ഉയർച്ചയ്ക്ക് അപ്പുറത്ത്, പതാക ഒരു വികാരമായി മാറാൻ 2004 ജനുവരി 23ന് സുപ്രീംകോടതി പുറപ്പെടുവിച്ച (കേന്ദ്രസർക്കാരും നവീൻ ജിൻഡാലുമായുള്ള കേസ്) നിർണായക ഉത്തരവും കാരണമായി. എല്ലാ പൗരമാർക്കും ദേശീയപതാക ഉയർത്താനുള്ള മൗലികാവകാശമുണ്ടെന്നാണ് സുപ്രീംകോടതി അന്ന് വിധിച്ചത്.

അതുവരെ ദേശീയപതാക ഉയർത്തുന്നതിന് അനുകൂലിച്ചും പ്രതികൂലിച്ചുമുണ്ടായ എല്ലാ നിയമങ്ങളെയും കൃത്യമായി പരിശോധിച്ചശേഷമാണ് ചീഫ് ജസ്റ്റിസ് വി എൻ ഖേർ ദൈർഘ്യമേറിയ വിധിന്യായം പുറപ്പെടുവിച്ചത്. അന്നുവരെ പതാകനിയമപ്രകാരം, ത്രിവർണപതാക എല്ലാവർക്കും ഉപയോഗിക്കാൻ പാടില്ലായിരുന്നു. ഔദ്യോഗിക കെട്ടിടങ്ങൾക്കും ഔപചാരിക പരിപാടികൾക്കും മാത്രമായി പരിമിതപ്പെട്ടിരുന്നു. വിധിന്യായത്തിൽ കോടതി അന്തർദേശീയ രാജ്യങ്ങൾ എങ്ങനെയാണ് പതാകനിയമം പാലിക്കുന്നതെന്ന് പരിശോധിച്ചിക്കുന്നുണ്ട്. ഓസ്ട്രേലിയ, ബ്രസീൽ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ എല്ലാ പൗരമാർക്കും സ്വതന്ത്രമായി ദേശീയപതാക ഉപയോഗിക്കാൻ അനുവദിക്കുമ്പോൾ ബ്രിട്ടൻ, ജപ്പാൻ, ഇറ്റലി, ജർമനി, പാകിസ്ഥാൻ, ശ്രീലങ്ക, ഇന്തോനേഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ  ഇത് അനുവദിക്കുന്നില്ല.

കോടതിവിധിയിൽ പറയുന്നത് ഒരു വിഭാഗം നിയയന്ത്രണമില്ലാതെ പതാക ഉപയോഗിക്കുന്നത് പതാകയെ അപമാനിക്കലാണെന്നും അത് വാണിജ്യപരമായി പതാകയെ പ്രദർശിപ്പിച്ചെന്ന കേസായി മാറാമെന്നുമാണ്. മറ്റൊരു വിഭാഗമാകട്ടെ, നിരവധി രാജ്യസ്നേഹികൾ പോരാടി നേടിയതാണ് സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ത്രിവർണപതാക ഉപയോഗിക്കാനുള്ള അവകാശം അവർക്ക് നിഷേധിക്കപ്പെടരുെതന്നും വാദിച്ചു. ഈ രണ്ടു വീക്ഷണവും പരിശോധിച്ചശേഷം കോടതി നിഗമനത്തിലെത്തി, ദേശീയപതാകയും ദേശീയഗാനവും ദേശീയഗീതവും മതേതര രാഷ്ട്രത്തിന്റെ അടയാളങ്ങളാണ്. ഭരണഘടനയിൽ ദേശീയപതാക ഉയർത്തുന്നത് സംബന്ധിച്ച് പ്രത്യേകം പരാമർശമില്ലെങ്കിലും മൗലികാവകാശത്തിന്റെ ഭാഗമാണതെന്ന് കോടതി നിരീക്ഷിച്ചു. ഈ കോടതിവിധി പുനഃപരിശോധിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് പുതിയ സംഭവങ്ങൾ പറയുന്നത്. റിപ്പബ്ലിക് ദിനത്തിൽ അഖില ഭാരത് വിദ്യാർഥി പരിഷത്തും (എബിവിപി) ഹിന്ദു യുവവാഹിനിയും സമാന സംഘടനകളുമാണ് ഉത്തർപ്രദേശിലൊട്ടാകെ തിരംഗയാത്രകൾ സംഘടിപ്പിച്ചത്. കുറച്ച് വർഷങ്ങൾക്കുമുമ്പ്, വടക്കേ ഇന്ത്യയിൽ കൻവാരിയ തീർഥാടകർ ശ്രാവണ ഉത്സവമാസത്തിൽ ഗംഗാജലം ശേഖരിക്കാൻ ബൈക്കിൽ വലിയ ത്രിവർണപതാകകളുമേന്തി പോകുമായിരുന്നു. ദേശീയപതാകകളേന്തിയ യുവാക്കൾ അന്നും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് പതിവായിരുന്നു.

എന്നാൽ, ഇതുവരെ കാസ്ഗഞ്ചുപോലൊരു സംഭവത്തിന് അത്തരം യാത്രകൾ കാരണമായിട്ടില്ല. 'തിരംഗ' വർധിച്ചുവരുന്ന ആക്രമണത്തിന്റെയും അസഹിഷ്ണുതയുടെയും ഭയപ്പെടുത്തലിന്റെയും ഭീഷണിയുടെയും അടയാളമായി മാറിക്കൊണ്ടിരിക്കുന്നു. 'തിരംഗ' ഒരിക്കലും ഐക്യവും സാഹോദര്യവും നിറയുന്ന മതനിരപേക്ഷതയുടെ അടയാളമല്ല. ഇപ്പോഴും ദാരിദ്ര്യവും അസമത്വവും അനീതിയും നിറഞ്ഞ ഒരു രാജ്യത്ത് രാഷ്ട്രം കെട്ടിപ്പടുക്കാൻ ധാരാളം വഴികളുണ്ട്. രാജ്യസ്നേഹം പ്രകടിപ്പിക്കാനും അനേകം വഴികളുണ്ട്. പതാക വീശുന്നത് അതിൽ ഏറ്റവും ചെറിയ കാര്യമാണ്. ഭീഷണിപ്പെടുത്തുക എന്നത് ഏറ്റവും വിനാശകരവുമാണ്

(കടപ്പാട്: ദ ടെലിഗ്രാഫ്)
 

പ്രധാന വാർത്തകൾ
Top