25 June Monday

ജെഎന്‍യു പുതിയ പ്രതീക്ഷകള്‍ നല്‍കുമ്പോള്‍..അശ്വതി അശോക്‌ എഴുതുന്നു

അശ്വതി അശോക്‌Updated: Tuesday Sep 12, 2017

ജെ എന്‍ യു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ് ഐ-എഐ എസ് എ- ഡിഎസ്എഫ് മുന്നണി നേടിയ വിജയം വിലയിരുത്തി ജെ എന്‍ യു പൂര്‍വ വിദ്യാര്‍ഥി അശ്വതി അശോക്‌ എഴുതുന്നു

സെപ്റ്റംബര്‍8,9 തീയതികള്‍ രാജ്യത്ത് മതേതര പുരോഗമന പക്ഷത്ത് നിലയുറപ്പിക്കുന്നവരുടെയെല്ലാം കണ്ണുകള്‍ ജെ.എന്‍.യു.വിലേക്ക് നീണ്ടിരിക്കുകയായിരുന്നു. മോഡിസര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ട വിദ്യാഭ്യാസസ്ഥാപനം എന്ന നിലയില്‍ ജെ.എന്‍.യു. യൂണിയന്‍ തെരഞ്ഞെടുപ്പ് എല്ലാവരെയും ആകാംക്ഷാഭരിതരാക്കിയതില്‍ അതിശയമില്ല.ഗൗരിലങ്കേഷിന്റെ കൊലപാതകം സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് മോചിതരാകാതെയാണ് ജെ.എന്‍.യു. വിദ്യാര്‍ഥികള്‍ എട്ടാം തീയതി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഉന്നതവിദ്യാഭ്യാസമേഖലയെ, ഗവേഷണങ്ങളെ, ചര്‍ച്ചകളെ, ചോദ്യങ്ങളെ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ തെരുവില്‍ നിരന്തരം ചെറുക്കുന്ന ഒരു വിദ്യാര്‍ഥിസമൂഹം എങ്ങനെയാണ് ബാലറ്റിലൂടെ മറുപടി പറയുക എന്ന കാത്തിരിപ്പിന്റെ നിമിഷങ്ങളായിരുന്നു കഴിഞ്ഞുപോയത്.

വൈസ് ചാന്‍സലറുടെ ആശീര്‍വാദത്തോടെ എ.ബി.വി.പി എന്ന വിദ്യാര്‍ഥിസംഘടന തങ്ങളുടെ അജണ്ടകള്‍ ക്യാമ്പസില്‍ നടപ്പിലാക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന ഘട്ടത്തില്‍,നജീബിന്റെതിരോധാനവും, എം.ഫില്‍/പി.എച്ച്.ഡി. സീറ്റ്കട്ടും, കഴിഞ്ഞ യൂണിയന്‍ പ്രസിഡന്റ് മോഹിത് പാണ്ഡയെ രജിസ്റ്റര്‍ചെയ്യാന്‍ സമ്മതിക്കാഞ്ഞതും ഉള്‍പ്പെടെ നിരന്തരം കലുഷിതമായ ഒരുഅന്തരീക്ഷത്തിലാണ് ഇത്തവണത്തെ സര്‍വകലാശാലായൂണിയന്‍ തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുന്നത്. ജെ.എന്‍.യു. വിദ്യാര്‍ഥികള്‍ പ്രതീക്ഷകള്‍ തെറ്റിച്ചില്ല. #ShutDownJNU ക്യാമ്പയിന്‍ നടത്തി തങ്ങളുടെ യൂണിവേഴ്സിറ്റിയെ തകര്‍ക്കാന്‍ നോക്കിയ, ഒരു വിദ്യാര്‍ഥിസമൂഹത്തെ മുഴുവന്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കാന്‍ ശ്രമിച്ച വലതുപക്ഷശക്തികള്‍ക്കെതിരെ ബാലറ്റിലൂടെ അവര്‍ വളരെ ശക്തമായി പ്രതികരിച്ചു. ഇടതുപക്ഷവിദ്യാര്‍ഥികളുടെ ഐക്യത്തിന്റെ ശരിയെ അവര്‍ രാഷ്ട്രീയമായി നെഞ്ചേറ്റി.

കലുഷിതമായ രണ്ടു വര്‍ഷങ്ങള്‍
ഏറ്റവും സംഘര്‍ഷഭരിതമായ നാളുകളിലൂടെയാണ് ജെ.എന്‍.യു. കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ അറിയപ്പെടുന്നത് തന്നെ “not a seat for power, but a seat for struggle” എന്നാണ്. ക്യാമ്പസിന്റെ അകത്ത് നടക്കുന്ന വിഷയങ്ങളില്‍ മാത്രമല്ല, ദേശീയഅന്തര്‍ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങളിലും അതാത് സമയം പ്രതികരിക്കാനും പ്രതിഷേധിക്കാനും വിദ്യാര്‍ഥിയൂണിയന്റെ നേതൃത്വത്തില്‍ ജെ.എന്‍.യു. വിദ്യാര്‍ഥികള്‍ എന്നും ശ്രദ്ധിച്ചിരുന്നു. വിദ്യാര്‍ഥികള്‍ തന്നെ നേരിട്ട് നടത്തുന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്ന വിദ്യാര്‍ഥിയൂണിയന്‍ കാലാകാലങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ തന്നെയാണ് ജെ.എന്‍.യു.വിനെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും. സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന പ്രവേശനനയവും, ലിംഗനീതി ഉറപ്പാക്കുന്ന കലാലയാന്തരീക്ഷവും എല്ലാം വിവിധ ഇടതു വിദ്യാര്‍ഥിയൂണിയനുകളുടെ സംഭാവനകളാണ്.

അതുകൊണ്ടു തന്നെ വിദ്യാര്‍ഥി യൂണിയനെ ദുര്‍ബലമാക്കുക എന്നത് അഡ്മിനിസ്ട്രേഷന്റെ നിലനില്പിനാവശ്യമായിരുന്നു. വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളെ കൃത്യമായി ലക്ഷ്യം വെക്കുക എന്ന നയമാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ അഡ്മിനിസ്ട്രേഷന്‍ സ്വീകരിച്ചുപോകുന്നത്. സമാനതകളില്ലാത്ത ആക്രമണങ്ങളാണ് കഴിഞ്ഞ വര്‍ഷത്തെ യൂണിയന്‍ നേരിട്ടത്. നജീബിന്റെ തിരോധാനവും, യു.ജി.സി. റെഗുലേഷന്‍ വൈസ് ചാന്‍സലര്‍ ഏകപക്ഷീയമായി നടപ്പിലാക്കിയതിന്റെ ഫലമായുണ്ടായ സീറ്റ് കട്ടുമുള്‍പ്പെടെ സര്‍വകലാശാലയുടെ നിലനില്പ് തന്നെ ചോദ്യം ചെയ്യുന്ന നയങ്ങള്‍ക്കെതിരെ പ്രതിരോധമേര്‍പ്പെടുത്തിയ യൂണിയന്‍ പ്രതിനിധികളെ കാത്തിരുന്നത് ഹോസ്റ്റല്‍ മാറ്റവും, വലിയ തുകയുടെ പിഴകളുമായിരുന്നു. നജീബിനെ ആക്രമിച്ച എ.ബി.വി.പി.ക്കാര്‍ ക്യാമ്പസില്‍ സ്വൈരവിഹാരം നടത്തുന്ന ഘട്ടത്തിലാണ് നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് 20000 രൂപയുടെ ഫൈനും ഹോസ്റ്റല്‍ ട്രാന്‍സ്ഫറും അഡ്മിനിസ്ട്രേഷന്‍ നല്‍കുന്നത്. ഫൈന്‍ അടച്ചില്ല എന്ന കാരണത്താല്‍ യൂണിയന്‍ പ്രസിഡന്റ് മോഹിത് പാണ്ഡെയുടെ സ്റ്റുഡന്റ്ഷിപ്പ് വരെ നഷ്ടമാകുകയുണ്ടായി. രാഷ്ട്രീയമായും, നിയമപരവുമായുള്ള നിരന്തര ചെറുത്തുനില്പുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷത്തെ യൂണിയന്‍ നേതൃത്വം കൊടുക്കേണ്ടി വന്നത്.

ഇടതുപക്ഷ വിദ്യാര്‍ഥിഐക്യം
2016 ഫെബ്രുവരി 11ന്സര്‍വകലാശാലായൂണിയന്‍ പ്രസിഡന്റിനെ ജയിലിലടച്ചതിനെ തുടര്‍ന്നു രൂപപ്പെട്ടുവന്നStand With JNU മൂവ്മെന്റിന്റെ തുടര്‍ച്ചയായായിരുന്നു 2016-17 വര്‍ഷത്തെയൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ.ഐസ സഖ്യം ഉരുത്തിരിയുന്നത്. തൊട്ടുമുമ്പത്തെ വര്‍ഷംവരെ പരസ്പരം മല്‍സരിച്ചിരുന്ന രണ്ടുസംഘടനകള്‍ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചത് വെറും തെരഞ്ഞെടുപ്പ് അരിത്ത്മെറ്റിക്ക് എന്ന രീതിയിലല്ലായിരുന്നു. ജെ.എന്‍.യു. ഉള്‍പ്പെടെയുള്ള പബ്ലിക്ക്ഫണ്ടഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രത്യേകമായി ടാര്‍ഗറ്റ്ചെയ്യപ്പെടുന്ന കാലത്ത് ഇടതുപക്ഷപുരോഗമനശക്തികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന വ്യക്തമായബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വിവിധമുന്നേറ്റങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ഐക്യമായിരുന്നു അത്. 2015ലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിവിധ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ വേര്‍തിരിഞ്ഞ് മത്സരിച്ചതിന്റെ ഫലമായി വോട്ടുകള്‍ ഭിന്നിച്ച്, എ.ബി.വി.പി.യുടെ സ്ഥാനാര്‍ഥി ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക്‌വിജയിച്ചതിന് ക്യാമ്പസ് സാക്ഷ്യം വഹിച്ചതാണ്. അതിന്റെ തിക്തഫലങ്ങള്‍ ഫെബ്രുവരി 9ലെ വളരെ ആസൂത്രിതമായി തയ്യാറാക്കപ്പെട്ട തിരക്കഥയിലൂടെ വിദ്യാര്‍ഥികള്‍ അനുഭവിച്ചതുമാണ്. ആ ദിവസം മുതല്‍ പുരോഗമനാശയങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന വിദ്യാര്‍ഥികളുടെ പ്രതീക്ഷയായിരുന്നു ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ ഐക്യം. അവരുടെ പ്രതീക്ഷയ്ക്കൊത്ത് വിദ്യാര്‍ഥിസംഘടനകള്‍ ഉയര്‍ന്നപ്പോള്‍ ആ ഐക്യത്തിനെ എല്ലാ അര്‍ഥത്തിലും വിദ്യാര്‍ഥികള്‍ സ്വീകരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇടതുമുന്നണിക്ക് ലഭിക്കുന്നവോട്ടുകള്‍ തന്നെ ഇതിന് തെളിവ്. 1000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതു ഐക്യപാനലില്‍ നിന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സഖാവ് ദുഗ്ഗിരാല ശ്രീകൃഷ്ണ (എസ്.എഫ്.ഐ.) ഇത്തവണ വിജയിച്ചു കയറിയത്. സ്ക്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് കണ്‍വീനര്‍ എന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷം ദുഗ്ഗിരാല നടത്തിയ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു നാല് പ്രധാന സ്ഥാനാര്‍ഥികളിലും ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെയുള്ള ദുഗ്ഗിരാലയുടെവിജയം.രാഷ്ട്രീയമായാണ്‌ വിദ്യാര്‍ഥികള്‍ പ്രതികരിച്ചത്. തങ്ങളുടെ സര്‍വകലാശാലയ്ക്ക്  താഴിടാന്‍ കരുക്കള്‍ നീക്കുന്ന വലതുപക്ഷാശയങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ ചെറുത്തുനില്പാണ് ഈതെരഞ്ഞെടുപ്പ്ഫലം.

രണ്ടാം സ്ഥാനത്തായി എല്ലാ പ്രധാന സീറ്റുകളിലും എ.ബി.വി.പി. ഉണ്ടെന്നുള്ളത് ഈ ഐക്യത്തിന്റെ പ്രാധാന്യം അരക്കിട്ടുറപ്പിക്കുന്നു. കഴിഞ്ഞവര്‍ഷം മുന്നണിയില്‍ചേരാതിരുന്ന ഡി.എസ്.എഫും ഇത്തവണ ഇടതുപക്ഷഐക്യത്തില്‍ എത്തിയെന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. വിദ്യാര്‍ഥികളുടെ ഐക്യം വിപുലമാകുകതന്നെയാണ്. തങ്ങളുടെ യഥാര്‍ഥ ശത്രുവാരാണെന്ന് അവര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.എബിവിപി.യുടെ നില
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി എ.ബി.വി.പി. ആവനാഴിയില്‍ ആയുധങ്ങള്‍ സംഭരിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ ഇടയില്‍ മതത്തിന്റെ പേരില്‍ ഭിന്നിപ്പുകളുണ്ടാക്കിയും, ക്യാമ്പസിനുള്ളില്‍ഹോമങ്ങള്‍ നടത്തിയും ജെ.എന്‍.യു.വിന്റെ മതേതരസ്വഭാവം ഇല്ലാതാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലായിരുന്നു അവര്‍. നജീബിന്റെ തിരോധാനവും, അതിനു ശേഷം മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ അധിക്ഷേപവും ഉള്‍പ്പെടെ അവര്‍ ഉപയോഗിച്ച അക്രമരാഷ്ട്രീയത്തെ പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാര്‍ഥിസമൂഹം ഒറ്റക്കെട്ടായി നേരിട്ടു. വൈസ് ചാന്‍സലറുടെയും, അഡ്മീനിസ്ട്രേഷന്റെയും എല്ലാവിധ അനുഗ്രഹാശിസ്സുകളുണ്ടായിട്ടും, കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാരിന്റെ സഹായസഹകരണങ്ങള്‍ മുഴുവന്‍ ഉണ്ടായിട്ടും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ എ.ബി.വി.പിക്ക് സാധിച്ചില്ല. അവരുടെ ശക്തികേന്ദ്രങ്ങളായിരുന്ന സയന്‍സ് സ്ക്കൂളുകളില്‍ അവര്‍ക്കുണ്ടായിരുന്ന പിന്തുണയ്ക്ക് കാര്യമായ കുറവ് സംഭവിക്കുകയും ചെയ്തു. ഇടതുപക്ഷവിദ്യാര്‍ഥി സംഘടനകള്‍ ഒറ്റക്കെട്ടായി നിന്നു തീര്‍ത്ത പ്രതിരോധത്തെ ഭേദിക്കാനുള്ള ശക്തി എ.ബി.വി.പിക്ക് ഇല്ലായിരുന്നെങ്കിലും എല്ലാ മെയിന്‍ സീറ്റിലും 1000 വോട്ടുകള്‍ക്ക് അടുത്ത് അവര്‍ പിടിച്ചു എന്നത് വിദ്യാര്‍ഥികള്‍ ഇനിയും ജാഗരൂകരാകേണ്ടിയിരിക്കുന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ബാ‌‌പ്‌സയുടെ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി

അംബേദ്ക്കറിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്നുവെന്നവകാശപ്പെടുന്ന BAPSA എന്ന വിദ്യാര്‍ഥിസംഘടനപൂര്‍വാധികം ആത്മവിശ്വാസത്തോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ സമീപിച്ചതെങ്കിലും സ്ക്കൂള്‍ കൗണ്‍സിലര്‍ സീറ്റുകളില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല. പ്രസിഡന്റ്സീറ്റില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്വോട്ടു കുറയുകയാണുണ്ടായത്. നാല് മെയിന്‍ സീറ്റുകളിലും എ.ബി.വി.പി.ക്കു പുറകിലായി മൂന്നാമതായാണ് അവരുടെ സ്ഥാനം. സംഘപരിവാരം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തും ഇടതിനെയും വലതിനെയും ഒന്നായിക്കണ്ടു കൊണ്ടും "laal bhagawa ek hai. Sare comrades fake hai" (ചുവപ്പും കാവിയും ഒന്നാണ്. എല്ലാ സഖാക്കളും വ്യാജരാണ്)എന്നു മുദ്രാവാക്യം മുഴക്കിയും തെരഞ്ഞെടുപ്പിനെ നേരിട്ട BAPSAയുടെ രാഷ്ട്രീയത്തിന് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ സാധിച്ചില്ല എന്നു തന്നെയാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം. രാജ്യത്തെ പല കലാലയങ്ങളിലും അംബേദ്ക്കറിസ്റ്റ് ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനകളുടെ ഐക്യം കെട്ടിപ്പടുക്കുന്ന കാലത്താണ് ജെ.എന്‍.യു.വില്‍ അംബേദ്ക്കറിസ്റ്റ് സംഘടനയെന്നവകാശപ്പെടുന്ന BAPSA തങ്ങളുടെ പ്രധാന ശത്രുക്കളായി ഇടതുപക്ഷത്തെ കാണുന്നത്.

പുരോഗമനവാദികളെന്നും, അടിച്ചമര്‍ത്തപ്പെട്ടവരുടെ ഒപ്പമെന്നും സ്വയം പ്രഖ്യാപിക്കുന്ന BAPSAക്ക് സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷനുമായുള്ള (SIO) കൂട്ടുകെട്ട് ഈ തെരഞ്ഞെടുപ്പില്‍ ഒരു പ്രധാന സംവാദവിഷയമായി ഉയര്‍ന്നുവന്നിരുന്നു.

LGBTQ വിഷയത്തിലും, സ്ത്രീസമത്വത്തെക്കുറിച്ചുള്ള ആശയങ്ങളിലും വളരെ പ്രതിലോമകരമായ നിലപാടുകള്‍ കാത്തുസൂക്ഷിക്കുന്ന SIO യുമായുള്ള കൂട്ടുകെട്ട് BAPSAക്ക് വിനയായിയെന്നു വേണം കരുതാന്‍. ജനാധിപത്യത്തെയും, മതേതരത്വത്തെയും ലോകത്തിലെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനമായി അവതരിപ്പിച്ച മൗദൂദിയുടെ ആശയധാര പിന്തുടരുന്ന SIO യുമുയുള്ള ബന്ധം അംബേദ്ക്കറിന്റെ ആശയത്തോട് യോജിച്ചുപോകുന്നതെങ്ങനെയെന്നു വ്യക്തമാക്കാനുള്ള ബാധ്യത BAPSA ക്കുണ്ട്.

തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന വിദ്യാര്‍ഥിയൂണിയന്റെ പിന്നില്‍ അണിനിരക്കുക എന്നതാണ് കാലാകാലങ്ങളായി ജെ.എന്‍.യുവില്‍ എല്ലാ ഇടതുപുരോഗമന സംഘടനകളും അനുവര്‍ത്തിച്ചുവരുന്ന രീതി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം ജെ.എന്‍.യു. വിദ്യാര്‍ഥിയൂണിയന്‍ നടത്തിയ സമരങ്ങളെ അട്ടിമറിക്കുക, സമാന്തരമായി മറ്റ് മൂവ്മെന്റുകള്‍ ആവിഷ്ക്കരിക്കുക എന്ന നയമായിരുന്നു BAPSA എന്ന വിദ്യാര്‍ഥിസംഘടന സ്വീകരിച്ചു പോന്നത്. ജനാധിപത്യത്തിന്റെ എല്ലാ വേദികളെയും ശത്രുതാമനോഭാവത്തോടെ കാണുന്ന BAPSAയുടെ സങ്കുചിതരാഷ്ട്രീയത്തെ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞുവെന്ന് വേണം മനസിലാക്കാന്‍. “JNUSU മൂര്‍ദാബാദ്” എന്ന് മുദ്രാവാക്യം മുഴക്കിയും, വിദ്യാര്‍ഥികള്‍ തെരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഭീഷണി ഉയര്‍ത്തിയും BAPSA മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ജനാധിപത്യവിശ്വാസികളായ ജെ.എന്‍.യു. വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ പോന്നതല്ലായിരുന്നു.

പിന്തള്ളപ്പെട്ട അവസരവാദ രാഷ്ട്രീയം
രാജ്യം മതേതരബദല്‍ ആവശ്യപ്പെടുന്ന ഈകാലത്ത് ഒന്നിച്ചുള്ള പോരാട്ടത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് മൂന്നു വ്യത്യസ്ത സംഘടനകള്‍ എല്ലാ ആശയഭിന്നതകള്‍ക്കുമപ്പുറം ഒന്നിച്ചുനില്‍ക്കാനുള്ള ഇടംകണ്ടെത്തിയപ്പോള്‍ എ.ഐ.എസ്.എഫ്. എന്ന വിദ്യാര്‍ഥിസംഘടന മാത്രം ഇടതുപക്ഷഐക്യത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. പ്രസിഡന്റ് പോസ്റ്റ് തന്നാല്‍ മാത്രമേ തങ്ങള്‍ മുന്നണിയില്‍ ചേരൂ എന്നുള്ള സ്വാര്‍ഥതാല്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സര്‍വകലാശാല വിദ്യാര്‍ഥികളുടെ പോരാട്ടങ്ങളെ ഒറ്റുകൊടുത്ത ഈ സംഘടനയ്ക്ക്‌ വിദ്യാര്‍ഥികള്‍ അതേനാണയത്തില്‍ തന്നെയാണ്‌ മറുപടി നല്‍കിയത്. വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ പ്രസിഡന്റ് പോസ്റ്റിലേക്ക് മത്സരിച്ച  അപരാജിത രാജ എന്ന എ.ഐ.എസ്.എഫ്. നേതാവ് ആരും പിന്തുണയ്ക്കാനില്ലാത്ത ഒരുസ്വതന്ത്രസ്ഥാനാര്‍ഥിക്കും പുറകിലായി അഞ്ചാമതായാണ് എത്തിയത്. നാല് മെയിന്‍ സീറ്റുകളില്‍ പ്രസിഡന്റ് ഉള്‍പ്പെടെ രണ്ട് സീറ്റുകളിലേക്ക് മാത്രമാണ് ഈ സംഘടന സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. എ.ഐ.എസ്.എഫിന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥിക്ക് BAPSAക്ക് ലഭിച്ചതിന്റെ പകുതി വോട്ടിലും താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.പ്രധാന സീറ്റുകളില്‍ ഒരു സംഘടിതരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ഥിക്ക് എന്‍.എസ്.യു.ഐ.യെക്കാള്‍ കുറവ് വോട്ട് കിട്ടിയതും എ.ഐ.എസ്.എഫില്‍ നിന്ന് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച മെഹദി ഹസനാണ്.

രാജ്യത്തെ ഫാസിസ്‌റ്റ്‌ വിരുദ്ധമുന്നണിയുടെ പോരാളിയായി കന്നയ്യകുമാര്‍ എന്ന ഐക്കണ്‍ പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ കന്നയ്യയുടെ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയധാര്‍മികതയും, ആത്മാര്‍ഥതയും ചോദ്യംചെയ്യപ്പെട്ടിരിക്കുകതന്നെയാണ്. കള്ളക്കേസില്‍ കുടുക്കി ജെ.എന്‍.യു. പ്രസിഡന്റായിരുന്ന കന്നയ്യ കുമാര്‍ തിഹാര്‍ ജയിലിലടയ്ക്കപ്പെട്ടിരുന്ന നാളുകളില്‍ ഒരു രാഷ്ട്രീയനിറവ്യത്യാസവും നോക്കാതെയാണ് തങ്ങളുടെ സകല അക്കാദമികപ്രവര്‍ത്തനങ്ങളും മാറ്റിവെച്ച് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. ആ വിദ്യാര്‍ഥികളോട് നീതി പുലര്‍ത്താന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, അവരുടെ ചെറുത്തുനില്പുകളെ വഞ്ചിക്കുക കൂടിയായിരുന്നു ഇടതുപക്ഷ ഐക്യമുന്നണിക്കെതിരെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിര്‍ത്തി എ.ഐ.എസ്.എഫ്. എന്ന സംഘടന ചെയ്തത്. ഇടതുപക്ഷവോട്ടുകള്‍ ഭിന്നിപ്പിക്കുന്നത്‌ സഹായിക്കുന്നത് ആരെയാണെന്നു മനസിലാക്കാനുള്ള ബോധ്യംപോലുമില്ലാത്തിടത്താണ് കന്നയ്യയും, അപരാജിതയും, എ.ഐ.എസ്.എഫ്. എന്നപ്രസ്ഥാനവും തന്നെ പരാജിതരാകുന്നത്.

കോണ്‍ഗ്രസ് രാഷ്ടീയമോ, എന്‍.എസ്.യു.ഐ എന്ന സംഘടനയോ ഒരിക്കലും ജെ.എന്‍.യു.വില്‍ ഒരു ശക്തിയായിരുന്നില്ല. എന്നാല്‍ എല്ലാ പ്രധാനസീറ്റുകളിലും BAPSAക്കും താഴെ വോട്ടുകള്‍ കരസ്ഥമാക്കി ഏറ്റവും അപഹാസ്യമായ തോല്‍വി ആണ് ഈ സംഘടന ഇത്തവണ കരസ്ഥമാക്കിയത്. 82 വോട്ടുകള്‍ മാത്രമാണ് എന്‍.എസ്.യു.ഐ.ടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി നേടിയതെന്നു മനസിലാക്കുമ്പോള്‍ തന്നെ അവരുടെ രാഷ്ട്രീയത്തിന് ക്യാമ്പസിലുള്ള പിന്തുണ വ്യക്തമാണ്.

പുതിയ യൂണിയന്റെ നേതൃത്വത്തില്‍ അലണ്ടെ ദിനം ആദരിച്ചപ്പോള്‍

പുതിയ യൂണിയന്റെ നേതൃത്വത്തില്‍ അലണ്ടെ ദിനം ആദരിച്ചപ്പോള്‍


മുന്നോട്ടുള്ള പാത
ഏറെ പ്രത്യേകതകളുള്ള ഒരു തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. ലിംഗനീതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തിപ്രാപിക്കുന്ന പുതിയകാലത്ത് എല്ലാ പ്രധാന വിദ്യാര്‍ഥിസംഘടനകളുടെയും പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ പെണ്‍കുട്ടികള്‍ ആയിരുന്നു എന്നത് അഭിമാനകരം തന്നെയാണ്. വിജയിച്ചു കയറിയവരുടെ സാമൂഹിക പശ്ചാത്തലം പരിഗണിക്കുമ്പോഴാണ് ജെ.എന്‍.യു. എന്ന ഇടം ഇതുപോലെ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത മനസിലാകുക. ഒ.ബി.സി. പെണ്‍കുട്ടി പ്രസിഡന്റും, മുസ്ലീം പെണ്‍കുട്ടി വൈസ്പ്രസിഡന്റും, ഹിന്ദിയോ ഇംഗ്ലീഷോ അറിയാതെ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് നിന്നു വന്ന ഒരു ദളിത് വിദ്യാര്‍ഥി ജനറല്‍ സെക്രട്ടറിയും, മറ്റൊരു ദളിത് വിദ്യാര്‍ഥി ജോയിന്റ് സെക്രട്ടറിയുമായുള്ള ഈ യൂണിയന്‍ സാമൂഹ്യനീതിയുടെ പുതിയ പാഠങ്ങള്‍ രചിക്കുമെന്നതില്‍ സംശയമില്ല. ഇവരെല്ലാവരും തന്നെ സമരങ്ങളുടെയും, ജീവിതാനുഭവങ്ങളുടെയും തീച്ചൂളയില്‍ നിന്ന് പോരാട്ടവീര്യം ആര്‍ജിച്ചവരും ക്യാമ്പസില്‍ നടന്നുവരുന്ന സമരങ്ങളെ മുന്നില്‍ നിന്ന് നയിച്ചവരുമാണ്.

നൂറ്റാണ്ടുകളായി തഴയപ്പെട്ടിരുന്ന, അടിച്ചമര്‍ത്തപ്പെട്ടിരുന്ന വിഭാഗങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിക്കാന്‍ സാധിക്കുന്നു, അവരുടെ പോരാട്ടങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുന്നു എന്നതു തന്നെയാണ് ജെ.എന്‍.യു.വിലെ ജനാധിപത്യത്തിന്റെ സൗന്ദര്യം. ആ ജനാധിപത്യഇടം ഇതുപോലെ കാത്തുസൂക്ഷിക്കേണ്ടത്, സാമൂഹ്യനീതിയുടെയും, ലിംഗസമത്വത്തിന്റെയും ജെ.എന്‍.യു. മാതൃക തകരാതിരിക്കേണ്ടത്, ഏറ്റവും താഴെക്കിടയില്‍ നിന്നുള്ളവര്‍ക്കു പോലും പ്രാപ്യമായ ചെലവുകുറഞ്ഞ ഗുണമേന്മയുള്ള ഈ ഉന്നതവിദ്യാഭ്യാസസ്ഥാപനം നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. വരുംതലമുറകളോട് പുലര്‍ത്തേണ്ട നീതിയാണ്. ശരിയാണ്, പുതിയ യൂണിയന് മുന്നില്‍ കടമ്പകളേറെയുണ്ട്. ജെ.എന്‍.യു. തെരഞ്ഞെടുപ്പിലേക്ക് കണ്ണുനീട്ടിയിരുന്ന രാജ്യത്തങ്ങോളമിങ്ങോളമുള്ള ഒരു വലിയ ജനവിഭാഗത്തിന്റെ പ്രതീക്ഷകളൂണ്ട്. പോകാന്‍ ഒരുപാട് ദൂരമുണ്ട്. അതും ദുര്‍ഘടമായ പാതയിലൂടെ.  സമരങ്ങളില്‍ നിന്നും മുന്നേറ്റങ്ങളില്‍ നിന്നും രൂപപ്പെട്ടു വന്ന ഈ വിദ്യാര്‍ഥി ഐക്യത്തിനല്ലാതെ, പോരാട്ടങ്ങളിലൂടെയും ചെറുത്തുനില്പുകളിലൂടെയും ഉയര്‍ന്നുവന്ന ഈ വിദ്യാര്‍ഥി നേതാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അതിന് സാധിക്കുക?

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top