21 May Monday

ഒരേസമയം തെരഞ്ഞെടുപ്പ് : ജനാധിപത്യത്തിനെതിരായ കടന്നാക്രമണം

വെബ് ഡെസ്‌ക്‌Updated: Thursday Feb 8, 2018

ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നതിൽ ബദ്ധശ്രദ്ധരാണ്  പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപിയും. പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ചർച്ച വേണമെന്ന് അഭിപ്രായപ്പെട്ട രാഷ്ട്രപതി, എങ്കിൽമാത്രമേ രാഷ്ട്രീയ പാർടികൾക്ക് ഇക്കാര്യത്തിൽ ഒരു സമവായത്തിലെത്താൻ കഴിയൂ എന്നും നിർറേശിച്ചു.

തുടർച്ചയായി തെരഞ്ഞെടുപ്പ് നടത്തുന്നത് ഖജാനയ്ക്ക് വൻ ചെലവ് വരുത്തുമെന്ന വാദമാണ് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് അനുകൂലമായി മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ 'തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം' നിലവിൽ വരുന്നതിനാൽ വികസനപ്രവർത്തനം തടസ്സപ്പെടുന്നുവെന്ന വാദവും ഉയർത്തപ്പെടുന്നുണ്ട്. എല്ലാ വർഷവും തുടർച്ചയായി തെരഞ്ഞെടുപ്പ് നടക്കുന്നത് മനുഷ്യവിഭവശേഷിക്കുമേൽ കനത്ത ഭാരം അടിച്ചേൽപ്പിക്കുന്നതായും വാദമുയരുന്നുണ്ട്. 

ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ സർക്കാരുകൾക്ക് ജനപ്രതിനിധിസഭകളോടുള്ള കൂട്ടുത്തരവാദിത്തമെന്ന ഭരണഘടനാരീതിയിൽ മാറ്റം വരുത്തേണ്ടിവരും. ഭരണഘടനയനുസരിച്ച് ഒരു ഗവൺമെന്റ് അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെടുകയോ ധനബിൽ പാസാക്കാൻ കഴിയാതെവരികയോ ചെയ്യുമ്പോൾ രാജിവയ്ക്കാൻ നിർബന്ധിതമാണ്.  ബദൽ സർക്കാർ രൂപീകരിക്കാൻ കഴിയാത്തപക്ഷം സഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുകയുംവേണം. ഭരണഘടനയിൽ ലോക്സഭയ്ക്കോ സംസ്ഥാന നിയമസഭകൾക്കോ സ്ഥിരം കാലാവധി നിശ്ചയിച്ചിട്ടില്ല.

ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഭരണഘടനയിൽ ഭേദഗതി വരുത്തുന്നതിനുള്ള വിവിധ നിർദേശങ്ങളാണ് മുന്നോട്ടുവയ്ക്കപ്പെടുന്നത്.  ഇതിലൊന്ന് നിതി ആയോഗ് പുറത്തിറക്കിയ ചർച്ചയ്ക്കായുള്ള രേഖയാണ്.  ലോക്സഭ പിരിച്ചുവിടുന്നത് ഒഴിവാക്കാനാകാത്തപക്ഷം ലോക്സഭയുടെ തുടർന്നുള്ള കാലാവധി ഹ്രസ്വമെങ്കിൽ രാജ്യത്തിന്റെ ഭരണം നടത്തുന്നതിന് രാഷ്ട്രപതിയെ അനുവദിക്കുന്നതിനുള്ള ഭേദഗതി ഭരണഘടനയിൽ വേണമെന്നാണ് നിർദേശം.  അടുത്ത ലോക്സഭ രൂപീകരിക്കുന്നതുവരെ രാഷ്ട്രപതി രൂപീകരിക്കുന്ന മന്ത്രിസഭയുടെ സഹായത്തോടെ ഭരണം നടത്താൻ അദ്ദേഹത്തിന് അവസരമൊരുക്കുന്നതായിരിക്കണം ഈ ഭേദഗതി. തീർത്തും അന്യായമായ ഈ നിർദേശത്തിന്റെ അർഥം രാഷ്ട്രപതി എക്സിക്യൂട്ടീവിന്റെ തലവനാകുമെന്നതാണ്. പിൻവാതിലിലൂടെ എക്സിക്യൂട്ടീവ് പ്രസിഡന്റ്് അധികാരത്തിൽ വരുമെന്നർഥം.

മറ്റൊരു ഉപനിർദേശം ഇങ്ങനെയാണ്. പിരിച്ചുവിടുന്ന ലോക്സഭയുടെ കാലാവധി ദൈർഘ്യമേറിയതാണെങ്കിൽ തെരഞ്ഞെടുപ്പ് നടത്താം. എന്നാൽ, ആ ലോക്സഭയുടെ കാലാവധി മുൻ സഭയുടെ അവശേഷിക്കുന്ന കാലാവധിവരെ മാത്രമായിരിക്കും. അതായത്, രണ്ടുവർഷത്തിനുശേഷമാണ് ലോക്സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുന്നതെങ്കിൽ പുതിയ ലോക്സഭയുടെ കാലാവധി അവശേഷിക്കുന്ന മൂന്നുവർഷത്തേക്കായിരിക്കും. ഇതിനർഥം ലോക്സഭാതെരഞ്ഞെടുപ്പ് ആവർത്തിക്കുമെന്നാണ്. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുകയെന്ന ലക്ഷ്യംതന്നെ പരാജയപ്പെടുകയായിരിക്കും ഫലം. 

സംസ്ഥാന നിയമസഭയുടെ കാര്യത്തിലും സമാനമായ നിർദേശങ്ങളാണ് ഉയരുന്നത്. ഭൂരിപക്ഷം കാലാവധിയും പൂർത്തിയായശേഷമാണ് നിയമസഭ പിരിച്ചുവിടുന്നതെങ്കിൽ സഭയുടെ അവശേഷിക്കുന്ന സമയം ഗവർണർ ഭരണം നടത്തും. ഇതിനർഥം കേന്ദ്രഭരണമെന്നാണ്.

ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മറ്റൊരു നിർദേശം ചില സഭകളുടെ കാലാവധി വർധിപ്പിക്കുകയും മറ്റു ചിലവയുടെ കാലാവധി കുറയ്ക്കുകയും ചെയ്യുകയെന്നതാണ്. നിതി ആയോഗിന്റെ നിർദേശം ഒരുവശത്ത് ത്രിപുര നിയമസഭയുടെ കാലാവധി 15 മാസം കുറയ്ക്കുകയും മറുവശത്ത് ബിഹാർ നിയമസഭയുടെ കാലാവധി 13 മാസം വർധിപ്പിക്കുകയും ചെയ്യുക യെന്നതാണ്.  നിയമസഭയുടെ കാലാവധി  കൂട്ടുകയും കുറയ്ക്കുകയുംചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. നിയമസഭാസാമാജികരെ തെരഞ്ഞെടുക്കാനുള്ള പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങളുടെ ലംഘനവുമാണിത്.

എക്സിക്യൂട്ടീവിന് പാർലമെന്റിനോടുള്ള ഉത്തരവാദിത്തം ഒഴിവാക്കുന്നതിനും സഭയുടെ കാലാവധി നിശ്ചിതമായി നിർണയിക്കുന്നതിനുമുള്ള വിവിധ തന്ത്രങ്ങളാണ് മുന്നോട്ടുവയ്ക്കപ്പെട്ടത്.  അതിലൊരു നിർദേശം അവിശ്വാസപ്രമേയം അവതരിപ്പിച്ചാൽ അതിനോടൊപ്പംതന്നെ സഭയുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള പ്രമേയവും അവതരിപ്പിക്കണമെന്നാണ്.  ഇതിനർഥം ഒരു ഗവൺമെന്റിനെ വോട്ട് ചെയ്ത് പുറത്താക്കാനുള്ള സഭയുടെ അധികാരമാണ് ഇല്ലാതാകുന്നത്.  അതോടൊപ്പം പുതിയൊരു ഗവൺമെന്റിനെ തെരഞ്ഞെടുക്കണമെന്ന ഉപാധിയും മുന്നോടുവയ്ക്കപ്പെടുന്നു.

സ്ഥിരം കാലാവധി, ഭരണ സുസ്ഥിരത എന്നീ സങ്കൽപ്പങ്ങൾ ഭരണവർഗ ഉൽക്കണ്ഠകളാണ്.  നവ ഉദാരവൽക്കരണ സംവിധാനവുമായി യോജിച്ചുപോകുന്നതാണ് ഈ ഉൽക്കണ്ഠകൾ. 
തെരഞ്ഞെടുക്കപ്പെട്ട നിയസഭാംഗങ്ങൾക്കും ലോക്സഭാ അംഗങ്ങൾക്കും സർക്കാരിനെ വോട്ടിനിട്ട് പുറത്താക്കാനുള്ള അവകാശം തടയരുത്.  അതുപോലെതന്നെ സഭയിൽ വ്യക്തമായി ഭൂരിപക്ഷമുള്ള ഭരണകക്ഷിക്ക് സഭ പിരിച്ചുവിട്ട് നേരത്തേ തെരഞ്ഞെടുപ്പ് നടത്താനുള്ള അവകാശത്തെയും തടയരുത്.

രാഷ്ട്രീയവൈവിധ്യങ്ങൾ ഏറെയുള്ള വലിയ രാജ്യമാണ് ഇന്ത്യ.  ഒരു ഫെഡറൽ സംവിധാനത്തിലൂടെമാത്രമേ രാഷ്ട്രീയ ജനാധിപത്യം നിലനിർത്താൻ കഴിയൂ.  സംസ്ഥാനങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് ഫെഡറൽ സംവിധാനത്തിന്റെ ഒരു ഘടകമാണ്.  

'ഏക രാഷ്ട്രം, ഏക സംസ്കാരം, ഏക ഭാഷ'  എന്നതിൽ വിശ്വസിക്കുന്ന ബിജെപിയുടെ മുദ്രാവാക്യം 'ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ'് എന്നതാണ്. ഭരണഘടയിൽ അനാവശ്യമാറ്റം വരുത്തി ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്ന ആശയം കേന്ദ്രീകൃത സ്വേച്ഛാധിപത്യത്തെ മാത്രമേ വളർത്തൂ.  ഈ നീക്കത്തെ നിശ്ചയദാർഢ്യത്തോടെ എതിർക്കണം

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top