Top
22
Thursday, February 2018
About UsE-Paper

ഇറാന്‍ പ്രക്ഷുബ്ധമാകുന്നത് എന്തുകൊണ്ട്

Tuesday Jan 9, 2018
വി ബി പരമേശ്വരന്‍

പ്രക്ഷോഭ കൊടുങ്കാറ്റുമായാണ് ഇറാന്‍ പുതുവര്‍ഷത്തിലേക്ക് കടന്നത്. ഹസ്സന്‍ റൂഹാനി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നവ ഉദാരവല്‍ക്കരണ നയത്തിനെതിരെ ജനങ്ങളില്‍ വര്‍ഷങ്ങളായി കുമിഞ്ഞുകൂടിയ രോഷം ഡിസംബര്‍ 28നാണ് അണപൊട്ടി ഒഴുകാനാരംഭിച്ചത്. തുര്‍ക്മനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലുള്ള ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മഷാദിലാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തിരികൊളുത്തപ്പെട്ടത്. റൂഹാനി സര്‍ക്കാര്‍ ഡിസംബര്‍ മധ്യത്തില്‍ അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശങ്ങളാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. പെട്രോളിന് 50 ശതമാനവും കോഴിമുട്ടയ്ക്കും ഇറച്ചിക്കോഴിക്കും 40 ശതമാനവും വിലവര്‍ധിപ്പിക്കാനുള്ള നിര്‍ദേശമാണ് ബജറ്റില്‍ ഉുണ്ടായത്. വിലക്കയറ്റം 17 ശതമാനമായാണ് ഉയര്‍ന്നത്. പരിഷ്കരണവാദിയെന്ന പട്ടവുമായി അധികാരത്തിലേറിയ റൂഹാനി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അടിച്ചേല്‍പ്പിച്ച ചെലവുചുരുക്കല്‍ നയത്തിന്റെ തിക്തഫലം കടിച്ചിറക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ജനതയ്ക്ക് മുഖമടച്ചുള്ള അടിയായിരുന്നു പുതിയ ബജറ്റ് നിര്‍ദേശം.

'ചെലവ് നിയന്ത്രിക്കുന്നതില്‍ കഴിവ് തെളിയിച്ചെന്ന്' ലോകബാങ്കിന്റെ പ്രശംസാപത്രം നേട്ടമായി റൂഹാനി എടുത്തുകാട്ടുമ്പോള്‍ മുന്‍ സര്‍ക്കാരുകള്‍ കൊണ്ടുവന്ന സാമൂഹ്യക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. റൂഹാനി അധികാരമേല്‍ക്കുന്നതിനുമുമ്പ് ജിഡിപിയുടെ 27 ശതമാനമായിരുന്നു സബ്സിഡിയെങ്കില്‍ അതിപ്പോള്‍ നാല് ശതമാനത്തില്‍ താഴെയായി. ഔദ്യോഗിക കണക്കനുസരിച്ചുതന്നെ തൊഴിലില്ലായ്മാ നിരക്ക് 12.7 ശതമാനമായി ഉയര്‍ന്നു. യുവാക്കളുടെയും വനിതകളുടെയും ഇടയിലുള്ള തൊഴിലില്ലായ്മയാകട്ടെ 31 ശതമാനമായി.  സര്‍വകലാശാലകളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ ഭാവി വലിയ ചോദ്യചിഹ്നമായി. ജനസംഖ്യയില്‍ അഞ്ചു ശതമാനവും മുഴുപട്ടിണിക്കാരായി. അമേരിക്കയും പാശ്ചാത്യലോകവും ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാനായി ആണവകരാര്‍ ഒപ്പുവച്ചെങ്കിലും പ്രതീക്ഷിച്ച വിദേശനിക്ഷേപമൊന്നും അതുകൊണ്ടുണ്ടായില്ല. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതോടെ കോര്‍പറേറ്റുകള്‍ ഇറാനില്‍ നിക്ഷേപം നടത്താന്‍ വിസമ്മതിക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി. പ്രക്ഷോഭം 'റൂഹാനി ഇഫക്ടാണെന്ന്' പ്രസിദ്ധ ഇറാനിയന്‍ സാമ്പത്തിക വിദഗ്ധന്‍ ജാവദ് സലേഹി അഭിപ്രായപ്പെട്ടതും ഇതുകൊണ്ടാണ്. 

കഴിഞ്ഞ രണ്ടു വര്‍ഷമായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സര്‍ക്കാരിന്റെ സാമ്പത്തികനയത്തിനെതിരെ ചെറുതും വലുതുമായ പ്രക്ഷോഭം മുളപൊട്ടിയിരുന്നു. എന്നാല്‍, ഡിസംബര്‍ 28ന് മഷാദില്‍ തുടങ്ങിയ പ്രക്ഷോഭത്തിന് ഒരു ദേശീയമാനം കൈവന്നു. 2009ല്‍ തെരഞ്ഞെടുപ്പ് കൃത്രിമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനേക്കാള്‍ വ്യാപ്തി ഇതിനുണ്ടായി. 2009ലെ പ്രക്ഷോഭത്തിനു പിന്നില്‍ അണിനിരന്നത് വന്‍ നഗരങ്ങളിലെ മധ്യവര്‍ഗമായിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രക്ഷോഭം വന്‍ നഗരങ്ങളില്‍ മാത്രമല്ല എണ്‍പതോളം ചെറു നഗരങ്ങളിലും ഗ്രാമങ്ങളിലും പടര്‍ന്നുപിടിച്ചു. പ്രധാനമായും സാമ്പത്തിക മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നതെങ്കിലും (ജോലിയും പണവുമില്ലാത്ത ജീവിതം മതിയായി) രാഷ്ട്രീയ മുദ്രാവാക്യങ്ങളും (സ്വേഛാധിപത്യം മരിക്കട്ടെ, ഇസ്ളമിക റിപ്പബ്ളിക് നശിക്കട്ടെ) ഉയര്‍ന്നു. ഇറാനിലെ ഭരണസംവിധാനത്തിനെതിരെയും മതമേധാവിത്വത്തിനെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. അമേരിക്കയ്ക്ക് ഏറെ പഥ്യമായ ഭരണമാറ്റം എന്ന മുദ്രാവാക്യവും പല കോണില്‍നിന്നും ഉയരുകയുണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും ഇറാനിലെ കമ്യൂണിസ്റ്റ് പാര്‍ടിയായ തുഡെ പാര്‍ടി(മാര്‍ക്സിസം ലെനിനിസത്തില്‍ വിശ്വസിക്കുന്ന പാര്‍ടിയെ നിരോധിച്ചിരിക്കുകയാണ് ഇപ്പോള്‍) വിലയിരുത്തിയതുപോലെ ഇത് റൂഹാനി ഭരണത്തിനെതിരായ ശക്തമായ ജനകീയ പ്രക്ഷോഭംതന്നെയാണ്.

മതത്തിന് ഭരണത്തില്‍ ഏറെ സ്വാധീനമുള്ള മര്‍ദകസ്വഭാവമുള്ള ഇറാനില്‍ ഇത്രയും വ്യാപകമായ ഒരു ജനകീയപ്രക്ഷോഭം ഉയര്‍ന്നതിനു പിന്നില്‍ മറ്റ് എന്തെങ്കിലും ഘടകങ്ങള്‍ ഉണ്ടോ എന്ന ചര്‍ച്ചയും സജീവമാണ്. പാട്രിക് കുക്ബേണിനെപ്പോലെ മധ്യപൌരസ്ത്യ രാഷ്ട്രീയം അടുത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന ഇറാന്‍ രാഷ്ട്രീയത്തിലെ ആഭ്യന്തരവൈരുധ്യങ്ങളും ഈ പ്രക്ഷോഭത്തിന് കാരണമായിട്ടുണ്ടെന്നാണ്. ആറുമാസംമുമ്പാണ് റൂഹാനി 70 ശതമാനം വോട്ട് നേടി വീണ്ടും പ്രസിഡന്റായത്. റൂഹാനിയോടുള്ള താല്‍പ്പര്യത്തേക്കാള്‍ കടുത്ത മതയാഥാസ്ഥിതികര്‍ അധികാരത്തില്‍ വരുന്നത് തടയാനായിരുന്നു ഈ വോട്ട്. മതയാഥാസ്ഥിതിക പക്ഷം റൂഹാനിയുടെ വിജയം ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ റൂഹാനിക്കെതിരെ കിട്ടുന്ന ഒരവസരവും അവര്‍ പാഴാക്കില്ല. ഉയരുന്ന ജനകീയ പ്രതിഷേധത്തെയും അവര്‍ ആയുധമാക്കുമെന്നര്‍ഥം. യാഥാസ്ഥിതികപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള നഗരമാണ് മാഷാദ്. മാത്രമല്ല, റൂഹാനിയെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിര്‍ത്ത യാഥാസ്ഥിതികപക്ഷ സ്ഥാനാര്‍ഥിയും ഈ നഗരക്കാരനാണ്. ഇറാനിലെ ഷാ ഭരണത്തിനെതിരെ ഉയര്‍ന്ന ജനവികാരത്തെ യാഥാസ്ഥിതിക പക്ഷത്തിന് മേല്‍ക്കൈ ലഭിക്കുംവിധം ഉപയോഗിച്ചതിന്റെ ഫലമായിരുന്നു 1979ലെ 'ഇസ്ളാമിക വിപ്ളവം'. അതുപോലതന്നെ ഇപ്പോഴത്തെ ജനകീയ പ്രതിഷേധത്തെയും യാഥാസ്ഥിതികപക്ഷം അവരുടെ മേല്‍ക്കൈ നേടുന്നതിന് അവസരമാക്കി. എന്നാല്‍, പ്രക്ഷോഭത്തെ ആ നിലയില്‍ നയിക്കുന്നതിലും നിയന്ത്രിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു.

ഇറാനില്‍ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ ഏറ്റവും സന്തുഷ്ടരായത് മധ്യപൌരസ്ത്യ ദേശത്തെ ഇറാന്‍ വിരോധികളായ ഇസ്രയേലും സൌദി അറേബ്യയും അവരുടെ ടീം മാസ്റ്ററായ അമേരിക്കയുമാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആഹ്ളാദം ഒട്ടും മറച്ചുവച്ചില്ല. 'വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ജനതയാണ് ഇറാനിലേത്. സ്വാതന്ത്യ്രത്തിനും ഭക്ഷണത്തിനുമായി അവര്‍ കേഴുകയാണ്. മനുഷ്യാവകാശങ്ങള്‍ക്കൊപ്പം സമ്പത്തും കൊള്ളയടിക്കപ്പെട്ടു. ഭരണമാറ്റത്തിന് സമയമായിരിക്കുന്നു.' ട്വിറ്ററില്‍ ട്രംപ് കുറിച്ചിട്ടു. ഇറാനെ ബോംബിട്ട് ഭസ്മമാക്കാന്‍ ആഹ്വാനംചെയ്ത അമേരിക്കയും പാശ്ചാത്യലോകവുമാണ് ഇപ്പോള്‍ ഇറാന്‍ ജനതയുടെ മഹത്തായ പോരാട്ടത്തെക്കുറിച്ചും അവരുടെ ധീരതയെക്കുറിച്ചും വാചാലരാകുന്നത്. ഇറാനിലെ ഭരണവിഭാഗത്തിനും അവരുടെ മുഖം രക്ഷിക്കാന്‍ ഇത് അവസരമൊരുക്കി. 'രാജ്യത്തിന്റെ ശത്രുക്കളാണ് പണവും ആയുധവും നല്‍കി' പ്രതിഷേധമുയര്‍ത്തുന്നതെന്ന് ഇറാനിലെ മതനേതാവ് പ്രസ്താവിച്ചു. 

ഇറാനില ഭരണത്തെ അസ്ഥിരമാക്കാന്‍ അമേരിക്കയ്ക്ക് പദ്ധതിയുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. കുര്‍ദുകള്‍ക്ക് പണവും ആയുധവും നല്‍കി സഹായിച്ചത് ഈ ലക്ഷ്യംവച്ചായിരുന്നു.  ഇപ്പോഴത്തെ പ്രക്ഷോഭത്തില്‍ ഒരു പങ്കുമില്ലെന്ന് സിഐഎ മേധാവി മൈക് പാംപിയോ ആവര്‍ത്തിക്കുമ്പോഴും അടുത്തിടെയാണ് സിഐഎ പ്രത്യേക ഇറാന്‍ സെല്‍ രൂപീകരിച്ചതെന്നത് വസ്തുതയാണ്. അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രതിനിധികള്‍ പങ്കെടുത്തുകൊണ്ട് ഡിസംബറില്‍ വൈറ്റ് ഹൌസില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍വച്ച് ഇറാനെ അസ്ഥിരീകരിക്കാന്‍ നയതന്ത്രതലത്തിലും രഹസ്യവുമായ നീക്കങ്ങള്‍ നടത്താന്‍ ധാരണയായിരുന്നു. ഈ ഘട്ടത്തിലാണ് സാമ്പത്തിക ദുരിതത്തിനെതിരെ ജനങ്ങള്‍ പ്രക്ഷോഭമാരംഭിച്ചത്. ഇതിനെ ഭരണമാറ്റമെന്ന മുദ്രാവാക്യത്തിലേക്ക് നയിക്കാനുള്ള തീവ്രശ്രമങ്ങളാണ് അമേരിക്കയും കൂട്ടരും ഇപ്പോള്‍ നടത്തുന്നത്. പ്രക്ഷോഭത്തെ ഭീകരമായി അടിച്ചമര്‍ത്തിയാല്‍ അതുയര്‍ത്തിക്കാട്ടി ഇറാനെ ഒറ്റപ്പെടുത്താനും ആണവകരാറില്‍നിന്ന് പിന്മാറാനും ട്രംപിന് എളുപ്പം കഴിയും. മാത്രമല്ല, ഇതിനൊപ്പം യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പിക്കാനും ഇറാനുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനും വഴി ഒരുങ്ങും.

എന്നാല്‍, സാമ്രാജ്യത്വം ഒരുക്കുന്ന ഈ കുഴിയില്‍ ഇറാന്‍ ജനത വീഴുമോ? ആഫ്രോ അമേരിക്കക്കാരെയും കുടിയേറ്റക്കാരെയും ക്രൂരമായി നേരിടുന്ന അമേരിക്കയുടെയും പലസ്തീനികളെ മനുഷ്യരായിപ്പോലും പരിഗണിക്കാതെ അടിച്ചമര്‍ത്തുന്ന ഇസ്രയേലിന്റെയും തനിനിറം ഇറാനിലെ പ്രബുദ്ധരായ ജനതയ്ക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന തുഡെ പാര്‍ടിയുടെ പ്രസ്താവന പ്രതീക്ഷ നല്‍കുന്നതാണ്. രാജ്യത്തെയും മേഖലയെയും അസ്ഥിരീകരിക്കാനുള്ള സാമ്രാജ്യത്വശക്തികളുടെ ശ്രമത്തെ തിരിച്ചറിയണമെന്ന് തുഡെ പാര്‍ടി ആഹ്വാനം ചെയ്യുന്നു. സ്വാതന്ത്യ്രത്തിനും നീതിക്കും സമത്വത്തിനും വേണ്ടിയുള്ള ഇറാന്‍ ജനതയുടെ സമരത്തെ ദുര്‍ബലപ്പെടുത്താനേ ഈ വിദേശ ഇടപെടല്‍ സഹായിക്കൂവെന്നും തുഡെ പാര്‍ടി ഇറാന്‍ ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നു