Top
22
Thursday, February 2018
About UsE-Paper

യു ആര്‍ അനന്തമൂര്‍ത്തിയെ സ്തുതിക്കുമ്പോഴും...

Thursday Sep 7, 2017
കെ പി രാമനുണ്ണി

ഗൌരി ലങ്കേഷിന്റെ വധത്തില്‍ പ്രതികരിക്കുന്നില്ലേ എന്ന ചോദ്യം ഇന്നലെ രാത്രി മുതല്‍ക്കുതന്നെ സോഷ്യല്‍ മീഡിയയിലൂടെ എത്താന്‍ തുടങ്ങിയിരുന്നു. ഭീഷണിക്കത്ത് ലഭിച്ച എഴുത്തുകാരന്റെ പ്രതികരണം അനിവാര്യമാണെന്ന ചിന്തഗതിയായിരിക്കും ഇതിനുപിറകില്‍. എന്നാല്‍, മടിപ്പും ചെടിപ്പും മാത്രമാണ് മനസ്സില്‍ അടിഞ്ഞത്. പരമമായ നിശ്ശൂന്യത. എഴുതാനോ പറയാനോ ആലോചിക്കാനോ ആകാത്ത അവസ്ഥ. കുറെ കഴിഞ്ഞപ്പോള്‍ തേജസ്സാര്‍ന്ന ഒരു മുഖം കണ്‍മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഉടന്‍ ഫെയ്സ്ബുക്ക് പേജില്‍ ഞാന്‍ ഇങ്ങനെ കുറിച്ചു:

'യു ആര്‍ അനന്തമൂര്‍ത്തിക്ക് സ്തുതി'.

നരേന്ദ്ര മോഡി അധികാരമേല്‍ക്കുന്ന ഇന്ത്യയില്‍ ജീവിക്കുകയില്ലെന്ന് അങ്ങ് പറഞ്ഞപ്പോള്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ല മഹാത്മാവേ...നരേന്ദ്ര ധാബോല്‍ക്കല്‍, ഗോവിന്ദ പന്‍സാരെ, കലബുര്‍ഗി, ഇപ്പോള്‍ ഗൌരി ലങ്കേഷും. ഇന്ത്യയില്‍ എഴുത്തുകാര്‍ ഇനി ജീവിക്കില്ലേ?

ഇന്ത്യയില്‍ എഴുത്തുകാര്‍ ഇനി ജീവിക്കുകയില്ലേ എന്നായിരുന്നു എന്റെ ആശങ്കയെങ്കിലും ഇന്ത്യയില്‍ ഇനി ഇന്ത്യക്കാര്‍ ജീവിക്കുകയില്ലേ എന്നാക്കി അത് വിപുലീകരിക്കേണ്ടതാണ്. കാരണം, ഇത് വെറുമൊരു കൊലപാതകത്തിന്റെയോ ക്രിമിനല്‍ കുറ്റത്തിന്റെയോ പ്രശ്നം മാത്രമല്ല. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെ മുഴുവന്‍ കുളംതോണ്ടുന്ന നിഷ്ഠുരപാതകങ്ങളുടെ തുടര്‍ച്ചയാണ്.

ശരിയായ ഭാരതീയസംസ്കൃതി ബഹുസ്വരതയുടേതാണ്, സംവാദാത്മകതയുടേതാണ്, സ്ത്രീശാക്തീകരണത്തിന്റേതാണ്, പാശ്ചാത്യ അടിമവ്യവസ്ഥയില്‍നിന്ന് വ്യത്യസ്തമായി കീഴ്ജാതികളുടെപോലും സ്വയംനിര്‍ണയ ഇടങ്ങളുടേതാണ്. ആ മഹാപൈതൃകത്തെയാണ് ഗൌരി ലങ്കേഷിന്റെ ഹത്യക്ക് പുറകിലുള്ള ഫാസിസ്റ്റ്  ശക്തികള്‍ ഏകപക്ഷീയതയുടെയും കീഴാള- ന്യൂനപക്ഷ- ബുദ്ധിജീവി പീഡനങ്ങളുടേതുമാക്കി വികൃതവല്‍ക്കരിക്കുന്നത്.

ഇവര്‍ ഇത് ചെയ്യുന്നത് ഇന്ത്യയിലെ ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളുടെ പേരുംപറഞ്ഞാണെന്നതാണ് ഏറ്റവും അപകടകരം. ഗുജറാത്തിലെ മുംസ്ളിങ്ങളെ വംശഹത്യ നടത്തിയത് ഹിന്ദുവിന്റെ ആത്മാഭിമാനം സംരക്ഷിക്കാന്‍- കലബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരെയെയും ഗൌരി ലങ്കേഷിനെയും ഉന്മൂലനപ്പെടുത്തിയത് ഹിന്ദുവിമര്‍ശകരെ നിശ്ശബ്ദരാക്കാന്‍- റോമിയോ സംഘങ്ങളെ ഇറക്കിവിട്ട് പരസ്പരം ഇടപഴകുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കിരാതമായി നേരിടുന്നത് ഭാരതീയ സ്ത്രീത്വത്തിന്റെ ഭാവശുദ്ധി നിലനിര്‍ത്താന്‍.

ഭയാനകമായ ഭൂരിപക്ഷസമ്മതി ഉണ്ടാക്കിയെടുക്കുന്ന ഈ ചതിക്രമം വെറും മതേതരതലത്തില്‍മാത്രം അഭിമുഖീകരിക്കേണ്ടതല്ല. ഹിന്ദുക്കളിലും മറ്റ് ന്യൂനപക്ഷങ്ങളിലും ശരിയായ ചരിത്രബോധവും വിശ്വാസബോധവും സൃഷ്ടിച്ച് മാത്രമേ കുടിലതകള്‍ ചെയ്തിട്ടും ജനപിന്തുണ വര്‍ധിപ്പിക്കുന്ന ഹിന്ദു ഫാസിസത്തെ തടയിടാനൊക്കൂ.

അതിനാല്‍ ആദ്യമായി നമുക്ക് ഹിന്ദുമതവിശ്വാസികളോട് ഇങ്ങനെ പറയാം. അഭിപ്രായവ്യത്യാസങ്ങളെ കായികമായി ഇല്ലായ്മ ചെയ്യുന്നതല്ല ഹൈന്ദവസംസ്കൃതി. വേദങ്ങളും ഉപനിഷത്തുകളുമെല്ലാം വ്യത്യസ്തമായ സംവാദവ്യവഹാരങ്ങളുടേതാണ്. ദ്വൈതവും അദ്വൈതവും വിശിഷ്ടാദ്വൈതവും മീമാംസകളും ചാര്‍വാകദര്‍ശനങ്ങളുമെല്ലാം കൂടിക്കഴിഞ്ഞ നാടാണിത്. ശങ്കരാചാര്യര്‍ ഹിംസയിലൂടെയല്ല; ആശയസംവാദത്തിലൂടെയായിരുന്നു സര്‍വജ്ഞപീഠം കയറിയത്. സ്ത്രീഹത്യയും സ്ത്രീനിന്ദയും ഹൈന്ദവധര്‍മപ്രകരം കൊടിയ പാപമാണ്. എന്തെല്ലാമായാലും ഹിന്ദുവിന്റെ നന്മയ്ക്ക് വേണ്ടിയല്ലേ എന്ന മൃദുവികാരം ഫാസിസ്റ്റുകളോട് തോന്നുന്നതോടെ പരിതാപകരമായ മൂഢസ്വര്‍ഗത്തിലാണ് നിങ്ങള്‍ വീണുപോകുന്നത്. നിങ്ങളുടെ പേര് പറഞ്ഞ് നിങ്ങളെ നിങ്ങളല്ലാതാക്കുകയും നിങ്ങളെ സകലരുടെയും ശത്രുവാക്കുകയും നിങ്ങളുടെ സ്വത്തുക്കള്‍ കോര്‍പറേറ്റ് സാമ്രാജ്യത്തിന് തീറെഴുതിക്കൊടുക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.

പിന്നീട്, ന്യൂനപക്ഷമതസ്ഥരോട് ഇപ്രകാരം പറയാം, ഏത് നിരാശാഭരിതമായ അവസ്ഥയിലും ഫാസിസ്റ്റുകളുടെ ചെയ്തികള്‍ ഹിന്ദുക്കളുടേതായി നിങ്ങള്‍ സമീകരിക്കരുത്. ഹിന്ദു സമുദായത്തോട് അബോധപൂര്‍വം നിങ്ങള്‍ക്ക് തോന്നുന്ന അകല്‍ച്ചപോലും വലിയ മുതല്‍ക്കൂട്ടാണ് ഫാസിസ്റ്റുകള്‍ക്ക് നല്‍കുന്നത്. ആത്യന്തികമായി ഹിന്ദുക്കളും നിങ്ങളെപോലെ ഇരകള്‍തന്നെയാണ്. ആത്മാവില്‍ കളങ്കപ്പെടാനും ഛിദ്രപ്പെടാനും നിര്‍ബന്ധിക്കപ്പെടുന്ന ഇരകള്‍. സഹസ്രാബ്ദങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ഹിന്ദുനന്മയോട് കൈകോര്‍ത്തുകൊണ്ട് മാത്രമേ നിങ്ങള്‍ക്ക് ഫാസിസ്റ്റ് തിന്മകളെ പ്രതിരോധിക്കാനാകൂ.

ഭൂരിപക്ഷമതസ്ഥരായാലും ന്യൂനപക്ഷമതസ്ഥരായാലും മതമില്ലാത്തവരായാലും അടിയന്തരമായി ഐക്യപ്പെടാനുള്ള സന്ദര്‍ഭം ഇന്ത്യയില്‍ സംജാതമായിരിക്കുകയാണ്. പശുവിന്റെപേരിലുള്ള ഹത്യകളായാലും ആള്‍ക്കൂട്ട കൊലപാതകമായാലും കീഴാളമര്‍ദനങ്ങളായാലും ഫാസിസവിമര്‍ശകരായ എഴുത്തുകാരുടെ ഉന്മൂലനങ്ങളായാലും ഏകാധിപത്യ ഭരണകൂട ചെയ്തികളെന്നതിനേക്കാള്‍ നാടിന്റെ അടിവേരിനെ അളിയിച്ച് കളയുന്ന അര്‍ബുദലക്ഷണങ്ങളായാണ് കാണേണ്ടത്. ഇനിയും പടരാന്‍ അനുവദിച്ചാല്‍ ഇത് നമ്മളെയും നമ്മുടെ രാജ്യത്തെയും കൊണ്ടേപോകൂ.

വരാന്‍പോകുന്ന ഇന്ത്യന്‍ അവസ്ഥയെക്കുറിച്ചുള്ള കൃത്യമായ വെളിപാടിന്റെപേരില്‍ യു ആര്‍ അനന്തമൂര്‍ത്തിയെ സ്തുതിക്കുമ്പോള്‍ത്തന്നെ അതിനെ മാറ്റിമറിക്കാന്‍ രണ്ടുംകല്‍പ്പിച്ച് പോരാടുകമാത്രമേ ഏതൊരു ഇന്ത്യക്കാരനും ചെയ്യാനുള്ളൂ