21 January Monday

കരുത്തുചോർന്ന‌് കോൺഗ്രസ‌്

വി ബി പരമേശ്വരന്‍Updated: Wednesday May 16, 2018

 ബിജെപിയെയും അവരുടെ വർഗീയ അജൻഡയെയും ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസിന‌് കഴിയില്ലെന്ന‌് ആവർത്തിച്ച‌് വ്യക്തമാക്കപ്പെട്ടിരിക്കുന്നു.  നരേന്ദ്ര മോഡി 2014ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം പഞ്ചാബ‌് ഒഴിച്ച‌് ഒരു സംസ്ഥാനത്തും ബിജെപിയെയോ അവരുൾപ്പെട്ട സഖ്യത്തെയോ തോൽപ്പിച്ച‌്  അധികാരത്തിൽ വരാൻ കോൺഗ്രസിന‌് കഴിഞ്ഞിട്ടില്ല. കർണാടകത്തിൽ തിരിച്ചുവരവ‌് നടത്തുമെന്നാണ‌് അവകാശപ്പെട്ടതെങ്കിലും അതിനുമായില്ല. അതായത‌് ബിജെപിയെ തോൽപ്പിക്കാനുള്ള രാഷ്ട്രീയ, സംഘടനാശേഷി കോൺഗ്രസിനില്ലെന്ന‌് ആവർത്തിച്ച‌് തെളിയിക്കപ്പെട്ടു. അതായത‌് ദേശീയതലത്തിൽ മതനിരപേക്ഷസഖ്യത്തിന‌് നേതൃത്വം നൽകാൻ കോൺഗ്രസിന‌് കഴിയില്ലെന്ന‌് വ്യക്തമായി. ബിജെപിയിതര മതേതര കൂട്ടുകെട്ടിനുള്ള നീക്കത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസിനെ നിർത്തിയാൽ ആ നീക്കത്തിന‌് വലിയ മുന്നേറ്റം സാധ്യമാകില്ലെന്ന വസ‌്തുതയിലാണ‌് കർണാടക അടിവരയിടുന്നത‌്. കർണാടകത്തിൽതന്നെ ഒരു ബിജെപിയിതര സർക്കാരിനുള്ള സാധ്യത തുറന്നതുപോലും പ്രാദേശിക കക്ഷിയായ ജെഡിഎസ‌് അവരുടെ കോട്ട നിലനിർത്തിയതുകൊണ്ടാണ‌്. ബിഎസ‌്പി, എൻസിപി തുടങ്ങിയ കക്ഷികളുമായി സഖ്യത്തിലാണ‌് ജെഡിഎസ‌് മത്സരിച്ചത‌്. അത്തരമൊരു സഖ്യത്തിനുള്ള സാധ്യത അനൗപചാരികമായിട്ടുപോലും കോൺഗ്രസ‌് ശ്രമിച്ചിരുന്നില്ലെന്നത‌് മറ്റൊരു കാര്യം.

അടുത്തവർഷം നടക്കാനിരിക്കുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ മതേരസഖ്യത്തേക്കാൾ ബിജെപിയുടെ പരാജയം ഉറപ്പിക്കാൻ സംസ്ഥാന നിലവാരത്തിലുള്ള ബിജെപിയിതര സഖ്യത്തിനാണ‌് കൂടുതൽ സാധ്യതയെന്നും കർണാടക തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. 1967ൽ തമിഴ‌്നാട്ടിൽ നഷ്ടപ്പെട്ട അധികാരം ഇതുവരെയും തിരിച്ചുപിടിക്കാൻ കോൺഗ്രസിന‌് കഴിഞ്ഞിട്ടില്ല. പശ‌്ചിമബംഗാളിൽ നാലു ദശാബ്ദക്കാലമായി കോൺഗ്രസിന‌് അധികാരം നഷ്ടമായിട്ട‌്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ ഉത്തർപ്രദേശിലും ബിഹാറിലും കോൺഗ്രസിന‌് ഭരണം നഷ്ടമായിട്ട‌് മൂന്നു ദശാബ്ദമായി. ഗുജറാത്ത്, മധ്യപ്രദേശ‌്, ഛത്തീസ‌്ഗഡ‌് സംസ്ഥാനങ്ങൾ കോൺഗ്രസ‌് കൈവിട്ടിട്ട‌് ദശാബ്ദത്തോളമായി. ഇവിടങ്ങളിലൊന്നും ശക്തമായ തിരിച്ചുവരവിനുള്ള ഒരു ലക്ഷണവും കോൺഗ്രസ‌് കാണിക്കുന്നില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ‌് ദുർബലമാവുകയാണ‌്. ഇത്തരമൊരു കോൺഗ്രസിനെ മുൻനിർത്തി ബിജെപിയെ അധികാരത്തിൽനിന്ന‌് ഇറക്കാൻ കഴിയുമോ എന്ന ചോദ്യമാണ‌് ഉയരുന്നത‌്.

അതുകൊണ്ടുതന്നെ സംസ്ഥാനാടിസ്ഥാനത്തിൽ ശക്തമായ ബിജെപിവിരുദ്ധ കൂട്ടുകെട്ടുണ്ടാക്കി അവരുടെ മുന്നേറ്റത്തെ തടയുന്നതായിരിക്കും പ്രായോഗികം. ഉത്തർപ്രദേശിൽ സമാജ‌്‌വാദി പാർടി, ബഹുജൻസമാജ‌് പാർടി എന്നിവ കൈകോർത്താൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയും.  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര, ബിഹാർ, ഒഡിഷ, ആന്ധ്രപ്രദേശ‌്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപിയെ തടയാനാകും.  തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർറാവുവും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവും മറ്റും നടത്തുന്ന നീക്കങ്ങൾ ഈ പശ‌്ചാത്തലത്തിലാണ‌് പ്രസക്തമാകുന്നത‌്. തെരഞ്ഞെടുപ്പുപോരാട്ടത്തെ ദ്വികക്ഷി പോരാട്ടമാക്കി മാറ്റുകയെന്ന ബിജെപിയുടെ അതേതന്ത്രമാണ‌് കോൺഗ്രസും പയറ്റുന്നത‌്.
രാഹുൽ‐ മോഡി പോരാട്ടമായി അതല്ലെങ്കിൽ മോഡി‐സിദ്ധരാമയ്യ പോരാട്ടമായി തെരഞ്ഞെടുപ്പിനെ മാറ്റാനാണ‌് ഇരുകക്ഷികളും മത്സരിച്ചത‌്. ഈ തന്ത്രം സ്വീകരിക്കുകവഴി  രാഷ്ട്രീയത്തിൽ  ബഹുസ്വരതയെയാണ‌് ഇരുവരും ചേർന്ന‌്  ഇല്ലാതാക്കുന്നത‌്. ലോക‌്സഭയിൽ 415 സീറ്റ‌് ഉണ്ടായിരുന്ന കോൺഗ്രസ‌്, അത‌് 45 സീറ്റിലേക്ക‌് താഴ‌്ന്നിട്ടും പാഠം ഉൾക്കൊള്ളുന്നില്ലെന്ന‌് സാരം. ജെഡിഎസിനെ പിന്തുണയ‌്ക്കാൻ അവസാനം കോൺഗ്രസിന‌് തയ്യാറാകേണ്ടിവന്നത‌് ഗത്യന്തരമില്ലാഞ്ഞിട്ടാണ‌്.

ബിജെപി സ്വീകരിക്കുന്ന  തെരഞ്ഞെടുപ്പുതന്ത്രങ്ങൾ കോൺഗ്രസ‌് അനുകരിക്കുന്നതും അവരുടെ പരാജയത്തിന‌് കാരണമാവുകയാണെന്ന‌് ഗുജറാത്തും കർണാടകവും സൂചിപ്പിക്കുന്നു. ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാൻ മൃദുഹിന്ദുത്വ സമീപനമാണ‌് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ‌് സ്വീകരിച്ചത‌്.  ഗുജറാത്തിലും കർണാടകത്തിലും ക്ഷേത്രങ്ങൾ കയറിയിറങ്ങുകയായിരുന്നു രാഹുൽ ഗാന്ധി. 2014ലെ തെരഞ്ഞെടുപ്പ‌് പരാജയത്തെക്കുറിച്ച‌് പഠിച്ച എ കെ ആന്റണിസമിതിയാണ‌് കോൺഗ്രസ‌് മുസ്ലിം പാർടിയായി തിരിച്ചറിയപ്പെടുന്നത‌് തടയണമെന്ന‌് ആവശ്യപ്പെട്ടത‌്.   അതനുസരിച്ചാണ‌് രാഹുൽ ഗാന്ധി ക്ഷേത്രസന്ദർശനം തുടങ്ങിയതെന്ന‌് കഴിഞ്ഞദിവസം സോണിയ ഗാന്ധിതന്നെ സൂചിപ്പിച്ചു. ബിജെപിയെപ്പോലെതന്നെ ജാതി‐മത കാർഡാണ‌് കർണാടകത്തിൽ കോൺഗ്രസ‌് ഇറക്കിയത‌്.

മതനിരപേക്ഷ ഭരണഘടനയെക്കുറിച്ച‌് വാചാലരാകുന്ന കോൺഗ്രസ‌് പാർടിയാണ‌് കേവലം തെരഞ്ഞൈടുപ്പുവിജയം ഉറപ്പിക്കാനായി ലിംഗായത്ത‌ുകൾക്ക‌് ന്യൂനപക്ഷപദവിയോടെ പ്രത്യേക മതപദവി നൽകാൻ തീരുമാനിച്ചത‌്. എന്നാൽ, കോൺഗ്രസിന്റെ തന്ത്രം ഫലിച്ചില്ലെന്നുമാത്രമല്ല, ലിംഗായത്ത‌് മേഖലയിൽ കനത്ത തിരിച്ചടിയാണ‌് കോൺഗ്രസിനുണ്ടായത‌്.
കേന്ദ്രം ഭരിക്കുന്ന ബിജെപി, കോൺഗ്രസ‌് സർക്കാരിന്റെ ഈ ശുപാർശ അംഗീകരിക്കില്ലെന്നിരിക്കെ സിദ്ധരാമയ്യ സർക്കാർ നടത്തിയത‌് വെറും രാഷ്ട്രീയനാടകമാണെന്ന‌് കർണാടകത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞു.

ലിംഗായത്ത‌് വിഷയം ഉയർത്തി  സവർണ വിഭാഗത്തെയും വൊക്കലിഗ സമുദായത്തെയും  കോൺഗ്രസിനെതിരെ ബിജെപി തിരിച്ചുവിടുകയും ചെയ‌്തു. ‘അഹിന്ദ’ എന്ന പേരിലുള്ള പിന്നോക്ക‐ന്യൂനപക്ഷ‐ദളിത‌് സഖ്യവും വിചാരിച്ച ഫലം നൽകിയില്ല. ദളിത‌് മേഖലയിൽ കോൺഗ്രസ‌ിന‌് മുന്നേറാനായില്ല എന്നത‌് ഈ വസ‌്തുതയിലേക്കാണ‌് വിരൽചൂണ്ടുന്നത‌്.

പ്രധാന വാർത്തകൾ
Top